Wednesday, August 14, 2019 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 14 Aug 2019 12.59 AM

ഹജ്‌ കര്‍മങ്ങള്‍ക്കു പരിസമാപ്‌തി; ഹാജിമാരുടെ മടക്കം 18 മുതല്‍

uploads/news/2019/08/329148/in3.jpg

ജിദ്ദ : സാത്താന്റെ പ്രതീകമായ ജംറയില്‍ കല്ലെറിഞ്ഞ്‌ മനസില്‍നിന്നു പൈശാചിക ചിന്തകളെ തൂത്തെറിഞ്ഞും ബലിഅര്‍പ്പിച്ചും വിടവാങ്ങല്‍ ത്വവാഫ്‌ നടത്തി ഇക്കൊല്ലത്തെ ഹജ്‌ കര്‍മങ്ങള്‍ക്കു പരിസമാപ്‌തി. കഴിഞ്ഞ ദിവസം മക്കയിലും മിനായിലും പെയ്‌ത കനത്ത മഴ തീര്‍ഥാടകര്‍ക്കു ചെറിയ ബുദ്ധിമുട്ടുകളുണ്ടാക്കിയെങ്കിലും അനിഷ്‌ട സംഭവങ്ങളൊന്നുമുണ്ടായില്ല.
ഭൂരിപക്ഷം ഹാജിമാരും ഇന്നലെ കല്ലേറു നിര്‍വഹിച്ച്‌ മക്ക ഹറം പള്ളിയില്‍ വിടവാങ്ങല്‍ പ്രദക്ഷിണം നടത്തി ഹജ്‌ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇന്നലെ മഗ്‌രിബിനു മുമ്പായി മിനാ വിടാന്‍ കഴിയാതിരുന്നവര്‍ ഇന്നുകൂടി കല്ലെറിഞ്ഞശേഷമാകും മക്കയിലേക്കു മടങ്ങുക. ഇന്ത്യന്‍ ഹാജിമാരില്‍ മിക്കവരും ഇന്നാകും മിനായില്‍നിന്നു തിരിക്കുക. വിടവാങ്ങല്‍ പ്രദക്ഷിണത്തിനായി ലക്ഷക്കണക്കിനു ഹാജിമാര്‍ ഒരേസമയം എത്തുമെന്നതിനാല്‍ ഹറമിലും പരിസരത്തും കൂടുതല്‍ സുരക്ഷാസേനാംഗങ്ങളെ നിയോഗിച്ചിരുന്നു.
ഈ വര്‍ഷം 170-ല്‍പ്പരം രാജ്യങ്ങളില്‍നിന്നായി 25 ലക്ഷത്തോളം പേര്‍ ഹജ്‌ നിര്‍വഹിച്ചതായി ഹജ്‌- ഉംറ മന്ത്രി ഡോ. മുഹമ്മദ്‌ ബിന്‍തന്‍ പറഞ്ഞു. ഹജിനെത്തിയ വിശിഷ്‌ട വ്യക്‌തികളെയും നേതാക്കളെയും രാജാവിന്റെ അതിഥികളെയും ഹജ്‌ മിഷന്‍ മേധാവികളെയും മറ്റും സല്‍മാന്‍ രാജാവ്‌ മിനാ കൊട്ടാരത്തില്‍ സ്വീകരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജിനെത്തിയവരില്‍ മൂന്നിലൊന്നും 70 വയസ്‌ പിന്നിട്ടവരായിരുന്നു. അതില്‍ പകുതി വനിതകള്‍. സൗദി എംബസികളെയും കോണ്‍സുലേറ്റുകളെയും നേരിട്ട്‌ സമീപിക്കാതെ ഓണ്‍ലൈന്‍ വഴി വിസകള്‍ അനുവദിച്ച്‌ നടപടികള്‍ എളുപ്പമാക്കാനും മക്ക റൂട്ട്‌ പദ്ധതി കൂടുതല്‍ വ്യാപകമാക്കി യാത്ര എളുപ്പമാക്കാനും സല്‍മാന്‍ രാജാവ്‌ നിര്‍ദേശം നല്‍കിയിരുന്നു. ഇതു തീര്‍ഥാടക സേവന പദ്ധതി വിഷന്‍-2030 പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്‌. ഈ വര്‍ഷം കേരളത്തില്‍ നിന്ന്‌ 13,472 പേര്‍ക്കാണ്‌ ഹജ്‌ നിര്‍വഹിക്കാന്‍ അവസരം ലഭിച്ചത്‌.
ഇന്ത്യയില്‍നിന്നു ഹജ്‌ കമ്മിറ്റി വഴിയെത്തിയ 1,39,958 പേരും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയെത്തിയ 50,788 പേരുമടക്കം 1,90,746 തീര്‍ഥാടകരാണ്‌ വിശുദ്ധ കര്‍മം നിര്‍വഹിച്ചത്‌. ഹജ്‌കര്‍മം പൂര്‍ത്തിയാക്കിയ, കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്കം 18 മുതലാണ്‌. കേരളത്തില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ ഹജ്‌ കര്‍മം പൂര്‍ത്തിയാക്കിയ ശേഷം 18 മുതല്‍ മക്കയില്‍നിന്ന്‌ നാട്ടിലേക്കു മടങ്ങിത്തുടങ്ങും. കരിപ്പൂര്‍ വിമാനത്താവളം വഴിയെത്തിയ തീര്‍ഥാടകര്‍ 18 മുതല്‍ സെപ്‌റ്റംബര്‍ മൂന്ന്‌ വരെയുള്ള ദിവസങ്ങളിലാകും മടങ്ങുക. നെടുമ്പാശേരി വിമാനത്താവളം വഴിയെത്തിയവര്‍ 28 മുതല്‍ 31 വരെയുള്ള തീയതികളിലായിരിക്കും നാട്ടിലേക്കു മടങ്ങുന്നത്‌. ജിദ്ദ കിങ്‌ അബ്‌ദുള്‍ അസീസ്‌ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന്‌ സൗദി എയര്‍ലൈന്‍സ്‌ വിമാനത്തിലും എയര്‍ ഇന്ത്യ വിമാനത്തിലുമാണ്‌ മലയാളി തീര്‍ഥാടകരുടെ മടക്കം.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Wednesday 14 Aug 2019 12.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW