Wednesday, August 14, 2019 Last Updated 10 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.28 AM

ശബരിമല നട 16-നു തുറക്കും; നറുക്കെടുപ്പ്‌ 17-നു

uploads/news/2019/08/329226/re2.jpg

ശബരിമല: ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലയില്‍ 16 ന്‌ വൈകിട്ട്‌ അഞ്ചിന്‌ നട തുറക്കും. തന്ത്രി കണ്‌ഠരര്‌ മഹേഷ്‌ മോഹനരുടെ മുഖ്യകാര്‍മികത്വ ത്തില്‍ മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരി നടതുറന്ന്‌ ദീപം തെളിക്കും. ചിങ്ങം ഒന്നായ 17 ന്‌ പുലര്‍ച്ചെ അഞ്ചിന്‌ മേല്‍ശാന്തി ക്ഷേത്രനട തുറക്കും.
തുടര്‍ന്നു നിര്‍മാല്യവും നെയ്യഭിഷേകവും നടക്കും. 5.15 ന്‌ മഹാഗണപതി ഹോമം. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ചു ദിവസങ്ങളില്‍ പതിവു പൂജകള്‍ക്കു പുറമേ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നിവയുണ്ടാകും. ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നടയടയ്‌ക്കുന്ന 21ന്‌ സഹസ്രകലശപൂജയും അഭിഷേകവും നടക്കും. ഇക്കുറി ശബരിമല-മാളികപ്പുറം എന്നിവിടങ്ങളിലേക്കുള്ള പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്‌ ചിങ്ങം ഒന്നിനാണ്‌.
നറുക്കെടുപ്പു നടപടിക്കായി മേല്‍ശാന്തിമാരുടെ ഇന്റര്‍വ്യൂവില്‍ ഉയര്‍ന്ന മാര്‍ക്കു കരസ്‌ഥമാക്കി യോഗ്യതനേടിയ ഒമ്പതുപേര്‍ വീതമുള്ളവരുടെ രണ്ടു പട്ടികകള്‍ തയാറാക്കിയിട്ടുണ്ട്‌.
മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്‌തമായി ഈ വര്‍ഷം മുതല്‍ ശബരിമല- മാളികപ്പുറം മേല്‍ശാന്തിമാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ കന്നിമാസം ഒന്നു മുതല്‍ കന്നി മാസം 31 വരെ ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കണം. ക്ഷേത്രസംബന്ധമായ കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കുന്നതിന്റെ ഭാഗമായാണ്‌ ഈ വര്‍ഷം മുതല്‍ മേല്‍ശാന്തിമാര്‍ക്കായി ദേവസ്വംബോര്‍ഡ്‌ ഇത്തരത്തിലുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌.
മണ്ഡലമാസ പൂജകള്‍ക്കായി നടതുറക്കുന്ന ദിവസത്തിലായിരിക്കും നിയുക്‌ത മേല്‍ശാന്തിമാരെ മേല്‍ശാന്തിമാരായി അവരോധിക്കുന്ന ചടങ്ങുകള്‍ നടക്കുക. വൃശ്‌ചികം ഒന്നിന്‌ പുതിയ മേല്‍ശാന്തിമാരാണ്‌ ഇരുക്ഷേത്രനടകളും തുറക്കുക.
ചിങ്ങമാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന്‌ രാത്രി 10ന്‌ നട അടയ്‌ക്കും. ഓണക്കാലത്ത്‌ പ്രത്യേക പൂജകള്‍ക്കായി അടുത്ത മാസം ഒമ്പതിന്‌ വൈകിട്ട്‌ അഞ്ചിന്‌ നട തുറക്കും. 13 ന്‌ രാത്രി അടയ്‌ക്കും.

നറുക്കെടുപ്പിനു നിയോഗം മാധവിനും കാഞ്ചനയ്‌ക്കും

പന്തളം: ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ പുറപ്പെടാ ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നിയോഗം ഇക്കുറി യഥാക്രമം മാധവ്‌ കെ. വര്‍മയ്‌ക്കും കാഞ്ചന കെ. വര്‍മയ്‌ക്കും ലഭിച്ചു. മുന്‍ വര്‍ഷങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമായി ഇക്കുറി ചിങ്ങപ്പുലരിയിലാണ്‌ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്‌ നടക്കുക. മുണ്ടയ്‌ക്കല്‍ കൊട്ടാരത്തിലെ ശ്രുതി വര്‍മയുടെയും ചാഴൂര്‍ കോവിലകത്ത്‌ സി.കെ. കേരള വര്‍മയുടെയും മകന്‍ മാധവ്‌ കെ. വര്‍മയാണ്‌ ശബരിമല മേല്‍ശാന്തിയുടെ നറുക്കെടുക്കുന്നത്‌. ബംഗളുരുവില്‍ സംഹിത അക്കാഡമി സ്‌കൂളില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്ന മാധവ്‌ ഈ വര്‍ഷത്തെ രാജപ്രതിനിധിയുടെ ചെറുമകനാണ്‌. നാലുകെട്ട്‌ കൊട്ടാരത്തില്‍ കേരള വര്‍മ (നാരായണന്‍) യുടെയും പള്ളം കൊട്ടാരത്തില്‍ സീതാലക്ഷ്‌മി വര്‍മ (അമ്മു) യുടെയും മകളാണ്‌ മാളികപ്പുറം മേല്‍ശാന്തിയെ നറുക്കെടുക്കുന്ന കാഞ്ചന കെ. വര്‍മ. പന്തളം എന്‍.എസ്‌.എസ്‌. ഇ.എം.യു.പി.സ്‌കൂളില്‍ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ഥിനിയാണ്‌.

Ads by Google
Wednesday 14 Aug 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW