Sunday, August 11, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 11 Aug 2019 12.37 AM

ഇല്ലിമുത്തന്‍ ഭൂതം

uploads/news/2019/08/328574/4.jpg

കുര്യന്‍മലയുടെ പടിഞ്ഞാറുഭാഗത്തുകൂടി മലയെ തൊട്ട്‌ തലോടി മുടവൂര്‍ നിന്ന്‌ മൂവാറ്റുപുഴ ആറിലേക്കൊഴുകുന്ന ഒരു തോട്‌. കുര്യന്‍മല നിവാസികളുടെ കുളിയും, നനയും, വൈകുന്നേരങ്ങളില്‍ നാല്‍ക്കാലികളുടെ കുളിയും അവിടെതന്നെ. തോടിനപ്പുറം തെക്കുവടക്കായി കിടക്കുന്ന ഏക്കര്‍ കണക്കിന്‌ പാടശേഖരങ്ങള്‍.. വടക്കുവശത്തുകൂടി കടന്നുപോകുന്ന മൂവാറ്റുപുഴ- മുടവൂര്‍ നടപ്പാത. പാതയുടെ പടിഞ്ഞാറ്‌കരയോടു ചേര്‍ന്ന്‌ തോടിന്‌ കടന്നുപോകാനായി ഒരു ചെറിയ കലുങ്ക്‌. തോടിന്റെയും പാടശേഖരങ്ങളുടേയും പടിഞ്ഞാറായി തലയുയര്‍ത്തി നില്‍ക്കുന്ന ചെത്തിമല- ഭൂതങ്ങളുടേയും യക്ഷികളുടേയും മറുതയുടേയും കേന്ദ്രം..! നിറയെ ഇല്ലികൂട്ടങ്ങള്‍, പാലമരം, മറ്റ്‌ പാഴ്‌മരങ്ങള്‍, പിന്നെ കദളി പഴവും കാട്ടുചെത്തിയും മാത്രം ഉള്ള ഒരു മലമ്പ്രദേശം. അവിടെ കുറുക്കന്‍, കുരങ്ങ്‌, മരപ്പട്ടി, മുയല്‍, കാട്ടുകോഴി എന്നിങ്ങനെ എല്ലാതരം ജീവികളുമുണ്ട്‌. ചേരമുതല്‍ പെരുമ്പാമ്പ്‌ വരെ. ആ കാലത്ത്‌ കുര്യന്‍മലയുടെ കിഴക്ക്‌ താഴ്‌വരയില്‍ താമസക്കാര്‍ കുറവായിരുന്നു. ഉള്ളവരാകട്ടെ കിഴക്കന്‍പ്രദേശങ്ങളിലെ കാടുകളില്‍ നിന്നും കൊണ്ടുവരുന്ന ഈറ്റ കീറി, ചീമ്പി കൊട്ട, പനമ്പ്‌ എന്നിവ നെയ്യുന്ന ഈറ്റ- പനമ്പുതൊഴിലാളികളായിരുന്നു. മറ്റുചിലര്‍ കൃഷി തൊഴിലാളികളും. തൊഴിലാളികള്‍ മാത്രം താമസിക്കുന്ന ഒരു പ്രദേശമായിരുന്നു അവിടം. ഇവരുടെ ആരാധനാമൂര്‍ത്തിയായ ഒരു വിഗ്രഹത്തെ ഒരു കൈത്തിരിവിളക്കും കത്തിച്ച്‌ അവര്‍ പൂജിച്ചു വന്നു. ചെണ്ടയാണ്‌ തറയിലെ വാദ്യം. പനമ്പു നെയ്‌തുകാരില്‍ പലരും ചെണ്ടവാദ്യത്തില്‍ വിരുതന്മാരാണ്‌.
അവസരം കിട്ടിയാല്‍ പാടും. ചെണ്ടവാദ്യം വായിക്കും. കാരണാട്ടുകാവിലേക്കുള്ള ഗരുഡന്‍തൂക്കത്തില്‍ വാദ്യക്കാരാകും. കുര്യന്‍മലയുടെ നെറുകയില്‍ നിന്ന്‌ നോക്കിയാല്‍ ചെത്തിമല കാണാം. സൂര്യന്‍ അസ്‌തമിക്കുന്ന സമയത്ത്‌ സൂര്യവെളിച്ചത്തിന്റ പ്രഭയില്‍ ചെത്തിമലയ്‌ക്ക് ഒരു വശ്യസൗന്ദര്യമുണ്ട്‌. രാത്രിയില്‍ ഒരു ഭീകരതയും. ചെത്തിമലയിലും പരിസരത്തും മനുഷ്യവാസമില്ല.
തോട്ടില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്‌ ചെത്തിമലയില്‍ നിന്ന്‌ ആകാശത്തേക്ക്‌ തീ ഉയരുന്നു.. ചില ഭീകരശബ്‌ദങ്ങള്‍ കേള്‍ക്കുന്നു എന്നെല്ലാം. എന്തായാലും ആരും ചെത്തിമല കയറാറില്ല. കയറുന്നത്‌ ആരാധനാമൂര്‍ത്തിയുടെ ആണ്ടുബലിയുടെ അന്ന്‌. കോഴിവെട്ടും കഴിഞ്ഞ്‌ മന്ത്രവാദത്തിന്റെ അവശിഷ്‌ടങ്ങള്‍ മറവുചെയ്യാന്‍ ചെത്തിമലയില്‍ പോയവര്‍ പറഞ്ഞ അറിവാണ്‌ അവിടെ ഭൂതങ്ങളും യക്ഷികളും മറുതയും ഉണ്ട്‌ എന്ന കാര്യം. അവര്‍ മറ്റാരേയും അനുവദിക്കില്ല മലയിലേക്ക്‌ കയറാന്‍. ചെത്തിപ്പൂ പറിക്കാന്‍, വിറക്‌ പെറുക്കാന്‍- അതായിരിക്കണം കുടില്‍കെട്ടി താമസിക്കാന്‍ ധൈര്യമായി അവിടം ആരും തിരഞ്ഞെടുക്കാത്തത്‌. അതുമാത്രമല്ല കാര്യം എന്ന്‌ നാട്ടില്‍ ഉറഞ്ഞുതുള്ളി അരുളിയത്‌ വെളിച്ചപ്പാടാണ്‌,
'ഇല്ലിമുത്തന്‍ ഭൂതമുണ്ട്‌.. എല്ലാ കറുത്തവാവിനും അവിനിറങ്ങി നാട്ടില്‍ വന്ന്‌ ആട്‌, കോഴി എല്ലറ്റിനേയും വേണ്ടിവന്നാല്‍ മനുഷ്യനേയും കൊണ്ടുപോകും. മനുഷ്യനെ കിട്ടാനാണ്‌ വരണത്‌. പക്ഷെ ഇന്നുവരെ അതിന്‌ സാധിച്ചില്ല. പശുവിനെ വരെ അവന്‍ തിന്ന്‌ എല്ലും തലയും അവിടെതന്നെ ഇട്ടിട്ട്‌ പോയ സംഭവമുണ്ട്‌. അവന്‍ വരുമ്പോഴറിയാം. നാടു കിടുങ്ങും. ഒരുകാല്‍ ചെത്തിമലയിലാണെങ്കില്‍ അടുത്തകാല്‍ തോടിന്റെ കരയില്‍ പിന്നെ കുര്യന്‍മലയുടെ നെറുകയില്‍.. കാല്‍പാദം ചവിട്ടുമ്പോള്‍ കിണര്‍ പോലെ താഴ്‌ന്നുപോകും ഭൂമി..'
എന്തായാലും കറുത്തവാവ്‌ എല്ലാവര്‍ക്കും പ്രശ്‌നമായി. പലരും സംഘം ചേര്‍ന്ന്‌ നാടന്‍ശീലുകള്‍ പാടി രാത്രി കഴിച്ചുകൂട്ടും. എന്നാലും ഭൂതം വരും. കാല്‍പാദം ചവിട്ടുന്ന ശബ്‌ദം കേള്‍ക്കാം. പക്ഷെ ആളനക്കം കേട്ടാല്‍ വഴിമാറി പോകും. പക്ഷെ വന്നുപോകുമ്പോഴെല്ലാം നാട്ടിലെ പല വീടുകളില്‍ നിന്നും ആട്‌, കോഴി, എന്നിവ സുലഭമായി നഷ്‌ടമാകും. പിന്നെ പനയിലെ കള്ളിന്‍കുടവും. തിരികെ നേരം പരപരാ വെളുപ്പിനു ഭൂതം ചെത്തിമലയിലേക്ക്‌ മടങ്ങുന്നതുവരെ കുര്യന്‍മല ഭയത്തിലാണ്‌. അതുകഴിഞ്ഞേ എല്ലാവരും വീടിന്‌ പുറത്തിറങ്ങൂ.
ഭൂതത്തെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യം കൈവന്നില്ല. ചില ചെറുപ്പക്കാര്‍ അതിനു തയ്യാറായപ്പോള്‍ വീട്ടുകാര്‍ അവരെ ശക്‌തിയായി വിലക്കുകയും ചെയ്‌തു. വിശ്വാസങ്ങളെയും ആചാരങ്ങളേയും എതിര്‍ക്കണ്ട അതു തുടരണം എന്നായിരുന്നു അവരെ പഠിപ്പിച്ചിരുന്നത്‌. വിശ്വാസിക്ക്‌ യക്ഷിയെയും മറുതയെയും ഭയക്കാതെ വയ്യല്ലോ?
ഇങ്ങിനെ ഇരിക്കെയാണ്‌ തോട്ടില്‍ കുളിച്ചുകൊണ്ടുനിന്ന ഒരു സ്‌ത്രീ വൈകുന്നേരസമയത്ത്‌ ഇല്ലിമുത്തനെ കണ്ടത്‌. ഈ പറയുന്നപോലൊന്നുമല്ല. ഒരു ചൊട്ടതെങ്ങിന്റെ പൊക്കം കാണും. ചെത്തിമലയില്‍ നിന്ന്‌ നാലുകാല്‍ നീട്ടി വച്ച്‌ തോട്ടില്‍ വന്ന്‌ എന്തോ ഒന്നിന്റെ തൊലിപൊളിച്ച്‌ കഴുകി കൈയ്യില്‍ പിടിച്ചാട്ടികൊണ്ട്‌ ചെത്തിമലയിലേക്ക്‌ തന്നെ മടങ്ങിപോകുന്നു. അവളുടെ വാക്കുകള്‍ ആരും വിശ്വസിച്ചില്ല. ആ കാലത്താണ്‌ തോടിന്റെ കരയില്‍ ചില മുസ്ലീംകുടുംബങ്ങളും, ക്രിസ്‌ത്യന്‍ കുടുംബങ്ങളും വന്നു താമസം തുടങ്ങിയത്‌. സത്യക്രിസ്‌ത്യാനികളാണ്‌- നാലുനേരം നിസ്‌കരിക്കുന്ന മുസ്ലീംങ്ങളാണ്‌. പട്ടികളെ കപ്പാവിടുന്ന മാത്തനാണ്‌ പറഞ്ഞത്‌ കമ്മ്യൂണിസ്‌റ്റുകള്‍ക്ക്‌ പ്രേതത്തിലും ഭൂതത്തിലും വിശ്വാസമില്ല. മാത്തന്‍ കമ്മ്യൂണിസ്‌റ്റാണ്‌ അതുകൊണ്ട്‌ മാത്തന്‌ വിശ്വാസമില്ല. മാത്തനെ സംബന്ധിച്ചിടത്തോളം ഭൂതം എന്നത്‌ ഒരു കഥയാണ്‌. സത്യമല്ല വെറും സങ്കല്‌പം. പക്ഷേ ഒരു കറുത്തവാവിന്റെ അന്ന്‌ സന്ധ്യാസമയത്ത്‌ തോട്ടില്‍ കുളിച്ചുകൊണ്ട്‌ നിന്ന മാത്തന്റെ ഭാര്യ സാറാമ്മ അതിനെ കണ്ടതോടെ മാത്തന്‍ പ്രേതഭൂതങ്ങളെ ഭയമായി തുടങ്ങി.
ഒരു പത്തിരുപതടി ഉയരം, നല്ല നെഞ്ച്‌ വിരിവ്‌. മുഖം വ്യക്‌തമല്ല. തോടിന്റെ അരികിലേക്കാണ്‌ വരുന്നത്‌. സാറാമ്മ ബൊമ്മകണക്കെ അരക്കുവെള്ളത്തില്‍ അര്‍ദ്ധനഗ്നയായി മരച്ചുനിന്നു. അടുത്തുവന്ന ഭൂതം സാറാമ്മയുടെ നേരെ തിരിഞ്ഞു. മുഖത്തേക്ക്‌ നോക്കി,
'ഒരുമ്മ കൊട്‌..' സാറാമ്മക്ക്‌ മനസിലായില്ല എന്ന്‌ തോന്നിയഭൂതം 'ഒരു മുത്തംകൊട്‌ കണ്ണേ എന്നായി...' സാറാമ്മക്ക്‌ അതും മനസിലായില്ലെന്നു തോന്നിയ ഭൂതം ഒരു ഉമ്മ തരാമോ എന്ന്‌ മലയാളത്തിലായി ചോദ്യം.
ഇതു കേട്ടതും സാറാമ്മ തുണിയെല്ലാം ഉപേക്ഷിച്ച്‌ തോട്ടില്‍ നിന്നു കയറി വീട്ടിലേക്ക്‌ അലറി കരഞ്ഞുകൊണ്ടോടി. നാലുദിവസം കിടന്ന കിടപ്പില്‍ കിടന്നു. കടുത്ത പനി. പിച്ചും പേയും. ഭൂതം തന്നെ വിഷയം. അര്‍ദ്ധബോധാവസ്‌ഥയില്‍ ഭൂതം സാറാമ്മയെ ബലാല്‍സംഗം ചെയ്‌തു എന്ന്‌ വെളിപ്പെടുത്തിയതായി നാട്ടില്‍ സംസാരം. സാറാമ്മയുടെ ഭൂതവുമായുള്ള കണ്ടുമുട്ടല്‍ - ഭൂതം തമിഴ്‌ഭൂതമാണ്‌, പെയ്‌ ആണെന്നായി ചിലര്‍. മലയാളം- തമിഴ്‌ മിക്‌സ് പ്രേതം തന്നെ. സാറാമ്മയുടെ വിഷയം അടുത്ത ഞായറാഴ്‌ച പള്ളിയില്‍ വച്ച്‌ കപ്പാസ്‌മാത്തന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ വികാരിയച്ചന്‌ കൈമാറി. അപ്പോഴാണ്‌ പല വിശ്വാസികളോടും ഇതിനു മുമ്പും ഭൂതം ഉമ്മ ചോദിച്ച കാര്യം പുറത്തുവന്നത്‌- പക്ഷേ, അതു മലയാളത്തിലായിരുന്നു, തമിഴിലല്ല. ഭൂതമല്ല സാത്താനാണ്‌- വികാരി പറഞ്ഞു. എന്തായാലും അന്നേദിവസം കുര്‍ബാനയില്‍ സാത്താനെ തളക്കുന്നതിനായി ചില പ്രാര്‍ത്ഥനകള്‍ കൂടി വികാരി ഉള്‍പ്പെടുത്തി. പള്ളി പിരിയുന്ന സമയത്ത്‌ വികാരി കുര്യന്‍മലയിലെ വിശ്വാസികളെ മാത്രം പ്രത്യേകം വിളിച്ചുകൂട്ടി പറഞ്ഞു.
'സാത്താന്‍ വരുന്നു എന്ന്‌ തോന്നിയാല്‍ അത്‌ തമിഴനായാലും ഏതു ദേശക്കാരനായാലും കുരിശു കൈയ്യില്‍ പിടിച്ചോണം. എന്തുവന്നാലും വിടരുത്‌ മുറുക്കിതന്നെ പിടിച്ചോണം. പിന്നെ അതെങ്ങാനും മുന്നില്‍വന്നു ചാടിയാല്‍ കുരിശുപൊക്കി കാണിക്കണം. പോ സാത്താനെ എന്ന്‌ അലറണം. കുരിശു വരക്കണം. സാത്താന്‍ വഴിമാറിപോകും.'
'പോയില്ലെങ്കിലോ അച്ചോ.. 'കപ്പാസ്‌മാത്തനാണ്‌.
'വഴിമാറിയില്ലെങ്കില്‍ നമ്മള്‍ വഴിമാറി ഒഴിഞ്ഞു മാറണം. മുമ്പില്‍ പെടരുത്‌.... അത്രതന്നെ..'
പക്ഷെ കുരിശ്‌ ഒരുവിഭാഗത്തിനു മാത്രമല്ലേയുള്ളൂ ഭൂതത്തെ അകറ്റാന്‍ മറ്റു വിശ്വാസികള്‍ എന്തുചെയ്യും എന്നായി മറ്റ്‌വിശ്വാസികളുടെ ചിന്ത. ഒരുനാള്‍ ആരാധനമൂര്‍ത്തിയുടെ തൊട്ടുചേര്‍ന്നു താമസിക്കുന്ന കാളകളിക്കാരന്‍ ഉണ്യാതിക്ക്‌ തറയില്‍ സന്ധ്യാസമയത്ത്‌ വിളക്കുവെക്കുമ്പോള്‍ വിഗ്രഹത്തിന്റെ മുന്നില്‍വച്ച്‌ ഒരു വെളിപാടുണ്ടായി. ഉണ്യാതി അത്‌ ഉച്ചത്തില്‍ വിളിച്ച്‌ പറഞ്ഞു,
'എല്ലാ വിശ്വാസികളും തുളസിച്ചുവട്ടില്‍ വിളക്കുവക്കണം. ഭൂതം വരുന്നു എന്ന്‌ സംശയം തോന്നിയാല്‍ അപ്പോതന്നെ കാളിമന്ത്രം ഉറക്കെ ചൊല്ലണം. കാളീമന്ത്രം തമിഴനും തെലുങ്കനും എല്ലാം ബാധകമാണ്‌. മന്ത്രത്തിന്റെ ശക്‌തിയില്‍ ഭൂതം കിടുങ്ങണം. ചെണ്ട വായിക്കുന്നവരുണ്ടെങ്കില്‍, ഘോരവാദ്യം ആണ്‌ ഉച്ചത്തില്‍ വായിക്കണം. കേള്‍ക്കുന്നവര്‍ കേള്‍ക്കുന്നവര്‍ മന്ത്രംചൊല്ലലും, കിട്ടണസാധനം തപ്പാണെങ്കിലും പാത്രമാണെങ്കിലും കൊട്ടി ഉറക്കെ ശബ്‌ദം ഉണ്ടാക്കണം. എല്ലാറ്റിനും മുകളില്‍ കാളീമന്ത്രം കേള്‍ക്കണം. ആ ശബ്‌ദം ചെത്തിമലവരെ എത്തണം...'
എന്തായാലും ആ വര്‍ഷം പിന്നെ ഭൂതം വന്നില്ല. ആടും കോഴിയും പശുവും എല്ലാം സമാധാനമായി ജീവിച്ചു. ഏതാണ്ട്‌ ഒരു വര്‍ഷംകഴിഞ്ഞ്‌ ഒരുനാള്‍ സന്ധ്യാസമയം. അരണ്ടവെളിച്ചത്തില്‍ കുര്യന്‍മലക്കാര്‍ കണ്ടു. ചെത്തിമലയില്‍ നിന്ന്‌ ഇറങ്ങുന്ന ഭൂതത്തെ, ഒന്നല്ല മൂന്നെണ്ണം. പത്തിരുപതടി പൊക്കം വരും. വലിയ ശരീരം. വായില്‍ നിന്നും തീ പാറുന്നു. എല്ലാവരും ഓടി വീടുകളില്‍ കയറി. ചിലര്‍ കുരിശില്‍ മുറുകെപിടിച്ചു. മറ്റുചിലര്‍ കാളീമന്ത്രം ഉറക്കെചൊല്ലി. ചെണ്ടക്കാര്‍ ചെണ്ട ഉറക്കെകൊട്ടി. അന്ന്‌ നാട്ടില്‍ നിന്ന്‌ കാണാതായത്‌ നാലുകോഴി, രണ്ടാട്‌, പിന്നെ കറവ നിര്‍ത്തിയ ഒരു പശുവും, പാടത്തു നുകംകെട്ടുന്ന ഒരു കാളയും. നാട്ടില്‍ വലിയ ബഹളമായി. ചെറുപ്പക്കാര്‍ കൂടി വീട്ടുകാരെ ധിക്കരിച്ച്‌ ചെത്തിമലയില്‍ കയറി അരിച്ചുപെറുക്കി. ഭൂതത്തിന്റെത്‌ എന്ന്‌ പറയാവുന്ന ഒന്നും കണ്ടില്ല. ആ ആഴ്‌ചയുടെ അവസാനത്തെ വെള്ളിയാഴ്‌ച വെളുത്തവാവാണ്‌. കറുത്തവാവില്‍ മാത്രം വരുന്ന നാല്‌ ഭൂതങ്ങള്‍ ചെത്തിമലയുടെ അരികുപറ്റി തീ പാറിച്ച്‌ നിരനിരയായി മുടവൂര്‍ ഭാഗത്തെ ലക്ഷ്യമിട്ട്‌ വടക്കോട്ടുനീങ്ങുന്നത്‌ കുര്യന്‍മലക്കാര്‍ കണ്ടു. ചെറുപ്പക്കാര്‍ ഉടനെ സൈക്കിളില്‍ കയറി ഊടുപ്രദേശങ്ങളിലൂടെ മുടവൂര്‍ കലുങ്കിന്റെ അടുത്തേക്ക്‌ നീങ്ങി. വേറെ സംഘങ്ങള്‍ മറ്റു പലകുറുക്കുവഴിയിലും മുടവൂരേക്ക്‌ നീങ്ങി.
ഭൂതങ്ങള്‍ നടന്നു നടന്ന്‌ മണ്‍റോഡിലേക്ക്‌ കയറിയപ്പോള്‍ ചെറുപ്പക്കാര്‍ വീശുവലയിട്ട്‌ ഒരു ഭൂതത്തെപിടിച്ചു. മറ്റുള്ള ഭൂതങ്ങള്‍ ഓടി. ചാക്കില്‍ പൊതിഞ്ഞാണ്‌ ഭൂതത്തെ കണ്ടത്‌. അനേകം ചാക്കുകള്‍. സ്‌ഥലത്തെ ലൈന്‍മാന്‍ സക്കറിയ ഒരു പിക്കാസും കൈയ്യില്‍ പിടിച്ച്‌ ഭൂതത്തിന്റെ മുഖത്തെ കറുത്ത തുണി ബലമായി മാറ്റി. അപ്പോഴാണ്‌ കുര്യന്‍മലക്കാര്‍ ഞെട്ടിയത്‌- സര്‍ക്കസില്‍ നിന്നും മടങ്ങിവന്ന്‌ കുര്യന്‍മലയില്‍ താമസിക്കുന്ന ഗണേശന്‍..!
സര്‍ക്കസില്‍ പൊയ്‌ക്കാല്‍ കെട്ടി കളിക്കുന്നതായിരുന്നു ഗണേശന്റെ ജോലി. ഗണേശന്‍ ട്രെയിന്‍ ചെയ്‌തവരാണ്‌ മറ്റു തമിഴ്‌ഭൂതങ്ങള്‍. ഗണേശന്റെ മടിയില്‍ നിന്ന്‌ കുറെ തെള്ളിപൊടിയും മണ്ണെണ്ണയും കിട്ടി. ഗണേശന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. പിടിച്ചാല്‍ പിന്നെ പറയുന്നതാണ്‌ നല്ലത്‌ എന്നതാണ്‌ ഗണേശന്റെ അനുഭവം. മടിയിലെ തെള്ളി പന്തത്തിലേക്കെറിഞ്ഞും പന്തത്തിലേക്ക്‌ മണ്ണെണ്ണ തുപ്പിയും ആണ്‌ തീതുപ്പുന്ന ഭൂതം ആയി മാറിയത്‌ എന്ന്‌. ഗണേശന്‍ ഡെമോ കാണിച്ചു. കാഴ്‌ചക്കാര്‍ അപ്പോഴും കൈയ്യടിച്ചു. വളരെ അത്യാവശ്യമായതിനാലാണ്‌ വെളുത്തവാവില്‍ തന്നെ ഇറങ്ങാന്‍ തീരുമാനിച്ചത്‌. പട്ടിണിക്ക്‌ അറിയില്ലല്ലോ കറുത്തവാവും വെളുത്തവാവും. കുറെ ദിവസമായി അവറ്റകള്‍ പട്ടിണിയാണ്‌.
കട്ടെടുത്ത മുതല്‍ പട്ടണത്തില്‍ കളിക്കുന്ന സര്‍ക്കസുകാര്‍ക്ക്‌ വിറ്റു. അവര്‍ അതിനെ വെട്ടിമുറിച്ചും ജീവനോടെയും കടുവ, പുലി, സിംഹം എന്നിവയ്‌ക്ക് തീറ്റയായി നല്‍കും. ന്യായമായ കൂലിയും കളിക്കാന്‍ അവസരവും തരും. ഗണേശനെ പോലീസില്‍ ഏല്‍പ്പിക്കണമെന്ന്‌ ആരും ചിന്തിച്ചില്ല. മാപ്പുകൊടുത്തു. ഗണേശന്‍ മേലില്‍ നല്ലവനായി ജീവിക്കും എന്ന ഉറപ്പില്‍ തടിയൂരി.
കുര്യന്‍മലക്കാര്‍ സമാധാനത്തിലായി. ഭൂതങ്ങള്‍ എല്ലാം ഒഴിഞ്ഞല്ലോ....
അടുത്ത കറുത്തവാവിന്‍ നാളില്‍ ചെത്തിമലയില്‍ നിന്ന്‌ ഭൂതത്തിന്റെ കാലടി ശബ്‌ദം കേട്ടു. ഭൂതത്തെ മറന്ന്‌ കുരിശും, വിളക്കും, മന്ത്രവും, വിശ്വാസികള്‍ ഉപേക്ഷിച്ചിരുന്നു. ശബ്‌ദം കേട്ടതോടെ അവ കണ്ടെത്താനായി നെട്ടോട്ടമായി. അതു കണ്ടെത്താതെ ഇരുട്ടത്ത്‌ ഭയന്നിരുന്നു. ഇല്ലിമുത്തന്‍ഭൂതം കുര്യന്‍മലയില്‍ ചവിട്ടി താഴ്‌വാരത്തിലേക്ക്‌ കടന്നുപോയി. ഒരു കാറ്റുപോലെ... ഒരു കാര്‍മേഘം നടന്നുമറയുന്നത്‌ അരണ്ട നാട്ടുവെളിച്ചത്തില്‍ പലരും കണ്ടു. നേരം വെളുക്കുന്നതുവരെ കുര്യന്‍മലക്കാര്‍ കാത്തിരുന്നു. പക്ഷെ ഇല്ലിമുത്തന്‍ അന്നും പിന്നെ ഒരിക്കലും തിരികെ വന്നില്ല..!

അഡ്വ. ഡോ. കെ.സി. സുരേഷ്‌

Ads by Google
Sunday 11 Aug 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW