Monday, August 12, 2019 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 12 Aug 2019 01.22 PM

ദുരിതാശ്വാസ നിധിയിലെ പണം ധൂര്‍ത്തടിച്ചു, വിദേശയാത്രകള്‍ നടത്തി ദുരുപയോഗിച്ചു... ആരോപണങ്ങളുടെ സത്യാവസ്ഥ എന്താണ് ?

Dr. V. Venu FB post

സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലെ പണം ധൂര്‍ത്തടിച്ചു, വിദേശയാത്രകള്‍ നടത്തി, ദുരുപയോഗിച്ചു, രാഷ്ട്രീയക്കാര്‍ക്ക് നല്‍കി തുടങ്ങി ആരോപണങ്ങൾ നിരവധിയാണ്. റീബില്‍ഡ് കേരളയുടെ സി. ഇ.ഒ. ഡോ വി. വേണു ആരോപണങ്ങള്‍ക്ക് അക്കമിട്ട് മറുപടി നല്‍കുന്നു

പ്രളയദുരിതത്തിൽ ഒരുമിച്ച് നിന്നുവെങ്കിൽ മാത്രമേ നമുക്ക് കേരളത്തെ പുനർനിർമ്മിക്കാനാകൂ. ദുരിതത്തേക്കാൾ വലിയ ദുരന്തമായി നുണപ്രളയം നമുക്ക് ചുറ്റും പരക്കെ വ്യാപിച്ചിരിക്കുന്നു. അത്യധികം തെറ്റിദ്ധാരണാജനകമായതും അവാസ്തവികമായതുമായ നുണപ്രചാരണങ്ങളാണ് നമ്മൾ നേരിടേണ്ടത്.

ഗവണ്മെന്റിന്റെ ദുരിതാശ്വാസ നിധിയിലെ പണം ധൂർത്തടിച്ചു/വിദേശയാത്രകൾ നടത്തി/ ദുരുപയോഗിച്ചു / രാഷ്ട്രീയക്കാർക്ക് നൽകി/ ചിലവാക്കിയില്ല എന്നിങ്ങനെ മികച്ച നുണകളാണു കേരളത്തിൽ അങ്ങോളമിങ്ങോളം നന്നായി പടർന്നത്.

1. ഫണ്ട് വകമാറ്റി ചിലവഴിച്ചു എന്ന ആരോപണം

തെറ്റാണ്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി എന്നത് പല അടരുകളുള്ള ഒരു ഫണ്ട് ആണ്. ഏത് ദുരന്തത്തിനും ദുരിതത്തിനും ജനസഹായം നൽകുവാനുള്ളതാണു അത്. എന്ത് തരം ദുരിത/ദുരന്തങ്ങൾക്കും അപേക്ഷയുടെ യോഗ്യതയനുസരിച്ച്/ എലിജിബിളാണെന്നുറപ്പ് വരുത്തി സഹായധനം നൽകും. ഏത് കേരളീയനും അതിൽ അപേക്ഷ വെയ്ക്കാം. കഴിഞ്ഞ വർഷം പ്രളയത്തോട് അനുബന്ധിച്ച് ആരംഭിച്ചതല്ല അത്.

പ്രളയദുരിതങ്ങൾക്കായ് നമ്മൾ സമാഹരിച്ച ഫണ്ട് പ്രത്യേകമായി കണക്കാക്കി വയ്ക്കുന്നു.
അതിനർത്ഥം മറ്റ് ദുരിതങ്ങൾക്കുള്ള ഫണ്ടുകൾ ഇല്ലാതായി എന്നല്ല. ഓർക്കണം കേരളത്തിൽ പ്രളയത്തിനു മുമ്പും നിരവധി ദുരിതങ്ങൾ നമുക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവയ്ക്ക് അതിനായ് വകയിരുത്തിയ അടരിൽ നിന്നും പണം നൽകിയിട്ടുണ്ട്

പ്രളയത്തിനായ് വരവ് വന്ന തുക മറ്റൊന്നിനും വകമാറ്റി ചലവഴിച്ചിട്ടില്ല.

2. ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാണ്.

തെറ്റായ അരോപണം. അതീവ സുതാര്യമാണു ഇതിലെ ഓരോ രൂപയുടെയും വിനിമയം.

https://donation.cmdrf.kerala.gov.in/ വെബ് സൈറ്റ് പരിശൊധിക്കുക: ദുരിതാശ്വാസനിധിയിലെ എല്ലാ ചിലവുകളുടെയും വിനിയോഗത്തിന്റെ പൂർണ്ണ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ഉണ്ട്. ആർക്കും പരിശോധിക്കാം സുതാര്യമാണത്.

നിയമസഭാ രേഖകൾ പരിശോധിക്കുക : പണത്തിന്റെ വരവ് ചിലവ് രേഖകൾ നിയമസഭയിൽ പലകുറി അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. പരിശോധിക്കാം.

വിവരാവകാശ നിയമം ഉപയോഗിക്കുക: 10 രൂപയ്ക്ക വിവരങ്ങൾ ലഭ്യമാകും.

3. ദുരിതാശ്വാസനിധി തോന്നിയ പോലെ ചിലവഴിക്കാം

തെറ്റ്. മറ്റെല്ലാ ഗവർണ്മെന്റ് ഫണ്ടുകൾ പോലെ തന്നെ ഈ റിലീഫ് ഫണ്ടുകൾ CAG ഓഡിറ്റിന് വിധേയമാണ്. ചെറിയ വിജിലൻസ്സ് പരിപാടിയല്ല CAG ഓഡിറ്റ് റിപ്പോർട്ട്. അതിനു സർക്കാർ നിയമസഭയിൽ തന്നെ മറുപടി നൽകേണ്ടതുണ്ട്. ഈ പണം കൃത്യമായ ഓഡിറ്റിങ്ങിനു വിധേയമാണ്.

4. മുഖ്യമന്ത്രിയ്ക്ക് ഒപ്പിട്ട് പ്രളയഫണ്ട് എടുത്ത് ചിലവഴിക്കാം
ശരിയല്ല.

ഇതിൽ വന്ന ഓരോ തുകയും ട്രേഷറി മുഖാന്തിരമാണു. വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ വ്യക്തിപരമായ അക്കൗണ്ടിലല്ല. മറിച്ച് ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അക്കൗണ്ടിലാണ്. എന്നാൽ ചിലവാക്കുന്നത് റെവന്യൂ വകുപ്പാണ്.
സുതാര്യമായ പ്രക്രിയയിലൂടെ മാത്രമേ ഓരോ രൂപയും ചിലവഴിക്കാനാകൂ.

5. Rebuild Kerala Initiative RKI ഓഫീസ് പ്രവർത്തിക്കാനായി ആഡംബര കെട്ടിടം ദുരിതാശ്വാസനിധിയിലെ പണം കൊണ്ട് വാടകയ്ക്ക് എടുത്തു.

അവാസ്തവും തെറ്റിദ്ധാരണാജനകവുമായ കാര്യങ്ങളാണ് ആരോപിക്കപ്പെട്ടിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) യിൽ നിന്നും ഒരു രൂപ പോലും ഓഫീസ് സജ്ജീകരിക്കുന്നതിന് ചിലവഴിക്കുന്നില്ല. ഇതിനായുള്ള തുക പ്രത്യേക head of account ഇൽ നിന്നും ചെലവഴിക്കുന്നു. സർക്കാർ ഉത്തരവ് കൃത്യമായി പരിശോധിക്കാവുന്നതാണ്.

ഇതൊരു ആഡംബര കെട്ടിടമല്ല. സെക്രെട്ടറിയേറ്റിന്റെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നഗരമധ്യത്തിലെ സാധാരണ കെട്ടിടമാണിത്. Calsar Heather കെട്ടിടത്തിലെ നിലവിലെ വിപണി വാടകയിൽ നിന്നും അരപ്പൈസ അധികം നൽകിയിട്ടില്ല

6.ഇത് ലക്ഷ്മീ നായർ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വിവാദ കെട്ടിടമാണു

തെറ്റ്. വാടകയ്ക്ക് സർക്കാർ എടുത്ത ഒന്നാം നിലയുടെ ഉടമസ്ഥൻ ഒരു ലക്ഷ്മീ നായരും അല്ല. മുട്ടട സ്വദേശിയായ ശ്രീ കെ.വി.മാത്യുവാണു ഉടമസ്ഥൻ. ഉടമസ്ഥാവകാശം, വാടകനിരക്ക്, അനുബന്ധ ചാർജ്ജുകൾ എന്നിവയിന്മേൽ ധാരണയിൽ എത്തി agreement വച്ചിട്ടുണ്ട്. ഇതിന്റെ സുതാര്യതയും വിവരാവകാശത്തിലൂടെ പരിശോധിക്കാം

ചെയ്തു പ്രസ്തുത സ്ഥലത്തിന്റെ ഉടമസ്ഥാവകാശം, കൈവശാവകാശം തുടങ്ങിയവ സംബന്ധിച്ച രേഖകൾ പരിശോധിച്ച് എല്ലാം ഉറപ്പ് വരുത്തിയതാണു. ഈ സ്ഥലം സ്വകാര്യ ഭൂമിയാണ്. സർക്കാരിന്റെ പാട്ടഭൂമിയാണ് പ്രസ്തുതവസ്തു എന്നതും നുണപ്രചാരണമാണു.

7. RKI ഓഫീസിനായി 88 ലക്ഷം രൂപ ചിലവഴിക്കുന്നു. ഫയലു നോക്കാൻ ഇത്രവലിയ ആർഭാടമോ?

തെറ്റായ ആരോപണം.ഒട്ടും ആർഭാടമില്ലാതെയാണു നമ്മൾ പ്രവർത്തിച്ചിട്ടുള്ളത്. വിശപ്പിന്റെയും വികസനത്തിന്റെയും മീതെയല്ല ആർഭാടങ്ങൾ വെക്കേണ്ടത് എന്ന ഉത്തമബോധ്യം റീ ബിൽഡ് കേരളയ്ക്കുണ്ട്.

RKI പ്രവർത്തനം ആരംഭിച്ചിട്ട് 8 മാസങ്ങളായി. ഇതിനിടയിൽ RKI കമ്മിറ്റിയുടെ നാൽപ്പതിലേറേ യോഗങ്ങൾ നടന്നു. ലോകബാങ്കിന്റെയും മറ്റു അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളുടെയും അൻപതോളം വിദഗ്ദ്ധർ കേരളം സന്ദർശിക്കുകയും സെക്രട്ടറിമാർ, വകുപ്പധ്യക്ഷർ, ഉദ്യോഗസ്ഥർ എന്നിവരുമായി നാനൂറോളം യോഗങ്ങളും ചർച്ചകളും നടത്തുകയും ചെയ്തു. ഇതിനെല്ലാം സ്ഥലസൗകര്യമൊരുക്കുവാൻ RKI പണം ചിലവഴിച്ചിട്ടേ ഇല്ല. ഒരു ചിലവും ചെയ്യാതെ പരിമിതമായ സൗകര്യത്തിൽ ഈ ചർച്ചകളെല്ലാം വിജയകരമായി നടത്തി.

ഇതിന്റെ ഫലമായി ലോക ബാങ്ക്, ജർമൻ അന്താരാഷ്ട്ര ധനസഹായ സ്ഥാപനം (KFW) എന്നിവയിൽ നിന്നും 3,150 കോടി രൂപയുടെ വായ്പ ലഭിക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നു. സൗജന്യമായ് ഒരു അന്താരാഷ്ട്ര ഏജൻസ്സിയും നമ്മുടെ കേരളത്തെ നിർമ്മിക്കാൻ പണം കടം നൽകില്ല. അവർക്ക് ബോധ്യപ്പെടണം. വായ്പ ലഭ്യമാക്കുന്ന സമയം മുതൽ നിരവധി വിദഗ്ധരുടെയും കോൺസൾറ്റൻറ്മാരുടെയും സേവനം RKIക്ക് അനിവാര്യമാണ്. ഏകദേശം മുപ്പതോളം പേർക്ക്പ്രവർത്തിക്കാനുള്ള സൗകര്യവും, യോഗങ്ങളും ചർച്ചകളും വീഡിയോകോൺഫറൻസ് എന്നിവയും നടത്താനുള്ള സൗകര്യവും ഒരുക്കേണ്ടതുണ്ട്. പതിനായിരം കോടിയിലേറെ രൂപയുടെ പദ്ധതികൾക്ക് ചുക്കാൻ പിടിക്കേണ്ട ഒരു സ്ഥാപനത്തിന് വേണ്ട സാങ്കേതിക പാരിസ്ഥിതിക സൗകര്യങ്ങൾ ഉൾപ്പെട്ട ഒരു ഓഫീസ് ആണ് സജ്ജീകരിക്കുന്നത്. ഇതിനു തലസ്ഥാന നഗരിയിൽ ചിലവാക്കാവുന്ന ഏറ്റവും കുറഞ്ഞ തുകയാണു ചിലവഴിച്ചത്.

കേരളത്തിന്റെ ഭാവി വികസനത്തിനായി പ്രവർത്തിക്കാൻ ഉത്തരവാദിത്തപ്പെട്ട സ്ഥാപനമാണ് RKI.

നശിച്ചുപോയ റോഡുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആശുപത്രികൾ,വീടുകൾ മറ്റെല്ലാ പൊതു ഇടങ്ങളും നാം നിർമ്മിക്കുന്നത് നമുക്കും നമ്മുടെ തലമുറകൾക്കും വേണ്ടിയാണു. രാഷ്റ്റ്രീയ/ജാതീയ/ പ്രാദേശിക/ മതവാദങ്ങൾക്കും വഗ്വാദങ്ങൾക്കും ഉള്ള സമയമല്ല ഇത്. നാം ഒന്നിച്ച് ഒറ്റക്കെട്ടായ്യി നീങ്ങിയാൽ മാത്രമേ ഈ ദുരന്തത്തോട് നമുക്ക് പൊരുതി ജയിക്കുവാനാകൂ.

Dr. Venu Vasudevan IAS
CEO
Rebuild Kerala Initiative

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW