Sunday, August 11, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 11 Aug 2019 12.37 AM

ഏകലോചനം

മഴയനുഭവങ്ങള്‍ മറക്കാവതല്ല. പെരുമഴയത്തെ പുലര്‍കാല കുളിയുടെ ഇമ്പം ഇപ്പോഴും ഉള്ളിലുണ്ട്‌. വയലിന്‌ ഇരുകരകളേയും തലോടിപ്പോകുന്ന പായിപ്രത്തോടിന്റെ ഇരുകൈവഴികളുടെയും കൈയെത്തും ദൂരത്തായിരുന്നു എന്റെ ബാല്യം. വീടിനു തൊട്ടു താഴെ കൈത്തോട്‌. അവിടെ മുഖം കഴുകല്‍പോലുള്ള ചില്ലറ കലാപരിപാടികള്‍. അതിനും തഴെ പായിപ്രത്തോട്ടില്‍ കുളി. മഴനനഞ്ഞ്‌ കുളിക്കുന്നതും മടങ്ങിവന്ന്‌ ഇറയത്തുനിന്ന്‌ തോര്‍ത്തുന്നതും മിഥുനം- കര്‍ക്കടകത്തില്‍ പതിവാണ്‌. പിന്നീടാണ്‌ പാടം മുറിച്ചു തോടുകളെ മറികടന്ന്‌ പഞ്ചായത്ത്‌ റോഡു വരുന്നത്‌. റോഡിനായുണ്ടാക്കിയ കലുങ്ക്‌ കുളിക്കടവിനടുത്തുതന്നെ. അങ്ങിനെ കലുങ്കിന്റെ ചുവട്‌ തോട്ടിലെ കുളിമുറിയായി.
സ്‌കൂളുവിട്ട്‌ വരുന്നത്‌ പാടവരമ്പത്തുകൂടിയാണ്‌. തോട്ടിറമ്പത്തെ വീതിയുള്ള നടവരമ്പിന്‌ 'നട' എന്നാണ്‌ പറയുക. തോട്ടില്‍ താളിന്റെ ഇലയില്‍ ചെറുകല്ല്‌ കയറ്റി മത്സരപ്പാച്ചില്‍ നടത്തുന്നത്‌ ഞങ്ങളുടെ വിനോദമായിരുന്നു. ജീവിതം പോലെ അനിശ്‌ചിതമായിരുന്നു ആ താളിലയുടെ ജലയാത്ര. താളില ജീവിതവും അതിന്റെ നടുവിലിരിക്കുന്ന കല്ല്‌ ഞങ്ങളുമായി കരുതും. ഒഴുക്ക്‌, തോട്ടിലെ തടസങ്ങള്‍ എന്നിവ താളില യാത്രയെ സ്വാധീനിക്കും. മുന്നില്‍ കുതിച്ചൊഴുകുന്ന ഇല പെട്ടെന്ന്‌ ചുഴിക്കുത്തിലോ കൈതപ്പൊന്തകളിലോ അപ്രത്യക്ഷമായെന്നുവരാം. പുറകിലുള്ള ഭാഗ്യവാന്മാര്‍ മുന്നോട്ടു കുതിക്കുന്നത്‌ നോക്കിനില്‍ക്കാനേ നടവരമ്പത്ത്‌ നില്‍ക്കുന്ന ഞങ്ങള്‍ക്കാവൂ.
മഴയും വെയിലും കാറ്റും ഇടിയും കടലിരമ്പവും പുഴ മുഴക്കവും ചേര്‍ന്ന്‌ നടത്തുന്ന സംഗീതക്കച്ചേരികളെക്കുറിച്ച്‌ തന്റെ മഴയനുഭവത്തില്‍ സി. രാധാകൃഷ്‌ണന്‍ (എഴുത്ത്‌). രാത്രിയില്‍ പലതരം ജീവികളുടെ സംഘഗാനം. എന്നാല്‍ കളിക്കാന്‍ വിളിക്കുന്ന കൂട്ടുകാരനെ കേള്‍ക്കാതിരിക്കാന്‍ ചെവി പൊത്തിയ മട്ടാണ്‌ ആധുനിക വീട്ടില്‍. ഓലമേഞ്ഞ മേല്‍പ്പുരയില്‍ ഒറ്റക്കോല്‍ത്താളമായി വീമ്പ്‌ ക്രമത്തിലും ക്രമംതെറ്റിയും പെരുക്കം പിടിക്കുന്ന മഴ ഇന്ന്‌ അന്യമായി. ഓലമേഞ്ഞതില്‍നിന്നും വെള്ളം വാര്‍ന്നുവീഴുന്നത്‌ ഇഴയടുപ്പമുള്ള പട്ടുനൂല്‍പ്പാവുപോലെയാണ്‌. അത്‌ മണിമുറ്റത്ത്‌ വീണ്‌ ചെറുകുഴികളുണ്ടാവും. വീഴുന്ന വെള്ളത്തിന്‌ 'എറാല്‍ വെള്ളം' എന്നായിരുന്നു പേര്‌.

പൂന്തോട്ടത്തില്‍ ഇലഞ്ഞി
വാര്‍ധക്യത്തില്‍, ജീവിതാന്ത്യത്തില്‍ പഴയ പ്രണയിനിയെ തിരയുന്ന കൈമളെ പരിചാരകന്‍ കിടാവ്‌ സഹായിക്കുന്നു. ദൂതുപോകുന്നു. പതിറ്റാണ്ടുകള്‍ മുറിഞ്ഞുപോയ ആ ബന്ധത്തിന്‌ അപ്രതീക്ഷിതമായ അന്ത്യം. പൂന്തോട്ടത്തില്‍ തറവാട്ടില്‍നിന്നും ഇലഞ്ഞിക്കുടുംബത്തിലേക്കുള്ള ഈ ദൂതിലാണ്‌ കഥയുടെ ക്ലൈമാക്‌സ്. അത്രയ്‌ക്കൊന്നും സാധാരണമല്ലാത്ത ഒരു ജീവിത പശ്‌ചാത്തലമാണ്‌ വി.ആര്‍. സന്തോഷിന്റെ പൂന്തോട്ടത്തില്‍ ഇലഞ്ഞി എന്ന കഥയില്‍.
കഥയിലെ പരീക്ഷണപ്പറപ്പിക്കലുകള്‍ക്ക്‌ ശലഭായുസേ ഉള്ളൂ എന്ന്‌ വെളിപ്പെടുത്തുന്ന രചനകളാണ്‌ ഇന്ന്‌ കഥയുടെ പേരില്‍ പിറവിയെടുക്കുന്നവയില്‍ മിക്കതും. എന്നാല്‍ സുധീഷിന്റെ കഥാഖ്യാനരീതി പാരായണക്ഷമമാണ്‌. മസാലക്കൂട്ടുകളില്ലാതെയും കഥവായിപ്പിക്കാം എന്ന്‌ കാട്ടിത്തരുന്ന ഒരു കഥ. കേവല കരകൗശലങ്ങള്‍ക്കപ്പുറത്താണ്‌ മികച്ച കഥയുടെ രസതന്ത്രം എന്ന്‌ വെളിപ്പെടുത്തുന്ന കഥ.

ക്രിക്കറ്റ്‌ വെറും കളിയല്ല
ഈസ്‌റ്റ് ഇന്ത്യാക്കമ്പനിയിലെ ബ്രിട്ടീഷ്‌ ഉദ്യോഗസ്‌ഥര്‍ ഗൃഹാതുരതയോടെ കൊണ്ടുവന്ന കളിയാണ്‌ ക്രിക്കറ്റ്‌. ബ്രിട്ടനു പുറത്തെ ആദ്യ ക്രിക്കറ്റ്‌ ക്ലബ്‌ 1792ല്‍ കല്‍ക്കത്തയില്‍ സ്‌ഥാപിക്കപ്പെട്ടു. ബോംബെ ജിംഖാനയെന്ന ഈ ക്രിക്കറ്റ്‌ ക്ലബില്‍ ഗ്രൗണ്ട്‌ വൃത്തിയാക്കലും ഭക്ഷണം വിളമ്പലുമായിരുന്നു ഇന്ത്യാക്കാരുടെ ജോലി. 1830ല്‍ ഇംഗ്ലീഷുകാരുടെ പരേഡ്‌ ഗ്രൗണ്ടില്‍ പാഴ്‌സികള്‍ ക്രിക്കറ്റുകളി തുടങ്ങി. 1882ല്‍ പാര്‍സി ക്രിക്കറ്റുകളിക്കാര്‍ക്കായി ഗ്രൗണ്ട്‌ ഒഴിഞ്ഞുകൊടുക്കാന്‍ ബ്രിട്ടീഷ്‌ ഗവര്‍ണര്‍ ഉത്തരവിട്ടു.
ക്രിക്കറ്റു കളിക്കാനാണെങ്കിലും വിദേശികളില്‍നിന്നും സ്വന്തം മണ്ണ്‌ പിടിക്കാനുള്ള പാഴ്‌സികളുടെ മുന്നേറ്റത്തിനു നേതൃത്വം നല്‍കിയത്‌ ദാദാഭായ്‌ നവറോജിയാണ്‌. ബ്രിട്ടീഷ്‌ പാര്‍ലമെന്റിലെ ആദ്യ ഇന്ത്യന്‍ അംഗവും കോണ്‍ഗ്രസ്‌ സ്‌ഥാപകരിലൊരാളും അധ്യക്ഷനുമായിരുന്നു നവറോജി. മൂന്നുവര്‍ഷംകൂടിക്കഴിഞ്ഞേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുപോലും രൂപീകരിക്കപ്പെട്ടുള്ളൂ.
ഇന്ത്യന്‍ ജനതയുടെ മതപരമായ അനൈക്യവും ക്രിക്കറ്റില്‍ പ്രകടമായിരുന്നു. യൂറോപ്യന്മാര്‍, പാഴ്‌സികള്‍, ഹിന്ദുക്കള്‍, മുസ്ലിങ്ങള്‍, ക്രിസ്‌ത്യാനികള്‍ എന്നിങ്ങനെ പെന്റാംഗുലര്‍ ക്രിക്കറ്റ്‌ അഞ്ചു ടീമുകളുടേതായി. 1946ല്‍ ഇംഗ്ലണ്ട്‌ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമില്‍ സര്‍വമതമൈത്രി നിറഞ്ഞുനിന്നു. പട്ടൗഢി നവാബായിരുന്നു ക്യാപ്‌റ്റന്‍. ഗോവയ്‌ക്ക് വടക്ക്‌ പല്‍വാന്‍ എന്ന കൊങ്കണ്‍ തീരദേശ ഗ്രാമത്തിലെ അതീവ ദരിദ്രമായ ചെരുപ്പുകുത്തി (ചമാര്‍) സമുദായാംഗമായ പല്യാങ്കര്‍ ബാബു ദളിത്‌ സമുദായത്തില്‍നിന്നും ഉയര്‍ന്നുവന്ന ആദ്യത്തെ പ്രമുഖ ക്രിക്കറ്റര്‍. 1937ല്‍ ബോംബെയില്‍ അംബേദ്‌കര്‍ക്കെതിരെ കോണ്‍ഗ്രസ്‌ സ്‌ഥാനാര്‍ഥിയായി മത്സരിച്ചു ആ ക്രിക്കറ്റര്‍! കാലത്തിന്റെയും അതിന്റെ പരിണാമത്തിന്റെയും കഥ ഒരു ചിമിഴില്‍ ഇന്നലത്തെയും ഇന്നത്തെയും ക്രിക്കറ്റ്‌ ഉള്‍ക്കൊള്ളുന്നുവെന്ന്‌ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനായ എം.ജി. രാധാകൃഷ്‌ണന്‍.

പെണ്‍ ഉട്ടോപ്യ
സ്‌ത്രീകള്‍ മാത്രമുള്ള ഒരു രാജ്യം. ഒന്നാം ലോക മഹായുദ്ധകാലത്ത്‌, പരമ്പരയായി വന്ന ഷാര്‍ലെറ്റ്‌ ഗില്‍മാന്റെ വിഖ്യാതമായ 'ഹെര്‍ലാന്റ്‌' എന്ന നോവലില്‍ പെണ്‍ ഉട്ടോപ്യയാണ്‌ ആവിഷ്‌കൃതമാകുന്നത്‌. സ്‌ത്രീകള്‍ മാത്രമുള്ള ഒരു രാജ്യം. വിമന്‍ ആന്‍ഡ്‌ എക്കണോമിക്‌സ്, ദെ യെല്ലോ വാള്‍പേപ്പര്‍ തുടങ്ങിയ കൃതികളുടെ രചയിതാവാണ്‌ ഷാര്‍ലെറ്റ്‌ ഗില്‍മാന്‍. സാഹസിക സഞ്ചാരത്തിലൂടെ മൂന്ന്‌ ആണ്‍ സുഹൃത്തുക്കള്‍ ആ പെണ്‍ രാജ്യത്ത്‌ എത്തിച്ചേരുന്നു. അവരാണ്‌ 'ഹെര്‍ലാന്റ്‌' എന്ന പേര്‌ നല്‍കുന്നത്‌. സ്‌ത്രീകളെ പൂര്‍ണ മനുഷ്യരായി വികസിക്കാന്‍ അനുവദിച്ചാല്‍ ശക്‌തിയും ബുദ്ധിയും ഉപയോഗിച്ച്‌ വിവേകപൂര്‍ണമായ ഒരു ലോകം സൃഷ്‌ടിക്കാന്‍ സ്‌ത്രീകള്‍ക്ക്‌ കഴിയുമെന്ന്‌ ഗില്‍മാന്‍ വിശ്വസിക്കുന്നു.
ബീജസങ്കലനം നടക്കാതെതന്നെ സന്താനങ്ങള്‍ ഉണ്ടായിത്തീരുന്ന രീതിയാണ്‌ ഹെര്‍ലാന്റില്‍ സ്വീകരിച്ചിരുന്നത്‌. പാര്‍ഥനോജനിസിസ്‌ എന്ന പദത്തിന്റെ അര്‍ഥം വെര്‍ജിന്‍ ബര്‍ത്ത്‌ എന്നാണ്‌. അസംഗജനനം ഹെര്‍ലാന്റ്‌ തെറ്റായി കാണുന്നില്ല. പുരുഷന്‍മാരില്ലാത്ത ലോകത്ത്‌ സ്‌ത്രീകള്‍ ശാന്തരും സമ്മര്‍ദ്ദങ്ങളില്ലാത്തവരും ഐക്യത്തോടെ വസിക്കുന്നവരുമാകുമത്രെ. സ്‌ത്രീകള്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടുമ്പോള്‍ ഒരു സമൂഹത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങളെ അവിടെ ആവിഷ്‌കരിക്കുന്നു. അവിടെയെത്തുന്ന മൂന്ന്‌ ആണുങ്ങളും അവിടത്തെ മൂന്നു സ്‌ത്രീകളെ വിവാഹംകഴിക്കുന്നു. അങ്ങനെ ഹെര്‍ലാന്റ്‌ ഒരു ബൈ സെക്ഷന്‍ സമൂഹത്തിലേക്ക്‌ തിരിച്ചുപോകുന്നു. സ്‌ത്രീകള്‍ അവരുടെ സര്‍ഗാത്മകത പുറത്തെടുക്കുമ്പോള്‍ സമൂഹം അസ്വസ്‌ഥമാകുമെന്നും അത്തരം അസ്വസ്‌ഥതകളില്ലാത്ത ഒരിടമാണ്‌ ഹെര്‍ലാന്റെന്നും ഡോ. പി.കെ. ഭാഗ്യലക്ഷ്‌മി.

കാവ്യമരുപ്പച്ചകള്‍
കറുത്ത വാക (രാവുണ്ണി), മറക്കുമ്പോള്‍ (ലോപ), പൊയ്‌ (രശ്‌മി കെ.എം.), കര്‍മപുരിയിലെ സൂചിയും നൂലും (പി.കെ. ഗോപി), കോളനിവാഴ്‌ച (ഇഗ്‌നേഷ്യസ്‌ കിത്തോളസ്‌), അത്തിമരം (ലൂയിസ്‌ പീറ്റര്‍), ക്ലോക്ക്‌ (സുറാബ്‌), ഒറ്റച്ചിലമ്പ്‌ (രാജന്‍ സി.എച്ച്‌.), ദേഹം (ഇന്ദിര അശോക്‌).

ഹിന്ദുമതം- ഇന്നലെ, ഇന്ന്‌,
നാളെ- സ്വാമി തത്വമയാനന്ദ
എന്റെ മതം മാത്രം ശരി, എന്റെ ജാതി മാത്രം ശരി എന്നൊക്കെയുള്ള ചിന്താഗതികള്‍ തിടം വയ്‌ക്കുന്ന ഈ കാലത്ത്‌ ഹിന്ദുമതത്തെ വിശാലമായ അര്‍ഥവ്യാപ്‌തിയോടെ സമീപിക്കുവാന്‍ ഒരു വഴിവെളിച്ചമാകുന്ന കൃതിയാണിത്‌. സ്വാമി വിവേകാനന്ദന്റെ വീക്ഷണസ്‌ഥാനത്ത്‌ നിലകൊണ്ടുള്ള കാഴ്‌ചപ്പാടുകളാണീകൃതിയുടെ ഉള്‍ക്കരുത്ത്‌. മതസമന്വയത്തിന്റെ ശാന്തഗംഭീരമായ ശബ്‌ദഗരിമയാണിവിടെ വെളിപ്പെടുന്നത്‌. യുവാക്കള്‍ക്കുള്ള ഉപഹാരമാണീകൃതിയെന്ന്‌ അവതാരികയില്‍ ഡോ. എം. ലക്ഷ്‌മികുമാരി.

പായിപ്ര രാധാകൃഷ്‌ണന്‍
മൊബൈല്‍ : 9447575156

Ads by Google
Sunday 11 Aug 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW