Wednesday, August 14, 2019 Last Updated 2 Min 43 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 14 Aug 2019 01.26 AM

ജാഗ്രതയോടിരിക്കാം , പാഠങ്ങള്‍ പഠിക്കാം

'' ഇനിയും പ്രളയ ദുരന്തത്തില്‍നിന്നുള്ള കരകയറാന്‍ മാത്രമല്ല നാം പരിശ്രമിക്കേണ്ടത്‌. ഇതര പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്‌ഥ വ്യതിയാനം എന്നിവകൂടി കണക്കിലെടുത്ത്‌ അതിജീവിക്കാനുള്ള നടപടികളാണു സര്‍ക്കാരും നമ്മളും പരിശ്രമിക്കേണ്ടത്‌. ഭാവിയില്‍ എന്തു തരത്തിലുള്ള ദുരന്തം വന്നാലും അതിനെ അതിജീവിക്കാനും നാശനഷ്‌ടങ്ങളുടെ എണ്ണം കുറയ്‌ക്കാനും നമുക്ക്‌ കഴിയണം. സുസ്‌ഥിര വികസനം നടപ്പിലാക്കേണ്ടത്‌ ഇത്തരം കാര്യങ്ങള്‍ കൂടി മനസില്‍ കണ്ടുകൊണ്ടാവണം ''
uploads/news/2019/08/329225/bft1.jpg

വീണ്ടും മഴക്കെടുതിവാര്‍ത്തകള്‍... കഴിഞ്ഞ ഓഗസ്‌റ്റിന്റെ അനുഭവം സര്‍ക്കാരിനും സമൂഹത്തിനും പാഠമായി മുന്നിലുണ്ടായിരുന്നിട്ടും ആവശ്യമായ കരുതലും ഒരുക്കവും നടത്താനായിട്ടുണ്ടോ എന്നു നാം സ്വയം വിലയിരുത്തണം. വിവിധ ജില്ലകളിലെ ഉരുള്‍പ്പൊട്ടല്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചിലുണ്ടാക്കിയതാണ്‌ ഇപ്പോള്‍ ഭീതിക്കുകാരണം.

ഉരുള്‍പ്പൊട്ടലില്‍ ഒരുപ്രദേശം വീടുകള്‍ ഉള്‍പ്പടെ ഒന്നാകെ മണ്ണിനടിയിലായിരിക്കുകയാണ്‌. വിലപ്പെട്ട ജീവനുകളും പൊലിഞ്ഞു. ചെറുതും വലുതുമായ നിരവധി ഡാമുകളിലെ ജലനിരപ്പ്‌ സാധാരണഗതിയില്‍നിന്ന്‌ ഉയര്‍ന്നിട്ടുണ്ട്‌. കഴിഞ്ഞവര്‍ഷത്തെ അനുഭവം ഉണ്ടാകാതിരിക്കാന്‍ ബാണസുരസാഗര്‍ ഉള്‍പ്പടെയുള്ള കുറച്ചധികം ഡാമുകളുടെ ഷട്ടര്‍ തുറന്നുകഴിഞ്ഞു. ഈ അവസരത്തില്‍ ഇവിടെ നാം കൂടുതല്‍ ജാഗരൂകരാകണം.

കര്‍ക്കിടത്തില്‍ തോരാമഴ സാധാരണമാണ്‌. ഇതു കഴിഞ്ഞവര്‍ഷം പ്രളയ രൂപംകൊണ്ടു. ഇത്തവണയും മഴപെയ്‌ത്തിന്റെ ലക്ഷണം നമ്മെ ഭയപ്പെടുത്തുന്നുണ്ട്‌. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെപ്പോലെ കേരളമാകെ പ്രളയം ആവര്‍ത്തിക്കാന്‍ സാധ്യതയില്ലെന്നാണു കാലാവസ്‌ഥാ നിരീക്ഷകര്‍ പറയുന്നത്‌. അതാണു നമ്മള്‍ ആഗ്രഹിക്കുന്നതും.

ശാന്തിഗിരിയുടെ സന്നദ്ധപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നുണ്ട്‌. കൃത്യമായും അധികൃതരുടെ മുന്നറിയിപ്പുകളെ അനുസരിക്കാന്‍ മഴബാധിതപ്രദേശത്തെ ജനങ്ങള്‍ തയാറാകണം. ജാഗ്രതാ സന്ദേശങ്ങള്‍ കണക്കിലെടുത്ത്‌ ക്യാമ്പുകളിലേക്ക്‌ മാറിത്താമസിക്കാനും കരുതലെടുക്കാനും ജനങ്ങള്‍ സന്നദ്ധരാകണം.

പ്രദേശങ്ങളിലെ രാഷ്‌ട്രീയ, സന്നദ്ധ പ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഇടപെടലുകള്‍ നടത്തണം.
കഴിഞ്ഞ പ്രളയകാലത്ത്‌ നമുക്ക്‌ നഷ്‌ടമായത്‌ 493 ലേറെ ജീവനുകളാണ്‌. സാമ്പത്തികവും സാമൂഹികവുമായ നഷ്‌ടങ്ങളില്‍നിന്നു നാം ഇതുവരെ കരകയറിയിട്ടില്ല. ഇനിയുമൊരു പ്രകൃതി ദുരന്തത്തെ അതിജീവിക്കുക ക്ഷിപ്രസാധ്യമല്ല.

