Monday, August 12, 2019 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
ഷാർളി ബെഞ്ചമിൻ
ഷാർളി ബെഞ്ചമിൻ
Monday 12 Aug 2019 09.39 AM

എത്ര ദുരന്തങ്ങൾ ഏറ്റു വാങ്ങിയാലും നാം പഠിക്കുകയില്ല, ഗാഡ്ഗിൽ വീണ്ടും ഓർമ്മിപ്പിക്കുന്നത്...

പശ്ചിമ ഘട്ടങ്ങളിലൂടെ സാഹസിക യാത്ര നടത്തി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പ്രകൃതിയെ ചൂഷണത്തില്‍ നിന്ന് രക്ഷിച്ച് നാടിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥ, സംഘടിത മത, രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മനുഷ്യവിരുദ്ധമാണെന്ന തെറ്റിദ്ധാരണ പരത്തുകയാണുണ്ടായത്. എത്ര ദുരന്തങ്ങൾ ഏറ്റു വാങ്ങിയാലും നാം പഠിക്കുകയില്ല. ദുരമൂത്ത് വീണ്ടും, വീണ്ടും നാം ഭൂമിയിൽ മുറിവേൽപ്പിച്ചു കൊണ്ടേയിരിക്കുന്നു.
Madhav Gadgil report

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് ബിഷപ്പന്മാരുടെ നേതൃത്വത്തിൽ നടന്ന സമരം മറക്കാറായിട്ടില്ല. അതിനെ പിന്തുണയ്ക്കുകയും ജോയ്സ് ജോർജിനെ പാർലിമെന്റിലേക്ക് വിജയിപ്പിക്കുകയും ചെയ്തതിൽ ഇടതുപക്ഷത്തിന്റെ പങ്കും മറക്കാനാവില്ല. നിലപാടുകളിൽ വെള്ളം ചേർത്ത കോൺഗ്രസ് പരിസ്ഥിതിക്ക് വേണ്ടി ശക്തമായി നിലകൊണ്ട പി.ടി തോമസിനെ തള്ളിപ്പറയുകയും ചെയ്തതോടെ ഗാഡ്ഗിൽ റിപ്പോർട്ട് ആർക്കും വേണ്ടാതായി.

കേരളത്തിലെ പരിസ്ഥിതി വാദികളാകട്ടെ ദന്തഗോപുരങ്ങളിലിരുന്ന് നവ മാധ്യമങ്ങളിലൂടെ മുതലക്കണ്ണീർ വാർത്തതിനപ്പുറം ഭൂമിയിലേക്കിറങ്ങിയില്ല.
ഇത്തവണത്തെ മഴയിൽ എൺപതിലേറെ ഉരുൾപൊട്ടലാണ് ഉണ്ടായത്. ഇവിടെ മിക്ക സ്ഥലങ്ങളിലും പരിസ്ഥിതിയെ മുറിവേൽപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നിരുന്നു.

Madhav Gadgil report

മഴ പെയ്താൽ അത് ഭൂമിയിലേക്ക് താഴാൻ മാർഗ്ഗങ്ങളൊന്നുമില്ലാത്ത വിധം കാടുകളും, കുന്നുകളും, പാറകളും, വയലുകളും അപ്രത്യക്ഷമായിരിക്കുന്നു. ഒറ്റമഴയിൽ വെള്ളപ്പൊക്കം എന്ന അവസ്ഥ പോലെ മഴയില്ലെങ്കിൽ കൊടും ചൂടും കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നതിന്റെ കാരണവും വേറെ തിരഞ്ഞ് പോകേണ്ട. അടിക്കാടുകൾ സ്പോഞ്ച് പോലെ മഴവെള്ളം വലിച്ചെടുത്ത് ഭൂമിക്ക് നൽകുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നുള്ള കാടുകൾ തന്നെ വനവത്ക്കണത്തിന്റെ ഭാഗമായ യുക്കാലിപ്ടസും, അക്കേഷ്യയും മറ്റുമാണ്. ഇത് ഭൂമിയിലെ ജലം ഊറ്റിയെടുക്കുന്നു. അടിക്കാടുകളില്ലാത്ത 'വന ' ങ്ങളാണിത്. റബർ, തെയില, കാപ്പി തുടങ്ങിയ തോട്ടങ്ങളിലെ അവസ്ഥയും ഇത് തന്നെ. അവിടെയും അടിക്കാടുകൾ ഇല്ല.
വെള്ളം കെട്ടി നിൽക്കേണ്ട വയലുകൾ നികന്നു കഴിഞ്ഞു. കുഴൽ കിണറുകളിലൂടെ ഭൂമിയുടെ ഞരമ്പുകളിലുണ്ടായിരുന്ന ജലം നാം വറ്റിച്ചുകൊണ്ടിരിക്കുന്നു. പുഴകളിൽ മണലില്ലാത്തതിനാൽ ജലത്തെ സംഭരിച്ചു വെക്കാനുള്ള കരുത്തില്ല.

മണ്ണിടിച്ചിലിനെ തടഞ്ഞിരുന്ന വൃക്ഷങ്ങളുടെ വേരുകളും, കരിമ്പാറക്കെട്ടുകളും അപ്രത്യക്ഷമായതോടെ നാം ഒരു ദുരന്തമുഖം തുറന്ന് കൊടുക്കുകയായിരുന്നു. സ്വയം വരുത്തി വയ്ക്കുന്ന പാരിസ്ഥിതിക ദുരന്തങ്ങളുടെ എണ്ണം ദിനം പ്രതി കൂടി വരികയാണ്.
നമുക്ക് മുന്നേ നടന്ന ഒരു വൃദ്ധനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ ഇതെല്ലാം ഒരു പ്രവചനം പോലെ മുന്നറിയിപ്പ് തന്നിരുന്നു.

Madhav Gadgil report

ഭൂമിയും മണ്ണും തോന്നിയത് പോലെ ഉപയോഗിക്കുവാനുള്ളതല്ല എന്ന് അദ്ദേഹം റിപ്പോർട്ടിൽ അടിവരയിട്ടു പറഞ്ഞു. മലയുടെ ചെരിവുകളില്‍ കൃഷി പാടില്ല, പരിസ്ഥിതി ദുര്‍ബ്ബലപ്രദേശത്ത് പാറ പൊട്ടിക്കാന്‍ പാടില്ല, ഏലമലക്കാടുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനം അവസാനിപ്പിക്കണം എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങൾ അദ്ദേഹം നൽകിയിരുന്നു. നിയമത്തിന്റെ കണ്ണുകെട്ടി ഇടുക്കിയില്‍ നടത്തുന്ന ക്വാറി, റിസോര്‍ട്ട്, ഭൂമാഫിയകളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകും എന്നുള്ളതുകൊണ്ടാണ് റിപ്പോര്‍ട്ടിനെതിരെ ആസൂത്രിതമായ നീക്കം നടന്നത്.

വനങ്ങള്‍ സംരക്ഷിച്ച് പാരിസ്ഥിതിക ദുരന്തങ്ങള്‍ കുറയ്ക്കാനുള്ള പോംവഴികൾ അദ്ദേഹം വിശദീകരിച്ചു. കാലാവസ്ഥാ വ്യതിയാനം വരാതിരിക്കാനുള്ള മുന്നൊരുക്കങ്ങളും വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ തവണ കോഴിക്കോട്ടും വയനാട്ടിലും മലപ്പുറത്തും ഉണ്ടായ പതിനൊന്ന് ഉരുൾപൊട്ടൽ സ്ഥലങ്ങൾ സന്ദർശിച്ച ശാസ്ത്രജ്ഞനായ കേരള വന ഗവേഷണ കേന്ദ്രം (KFRI)യിലെ ഉദ്യോഗസ്ഥൻ ഡോ.ടി. വി സജീവ് പറയുന്നു.

'' ഇവിടം സന്ദർശിച്ചതിൽ നിന്നും മനസിലായ ഒരു പ്രധാനപ്പെട്ട കാര്യം ഈ ഉരുൾപൊട്ടലുകളെല്ലാമുണ്ടായത് അവിടെ പ്രവർത്തിക്കുന്ന പാറമടകളോട് ചേർന്നാണ് എന്നതാണ്. എന്നുവച്ചാൽ ഈ ഉരുൾപൊട്ടലുകൾ ഉണ്ടായ മലയുടെ ഏതെങ്കിലുമൊരു ഭാഗത്ത് ഒരു പാറമട പ്രവർത്തിക്കുന്നുണ്ട്. ഒന്നു രണ്ട് സ്ഥലങ്ങളിൽ മലയുടെ മുകളിൽ തന്നെ പാറക്കല്ലുകൾ പൊടിയാക്കുന്നതിനും കഴുകുന്നതിനും ആവശ്യമായ ജലം വലിയ തോതിൽ ശേഖരിച്ച് വയ്ക്കുന്നുണ്ട്. മനുഷ്യജീവനുകൾ നഷ്ടപ്പെട്ട കോഴിക്കോട് ഉരുൾപൊട്ടലിന് കാരണമായത് ഇത്തരത്തിൽ മലമുകളിലുള്ള ജലസംഭരണിയാണ്. കേരളത്തിൽ ഏകദേശം ആറായിരത്തോളം ക്വാറികൾ പ്രവർത്തിക്കുന്നുണ്ട്. ഈ ക്വാറികളെല്ലാം തന്നെ സ്വകാര്യ മേഖലകളിലാണ് പ്രവർത്തിക്കുന്നത്.

വീടുകളിലേക്ക് കല്ല് വന്നു വീണ് അപകടങ്ങൾ ഉണ്ടായതിനാലും ശുദ്ധജലം കിട്ടാതെ വന്നതിനാലുമാണ് ഈ ഒഴിഞ്ഞു പോകലുകൾ സംഭവിച്ചത്. ഇതൊന്നും പോരാഞ്ഞിട്ട് ക്വാറി ഉടമ സ്ഥലം വാങ്ങിക്കൂട്ടിയതു കൊണ്ടോ, ഭീഷണിപ്പെടുത്തിയതു കൊണ്ടോ വലിയ തോതിലുള്ള പലായനം കേരളത്തിലുണ്ടായിട്ടുണ്ട്. ഇത് നമ്മളൊരിക്കലും തിരിച്ചറിഞ്ഞിരുന്നില്ല. ധാരാളമായി ക്വാറികൾ ഉണ്ടാകുകയും അവിടെ നിന്നെല്ലാം ആളുകൾ ഒഴിഞ്ഞ് പോകുകയും ചെയ്യുന്ന വലിയ തോതിലുള്ള ഒരു പ്രക്രിയ കേരളത്തിൽ നടന്നു കൊണ്ടിരിക്കുകയാണ്.

Madhav Gadgil report

ഇതിന്റെ പ്രധാനപ്പെട്ട പ്രശ്നം എന്താണെന്നു വച്ചാൽ ഓരോ ക്വാറികളിലും ഉണ്ടാകുന്ന സ്ഫോടനങ്ങൾ പശ്ചിമഘട്ട മലനിരകളെ ആകെ അസ്ഥിരപ്പെടുത്തുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് എന്നതാണ്. അതിന് കാരണം, ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് 'വജ്രം' കഴിഞ്ഞാല്‍ 'കരിങ്കല്ലി'ലൂടെയാണ് . നമ്മൾ കേൾക്കുന്ന ശബ്ദത്തേക്കാൾ വലിയ തോതിലുള്ള ശബ്ദം പ്രകമ്പനമായി കരിങ്കല്ലിനുള്ളിലൂടെ കടന്നു പോകും.

ഓരോ സ്ഫോടനം നടക്കുമ്പോഴും പശ്ചിമഘട്ട മലനിരകൾ ആകെയൊന്ന് കുലുങ്ങും. വലിയ തോതിലുള്ള മഴ പെയ്യുമ്പോൾ ദുർബലമായിരിക്കുന്ന മലകൾ ഒറ്റയടിക്ക് ഒഴുകി പോകുന്ന അവസ്ഥയുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി ദുർബലമായ പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളും ഖനനവും പാടില്ലെന്ന് മാധവ് ഗാഡ്ഗിൽ കമ്മിറ്റി ശുപാർശ ചെയ്തത്. എന്നാൽ നാമത് ചെവിക്കൊണ്ടില്ല. ധാരാളം മനുഷ്യർ പരിസ്ഥിതിലോല പ്രദേശങ്ങൾ കയ്യേറുകയും വീട് വയ്ക്കുകയും അതിന് വേണ്ടി മല ചെത്തി നിരപ്പാക്കുകയും ചെയ്തു. അവിടെ വച്ചിട്ടുള്ള പല വീടുകളും ഇന്ന് നമുക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു. ധാരാളം മനുഷ്യ ജീവനുകളും അക്കൂട്ടത്തിൽ നഷ്ടപ്പെടുകയുണ്ടായി.

പശ്ചിമ ഘട്ടങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി മാധവ് ഗാഡ്ഗില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ശക്തമായ സമരം സംസ്ഥാനത്ത് അരങ്ങേറി. പ്രക്ഷോഭങ്ങളെ ഇടത്, വലത് മുന്നണികള്‍ സഹായിച്ചതിനാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന് കാട്ടി കേന്ദ്ര സര്‍ക്കാരിലേക്ക് കത്ത് അയക്കുകയും ചെയ്തു. ഗാര്‍ഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമായി അടയാളപ്പെടുത്തിയ സ്ഥലങ്ങളില്‍ കൃഷിചെയ്യാനും വീട് വയ്ക്കാനും പറ്റില്ലെന്നായിരുന്നു കുപ്രചരണം.

പശ്ചിമ ഘട്ടങ്ങളിലൂടെ സാഹസിക യാത്ര നടത്തി തയ്യാറാക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് പ്രകൃതിയെ ചൂഷണത്തില്‍ നിന്ന് രക്ഷിച്ച് നാടിനെ സുരക്ഷിതമാക്കുക എന്ന ലക്ഷ്യമായിരുന്നു ഉണ്ടായിരുന്നത്. ഉദ്യോഗസ്ഥ, സംഘടിത മത, രാഷ്ട്രീയ കൂട്ടുകെട്ടില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മനുഷ്യവിരുദ്ധമാണെന്ന തെറ്റിദ്ധാരണ പരത്തുകയാണുണ്ടായത്. എത്ര ദുരന്തങ്ങൾ ഏറ്റു വാങ്ങിയാലും നാം പഠിക്കുകയില്ല. ദുരമൂത്ത് വീണ്ടും, വീണ്ടും നാം ഭൂമിയിൽ മുറിവേൽപ്പിച്ചു കൊണ്ടേയിരിക്കുന്നു.

Ads by Google
ഷാർളി ബെഞ്ചമിൻ
ഷാർളി ബെഞ്ചമിൻ
Monday 12 Aug 2019 09.39 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW