Monday, August 12, 2019 Last Updated 13 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 12 Aug 2019 12.32 AM

കോണ്‍ഗ്രസ്‌ അധ്യക്ഷപദം : സോണിയയെ ചുമതലയേല്‍പ്പിച്ചത്‌ ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍

uploads/news/2019/08/328782/bft1.jpg

പ്രതിസന്ധിയുടെ കടലാഴങ്ങളില്‍നിന്നു കോണ്‍ഗ്രസിനെ കരകയറ്റാനുള്ള നിയോഗം വീണ്ടും സോണിയാ ഗാന്ധിയെ ഏല്‍പ്പിച്ച പ്രവര്‍ത്തകസമിതി തീരുമാനം ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവില്‍. ഗാന്ധി-നെഹ്‌റു കുടുംബത്തില്‍നിന്നല്ലാത്ത ഒരാളെ നേതൃപദത്തിലേക്കു കണ്ടെത്തണമെന്ന തന്റെ നിര്‍ദേശം നിരാകരിക്കപ്പെട്ടതില്‍ മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു നീരസം. ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും സോണിയ വഴങ്ങിയത്‌ ബഹുഭൂരിപക്ഷം പ്രവര്‍ത്തകസമിതി അംഗങ്ങളുടെയും നിര്‍ബന്ധത്തിനൊടുവിലെന്നു സൂചന. സോണിയയുടെ രണ്ടാം വരവ്‌ കുടുംബാധിപത്യമെന്ന എതിരാളികളുടെ ആരോപണത്തിനു മൂര്‍ച്ചകൂട്ടുമെന്നും വിലയിരുത്തല്‍.
ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്‌ അധ്യക്ഷപദമൊഴിഞ്ഞ രാഹുല്‍ ഗാന്ധിക്കു പകരമാണ്‌ സോണിയ വര്‍ക്കിങ്‌ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ എത്തുന്നത്‌. തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനംവന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ രാഹുല്‍ നേതൃസ്‌ഥാനം ഒഴിഞ്ഞെങ്കിലും പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ്‌ ശനിയാഴ്‌ച അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ പ്രവര്‍ത്തകസമിതി നിര്‍ണായക യോഗം ചേര്‍ന്നത്‌. തുടക്കത്തില്‍ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്‌ ഉള്‍പ്പെടെ പല പേരുകളും ഉയര്‍ന്നെങ്കിലും അംഗങ്ങള്‍ക്കു സമവായത്തിലെത്താനായില്ല.
അതിനുപിന്നാലെ അധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ വടക്കുകിഴക്ക്‌, ഉത്തരേന്ത്യ, ദക്ഷിണേന്ത്യ, കിഴക്ക്‌, പടിഞ്ഞാറ്‌ എന്നിങ്ങനെ അഞ്ചു മേഖലാതല സമിതികള്‍ രൂപീകരിച്ചു. പടിഞ്ഞാറന്‍ ഭാഗത്തിന്റെ സമിതിയില്‍ രാഹുലും കിഴക്കന്‍ സമിതിയില്‍ സോണിയാ ഗാന്ധിയും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ തന്റെയും രാഹുലിന്റെയും പേരുകള്‍ സമിതികളില്‍ തെറ്റായി ഉള്‍പ്പെട്ടതാണെന്നു സോണിയാ ഗാന്ധി പറഞ്ഞു. മുന്‍ അധ്യക്ഷരെന്ന നിലയില്‍ തങ്ങള്‍ ചര്‍ച്ചകളില്‍ ഭാഗമായില്ലെന്നും അവര്‍ വ്യക്‌തമാക്കി.
പ്രവര്‍ത്തകസമിതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ രാഹുല്‍ ഗാന്ധിതന്നെ അധ്യക്ഷനായി തുടരണമെന്ന അഭിപ്രായമാണ്‌ എല്ലാ സമിതികളും പ്രകടിപ്പിച്ചത്‌. ബഹുഭൂരിപക്ഷം പ്രവര്‍ത്തകസമിതി അംഗങ്ങളും സമാന നിലപാടുകാരായിരുന്നു. രാഹുല്‍ വിസമ്മതിക്കുന്നപക്ഷം അധ്യക്ഷസ്‌ഥാനം സോണിയ ഏറ്റെടുക്കണമെന്നായിരുന്നു ചിലരുടെ അഭിപ്രായം.
സോണിയയെ ഇടക്കാല അധ്യക്ഷയാക്കണമെന്നു പി. ചിദംബരമാണ്‌ യോഗത്തില്‍ ശിപാര്‍ശ ചെയ്‌തത്‌. സോണിയയും മകളും ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി വാധ്‌രയും ഇതിനെ എതിര്‍ത്തു. പക്ഷേ, സോണിയ തയാറാണെങ്കില്‍ ആര്‍ക്കും എതിര്‍ക്കാനാകില്ലെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി. സോണിയയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആന്റണിയും ചിദംബരത്തിന്റെ ശിപാര്‍ശയോടു വിയോജിച്ചെന്നാണു വിവരം.
ആന്റണിയോട്‌ ഇരിക്കാന്‍ ആവശ്യപ്പെട്ട്‌ യുവനേതാവ്‌ ജ്യോതിരാദിത്യ സിന്ധ്യ ശക്‌തമായ വാദങ്ങളുയര്‍ത്തി സോണിയയ്‌ക്കുവേണ്ടി രംഗത്തെത്തി. എന്തുകൊണ്ടു സോണിയ ആയിക്കൂടാ എന്നായിരുന്നു സിന്ധ്യയുടെ പ്രധാന ചോദ്യം. സമിതിതീരുമാനം അംഗീകരിക്കാന്‍ രാഹുല്‍ തയാറായില്ലെങ്കില്‍ സ്‌ഥാനമേറ്റെടുക്കാന്‍ സോണിയ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വത്തില്‍ നെഹ്‌റു-ഗാന്ധി കുടുംബാംഗങ്ങളില്ലാതെ പാര്‍ട്ടിക്കു പ്രവര്‍ത്തിക്കാനാകില്ലെന്ന അഭിപ്രായക്കാരായിരുന്നു അംബികാ സോണി, ആശാ കുമാരി, കുമാരി െഷല്‍ജ എന്നിവര്‍. രാഹുലിനെ പറഞ്ഞു മനസിലാക്കാന്‍ ഈ നേതാക്കള്‍ സോണിയയോട്‌ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല.
രാത്രി പത്തോടെ യോഗത്തിനെത്തിയ രാഹുല്‍ അരമണിക്കൂറിനുള്ളില്‍ത്തന്നെ പാര്‍ട്ടി ആസ്‌ഥാനം വിട്ടു. അധ്യക്ഷനായി നെഹ്‌റു കുടുംബത്തില്‍നിന്നുള്ളയാള്‍ തന്നെ വേണമെന്ന ആവശ്യം ശക്‌തമായതോടെയാണ്‌ രാഹുല്‍ യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോയതെന്നാണു വിവരം. പ്രവര്‍ത്തക സമിതി അംഗങ്ങളുടെ തുടര്‍ച്ചയായ ആവശ്യം നിരാകരിക്കാന്‍ കഴിയാതെ എഴുപത്തിരണ്ടുകാരിയായ സോണിയ ഒടുവില്‍ ഇടക്കാല അധ്യക്ഷസ്‌ഥാനം ഏറ്റെടുക്കാന്‍ സമ്മതം മൂളുകയായിരുന്നു. രാത്രി പതിനൊന്നോടെ ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്‌തു. സോണിയ പുതിയ സംഘത്തെ രൂപീകരിക്കുന്നതുവരെ ഇപ്പോഴത്തെ എ.ഐ.സി.സി. ഭാരവാഹികളെ മാറ്റില്ലെന്നാണു സൂചന.
ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ്‌അധ്യക്ഷയായ റെക്കോഡിട്ടശേഷമാണ്‌ 2017-ല്‍ മകന്‍ രാഹുല്‍ ഗാന്ധിക്കു സോണിയ ബാറ്റണ്‍ കൈമാറിയത്‌. രണ്ടു വര്‍ഷം മുമ്പ്‌ സ്‌ഥാനമൊഴിഞ്ഞപ്പോഴുള്ള സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത്‌. കോണ്‍ഗ്രസ്‌ മുക്‌ത ഭാരതമെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കു നരേന്ദ്ര മോഡിയുടെയും അമിത്‌ ഷായുടെയും നേതൃത്വത്തില്‍ ബി.ജെ.പി. വളരെവേഗം നടന്നടുക്കുകയാണ്‌. തുടര്‍ തോല്‍വികളില്‍ നഷ്‌ടപ്പെട്ട പ്രവര്‍ത്തകരുടെ ആത്മവിശ്വാസമേറ്റുകയെന്ന ശ്രമകരമായ ദൗത്യമാണ്‌ സോണിയയെ കാത്തിരിക്കുന്നത്‌. അനുദിനം എതിര്‍പാളയത്തിലേക്കു ചേക്കേറുന്ന നേതാക്കളുടെ കൂടുമാറ്റത്തിനും തടയിടേണ്ടതുണ്ട്‌. എന്നാല്‍ ഗാന്ധി-നെഹ്‌റു പാരമ്പര്യത്തില്‍നിന്നല്ലാതെ ഒരു നേതാവിനെ അധ്യക്ഷപദത്തിലേക്കു കണ്ടെത്താന്‍ കഴിയാത്ത പരിതാപകരമായ അവസ്‌ഥ ചൂണ്ടിക്കാട്ടി ബി.ജെ.പി. തൊടുക്കുന്ന വിമര്‍ശനവര്‍ഷം പ്രതിരോധിക്കുകയെന്നതാകും സോണിയയെ കാത്തിരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Monday 12 Aug 2019 12.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW