Monday, August 12, 2019 Last Updated 6 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 12 Aug 2019 11.13 AM

കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ കൊടുക്കണം എന്ന് നിര്‍ബന്ധം ഉണ്ടോ? ഇത് മറ്റെന്തെങ്കിലും ദൂഷ്യവശങ്ങള്‍ ഉളവാക്കുമോ?

കുട്ടികളുടെ ആരോഗ്യം
ask to doctor

''ശ്വാസം വിടുമ്പോള്‍ ശബ്ദം ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ജലദോഷമില്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഭയപ്പെടേണ്ടതില്ല. എന്തായാലും ഒരു ഇ.എന്‍.ടി ഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും.

മൂക്കില്‍ നിന്നും കുറുകല്‍ ശബ്ദം


എന്റെ കുഞ്ഞിന് 3 വയസ്. ശ്വാസം വിടുമ്പോള്‍ കുഞ്ഞിന്റെ മൂക്കില്‍നിന്ന് ഒരു ചെറിയ കുറുകല്‍ ശബ്ദം കേള്‍ക്കുന്നു. മറ്റ് അസ്വസ്ഥതകള്‍ ഒന്നുമില്ല. മാസത്തില്‍ രണ്ടു തവണയെങ്കിലും അവന് ജലദോഷം ഉണ്ടാകാറുണ്ട്. മൂക്കില്‍ ദശ വളരുന്നവരില്‍ ഈ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതായി അറിയാന്‍ കഴിഞ്ഞു. ഇത് ശരിയാണോ കുട്ടികളുടെ മൂക്കില്‍ ദശ വളരാറുണ്ടോ? ഇത് എങ്ങനെ നീക്കം ചെയ്യാം?
------ രവീന്ദ്രന്‍ , കോഴിക്കോട്

ശ്വാസം വിടുമ്പോള്‍ ശബ്ദം ഉണ്ടാകുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ജലദോഷമില്ലാതെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തതുകൊണ്ട് ഭയപ്പെടേണ്ടതില്ല. എന്തായാലും ഒരു ഇ.എന്‍.ടിഡോക്ടറെ കാണിക്കുന്നത് നന്നായിരിക്കും. മൂക്കില്‍ ദശ വളരുന്നുണ്ടോ എന്നും മനസിലാക്കാന്‍ സാധിക്കും. മൂക്കില്‍ ദശ വളര്‍ച്ചയുണ്ടോ എന്നും അത് എങ്ങനെ നീക്കം ചെയ്യാം എന്നതിനെക്കുറിച്ചും ഡോക്ടര്‍ പരിശോധിച്ച് പറയും.

പല്ലില്‍ കറുത്ത വരകള്‍


എന്റെ മകന് 10 വയസ്. അവന്റെ പല്ലില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു. മുന്നിലത്തെ പല്ലുകളിലാണ് ഇതു കൂടുതലായി കാണപ്പെടുന്നത്.
വിറ്റാമിന്റെ കുറവുമൂലം ഇങ്ങനെ ഉണ്ടാകുമോ. കുട്ടിക്കു നല്‍കുന്ന ആഹാരത്തില്‍ എന്തെങ്കിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടോ?
------- ശ്രീജ രാജേഷ് , പിറവം

വിറ്റാമിന്റെയും കാത്സ്യത്തിന്റെയും അഭാവത്തില്‍ ഇത്തരത്തില്‍ പല്ലുകളില്‍ കറുത്ത വരകള്‍ പ്രത്യക്ഷപ്പെടാനിടയുണ്ട്. ഇതു കൂടാതെ ചെറുപ്പകാലത്ത് കഴിക്കുന്ന പല മരുന്നുകളും പല്ലില്‍ വരകള്‍ക്ക് വഴിതെളിക്കും. കാത്സ്യം, മിനറല്‍ തുടങ്ങിയവ ധാരാളമായി അടങ്ങിയ ആഹാര സാധനങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പാല്‍, മുട്ട, ഇലക്കറികള്‍, പച്ചക്കറികള്‍ മുതലായവ കൂടുതലായി കഴിക്കണം.

പോളിയോ വാക്‌സിന്‍ നിര്‍ബന്ധമാണോ


കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ കൊടുക്കുന്നതിനെതിരെ നിരവധി വാദമുഖങ്ങള്‍ ഇന്ന് ഉന്നയിക്കപ്പെടുന്നുണ്ട്. കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ കൊടുക്കണം എന്ന് നിര്‍ബന്ധം ഉണ്ടോ? ഇത് മറ്റെന്തെങ്കിലും ദൂഷ്യവശങ്ങള്‍ ഉളവാക്കുമോ?
---- ഇന്ദു അനുരാജ് , മണ്ണൂര്‍

കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നിര്‍ബന്ധമായും നല്‍കണം. ദേശീയ പോളിയോ നിര്‍മാര്‍ജന പദ്ധതിപ്രകാരം 5 വയസില്‍ താഴെയുള്ള എല്ലാ കുട്ടികള്‍ക്കും പോളിയോ വാക്‌സിന്‍ നല്‍കിവരുന്നു. ഇത് പൂര്‍ണമായും സൗജന്യമാണ്. രാജ്യത്തുനിന്നും പോളിയോ തുടച്ചുമാറ്റുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. എന്നാല്‍ ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ചില ജില്ലകളില്‍ നിന്നും പോളിയോയ്ക്ക് കാരണമായ വൈറസിനെ തൂത്തെറിയാന്‍ കഴിഞ്ഞിട്ടില്ല.

ഇന്ത്യയെ കൂടാതെ പാകിസ്ഥാന്‍, ബംഗാള്‍, നൈജീരിയ എന്നിവിടങ്ങളിലും പോളിയോ നിലനില്‍ക്കുന്നു. ഈ പ്രദേശത്തെ കാലാവസ്ഥയിലുള്ള പ്രത്യേകതയാണ് ഇതിന് കാരണം. രാജ്യാന്തര യാത്രകള്‍ പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മറ്റ് പ്രദേശത്തേക്ക് വൈറസ് വ്യാപിക്കാതിരിക്കാന്‍ വാക്‌സിന്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുകമാത്രമാണ് പോംവഴി.

പോളിയോ വാക്‌സിന്‍ ഇന്‍ജക്ഷനുമുണ്ട്. എന്നാല്‍ എല്ലാ കുട്ടികള്‍ക്കും സൗജന്യ ഇന്‍ജക്ഷന്‍ നല്‍കുന്നത് പ്രായോഗികമല്ലാത്തതാണ് തുള്ളിമരുന്നാക്കാന്‍ കാരണം. 12 - 15 ഡോസ് വാക്‌സിനാണ് ഒരു കുട്ടിക്ക് നല്‍കേണ്ടത്. ലോകത്ത് എല്ലായിടത്തും നല്‍കിവരുന്നത് ഒരു മരുന്ന് തന്നെയാണ്. നമ്മുടെ കുട്ടികളെ പോളിയോ രോഗത്തില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഈ യജ്ഞത്തില്‍ പങ്കാളിയാവാന്‍ മടിക്കേണ്ടതില്ല.

പഠനത്തില്‍ താല്‍പര്യക്കുറവ്


മകന് 10 വയസ്. പഠനകാര്യത്തില്‍ അവന്‍ വളരെ പുറകിലാണ്. അഞ്ചാം ക്ലാസില്‍ ആയിട്ടും കുട്ടിക്ക് അക്ഷരങ്ങള്‍ വായിക്കാനും പറയാനും കഴിയുന്നില്ല. മറ്റു കാര്യത്തിലൊക്കെ മിടുക്കനാണ്. പഠനത്തോട് താല്‍പര്യം വളരെക്കുറവാണ്. സ്‌കൂളില്‍ പോകാനും ഇഷ്ടമല്ല. പഠനത്തോടുള്ള അവന്റെ മടി മാറ്റിയെടുക്കാന്‍ കഴിയുമോ?
------ ജോമോന്‍ , ചാലക്കുടി

താങ്കളുടെ മകന് പഠന വൈകല്യമുണ്ടോ എന്ന് പരിശോധിച്ചറിയണം. എന്തായാലും പഠിക്കാനുള്ള മടികൊണ്ടാവാന്‍ സാധ്യതയില്ല. പഠന വൈകല്യമുള്ള കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ എഴുതാന്‍ കഴിഞ്ഞെന്നുവരില്ല. മറ്റ് കാര്യങ്ങളില്‍ കുട്ടി അതി സമര്‍ഥനുമായിരിക്കും. എഴുതാന്‍ അറിയില്ലെങ്കിലും ക്ലാസില്‍ ചോദ്യം ചോദിച്ചാല്‍ ഉത്തരം പറയുവാന്‍ കഴിയും.

അതേപോലെ വരയിലും സ്‌പോര്‍ട്‌സിലുമൊക്കെ ഇത്തരം കുട്ടികള്‍ മിടുക്ക് തെളിച്ചെന്നിരിക്കും. പറഞ്ഞുകൊണ്ട് എഴുതിയാലും സ്‌പെല്ലിംഗ് തെറ്റായി എഴുതുക, ചെറിയ തുകയില്‍ നിന്നും വലിയ തുക കുറയ്ക്കുക തുടങ്ങിയ പഠന പ്രശ്‌നങ്ങളും ഈ കുട്ടികളില്‍ സാധാരണമാണ്. കുട്ടിയെ ഒരു പീഡിയാട്രിഷനെ കാണിക്കണം. പഠന വൈകല്യമാണെങ്കില്‍ പലതരം ടീച്ചിംഗ് ടെക്‌നിക്കുകളിലൂടെ പരിഹാരം കണ്ടെത്താന്‍ സാധിക്കും.

മൂത്രത്തില്‍ കല്ല്


മകന് 14 വയസ്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്നു. ഏതാനും മാസം മുമ്പ് നടുവേദന ഉണ്ടായി. അന്ന് അതത്ര കാര്യമാക്കിയില്ല. പിന്നീട് വേദന പിന്നിലേക്ക് നീങ്ങി. മൂത്രം പോകുന്നതിനും ബുദ്ധിമുട്ട് ഉണ്ട്. ഡോക്ടറെ കാണിച്ചു. കിഡ്‌നി സ്‌റ്റോണിന്റെ ആരംഭമാണെന്ന് പരിശോധനയില്‍ കണ്ടെത്തി. ധാരാളം വെള്ളം കുടിക്കണമെന്നും മരുന്നുകൊണ്ട് കുറയുമെന്നും ഡോക്ടര്‍ പറഞ്ഞു. ട്രിപ്പിള്‍ ഫോസ്‌ഫേറ്റ് ക്രിസ്റ്റലാണ് രോഗകാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. ഈ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കിഡ്‌നി സ്‌റ്റോണ്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ? ഇത് കിഡിനി സ്‌റ്റോണ്‍ തന്നെയാണോ? വേറെ ഡോക്ടറെ കാണിക്കണോ?
----- പ്രീതി ജോസ് , കുറ്റിപ്പുഴ

രോഗലക്ഷണങ്ങള്‍ പറഞ്ഞിരിക്കുന്നതില്‍ നിന്ന് കുഞ്ഞിന് മൂത്രത്തില്‍ കല്ലാകാനുള്ള സാധ്യതയുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിനായി വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ നടത്തി നോക്കണം. ഇതിലൂടെ മൂത്രത്തില്‍ കല്ല് ഉണ്ടോ എന്ന് അറിയാന്‍ സാധിക്കും. നിങ്ങള്‍ കണ്ട ഡോക്ടറും ആ പരിശോധന നടത്തിയാണ് രോഗം കണ്ടെത്തിയതെന്ന് കരുതുന്നു. കുഞ്ഞുങ്ങളിലും കിഡ്‌നി സ്‌റ്റോണ്‍ കാണാറുണ്ട്. ചെറിയ കല്ലുകളാണ് ഉള്ളതെങ്കില്‍ വെള്ളം കുടിക്കുമ്പോള്‍ അലുത്തുപോകും.

രോഗം ഭേദമാവുകയും ചെയ്യും. വേദനയും മൂത്രത്തില്‍ രക്തമയം കാണപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ കുട്ടിയെ ഒരു യുറോളജിസ്റ്റിനെ കാണിക്കണം. കൂടാതെ കുട്ടിക്ക് രോഗം ഉണ്ടാകാനുള്ള കാരണം കണ്ടെത്താനും പരിശോധന ആവശ്യമായി വരും. മൂത്രത്തില്‍ പഴുപ്പും വേദനയുമൊക്കെ കിഡ്‌നി സ്‌റ്റോണിന്റെ ലക്ഷണങ്ങളാണ്. സാധാരണ കണ്ടുവരുന്ന സ്‌റ്റോണ്‍ ട്രിപ്പിള്‍ ഫോസ്‌ഫേറ്റ് ക്രിസ്റ്റലാണ്. കാത്സ്യം ഫോസ്‌ഫേറ്റ് അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കൂടുതലായി കഴിക്കുന്നത് ഇതിനു കാരണമാണ്.

ഡോ. സുരേഷ് എസ്. വടക്കേടം
അസിസ്റ്റന്റ് പ്രൊഫസര്‍,
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്,
മെഡിക്കല്‍ കോളജ്, കോട്ടയം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW