Sunday, August 11, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 11 Aug 2019 12.37 AM

ഉമ്പായിയുടെ നിഴലില്‍

uploads/news/2019/08/328575/5.jpg

ഗസല്‍ മാന്ത്രികന്‍ ഉമ്പായിയുടെ പാട്ടിന്റെ താളം പിടിച്ച്‌ തുടങ്ങിയതാണ്‌ സാദിഖിന്റെ പാട്ടുജീവിതം. ഉമ്പായി തബല കൊട്ടി പാടുമ്പോള്‍ അരികില്‍ ബാലനായ സാദിഖുമുണ്ടാകും. തറയില്‍ താളമിട്ട്‌ അങ്ങനെ കേട്ടിരിക്കും. പതിയെ ആ സംഗീതം കൈവഴിയായി സാദിഖിന്റെ മനസിലേക്കും ഒഴുകാന്‍ തുടങ്ങി. ഗസല്‍ പഠിക്കണമെന്ന ആഗ്രഹം ഉമ്മയുടെ സഹോദരനായ ഉമ്പായിക്കു മുന്നില്‍ തന്നെ അവതരിപ്പിച്ചു. എന്നാല്‍ സാദിഖിലെ പാട്ടുകാരനെ ഉമ്പായി പ്രോല്‍സാഹിപ്പിച്ചില്ല. തബല പഠിക്കാനായിരുന്നു നിര്‍ദേശം. ഉമ്പായിയുടെ ശിക്ഷണത്തില്‍ തബലയില്‍ കൊട്ടിത്തുടങ്ങിയ സാദിഖ്‌ പാട്ടിന്റെ ശാസ്‌ത്രീയ വഴികള്‍ തേടി സംഗീതചക്രവര്‍ത്തി ദേവരാജന്‍ മാസ്‌റ്ററുടെ അടുത്തെത്തി. ശാസ്‌ത്രീയ സംഗീതത്തില്‍ ചുവടുറപ്പിച്ചെങ്കിലും ഉമ്പായി പകര്‍ന്ന ഗസലിന്റെ ഈണങ്ങള്‍ സാദിഖിന്റെ മനസില്‍നിന്നു പോയില്ല. ഉമ്പായിയുടെ എല്ലാ പാട്ടുകളും സാദിഖിന്‌ കാണാപാഠമാണ്‌. ഓഗസ്‌റ്റ് രണ്ടിന്‌ ഉമ്പായിയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ കൊച്ചിയില്‍ നടന്ന പരിപാടിയില്‍ ഉമ്പായിയുടെ പാട്ടുകള്‍ സദസ്‌ കേട്ടത്‌ സാദിഖിലൂടെയായിരുന്നു. ഇപ്പോള്‍ ഏതു പരിപാടിക്കു പോയാലും സാദിഖിനോടു സദസ്‌ ആവശ്യപ്പെടുന്നത്‌ ഉമ്പായിയുടെ പാട്ടുകളാണ്‌. ആ ഈണങ്ങള്‍ മൂളുമ്പോള്‍ ഉമ്പായിക്കൊപ്പമുള്ള ബാല്യകാല ഓര്‍മകളും സാദിഖിനെ തേടിവരും.

സംഗീതവഴിയില്‍ ഉമ്പായിക്കു പിന്നാലെ
കൊച്ചി തെക്കത്തുബീരാന്‍ കുടുംബാംഗമായ സാദിഖിനെ പാട്ടുവഴിയിലേക്കു വിടാന്‍ വാപ്പയ്‌ക്ക് ഒട്ടും മനസുണ്ടായിരുന്നില്ല. സംഗീതം പഠിക്കാന്‍ പോകുന്നവര്‍ വഴിപിഴച്ചു പോകുമെന്ന ഭയമായിരുന്നു കാരണം. ഉമ്പായിയുടെ പിതാവ്‌ അബുവിനൊപ്പമായിരുന്നു സാദിഖിന്റെ കുടുംബവും താമസിച്ചിരുന്നത്‌. സംഗീത പരിപാടികള്‍ക്കു പോകുന്നതിന്റെ പേരില്‍ ഉമ്പായിയെ ഉപ്പ തല്ലുമ്പോള്‍ ഉമ്മ ഫാത്തിമ തടസം പിടിക്കാനെത്തും. അരികിലായി സാദിഖുമുണ്ടാകും. ഉണക്കിയ തെരണ്ടിവാലു കൊണ്ടാണ്‌ ഉമ്പായിയെ അടിക്കുക. ഒരിക്കല്‍ ഉമ്പായിയെ അടിച്ചപ്പോള്‍ സാദിഖിനും കൊണ്ടു. കാലില്‍ അന്നുണ്ടായ പാട്‌ ഇപ്പോഴും മാഞ്ഞിട്ടില്ല. രാത്രികളില്‍ ഉപ്പ അറിയാതെ ഉമ്പായി സംഗീത പരിപാടികള്‍ക്കു പോകുമായിരുന്നു. വീടിന്റെ ഉമ്മറത്ത്‌ ഉപ്പ ഇരിപ്പുണ്ടാകും. കട്ടിലില്‍ സാദിഖിനെ പുതപ്പിച്ചുകിടത്തി ശബ്‌ദമുണ്ടാക്കാതെ ഉമ്പായി പിന്നാമ്പുറത്തുകൂടി പരിപാടിക്കു പോകും. പരിപാടിക്കുപോയി തിരിച്ചുവരുമ്പോള്‍ ഉപ്പ തബല തല്ലിപ്പൊട്ടിക്കും. വീണ്ടും നന്നാക്കിയെടുത്ത്‌ ഉപയോഗിക്കും. ഇതൊക്കെ കണ്ട്‌ പാട്ടുപഠിക്കാനുള്ള തന്റെ ആഗ്രഹത്തെ ഉമ്മ നിരുത്സാഹപ്പെടുത്തുമായിരുന്നെന്ന്‌ സാദിഖ്‌ ഓര്‍ക്കുന്നു.

ക്ലാസ്‌ മുറികളിലെ ഗായകന്‍
ഉമ്പായി തബല പഠിക്കാന്‍ പ്രോത്സാഹനം നല്‍കിയെങ്കിലും കൊച്ചി കല്‍വത്തി ഗവ. ഹൈസ്‌കൂളിലെ ക്ലാസ്‌ മുറികളാണ്‌ സാദിഖിലെ ഗായകനെ ആദ്യം തിരിച്ചറിഞ്ഞത്‌. ബുധനാഴ്‌ചകളിലെ അവസാന പിരീഡുകളില്‍ സ്‌ഥിരം ഗായകനായി തിളങ്ങിയ സാദിഖ്‌ ജില്ലാ കലോല്‍സവത്തില്‍ ലളിതഗാനത്തില്‍ സമ്മാനം നേടി. സ്‌കൂളിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ജില്ലാതല സ്‌കൂള്‍ കലോല്‍സവത്തില്‍ ഒരാള്‍ സമ്മാനം നേടുന്നത്‌. അന്നു കിട്ടിയ സമ്മാനവുമായി വീട്ടിലെത്തിയപ്പോഴാണ്‌ ഉമ്പായി സാദിഖിന്റെ സംഗീതവാസന തിരിച്ചറിഞ്ഞത്‌. ഉമ്പായിയുടെ ശിക്ഷണത്തില്‍ ആദ്യം തബല കുറച്ചുനാള്‍ പഠിച്ചു. പിന്നീട്‌ സംഗീത സംവിധായകന്‍ ബാബുരാജിന്റെ തബലിസ്‌റ്റായിരുന്ന, ഐഷ റേഡിയോ എന്നു വിളിപ്പേരുള്ള അബ്‌ദുവിന്റെ ശിഷ്യനായി. അതും അധികനാള്‍ മുന്നോട്ടുപോയില്ല. തുടര്‍ന്ന്‌ മെഹബൂബ്‌ മെമ്മോറിയല്‍ ഓര്‍ക്കസ്‌ട്രയിലെ തബല മാസ്‌റ്റര്‍ ബല്‍റാമിന്റെ കീഴില്‍ എട്ടു വര്‍ഷത്തോളം പഠിച്ചു. അപ്പോഴും പാട്ടു പാടിത്തെളിയണം എന്നായിരുന്നു മോഹം. അങ്ങനെ അര്‍ജുനന്‍ മാഷിന്റെ അടുത്തെത്തി. മാഷ്‌ സാദിഖിനെ ഗുരുവായ വിജയരാജന്‍ മാസ്‌റ്റുടെ അടുത്തേക്കുവിട്ടു. വിദ്യാരംഭദിനത്തില്‍ ദക്ഷിണ വയ്‌ക്കാന്‍ മാഷ്‌ നിര്‍ദേശിച്ചു.

ദേവരാജന്‍ മാസ്‌റ്ററിലേക്ക്‌
ഇതേ കാലയളവിലാണ്‌ ദൂരദര്‍ശനില്‍ ദേവരാജന്‍ മാസ്‌റ്ററുടെ അഭിമുഖം കണ്ടത്‌. ഇതോടെ മാസ്‌റ്ററുടെ ശിഷ്യനായി അറിയപ്പെടണം എന്ന ആഗ്രഹം കലശലായി. പക്ഷേ, അറിഞ്ഞവരൊക്കെ പിന്തിരിപ്പിച്ചു. ക്ഷിപ്രകോപിയായ മാസ്‌റ്റര്‍ സാദിഖിനെ അവഗണിക്കുമെന്നു പലരും ഉറപ്പിച്ചു പറഞ്ഞു. അര്‍ജുനന്‍ മാഷിന്റെ കൈയില്‍നിന്ന്‌ നമ്പര്‍ വാങ്ങി ദേവരാജന്‍ മാസ്‌റ്ററെ ഫോണ്‍ വിളിച്ചു. സ്വയം പരിചയപ്പെടുത്തിയപ്പോള്‍, ഞാന്‍ എന്തു വേണമെന്നായിരുന്നു ആദ്യ ചോദ്യം. കാണാന്‍ ആഗ്രഹമുണ്ടെന്നറിയിച്ചപ്പോള്‍ തിരുവനന്തപുരത്ത്‌ വന്നാല്‍ കാണാമെന്നായിരുന്നു ഒട്ടും താല്‍പര്യമില്ലാതെയുള്ള മാസ്‌റ്ററുടെ മറുപടി. പിറ്റേന്ന്‌ പുലര്‍ച്ചെ എറണാകുളത്തുനിന്നു ട്രെയിന്‍ കയറി തിരുവനന്തപുരം കരമനയിലെ മാസ്‌റ്ററുടെ വീട്ടിലെത്തി. ശാസ്‌ത്രീയ സംഗീതം പഠിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ സാധ്യമല്ലെന്നു വെട്ടിത്തുറന്നു പറഞ്ഞു. വീണ്ടും നിന്നപ്പോള്‍ ഒരു പാട്ടു പാടാന്‍ അനുവാദം തന്നു. 'പാടിയത്‌ മുഴുവന്‍ അബദ്ധം; ഇനി ഇങ്ങനെ പാടരുത്‌' ഇതായിരുന്നു പാട്ടു പാടിക്കഴിഞ്ഞപ്പോഴുള്ള ദേവരാജന്‍ മാസ്‌റ്ററുടെ വിലയിരുത്തല്‍. എങ്കില്‍ മാഷ്‌ എന്നെ പഠിപ്പിക്കണമെന്ന്‌ സാദിഖ്‌ ആവശ്യപ്പെട്ടു. ഒടുവില്‍ പറഞ്ഞുവിടാനായി ഫോണ്‍ നമ്പര്‍ ഡയറിയില്‍ എഴുതിയിട്ടു മടങ്ങാന്‍ മാസ്‌റ്റര്‍ പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ്‌ സാദിഖിനെ ഞെട്ടിച്ച്‌ അദ്ദേഹം നേരിട്ടുവിളിച്ചു. വിദ്യാരംഭ ദിനത്തില്‍ തൃശൂരുള്ള സുഹൃത്തിന്റെ വീട്ടിലെത്തണം. അവിടെവച്ച്‌ സംഗീതത്തില്‍ വിദ്യാരംഭം കുറിച്ചുതരാം. സ്‌ഥിരമായൊന്നും പഠിപ്പിക്കാനാവില്ല. ഇത്രയും പറഞ്ഞ്‌ മാസ്‌റ്റര്‍ ഫോണ്‍ വച്ചു. അത്രയും മതിയായിരുന്നു സാദിഖിന്‌. പറഞ്ഞ ദിവസം രാവിലെതന്നെ തൃശൂരെത്തി. കളര്‍ഫുള്‍ ഷര്‍ട്ടായിരുന്നു ഞാനിട്ടിരുന്നത്‌. നീ പാട്ടു പഠിക്കാനാണോ സിനിമയില്‍ അഭിനയിക്കാനാണോ വന്നത്‌ എന്നായിരുന്നു അദ്ദേഹത്തിന്റെ കനത്തിലുള്ള ചോദ്യം. വെള്ള ഷര്‍ട്ട്‌ തന്നിട്ട്‌ അതിടാന്‍ പറഞ്ഞു. 101 രൂപ ദക്ഷിണ വച്ചു. നൂറുരൂപ തിരിച്ചുതന്ന്‌ ഒരു രൂപ ദക്ഷിണയായി സ്വീകരിച്ച്‌ സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നുനല്‍കി. അന്നുതന്നെ എറണാകുളത്തുവന്ന്‌ വിജയരാജന്‍ മാസ്‌റ്റര്‍ക്കും ദക്ഷിണ വച്ചു. എല്ലാ ഞായറാഴ്‌ചകളിലും സാദിഖ്‌ എറണാകുളത്തുനിന്നു ട്രെയിന്‍ കയറി ദേവരാജന്‍ മാസ്‌റ്ററുടെ വീട്ടിലെത്തുമായിരുന്നു. പതിയെ മാഷിന്റെ പെരുമാറ്റത്തിലെ കാഠിന്യം കുറഞ്ഞുവന്നു. തിരിച്ചുപോരാന്‍ വണ്ടിക്കൂലിയും നല്‍കിയാണ്‌ അദ്ദേഹം വിടുക.

അരങ്ങേറ്റം സ്വപ്‌നതുല്യം
മാസ്‌റ്ററുടെ കീഴില്‍ പഠനം തുടങ്ങി അഞ്ചു വര്‍ഷത്തിനുശേഷം എറണാകുളം ഫൈന്‍ ആര്‍ട്‌സ് ഹാളിലായിരുന്നു അരങ്ങേറ്റം. അതുവരെ സ്‌റ്റേജ്‌ പെര്‍ഫോമന്‍സിന്‌ അനുമതി നല്‍കിയിരുന്നില്ല. ദേവരാജന്‍ മാസ്‌റ്ററുടെ 75-ാം ജന്മദിനാഘോഷച്ചടങ്ങില്‍ അരങ്ങേറ്റമെന്ന അപൂര്‍വ അവസരമാണ്‌ സാദിഖിനു ലഭിച്ചത്‌. പരിപാടിയുടെ തലേന്നു വിളിച്ചിട്ട്‌ നാളെ നീ സ്‌റ്റേജില്‍ പാടണമെന്ന്‌ ആവശ്യപ്പെട്ടു.
ഒ.എന്‍.വി, യേശുദാസ്‌, പി.ജയചന്ദ്രന്‍, സുശീലാമ്മ, വാണി ജയറാം തുടങ്ങിയ പ്രഗത്ഭരാണ്‌ അതിഥികള്‍. ഒ.എന്‍.വി- ദേവരാജന്‍ ടീമിന്റെ ഹിറ്റ്‌ നാടകഗാനമായ എന്തമ്മേ കൊച്ചുതുമ്പി പാടിയ സാദിഖിനെ എന്റെ ശിഷ്യനെന്നു പറഞ്ഞ്‌ എല്ലാവര്‍ക്കും മാസ്‌റ്റര്‍ പരിചയപ്പെടുത്തി. ചെന്നൈയില്‍ ടി.എം. സൗന്ദരരാജന്റെ 75-ാം ജന്മദിനമായിരുന്നു മറ്റൊരു സ്വപ്‌നതുല്യമായ വേദി. എസ്‌.പി. ബാലസുബ്രഹ്‌മണ്യം, ശിവാജി ഗണേശന്‍, കമല്‍ഹാസന്‍, ജാനകി അടക്കമുള്ളവരുണ്ടായിരുന്നു അവിടെ. ഈ വേദികളിലൂടെ സാദിഖ്‌ എന്ന ഗായകന്‍ സംഗീതലോകത്ത്‌ ചുവടുറപ്പിക്കുകയായിരുന്നു. ഇന്ന്‌ കേരളത്തിലെയും വിദേശങ്ങളിലെയും ഗാനമേളകളിലെ തിരക്കുള്ള ഗായകനാണ്‌ സാദിഖ്‌. മംഗ്ലീഷ്‌ സിനിമയില്‍ 'സായ്‌പേ സലാം സലാം' എന്ന പാട്ടു പാടി. നിരവധി മൊഴിമാറ്റ ചിത്രങ്ങളിലും ആല്‍ബങ്ങളിലും ഗാനങ്ങള്‍ ആലപിച്ചു.

സംഗീതയാത്രകളില്‍ നിഴലായി
ദേവരാജന്‍ മാഷുമായി 1990കളില്‍ തുടങ്ങിയ ബന്ധം അദ്ദേഹത്തിന്റെ മരണംവരെ തുടര്‍ന്നു. 16 വര്‍ഷത്തോളം മാഷിന്റെ നിഴലായിരുന്നു. അതിനപ്പുറമുള്ള പ്രശസ്‌തി സാദിഖ്‌ ആഗ്രഹിച്ചതുമില്ല. നിരവധി സ്‌റ്റേജുകളില്‍ മാസ്‌റ്ററോടൊപ്പം സംഗീതയാത്ര നടത്തി. പിന്നീട്‌ സംഗീത സംവിധായകരായ രാജാമണിയുടെയും കെ.ജെ. ജോയിയുടെയും ഒപ്പം പ്രവര്‍ത്തിച്ചു. ഇതിനിടെ ദേവരാജന്‍ മാസ്‌റ്ററുടെ സ്‌മരണ നിലനിര്‍ത്താന്‍ ദേവദാരു ഫൗണ്ടേഷനും രൂപം നല്‍കി. സാദിഖിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണയുമായി ഭാര്യ ബല്‍ക്കീസും മക്കളായ തന്‍വീര്‍ ഖുറൈഷി, പര്‍വീണ്‍ സുല്‍ത്താന എന്നിവരും കൂടെയുണ്ട്‌. മക്കള്‍ക്ക്‌ ഈ വ്യത്യസ്‌തമായ പേര്‌ കണ്ടുപിടിച്ചു തന്നതും മാഷാണെന്നു സാദിഖ്‌ അഭിമാനത്തോടെ പറയുന്നു. തനിക്ക്‌ ആദ്യത്തെ കുഞ്ഞ്‌ ജനിച്ചതറിഞ്ഞ്‌ മാഷെത്തിയത്‌ ആണിനും പെണ്ണിനും ഇടാന്‍ പറ്റിയ രണ്ടു പേരുകള്‍ ഒരു തുണ്ടുകടലാസില്‍ കുറിച്ചുകൊണ്ടായിരുന്നു. അതില്‍നിന്നു മകന്‌ തന്‍വീര്‍ ഖുറൈഷി എന്നുപേരിട്ടു. മകള്‍ ഉണ്ടായപ്പോള്‍ മാഷ്‌ പണ്ട്‌ തുണ്ടുകടലാസില്‍കുറിച്ച രണ്ടാമത്തെ പേര്‌ തെരഞ്ഞെടുക്കുകയായിരുന്നു.

അനിത മേരി ഐപ്പ്‌

Ads by Google
Sunday 11 Aug 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW