Tuesday, August 13, 2019 Last Updated 6 Min 52 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 05.16 PM

അമിതവണ്ണം കുറയ്ക്കാന്‍ ആയുര്‍വേദം

'ആയുര്‍വേദശാസ്ത്രത്തില്‍ വളരെ വ്യക്തമായും, സ്പഷ്ടമായും അമിത വണ്ണവും, അതിന്റെ ലക്ഷണങ്ങളും, ചികിത്സയും, ചികിത്സിക്കാനുള്ള ബുദ്ധിമുട്ടുകളും പ്രതിപാദിച്ചിട്ടുണ്ട്''
obesity treatment in ayurveda

ഡോക്ടറെ, രാത്രിയിലെ ഭക്ഷണം ഒഴിവാക്കി, എന്നിട്ടും ഈ തടിയൊന്ന് കുറഞ്ഞ് കിട്ടുന്നില്ലല്ലോ, ഇനി ആയുര്‍ വേദത്തില്‍ എന്തെങ്കിലും ചെയ്യാനുണ്ടോ? നിത്യേന രണ്ടുമൂന്നു തവണയെങ്കിലും ഒ.പി. യില്‍ കേള്‍ക്കുന്ന ചോദ്യമാണിത്. സത്യത്തില്‍ അമിതവണ്ണത്തിന് എന്തെങ്കിലും ചികിത്സ ഫല വത്താണോ?

ആയുര്‍വേദ പരിഹാരം


ബോഡി മാസ് ഇന്‍ഡക്‌സ് ഒക്കെ ഇപ്പോള്‍ വന്നതല്ലേ, ഇതില്‍ ആയുര്‍വേദത്തിനെന്ത് കാര്യം? എന്ന് ചോദിക്കുന്നതിനും മുമ്പേ പറയട്ടെ, ആയുര്‍വേദശാസ്ത്രത്തില്‍ വളരെ വ്യക്തമായും, സ്പഷ്ടമായും അമിത വണ്ണവും, അതിന്റെ ലക്ഷണങ്ങളും, ചികിത്സയും, ചികിത്സിക്കാനുള്ള ബുദ്ധിമുട്ടുകളും പ്രതിപാദിച്ചിട്ടുണ്ട്. ലോകത്തിലെ തന്നെ പഴക്കം ചെന്ന ഗ്രന്ഥങ്ങളില്‍ ഒന്നായ ചരകസംഹിതയില്‍ അമിതവണ്ണത്തിനുള്ള കാരണങ്ങള്‍ ഇങ്ങിനെ പറയുന്നു.

അവ്യായാമ - ദിവാസ്വപ്ന -
ശ്ലേഷ്മളാഹാര സേവിന:
മധുര - അന്നരസ്സ പ്രായ:
സ്‌നേഹാന്‍ മേദ : പ്രവര്‍ദയേത്
- ചരക സംഹിത

വ്യായാമത്തിന്റെ അഭാവം, പകലുറക്കം, കഫ വര്‍ധകങ്ങളായ ആഹാരങ്ങള്‍, മധുരരസമുള്ള ആഹാരങ്ങള്‍, അമിതമായ എണ്ണകളുടെ ഉപയോഗം. ഇവയെ കൂടാതെ ജന്മനാ ഉള്ളതും, ജനിതക വ്യതിയാനങ്ങളാല്‍ ഉണ്ടാവുന്നവയും ആണ് സ്ഥൗല്യം (അമിതവണ്ണം) എന്നും ഇതില്‍ പ്രതിപാദിച്ചിട്ടുണ്ട്.

തിരിച്ചറിയാം അമിത വണ്ണം


വയര്‍, സ്തനങ്ങള്‍, ശരീരത്തിന്റെ പിന്‍ഭാഗം എന്നിവിടങ്ങളില്‍ വര്‍ധിച്ചുവരുന്ന ശരീര വണ്ണം തന്നെയാണ് ഇതിന്റെ മുഖ്യ ലക്ഷണം. വിയര്‍പ്പിനു ദുര്‍ഗന്ധം കൂടുക, അല്പവ്യായാമ ശക്തി, അമിതദാഹം, തലകറക്കം, അമിത ഉറക്കം, ഉന്മേഷകുറവ്, കിതപ്പ്. ഇവയെല്ലാം അമിതവണ്ണത്തിനനുബന്ധമായി വരുന്നു.

ശരീരഭാരവും ഉയരവും തമ്മിലുള്ള അനുപാതം നോക്കിയാണ് ബി.എം.എം.ഐ നിശ്ചയിക്കുന്നത്. ബി.എം.ഐ 30 ല്‍ കൂടുതല്‍ വരികയാണെങ്കില്‍ അമിതവണ്ണമായിട്ടാണ് കണക്കാക്കാറുള്ളത്. ജീവിതശൈലി രോഗങ്ങളില്‍പ്പെട്ട ഈ അവസ്ഥക്ക് ആക്കം കൂട്ടുന്നത്കൊളസ്‌ട്രോള്‍, ബ്ലഡ് പ്രഷര്‍, ഷുഗര്‍ തുടങ്ങിയവയും അതിനോടനുബന്ധിച്ചു വരുന്ന ഹാര്‍ട്ട് അറ്റാക്ക് സ്‌ട്രോക്ക്. തുടങ്ങിയ അവസ്ഥകളും ആണ്.

obesity treatment in ayurveda

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് മൂന്നില്‍ ഒന്ന് ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകുന്നത് കൊളസ്‌ട്രോള്‍ വര്‍ധന മൂലമാണ്. 2.6. മില്യണ്‍ മരണമാണ് ഓരോ വര്‍ഷവും ഇതുമൂലം ഉണ്ടാകുന്നത്. ഇന്‍ഡ്യന്‍ ജനതയില്‍ 77 ശതമാനം പേര്‍ക്കും നല്ല കൊളസ്‌ട്രോള്‍ (എച്ച്.ഡി.എല്‍) കുറവാണ്.

അമിതവണ്ണം 1975 നെ സംബന്ധിച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ ലോക ജനസംഖ്യയില്‍ മൂന്നിരട്ടിയായി വര്‍ധിച്ചിരിക്കുന്നു. 1.9 ബില്ല്യണ്‍ ആളുകളില്‍ 650 മില്ല്യണ്‍ ആളുകളും അമിതവണ്ണം ഉള്ളവരാണ്. ഇന്‍ഡ്യയില്‍ വ്യക്തമായ പഠനങ്ങള്‍ ലഭ്യമല്ലെങ്കിലും 135 മില്ല്യണ്‍ ആളുകള്‍ അമിത വണ്ണം ഉള്ളവരാണ്.

ഇനിയെങ്കിലും ശ്രദ്ധിക്കേണ്ടേ!


ജീവിത ശൈലി രോഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോധവാന്‍മാര്‍ കേരള ജനതയാണെന്നാണ് ലഭ്യമാകുന്ന വിവരം. കൊളസ്‌ട്രോളിന്റെ വിഭാഗങ്ങളും എച്ച്.ഡി.എല്‍ എന്ന നല്ല കൊളസ്‌ട്രോളിന്റെ ആവശ്യകതയും മലയാളിക്ക് സുപരിചിതം. നൂറു ശതമാനം ഉപഭോക്തൃ സംസ്ഥാനമായ കേരളം ഭക്ഷണ കാര്യങ്ങള്‍ എല്ലാം അറിയാമെങ്കിലും, ഒന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് പറയാം.

പിറ്റിയൂറ്ററി, തൈറോയിഡ്, അഡ്രിനല്‍, പാന്‍ക്രിയാസ്, തുടങ്ങിയ ഗ്രന്ധികളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍, കരള്‍ സംബന്ധമായ അസുഖങ്ങള്‍, ചിലതരം മരുന്നുകളുടെ ഉപയോഗം, മദ്യപാനം ഇവയൊക്കെയും അമിത വണ്ണത്തിന് കാരണമാകാം. അതിനാല്‍ അമിത വണ്ണം തിരിച്ചറിഞ്ഞാല്‍ വൈദ്യപരിശോധന അത്യാവശ്യമാണ്. പരസ്യവാചകങ്ങളില്‍ വീണ് അബദ്ധങ്ങളില്‍ ചെന്നു ചാ ാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

കൊളസ്‌ട്രോള്‍ കുറയ്ക്കാം


നമ്മുടെ ശരീരത്തിലെ ആവശ്യ വസ്തുതന്നെയാണ് കൊളസ്‌ട്രോള്‍. ഇത് ശരീരത്തിലെ വിഘടന പ്രക്രിയയില്‍ ഉല്‍പാദിക്കപ്പെടുന്നുണ്ട്. കൊളസ്‌ട്രോളിന്റെ അളവ് ഭക്ഷണത്തില്‍ വര്‍ദ്ധിച്ചുവരുമ്പോള്‍ ആണ് കൊളസ്‌ട്രോള്‍ കൂടുന്നത്.

രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടുന്നതിനാലാണ് ഇത് അപകടകാരി ആവുന്നത്. തല്‍ഫലമായി രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാക്കുകയും രക്തസമ്മര്‍ദം കൂടുന്നതിനും, ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ഹാര്‍ട്ട്അറ്റാക്കിനും കാരണമാകുന്നു.

obesity treatment in ayurveda

ഉപാപചയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ക്രമക്കേടുകള്‍ ആണ് കൊഴുപ്പ് അടിയാന്‍ മുഖ്യമായി കാരണമാകുന്നത്. വ്യായാമമില്ലായ്മ ഇതിന് ആക്ക കൂട്ടുന്നു.

കിഴങ്ങ്, പരിപ്പ്, അന്നജം, പഞ്ചസാര, തുടങ്ങിയവയുടെ അമിതോപ യോഗവും, നാരുള്ള പച്ചക്കറിയുടെയും, പഴവര്‍ഗങ്ങള്‍ കഴിക്കാത്തതും കൊളസ്‌ട്രോളിലെ ട്രൈഗ്ലിസറൈഡ് എന്ന ഘടകം കൂടുവാന്‍ കാരണമാകും.

ഹൃദയത്തില്‍ തടസം ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയില്‍ ആണ് എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍. വറുത്തത്, പൊരിച്ചത്, വനസ്പതി, ബേക്കറി പലഹാരങ്ങള്‍, ജങ്ക് ഫുഡ്, മൈദ, മാംസാഹാരത്തിന്റെ അമിത ഉപയോഗം എന്നിവ ഇതിന് കാരണമാണ്. കൊഴുപ്പ് കുറഞ്ഞ മത്തി, അയല തുടങ്ങിയവ കറിവെച്ചു കഴിക്കുന്നത് എല്‍.ഡി.എല്‍ കൊളസ്‌ട്രോളിന് പരിഹാരമാണ്.

ഏത് തരം എണ്ണയും ദോഷമാണെങ്കിലും, 3 ടീസ്പൂണില്‍ ഒരു ദിവസത്തെ എണ്ണയുടെ ഉപയോഗം കുറക്കുകയാണ് ഉത്തമം. വെളിച്ചെണ്ണയും തവിടെണ്ണയും താരതമ്യേന നല്ലതാണ്. നല്ല കൊളസ്‌ട്രോള്‍ ആയാണ് എച്ച്.ഡി.എല്‍ നെ കരുതുന്നത്.

ഭക്ഷണക്രമീകരണം


അമിതവണ്ണം ജീവിതശൈലീ രോഗമായതിനാല്‍ തന്നെ അവനവന്റെ ജീവിതശൈലിയിലെ കാതലായ മാറ്റങ്ങളിലൂടെ മാത്രമേ കൃത്യമായ മാറ്റം ഉണ്ടാകൂ. ഒരാഴ്ചയിലേയോ, ഒരു മാസത്തത്തേയോ പത്ഥ്യവും, മരുന്നു സേവ കൊണ്ടും, മറ്റും ഫലം കാണാത്തതിന്റെ കാരണവും അതാണ്.

1. വ്യായാമവും, യോഗയും (സര്‍വാംഗാസനം, പവനമുക്താസനം, ഭജുംഗാസനം, പശ്ചിമോത്ഥാസനം, സൂര്യനമസ്‌കാ രം) ദിവസേന 30 മിനുട്ടെങ്കിലും ചെയ്യുക.
2. സമീകൃതാഹാരം ശീലമാക്കുക
3. അരവയര്‍ ഭക്ഷണം, കാല്‍ഭാഗം വെള്ളം, കാല്‍ഭാഗം ഒഴിവാക്കി യിടുക ഇവ ശീലമാക്കുക.
4. ഭക്ഷണം കഴിച്ചാല്‍ 5 മിനുട്ടെങ്കിലും നടക്കുന്നത് ശീലമാക്കുക.
5. രാത്രി ഭക്ഷണം 7-8 മണിയോടെ കഴിക്കുക.
6. ഒരിക്കല്‍ കഴിച്ച ഭക്ഷണം ദഹിച്ചശേഷം മാത്രം അടുത്ത ഭക്ഷണം സേവിക്കുക.
7. പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവയിലെ അന്നജത്തിന്റെയും, കൊഴുപ്പിന്റേയും, അംശം നിയന്ത്രിക്കുക.
8. ഇട ഭക്ഷണമായി ഫ്രൂട്ട്‌സ്, കക്കരിക്ക, കോവക്ക, നാരുള്ള പച്ചക്കറികള്‍ ഇവ ശീലമാക്കുക.
9. തണുത്ത വെള്ളവും, ഫ്രിഡ്ജില്‍ വച്ചശേഷം വീണ്ടും ചൂടാക്കി കഴിക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കുക. കഴിവതും തിളച്ചാറിയ വെള്ളം ശീലമാക്കുക.
10. പൊറോട്ട, മൈദ പലഹാരങ്ങള്‍, മധുരം, ഉപ്പ്, എരിവ്, പുളി, ബിസ്‌കറ്റുകള്‍, ഫാസ്റ്റ്ഫുഡ്, വനസ്പതി നെയ്യ് ചേര്‍ത്തിയ ഭക്ഷണങ്ങള്‍ എണ്ണയില്‍ വറുത്തതും, പൊരിച്ചതും ആയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഇവ ഒഴിവാക്കുക.
11. നിലക്കടല, ബദാം തുടങ്ങിയവ ആവശ്യത്തിന് കഴിക്കാവുന്നതാണ്.

obesity treatment in ayurveda

ശ്രദ്ധിക്കുക


1. ഇടക്കിടെയുള്ള രക്തപരിശോധന.
2. സ്വയം ചികിത്സയും വ്യാജ വൈദ്യ ചികിത്സയും ഒഴിവാക്കുക.
3. കൃത്യസമയത്ത് ഉചിതമായ ആരോഗ്യപരിശോധനകള്‍ നടത്തുക.
4. വര്‍ഷത്തിലൊരിക്കലെങ്കിലും എണ്ണതേച്ചുകുളിക്കുക.
5. വിരേചനം (വയറിളക്കലും) ശീലമാക്കുക.
6. മദ്യപാനവും, പുകയിലയും, അമിതമായി മരുന്നുപയോഗം ഉപേക്ഷിക്കുക.
7. എണ്ണയുടെ ഉപയോഗവും അന്നജങ്ങളുടെ ഉപയോഗം കുറയ്ക്കുക.
8. സമീകൃതാഹാരം ശീലമാക്കുന്നതും.
9. മാനസിക സമ്മര്‍ദം കുറയ്ക്കുക.

വീട്ടില്‍ ചെയ്യാവുന്നത്


1. കരിങ്ങാലി കഷായത്തില്‍ ചെറുപയര്‍പൊടിയും, മലര്‍പൊടിയുംചേര്‍ത്തു കഞ്ഞിവെച്ചു കഴിക്കുക.
2. വേങ്ങകാതല്‍ 50 മില്ലി ഗ്രം, 500 മില്ലി ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് വറ്റിച്ച് 150 മില്ലി ലിറ്റര്‍ ആക്കി, അല്‍പം തേനും ചേര്‍ത്ത് 75 മില്ലി ലിറ്റര്‍ വീതം കാലത്തും വൈകിട്ടും വെറും വയറ്റില്‍ സേവിക്കുന്നത് അമിത വണ്ണത്തിന് നല്ലതാണ്.
3. അതിരാവിലെ തേനും വെള്ളവും കൂടി സേവിക്കുക.
4. തഴുതാമയോ ചെറൂളയോ ഇവ സമൂലം ഇടിച്ച് വെള്ളം തിളപ്പിച്ച് കഴിക്കുന്നത് സ്ഥൗല്യം മൂലമുള്ള നീര് കുറക്കാന്‍ നല്ലതാണ്.
5. നെല്ലിക്കാപ്പൊടിയും, മഞ്ഞള്‍പ്പൊടിയും സമം ചേര്‍ത്ത് ഒരു ടീസ്പൂണ്‍ അര ഗ്ലാസ് ചൂടുവെള്ളത്തില്‍ കലക്കി കിടക്കാന്‍ നേരം സേവി ക്കുന്നത് അമിത വണ്ണത്തിനും, പ്രമേഹത്തിനും നല്ലതാണ്.
6. പച്ചനെല്ലിക്കയും, പച്ചമഞ്ഞളും ജ്യൂസ് അടിച്ചും സേവിക്കാവുന്നതാണ്.
7. കയ്പയ്ക്ക (പാവയ്ക്ക) കുരു കളഞ്ഞ് ജ്യൂസ് ആയി കഴിക്കുന്നത് നല്ല താണ്.
8. കുമ്പള വള്ളിയുടേയോ, ഇലയുടേയോ നീര് 1/2 ഗ്ലാസ് കാലത്ത് കഴിക്കുന്നത് അമിതവണ്ണം കാരണം സന്ധികളിലുണ്ടാകുന്ന വേദനയ്ക്കും യൂറിക്കാസിഡിനും നല്ലതാണ്.
9. കുമ്പളം ജ്യൂസ് അടിച്ച് അല്പം ഏലക്കായ ചേര്‍ത്ത് സേവിക്കുന്നത് ഉത്തമമാണ്.
10. കറിവേപ്പില, ഇഞ്ചി - ഇവ അരച്ച് ഒരു ചെറിയ നെല്ലിക്കാവട്ടത്തില്‍ ഉരുട്ടി കാലത്ത് വെറും വയറ്റില്‍ 41 ദിവസം സേവിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയുന്നതാണ്.
11. ഇഞ്ചി, ചുവന്നുള്ളി, കാന്താരി മുളക്, കുരുമുളക് അല്പം കുടെ പുളിയും ചേര്‍ത്തി ചമ്മന്തിയാക്കി സേവിക്കാവുന്നതാണ്.
12. വെളുത്തുള്ളി ചുട്ട് കഴിക്കുന്നതും, ഭക്ഷണത്തിലോ രസം ഉണ്ടാക്കു ന്നതിനോ നല്ലതാണ്.
13. കറിവേപ്പില ഉണക്കിപ്പൊടിച്ച് ഭക്ഷണത്തോടൊപ്പം നിത്യേനസേവിക്കാവുന്നതാണ്.
obesity treatment in ayurveda

ചില ഔഷധയോഗങ്ങള്‍


1. വരാസനാദി കഷായം
2. വരണാദി കഷായം
3. ഗുല്‍ഗുലുതിക്തകം കഷായം.
4. ഗുളാദ്രകം.
5. ഗോമൂത്രഹരീതകി
6. അയസ്‌കൃതി
ഇവയെല്ലാം വൈദ്യനിര്‍ദ്ദേശപ്രകാരം സേവിക്കാവുന്നതാണ്.
7. ചിഞ്ചാദി തൈലം ചൂടാക്കി അല്പം തൃഫലാദി ചൂര്‍ണം ചേര്‍ത്ത് കൊഴുപ്പു കൂടുതലുള്ള ശരീരഭാഗങ്ങളില്‍ പുരട്ടി പ്രതിലോമമായി തടവുന്നത് വളരെ ഗുണകരമാണ്.
8. നിത്യേന ചിഞ്ചാദി തൈലം, കൊട്ടംചുക്കാദി തൈലം, തുടങ്ങിയവ തേച്ചുകുളിക്കുന്നത് നല്ലതാണ്.

ചികിത്സ


ആയുര്‍വേദത്തില്‍ ഉത്സാദനം (പൊടിയിട്ട് തിരുമ്മല്‍), വിരേചനം (വയറിളക്കല്‍), വമനം (ഛര്‍ദിപ്പിക്കല്‍) ഇങ്ങനെ അവസ്ഥാനുസരണം ചികിത്സകള്‍ പറയപ്പെട്ടിട്ടുണ്ട് . ഇവ വൈദ്യനിര്‍ദേശപ്രകാരം ചെയ്യാവുന്നതാണ്. കുട്ടികളിലെ അമിതവണ്ണം ആശങ്കാജനകമായ രീതിയില്‍ വര്‍അധിച്ചു വരുന്ന ഈ സാഹചര്യത്തില്‍ നല്ല ഭക്ഷണരീതികളിലൂടെ അവരെ വഴിനടത്താം. നല്ലൊരു നാളേക്കായി വ്യായാമങ്ങളിലൂടെ മുന്നേറാം.

ഡോ. സന്ദീപ് കിളിയന്‍കണ്ടി
ചീഫ് കണ്‍സല്‍ട്ടന്റ്
ചാലിയം ആയുര്‍വേദിക്‌സ്
സ്‌പെഷാലിറ്റി സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ക്ലിനിക്ക്,
കടലുണ്ടി, കോഴിക്കോട്

Ads by Google
Ads by Google
Loading...
TRENDING NOW