സര്‍ക്കാര്‍ സംവിധാനവും യുവാക്കളും രാഷ്‌ട്രീയപാര്‍ട്ടികളും ദുരന്തനിവാരണ സേനയും എല്ലാവരും ഒന്നുചേര്‍ന്നാല്‍മാത്രമേ ദുരന്തത്തിലകപ്പെട്ടവര്‍ക്കു സമാശ്വാസമായ കാര്യങ്ങള്‍ പുറത്തുവരികയുള്ളു. ലോകബാങ്ക്‌ ഉള്‍പ്പെടെയുള്ള ധനകാര്യ സ്‌ഥാപനങ്ങളും ഏജന്‍സികളും വിവിധ മേഖലകളിലെ സാമ്പത്തിക സാങ്കേതിക വിദഗ്‌ധരും പങ്കാളികളായി മുന്നോട്ടുവന്നു പ്രളയാന്തര ജീവിതം കരകയറാന്‍ ശ്രമത്തിനിടെയാണ്‌ അടുത്ത പ്രളയവും വന്നത്‌.

*** കഴിഞ്ഞ പ്രളയം കൊണ്ട്‌ നാം പഠിച്ചത്‌

മഴ ദുരന്തത്തെ പ്രതിരോധിക്കാനുള്ള ശാശ്വത പാഠങ്ങള്‍ നാം ഇനിയും ആര്‍ജിച്ചിട്ടില്ലെന്നു വേണം അനുമാനിക്കാന്‍. വരും വര്‍ഷങ്ങളിലും ഇത്തരം പ്രളയം വരുമെന്ന നമ്മെ ഓര്‍മിപ്പിച്ചുകൊണ്ട്‌ ഇത്തവണയും മഴക്കെടുതി ഉണ്ടായിരിക്കുന്നത്‌.

എത്ര ജീവനുകളാണ്‌ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയത്‌. പ്രിയപ്പെട്ടവരെ നഷ്‌ടപ്പെട്ടവരേയും സ്വത്തുക്കളും സ്വന്തമെന്നു കരുതിയിരുന്ന പലതും നഷ്‌ടമാകുന്ന കാഴ്‌ചയാണു നാമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്‌. ദുരിതാശ്വാസ ക്യാംപില്‍നിന്നുയരുന്ന വിലാപങ്ങള്‍ കേള്‍ക്കുമ്പോള്‍ കേരളത്തിന്റെ നെഞ്ചാണു തകരുന്നത്‌. ഭൂപ്രകൃതിയിലും കാലാവസ്‌ഥയിലും മലയാളികള്‍ ഏറെ കാര്യങ്ങള്‍ ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്‌.

ഇനിയും പ്രളയ ദുരന്തത്തില്‍നിന്നുള്ള കരകയറാന്‍ മാത്രമല്ല നാം പരിശ്രമിക്കേണ്ടത്‌. ഇതര പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്‌ഥ വ്യതിയാനം എന്നിവകൂടി കണക്കിലെടുത്ത്‌ അതിജീവിക്കാനുള്ള നടപടികളാണു സര്‍ക്കാരും നമ്മളും പരിശ്രമിക്കേണ്ടത്‌.

ഭാവിയില്‍ എന്തു തരത്തിലുള്ള ദുരന്തം വന്നാലും അതിനെ അതിജീവിക്കാനും നാശനഷ്‌ടങ്ങളുടെ എണ്ണം കുറയ്‌ക്കാനും നമുക്ക്‌ കഴിയണം. സുസ്‌ഥിര വികസനം നടപ്പിലാക്കേണ്ടത്‌ ഇത്തരം കാര്യങ്ങള്‍ കൂടി മനസില്‍ കണ്ടുകൊണ്ടാവണം. അധികാരവും സമ്പത്തുമുള്ളവര്‍ ലാഭം മാത്രം മുന്നില്‍ കണ്ടുകൊണ്ട്‌ ചെയ്യുന്ന ദുഷ്‌പ്രവൃത്തിയുടെ അനന്തരഫലം അനുഭവിക്കുന്ന മനുഷ്യരില്‍ ഭൂരിഭാഗവും ദരിദ്രരാണ്‌. ഇന്ന്‌ അനുഭവിക്കുന്ന പ്രളയവും മറ്റ്‌ പ്രകൃതി ദുരന്തങ്ങളും പാരിസ്‌ഥിതിക പ്രശ്‌നങ്ങളും പ്രകൃതിയെ നശിപ്പിക്കുന്ന വികലമായ വികസന പ്രവര്‍ത്തനങ്ങളും സൃഷ്‌ടിയാണ്‌.

**** ദുരന്തത്തിന്‌ മുന്‍പ്‌ പ്രവര്‍ത്തിക്കണം

ദുരന്തം മുന്‍കൂട്ടി കാണാന്‍ കഴിയണം. നാം വികസനമെന്ന പേരില്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ശാസ്‌ത്രീയമാണെന്നു വിലയിരുത്തണം. നിര്‍മാണ പ്രവര്‍ത്തനം നടത്തുമ്പോഴാണ്‌ ഇതു പ്രത്യേകിച്ച്‌ ശ്രദ്ധിക്കേണ്ടത്‌. പുഴയോരങ്ങളില്‍ കൃഷിയും മറ്റുമാണു നാം എപ്പോഴും പ്രോത്സാഹിപ്പിക്കേണ്ടത്‌. മനുഷ്യന്‍ പ്രകൃതിയെയും അതിനോടുള്ള ഉത്തരവാദിത്വത്തെയും മറന്നുകൊണ്ടാണു പ്രവര്‍ത്തിക്കുന്നത്‌. ഭൂമിയുടെ ഹൃദയമായിരുന്ന നെല്‍പ്പാടങ്ങളെ ഇല്ലാതാക്കി.

തണ്ണീര്‍തടങ്ങള്‍ നികത്തുന്നതിലൂടെയും കൃഷി ഉല്‍പാദനത്തിന്റെ അളവ്‌ കുറയുന്നതും മലയിടിക്കുന്നതുമൊക്കെ പ്രകൃതി ദുരന്തത്തിനും കാലാവസ്‌ഥാ വ്യതിയാനങ്ങളും സംഭവിക്കുന്നു. കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ അമിതവൃഷ്‌ടിയല്ല. കര്‍ക്കിടകത്തില്‍ ഇതിനു മുമ്പും ഉണ്ടായ അതേ അളവിലുണ്ടാവാറുള്ള മഴയാണ്‌. എന്നാല്‍ ഈ മഴവെള്ളത്തിന്‌ ഭൂമിയിലേക്ക്‌ ആഴ്‌ന്നിറങ്ങാന്‍ കഴിയാത്തതാണ്‌ ഒരു മഴ പെയ്യുമ്പോഴേക്കും വെള്ളപ്പൊക്കം ഉണ്ടാകാനുള്ള കാരണം. ഇതിനു മുന്‍പും കനത്ത മഴ കേരളത്തില്‍ ഉണ്ടായിരുന്നു. അത്‌ ഇവിടുത്തെ ഭൂപ്രകൃതി ഏറ്റുവാങ്ങിയിരുന്നു.

ഇന്നു സ്‌ഥിതിഗതിയില്‍ അപകടരമായവിധം മാറ്റംസംഭവിച്ചതാണ്‌ നാശത്തിനു കാരണം. ഇന്നു മഴവെള്ളത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കാത്തതുമൂലം വെള്ളം ഡാമുകളിലേക്കും തല്‍ക്ഷണം കടലിലേക്കും എത്തുന്നു. പുഴയോരങ്ങളിലും മറ്റും കെട്ടിപ്പടുക്കുന്ന കെട്ടിടങ്ങളും കാരണം പുഴയ്‌ക്ക്‌ വിസ്‌തൃതമായി ഒഴുകാന്‍ പോലും തടസമാകുന്നു. ഇവ പിന്നീട്‌ ഗതിമാറി ജനവാസങ്ങളിലേക്ക്‌ എത്തുകയും ചെയ്യുന്നു.

പ്രകൃതിക്കുമേല്‍ മനുഷ്യനുണ്ടായ അത്രതന്നെ അധികാരം മറ്റുജീവജാലങ്ങള്‍ക്കുമുണ്ട്‌. പ്രകൃതിയെ ഉപജീവിച്ചു അധിവസിക്കുക മാത്രമാണു ചെയ്യുന്നത്‌. മനുഷ്യനാകട്ടേ, സ്വര്‍ത്ഥഭരിതമായ സ്വന്തം സുഖഭോഗങ്ങള്‍ക്കുവേണ്ടി പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. യുക്‌തിരഹിതമായ ഇത്തരം രീതികള്‍ പ്രകൃതിയെ ബാധിക്കുന്നതിനോടൊപ്പം മനുഷ്യന്റെ നിലനില്‍പ്പുകൂടിയാണ്‌ ഇല്ലാതാവുന്നത്‌.

അമിതമായ പ്രകൃതി ചൂഷണത്തിന്‌ ആക്കംകൂട്ടുന്ന വികലമായ വികസന പ്രക്രിയകളാണ്‌ ഇനിയും നടക്കുന്നതെങ്കില്‍ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ പത്തിരട്ടിയായിരിക്കും ഇനി അനുഭവിക്കേണ്ടിവരിക. രക്ഷാപ്രവര്‍ത്തനത്തിനും ദുരിതമനുഭവിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കാനും നമുക്ക്‌ ഒരിക്കല്‍കൂടി കൈകോര്‍ക്കാം. ഒപ്പം നമുക്ക്‌ മഴയെ ശപിക്കാതിരിക്കാം. കാരണം മഴ നമ്മുടെ ജിവജലദായിനിയാണ്‌.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 14 Aug 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW