Sunday, August 11, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 11 Aug 2019 12.37 AM

യക്ഷി

uploads/news/2019/08/328576/6.jpg

അയാള്‍ ധീരനായിരുന്നു. അര്‍ദ്ധരാത്രിയില്‍ ആരും പോവാന്‍ ഭയക്കുന്ന വിജനമായ ഗ്രാമവഴിയിലൂടെ സെക്കന്‍ഡ്‌ഷോ കഴിഞ്ഞ്‌ അയാള്‍ തന്റെ ബൈക്കില്‍ വന്നു. എല്ലാ രാത്രിയിലും പന്ത്രണ്ടു മണിക്ക്‌ ശേഷം യാത്രക്കാരെ കൈകാണിച്ചു നിര്‍ത്തി ആക്രമിക്കുന്ന ഒരു യക്ഷിയെക്കുറിച്ച്‌ അയാളും കേട്ടിരുന്നു.
പക്ഷേ, അയാള്‍ക്ക്‌ അശേഷം ഭയം തോന്നിയില്ല. പാലത്തിന്റെ ഒത്തനടുവില്‍ എത്തിയപ്പോഴാണ്‌ അയാള്‍ അത്‌ ശ്രദ്ധിച്ചത്‌.വെളുവെളുത്ത പാവാടയും ബ്ലൗസും ധരിച്ചു തലയില്‍ മുല്ലപ്പൂ ചൂടി മുടിയഴിച്ചിട്ടു ഒരു ടിപ്പിക്കല്‍ യക്ഷി.അവള്‍ അയാളെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട്‌ കൈ കാണിച്ചു. അയാള്‍ കൂസലില്ലാതെ ബൈക്ക്‌ അവള്‍ക്കരികിലായി നിര്‍ത്തി.
'മനസിലായില്ല?'
അയാള്‍ അപരിചിത ഭാവത്തില്‍ ചോദിച്ചു
'മനസ്സിലാവാന്‍ സമയം എടുക്കും'
അവള്‍ ഒരു വേദാന്തിയെപ്പോലെ പറഞ്ഞു
'ഇപ്പോള്‍ പറഞ്ഞത്‌ തീരെ പിടികിട്ടിയില്ല'
'എല്ലാം നമുക്ക്‌ വേഗം പിടികിട്ടണം എന്നില്ലല്ലോ?'
അവള്‍ വീണ്ടും തത്വജ്‌ഞാനിയായി
'നിങ്ങള്‍ക്കെന്താണ്‌ വേണ്ടത്‌?'
അയാള്‍ സ്വരം കടുപ്പിച്ചു
'ഒരു ലിഫ്‌റ്റ്'
അവള്‍ നിസ്സാരമായി പറഞ്ഞു
'ഈ പാതിരാത്രിയില്‍ നിങ്ങള്‍ എങ്ങോട്ടു പോകുന്നു?'
അവള്‍ മറുപടി പറയാതെ മൗനം ഭജിച്ചു
'ബൈക്കില്‍ കയറി പാതി വഴിയില്‍ വച്ച്‌ അപ്രത്യക്ഷയായി ആളെ പറ്റിക്കുന്നതല്ലേ നിങ്ങളുടെ സ്‌ഥിരം പരിപാടി. എന്നിട്ടു ബോധം കെട്ട്‌ കിടക്കുന്ന യാത്രക്കാരന്റെ പണവും ആഭരണങ്ങളും അപഹരിക്കുക. അതല്ലേ? എവിടെ നിന്റെ കൂട്ടാളികള്‍. ഇരുട്ടില്‍ മറഞ്ഞിരിക്കുന്ന അവന്മാരെക്കൂടി വിളിക്കു. എനിക്കൊന്നു കാണാമല്ലോ'
അവള്‍ പൊട്ടിച്ചിരിച്ചു. ഉറക്കെ ഉറക്കെ ചിരിച്ചു. ഏതാണ്ട്‌ ഒരു യക്ഷിച്ചിരിയുടെ സ്വാഭാവികതയും ഗാംഭീര്യവും ഉണ്ടായിരുന്നു അവളുടെ ചിരിയില്‍.
അയാള്‍ ഒന്ന്‌ പതറിയ പോലെ അവള്‍ക്കു തോന്നി.
എന്നാല്‍ അയാള്‍ അല്‍പ്പം പോലും പരിഭ്രമം പുറത്തു കാട്ടാതെ നിന്നു
'സത്യം പറ. ആരാണ്‌ നീ?'
'ഞാനോ...ഞാന്‍..ഞാന്‍..നീലി....ഈ വനാന്തരങ്ങളില്‍ ഗതികിട്ടാതെ അലഞ്ഞു തിരിയുന്ന ഒരു പാവം ആത്മാവ്‌'
ഇക്കുറി അയാള്‍ അവളെക്കാള്‍ തീവ്രമായി പൊട്ടിച്ചിരിച്ചു
'നിങ്ങള്‍ എന്തിനാണ്‌ ചിരിക്കുന്നത്‌ ? അതിനും മാത്രം എന്തുണ്ടായി?'
അയാള്‍ ചിരി തുടര്‍ന്ന്‌ കൊണ്ടേയിരുന്നു
'നിങ്ങള്‍ ചിരിക്കാതെ കാര്യം പറയൂ'
അവള്‍ അക്ഷമയായി
'നീ എത്ര വര്‍ഷം മുന്‍പാണ്‌ മരിച്ചത്‌?'
'പത്തു വര്‍ഷം. കൃത്യമായി പറഞ്ഞാല്‍ രണ്ടായിരത്തി ഒന്‍പത്‌ മെയ്‌ മാസത്തില്‍..'
അയാളുടെ ചിരി ഇക്കുറി കുറേക്കൂടി തീവ്രമായി
'ഞാന്‍ മരിച്ച വര്‍ഷവും നിങ്ങള്‍ക്ക്‌ തമാശയാണോ?'
'അതല്ല....'
'പിന്നെ..?'
രണ്ടായിരത്തി ഒന്‍പതില്‍ മരിച്ച ഞാനും നീയും തമ്മില്‍ ഇന്നേ വരെ പരലോകത്തു വച്ച്‌ ഒരിക്കല്‍ പോലും കണ്ടിട്ടില്ലല്ലോ എന്നോര്‍ത്ത്‌ ചിരിച്ചതാ..'
അയാള്‍ പറഞ്ഞു നിര്‍ത്തേണ്ട താമസം അവള്‍ ബോധം മറഞ്ഞു നിലംപതിച്ചു
അയാള്‍ ബൈക്ക്‌ സ്‌റ്റാര്‍ട്ട്‌ ചെയ്‌ത് ഒരു കള്ളച്ചിരിയോടെ കൂളായി ഓടിച്ചു പോയി
കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്ന രണ്ടു പേര്‍ ഓടി വന്ന്‌ അവളെ കുലുക്കി വിളിച്ചു
'മോളെ..മീനാക്ഷി.. അയ്യോ..ഇതെന്ത്‌ പറ്റി?'
അവര്‍ അടുത്തുള്ള അരുവിയില്‍ നിന്നും കുറച്ചു വെള്ളം കൊണ്ട്‌ വന്ന്‌ അവളുടെ മുഖത്ത്‌ തളിച്ചു
അവള്‍ മെല്ലെ കണ്ണുകള്‍ ചിമ്മി തുറന്നു
അപ്പോഴേക്കും ഒരു പോലീസ്‌ ജീപ്പ്‌ അവര്‍ക്കു മുന്നിലായി വന്നു നിന്നു
മൂന്നുപേരെയും തൂക്കിയെടുത്തു ജീപ്പില്‍ കയറ്റുമ്പോള്‍ മുന്‍ സീറ്റില്‍ ഡ്രൈവറുടെ അടുത്തായി ഇരുന്ന ആള്‍ വിളിച്ചു പറഞ്ഞു
'വേഗം വണ്ടി എടുക്കടോ...ഇന്നത്തോടെ ഈ തട്ടിപ്പു നാടകം അവസാനിപ്പിക്കണം'
'സര്‍..'
ഭവ്യതയോടെ പോലീസ്‌ ഡ്രൈവര്‍ മൊഴിഞ്ഞു. ഉത്തരവിട്ട ആളുടെ ശബ്‌ദം പരിചിതമായി അവള്‍ക്കു തോന്നി. അവള്‍ ഒരു നടുക്കത്തോടെ ആ മുഖത്തേക്ക്‌ പാളി നോക്കി അത്‌ പരലോകത്തു വച്ച്‌ സന്ധിക്കാന്‍ കഴിയാതെ പോയ പാവം ബൈക്ക്‌ യാത്രികനായിരുന്നു
അയാളുടെ യൂണിഫോമിന്റെ തോള്‍ഭാഗത്ത്‌ മൂന്ന്‌ നക്ഷത്രങ്ങള്‍ തിളങ്ങി. അത്‌ പരലോകത്തു നിന്നല്ല, ഈ ലോകത്ത്‌ തന്നെ നിയമപാലകര്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ച ഔദ്യോഗികചിഹ്നമാണെന്ന്‌ അവള്‍ക്ക്‌ ബോധ്യമായി.

എസ്‌. നന്ദകിഷോര്‍

Ads by Google
Sunday 11 Aug 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW