Tuesday, August 13, 2019 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 13 Aug 2019 05.06 PM

ജിയോ ഫൈബർ സേവനങ്ങള്‍ സെപ്റ്റംബർ അഞ്ച് മുതൽ

reliance jio broadband

രാജ്യം ഏറെ കാത്തിരുന്ന റിലയന്‍സ് ജിയോയുടെ ഗിഗാഫൈബര്‍ സേവനങ്ങള്‍ അടുത്ത മാസം അഞ്ചു മുതല്‍ ആരംഭിക്കും. മുംബൈയില്‍ നടന്ന കമ്പനിയുടെ 42 ാമത് വാര്‍ഷിക പൊതുയോഗത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇക്കാര്യം അറിയിച്ചത്.

2016 ല്‍ തുടങ്ങിയ ബീറ്റാ പരീക്ഷണങ്ങള്‍ക്ക് വിരാമമിട്ടാണ് ജിയോ ഗിഗാഫൈബര്‍ ഇന്ത്യന്‍ ഉപയോക്താക്കളിലേക്ക് എത്തുന്നത്. 1.5 കോടി രജിസ്‌ട്രേഷനുകളാണ് ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി ലഭിച്ചത്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 50 ലക്ഷം വീടുകളില്‍ ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്. രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്.

ടെലികോം രംഗത്തെ പിടിച്ചടക്കിയ ജിയോ മൊബീല്‍ കണക്ഷന് സമാനമായി രാജ്യത്തെ മൂന്ന് വ്യവസായ മേഖലകളെ ഒരൊറ്റ അസ്ത്രത്തിലൂടെ എയ്തുവീഴ്ത്താനാണ് മുകേഷ് അംബാനിയുടെ ശ്രമം. ജീവിതകാലം മുഴുവന്‍ സൗജന്യ കോളുകള്‍ വിളിക്കാവുന്ന ലാന്‍ഡ്‌ലൈന്‍, എച്ച്ഡി ഗുണനിലവാരമുള്ള കേബിള്‍ കണക്ഷന്‍, 100 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വേഗതയുള്ള ജിയോ ഫൈബര്‍ ഇന്റര്‍നെറ്റ് എന്നിവയാണ് ഗിഗാഫൈബറിലൂടെ ലഭിക്കുക. ടെലിവിഷന്‍ സേവനങ്ങളും ജിയോ ഫൈബര്‍ വഴി ലഭ്യമാവും. ഹാത്ത് വേ, ഡെന്‍ പോലുള്ള മുന്‍നിര കേബിള്‍ ഓപ്പറേറ്റര്‍ സേവനങ്ങളെ ഏറ്റെടുത്ത റിലയന്‍സ്. ഈ സേവനങ്ങള്‍ക്ക് കീഴിലുള്ള പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെയാണ് ടെലിവിഷന്‍ സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുക.

100 എംബിപിഎസ് വേഗതയുള്ള ഫൈബര്‍ ടു ദ ഹോം (എഫ്ടിടിഎച്ച്) സേവനത്തിന്റെ അടിസ്ഥാന പാക്കേജ് പ്രതിമാസം 700 രൂപ മുതലാണ് ലഭ്യമാകുക. ഏറ്റവും കൂടിയ പാക്കേജിന് പ്രതിമാസം 10,000 രൂപയാവും ചാര്‍ജ്. ജിയോ ഫൈബര്‍ കണക്ഷനുകള്‍ എടുക്കുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും സൗജന്യമായി ഫോണ്‍ വിളിക്കാനാവും. കൂടാതെ 500 രൂപയുടെ അന്താരാഷ്ട്ര കോളിങ് ഓഫറും പുറത്തിറക്കിയിട്ടുണ്ട്. അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്ക് ചുരുങ്ങിയ ചിലവിൽ ഫോൺവിളിക്കാൻ ഇതുവഴി സാധിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW