Wednesday, August 14, 2019 Last Updated 1 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 01.07 AM

അതിജീവനത്തിന്‌ സര്‍ക്കാര്‍ കൂടെയുണ്ടാകും: മുഖ്യമന്ത്രി

uploads/news/2019/08/329193/k4.jpg

കല്‍പ്പറ്റ: സംസ്‌ഥാനം നേരിട്ട ദുരന്തത്തില്‍നിന്നുള്ള അതിജീവനത്തിനായി ഒന്നിച്ചുനില്‍ക്കണമെന്നും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍നിന്ന്‌ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച ആളുകളെ സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിദുരന്തത്തിന്റെ ഫലമായി കടുത്ത വേദന കടിച്ചമര്‍ത്തി കഴിയുകയാണ്‌ ക്യാമ്പിലുള്ളവര്‍. വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ നേരിട്ടവരാണവര്‍. വീടും സ്വത്തും നഷ്‌ടപ്പെട്ടവരും ഉറ്റവരെയും ഉടയവരെയും നഷ്‌ടപ്പെട്ടവരും ക്യാമ്പുകളിലുണ്ട്‌. കഴിഞ്ഞ വര്‍ഷവും ഇതേ രീതിയിലുള്ള ദുരന്തമാണ്‌ നമുക്കു നേരിടേണ്ടി വന്നത്‌. ദുരന്തത്തില്‍നിന്നുള്ള അതിജീവനത്തിനായി സര്‍ക്കാരിനു വിവിധ കാര്യങ്ങള്‍ ചെയ്യാനുണ്ട്‌. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ്‌ മുന്‍ഗണന. ഒട്ടേറെപേരെ ദുരന്തമുഖത്തുനിന്ന്‌ രക്ഷിച്ചെടുക്കാന്‍ നമുക്കു സാധിച്ചിട്ടുണ്ട്‌. ഇനിയും കുറച്ചുപേരെ കണ്ടെത്താനുണ്ട്‌. അതിനുള്ള തുടര്‍പ്രവര്‍ത്തനമുണ്ടാകും. പുനരധിവാസവും വീട്‌, സ്‌ഥലം, കൃഷി എന്നിങ്ങനെയുള്ള നഷ്‌ടങ്ങള്‍ക്കും സര്‍ക്കാര്‍ പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മേപ്പാടി ദുരിതാശ്വാസ ക്യാമ്പില്‍ ദുരിതാശ്വാസ നിധിയിലേക്ക്‌ മേപ്പാടി സ്വദേശി വി.പി.ശങ്കരന്‍ നമ്പ്യാര്‍ സംഭാവനചെയ്‌ത അമ്പതിനായിരം രൂപയുടെ ചെക്ക്‌ മുഖ്യമന്ത്രി സ്വീകരിച്ചു.
ഇതിനിടെ മുഖ്യമന്ത്രി തങ്ങളില്‍നിന്ന്‌ പരാതി കേള്‍ക്കാന്‍ തയാറായില്ലെന്ന്‌ ദുരിതബാധിതര്‍ ആരോപിച്ചു. എല്ലാവരുടെയും ദുരിതം പരിഹരിക്കുമെന്ന്‌ മുഖ്യമന്ത്രി പൊതുവായി മൈക്കിലൂടെ പറഞ്ഞശേഷം കൈകൂപ്പി അഭിവാദ്യം ചെയ്‌ത്‌ പെട്ടെന്നു കല്‍പ്പറ്റയിലേക്കു തിരിച്ചു. മുഖ്യമന്ത്രിയോടു ദുരിതങ്ങള്‍ വിവരിക്കാനായി നേരത്തെതന്നെ ദുരിതബാധിതരെ പ്രത്യേക ഇരിപ്പിടത്തില്‍ ഇരുത്തിയിരുന്നു.
ഇവര്‍ക്കു സംസാരിക്കാന്‍ മൈക്കും സജ്‌ജമാക്കിയിരുന്നു. പ്രതിഷേധമുയര്‍ന്നപ്പോള്‍ അഷ്‌റഫ്‌, ആയിഷ എന്നിവരെ മാത്രം കാറിനടുത്തേക്കു വിളിപ്പിച്ച്‌ മുഖ്യമന്ത്രി അവരുമായി സംസാരിച്ചു. കല്‍പ്പറ്റ കലക്‌ടറേറ്റില്‍ നടന്ന അവലോകനയോഗത്തിന്റെ തുടക്കത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിച്ചശേഷം മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി. കഴിഞ്ഞ പ്രളയകാലത്ത്‌ കല്‍പ്പറ്റയില്‍ നടത്തിയ യോഗത്തില്‍ മുഖ്യമന്ത്രി നേരിട്ടു നിര്‍ദേശിച്ചാണ്‌ മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കിയത്‌. ഇത്തവണ അതിനു വഴിയാരുക്കാതെ പോലീസ്‌ ഇടപെട്ട്‌ പുറത്തുപോകണമെന്ന്‌ അറിയിക്കുകയായിരുന്നു.
റവന്യൂ വകുപ്പ്‌ മന്ത്രി ഇ.ചന്ദ്രശേഖരന്‍, ജില്ലയുടെ ചുമതല വഹിക്കുന്ന തുറമുഖ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി , ഗതാഗത വകുപ്പ്‌ മന്ത്രി എ.കെ.ശശീന്ദ്രന്‍, എം.എല്‍.എ.മാരായ സി.കെ.ശശീന്ദ്രന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.ബി.നസീമ, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി വിശ്വാസ്‌മേത്ത, സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബഹ്‌റ, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വി.വേണു, സ്‌പെഷ്യല്‍ ഓഫീസര്‍ യു.വി.ജോസ്‌, ജില്ലാ കലക്‌ടര്‍ എ.ആര്‍.അജയകുമാര്‍, സര്‍വെ ഡയറക്‌ടര്‍ വി.ആര്‍.പ്രേംകുമാര്‍, സബ്‌ കലക്‌ടര്‍ എന്‍.എസ്‌.കെ.ഉമേഷ്‌, തലശേരി സബ്‌ കലക്‌ടര്‍ ആസിഫ്‌ കെ.യൂസഫ്‌ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Ads by Google
Wednesday 14 Aug 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW