Sunday, August 11, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 11 Aug 2019 12.37 AM

മുസിരിസ്‌ പൈതൃകം

uploads/news/2019/08/328572/1.jpg

കേരളത്തിലെ ഏറ്റവും ചരിത്ര പ്രസിദ്ധിയുള്ള സ്‌ഥലനാമം മുസിരിസാണ്‌. മുസിരിസ്‌ പൈതൃക പദ്ധതി ഇന്ന്‌ ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്‌. ജറുസലേം, റോം, ഇസ്‌താംബൂള്‍ എന്നീ ലോക പൈതൃക നഗരങ്ങളുടെ പ്രസിദ്ധി പട്ടികയില്‍ ഇന്ത്യയില്‍ നിന്ന്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌ മുസിരിസാണ്‌. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയിലെ പ്രമുഖ വിദേശ വ്യാപാര തുറമുഖമായിരുന്നു മുസിരിസ്‌. റോമക്കാരും ഗ്രീക്കുകാരും മുസിരിസ്‌ എന്നു വിളിച്ച തുറമുഖ പട്ടണത്തെക്കുറിച്ച്‌ സംഘം കൃതികളടക്കമുള്ള പ്രാചീന ഭാരതീയ ക്ലാസിക്കുകളില്‍ പരാമര്‍ശമുണ്ട്‌.
മുസിരിസ്‌ എന്ന പഴയ തുറമുഖ പട്ടണം കൊടുങ്ങല്ലൂര്‍, പറവൂര്‍, മേഖലകളിലായി പരന്നു കിടക്കുന്നു. മുസിരിസ്‌ മേഖല നൂറ്റാണ്ടുകളിലൂടെ വികസിക്കുകയായിരുന്നു. രണ്ടായിരത്തിലേറെ വര്‍ഷം പഴക്കമുള്ള വിശാല മേഖലയാണിത്‌.
മദ്ധ്യകേരളത്തിലെ കൊടുങ്ങല്ലൂരിലും പരിസരപ്രദേശങ്ങളിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാഗരികത നിലനിന്നിരുന്നു. മുസിരിസിനെ കുറിച്ച്‌ പഠന ഗവേഷണങ്ങള്‍ ഊര്‍ജ്‌ജിതപ്പെടുത്തി അതിന്റെ പഴമയും പെരുമയും ജനങ്ങളിലെത്തിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യം. ലോകമതങ്ങളുടെ സംഗമ സ്‌ഥാനമാണ്‌ മുസിരിസ്‌. ബുദ്ധ- ജൈന- ഹിന്ദു- ജൂത- ക്രൈസ്‌തവ- ഇസ്ലാം മതങ്ങളുടെ മാതൃകാസ്‌ഥാനമായി കേരള ചരിത്രത്തില്‍ മുസിരിസ്‌ അറിയപ്പെടുന്നു. ഇപ്പോള്‍ കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മുസിരിസ്‌ പൈതൃക പദ്ധതി നടപ്പാക്കുന്നു. ഭാരത സര്‍ക്കാരിന്റെ പിന്തുണയും തദ്ദേശ ഭരണ സ്‌ഥാപനങ്ങളുടെ പങ്കാളിത്തവും ഇതിനുണ്ട്‌. ഈ ശതകാല പ്രൗഢി വരും തലമുറയ്‌ക്ക് കണ്ടും വായിച്ചും മനസ്സിലാക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ ടൂറിസം സാംസ്‌കാരിക വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി.
കൊടുങ്ങല്ലൂരിന്റെ ഏറ്റവും പഴയ പേര്‌ മുതുനീര്‍ മുന്‍തുറൈ മുചരിയെന്നായിരുന്നു. പഴന്തമിഴ്‌ പാട്ടുകളില്‍ അങ്ങനെയാണ്‌ പറയുക. മുചിരിയെന്ന പേര്‌ യവനന്മാര്‍ ഉച്ചരിച്ചപ്പോള്‍ മുസിരിസ്‌ ആയി. കാലവര്‍ഷ കാറ്റിന്റെ കൈയ്യും പിടിച്ച്‌ കടലോടിയെത്തിയ യവന കപ്പലുകള്‍ കൊല്ലം തോറും മുചിരിത്തുറയില്‍ വന്നടുത്തു. കുരുമുളക്‌, ഏലം, ഇഞ്ചി, കറുവപ്പട്ട തുടങ്ങിയ സുഗന്ധ വസ്‌തുക്കളും തേടിയായിരുന്നു കപ്പലുകളുടെ വരവ്‌. അളവറ്റ പൊന്ന്‌ കൊണ്ടുവന്ന്‌, അതേ അളവില്‍ നിറച്ച മുളക്‌ ചാക്കുകളും കയറ്റിയാണ്‌ കപ്പലുകള്‍ മടക്കയാത്രയ്‌ക്ക് പായ നിര്‍ത്തിയത്‌.
കൊടുങ്ങല്ലൂര്‍ പഴയകാലത്ത്‌ കപ്പലുകള്‍ നിരന്ന്‌ നില്‌ക്കുന്ന തുറമുഖമായിരുന്നു. മുചിരിയിലും കരൂരിലും ഇരുന്ന്‌ വാഴ്‌ച കൊണ്ട ചേരന്മാരുടെ കാലത്തെ മുന്തിയ തുറയായ മുചിരി എങ്ങിനെയായിരുന്നു? പുറനാനൂറിലെ ഒരു പാട്ടില്‍ ഒരു കവിയുടെ വര്‍ണ്ണനയുണ്ട്‌. മീന്‍ കൊടുത്ത്‌ വാങ്ങിയ നെല്‍ക്കൂമ്പാരം കൊണ്ട്‌ വീടുകളും ഉയര്‍ന്ന തോണിയും തിരിച്ചറിയാതാവുന്നു. തമിഴകത്താകെയെടുത്താലും കേരളത്തില്‍ വിശേഷിച്ചും ഈ കാലത്തിന്റേതായി കണ്ടെത്തിയ അവശിഷ്‌ടങ്ങളില്‍ ഏറിയ പങ്കും മരണാനന്തര ചടങ്ങുകളുടെ സ്‌ഥലങ്ങളാണ്‌. മുസിരിസ്‌ പദ്ധതികളുമായി ബന്ധപ്പെട്ട്‌ ഇവിടെ നടത്തിയ ഖനനത്തില്‍ 1523ല്‍ പോര്‍ച്ച്‌ഗീസുകാര്‍ നിര്‍മ്മിച്ച കോട്ടപുറം കോട്ടയുടെ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. കടലും കായലും സംഗമിക്കുന്ന അഴിമുഖമുള്ള അഴീക്കോട്‌- മുനക്കല്‍ ബീച്ച്‌ ഇതിനകം വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറിയിട്ടുണ്ട്‌. പാലിയം കൊട്ടാരം മ്യൂസിയത്തിന്റെ സംരക്ഷണ ജോലികള്‍ ഏതാണ്ട്‌ പൂര്‍ത്തിയായി കഴിഞ്ഞു. മ്യൂസിയം പാനലുകള്‍ തയ്യാറാക്കുന്ന ജോലികള്‍ അവസാന ഘട്ടത്തിലാണ്‌. ആധുനിക ദൃശ്യ ശ്രാവ്യ സങ്കേതങ്ങളുടെ പിന്‍ബലത്തോടെയുള്ള പാനലുകള്‍ ഈ ചരിത്ര മ്യൂസിയത്തിന്‌ വേറിട്ടൊരു മുഖം നല്‍കുമെന്നതില്‍ സംശയമില്ല. പറവൂര്‍, ചേന്ദമംഗലം ജൂത പള്ളികള്‍ ഇവിടെയുണ്ടായിരുന്ന ജൂത സമുദായംഗങ്ങളുടെ വൈവിധ്യമാര്‍ന്ന ജീവിത രീതിയും ആചാരകര്‍മ്മങ്ങളും വിശദീകരിക്കുന്ന മ്യൂസിയങ്ങളാക്കി ഭാവിതലമുറക്കായി തുറന്ന്‌ കൊടുക്കുന്നതിനുള്ള ജോലികളും പുരോഗമിച്ചു വരികയാണ്‌. കോട്ടപ്പുറം കോട്ടയില്‍ ഖനനം പൂര്‍ത്തിയായി. കോട്ടയിന്‍ കോവിലകത്തിന്‌ സമീപം നടക്കുന്ന ഖനനങ്ങളില്‍ പതിനഞ്ചോളം ജൂത ശവകുടീരങ്ങള്‍ വെളിച്ചത്ത്‌ കൊണ്ടുവരാന്‍ കഴിഞ്ഞു. ഭാരതത്തിലെ ആദ്യ മുസ്ലീം ദേവാലയമായ ചേരമാന്‍ ജുമാ മസ്‌ജിദും ക്രിസ്‌തുമത കേന്ദ്രമായ അഴീക്കോട്‌ മാര്‍ത്തോമാ പള്ളിയും ചേരവംശകാലത്തെ തിരുവഞ്ചികുളവുമുള്‍പ്പെടെയുള്ള ക്ഷേത്രങ്ങളും ചരിത്ര സ്‌മാരകങ്ങളും ബോട്ടു മാര്‍ഗ്ഗം സന്ദര്‍ശിക്കാനാകും മുസിരിസില്‍. എന്നാല്‍ പോകുന്ന സഞ്ചാരികള്‍ സുഖവാസത്തിന്‌ വരുന്നവരല്ല, മറിച്ച്‌ മുസിരിസിലൂടെ നമ്മുടെ പൂര്‍വ ചരിത്രവും ലോക ചരിത്രവും, പഠിക്കാനും അറിയാനും എത്തുന്നതാണ്‌.
മുസിരിസിന്റെ ചരിത്രം ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്നതാണ്‌. ലോക ടൂറിസ്‌റ്റ് ഭൂപടത്തില്‍ കേരളത്തിന്‌ അഭിമാനിക്കാവുന്ന മുഹൂര്‍ത്തമാണ്‌ വരാനിരിക്കുന്നത്‌. കേരളത്തിലെ കാളി സങ്കല്‍പത്തിന്റെ കേന്ദ്രസ്‌ഥാനമാണ്‌ കൊടുങ്ങല്ലൂര്‍ കാവ്‌. കൊടുങ്ങല്ലൂര്‍ മീനഭരണി അത്‌ ഊട്ടിയുറപ്പിക്കുന്നു. കൊടുങ്ങല്ലൂരുകാരുടേത്‌ മാത്രമല്ല, കേരളത്തിലാകമാനമുള്ള കീഴാള വിഭാഗങ്ങളുടെ അനുഷ്‌ഠാനമാണ്‌ ഭരണി. കൊടുങ്ങല്ലൂര്‍ക്കാരായ തട്ടാന്‍, കുടുംബികള്‍, പുലയര്‍, അരയന്‍ തുടങ്ങിയവര്‍ പ്രധാനമായും ഭരണിയില്‍ പങ്ക്‌ കൊള്ളും.
പോര്‍ച്ചുഗീസുകാര്‍ 1523 ല്‍ പണി കഴിപ്പിച്ചതാണ്‌ കൊടുങ്ങല്ലൂര്‍ കോട്ട എന്നറിയപ്പെടുന്ന കോട്ടപ്പുറം കോട്ട. പോര്‍ച്ചുഗീസുകാരെ പിന്തുടര്‍ന്ന ഡച്ചുകാര്‍ 1662ല്‍ കോട്ട ആക്രമിച്ചെങ്കിലും വിജയിക്കാനായില്ല. തൊട്ടടുത്ത വര്‍ഷം കൂടുതല്‍ സൈന്യവുമായെത്തിയ ഡച്ചുകാര്‍ പറങ്കിപ്പടയുമായി നടത്തിയ രൂക്ഷ യുദ്ധത്തിനൊടുവില്‍ കോട്ട പിടിച്ചടക്കി. യുദ്ധത്തില്‍ കോട്ടയ്‌ക്ക് നേരിട്ട ക്ഷതം ഭീമമായിരുന്നു. കോട്ട പിടിച്ച ഡച്ചുകാര്‍ അതിനെ പൊളിച്ച്‌ കപ്പല്‍ ഗതാഗതം നിയന്ത്രിക്കാനുള്ള ഒരു ഔട്ട്‌ഹൗസ്‌ മാത്രമാക്കി ഒതുക്കി. അടുത്ത ഊഴം മൈസൂര്‍ സുല്‍ത്താന്മാരുടേതായിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തില്‍ കോട്ട വീണു. കോട്ടയുടെ ശേഷിച്ച ഭാഗം കൂടി മൈസൂര്‍പ്പട തകര്‍ത്തു. മുസിരിസില്‍ കേരള ടൂറിസം വകുപ്പ്‌ നടപ്പാക്കുന്ന പാരമ്പര്യ ടൂറിസം പദ്ധതിയില്‍ ഇസ്രായേലും സഹകരിക്കാന്‍ തയ്യാറാണെന്ന്‌ ഇസ്രായേല്‍ കോണ്‍സന്‍ ജനറല്‍ ഓര്‍ന സാഗീവ്‌ പറഞ്ഞു. പറവൂരിലും ചേന്ദമംഗലത്തുമുള്ള രണ്ട്‌ ജൂത ആരാധനാലയങ്ങളും കോട്ടയിന്‍ കോവിലകം ജൂത സെമിത്തേരിയും മുസിരിസ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കേരളവുമായി സഹകരിച്ച്‌ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഇസ്രായേല്‍ ആഗ്രഹിക്കുന്നതായി അവര്‍ അറിയിച്ചു.
കൊടുങ്ങല്ലൂര്‍ തലസ്‌ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ഒരിക്കല്‍ അംബരാന്തത്തില്‍ ചന്ദ്രന്‍ രണ്ടായി പിളര്‍ന്നു പോകുന്നതായി സ്വപ്‌നം കണ്ടു. സിലോണിലേക്ക്‌ പോകുന്ന അറബിക്കച്ചവടക്കാര്‍ യാത്രാ മദ്ധ്യേ പെരുമാളിനെ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹം ഈ സ്വപ്‌നത്തെ കുറിച്ച്‌ സൂചിപ്പിച്ചു. അറേബ്യയില്‍ പ്രവാചകന്‍ കണ്ട ഒരു ദിവ്യാത്ഭുതമായിരിക്കാം ഇതെന്ന്‌ അവര്‍ വിശദീകരിച്ചു. ഈ വ്യാഖ്യാനം ബോദ്ധ്യപ്പെട്ട പെരുമാളിന്‌ കച്ചവട സംഘത്തിന്റെ മതം അത്യുത്‌കൃഷ്‌ടമെന്ന്‌ ബോദ്ധ്യപ്പെടുകയും അത്‌ ഇസ്ലാം മതത്തിലേക്കുള്ള നിര്‍ണ്ണായക പ്രവേശനത്തിന്‌ കാരണമാവുകയും ചെയ്‌തു. പ്രവാചകനെ കാണാനും ആ സന്നിധിയില്‍ നിമഗ്നനാവാനും അദ്ദേഹം ആഗ്രഹിച്ചു. പെരുമാള്‍ തന്റെ സാമ്രാജ്യം പലതായി വിഭജിച്ചു. പ്രാദേശിക പ്രമുഖര്‍ക്ക്‌, സുഗമമായ ഭരണം ഉറപ്പാക്കികൊണ്ട്‌, ഏല്‌പിച്ചു കൊടുത്ത്‌ മക്കയിലെത്തി ഇസ്ലാം മതം സ്വീകരിച്ചു. കുറച്ചു കാലം പ്രവാചകനോടൊപ്പം ചെലവഴിച്ചതിന്‌ ശേഷം സ്വദേശത്തേക്ക്‌ മടങ്ങിയ പെരുമാള്‍ വഴിമദ്ധ്യേ രോഗഗ്രസ്‌തനായി. അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ ദുഫാറില്‍ വെച്ച്‌ മരണത്തിന്‌ കീഴടങ്ങി. അങ്ങിനെ ഇന്‍ഡ്യയിലെ ആദ്യത്തെ മുസ്ലിം പള്ളി കൊടുങ്ങല്ലൂരില്‍ സ്‌ഥാപിക്കപ്പെടുകയും മാലിക്‌ ബില്‍ ദിനാര്‍ സ്വായം തന്നെ ചേരന്മാര്‍ പള്ളിയിലെ പ്രഥമ ഖാസിയായി അവരോധിതനാവുകയും ചെയ്‌തു.
മുസിരിസ്‌ എന്ന പേരില്‍ വിഖ്യാതമായിരുന്ന കൊടുങ്ങല്ലൂര്‍, ഇന്ന്‌ ചരിത്രത്തിലെ ഒരു അനുബന്ധം മാത്രമായി അവശേഷിച്ചിരിക്കുന്നു. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പേ കൊടുങ്ങല്ലൂര്‍, കേരള സംസ്‌കാരത്തിന്റെ പിള്ള തൊട്ടിലായിരുന്നു. ബി.സി 400 ല്‍ പോലും കൊടുങ്ങല്ലൂര്‍, കിഴക്കും പടിഞ്ഞാറും തമ്മിലുള്ള കച്ചവട ബന്ധത്തെ നിയന്ത്രിച്ചിരുന്ന ചടുലമായ വാണിജ്യ കേന്ദ്രമായിരുന്നു. പ്രസിദ്ധ പ്രാചീന ചരിത്രകാരനായിരുന്ന പ്ലിനി, മുസരിസിനെ ഇന്‍ഡ്യയിലെ പ്രമുഖ തുറമുഖം എന്നാണ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌. ഫിനീഷ്യര്‍, ഗ്രീക്കുകാര്‍, അറബികള്‍, പേര്‍ഷ്യക്കാര്‍, ചൈനക്കാര്‍ തുടങ്ങിയവര്‍ കച്ചവടത്തിനായി മുസിരിസിലെത്തിയിരുന്നു. മുസിരിസിലെ പ്രാചീനത തെളിയിക്കാന്‍ മുരുചിപത്തനമെന്ത വാത്മികീ രാമായണത്തിലെ പരാമര്‍ശം തന്നെ ഒരു സൂചകമായെടുക്കാം.
ആഗസ്‌റ്റസ്‌ സീസര്‍ കൊടുങ്ങല്ലൂരില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കുകയും രണ്ട്‌ കമ്പിനി പടയാളികളെകൊണ്ട്‌ അതിന്‌ സംരക്ഷണം നല്‍കി തന്റെ വ്യാപാര താല്‍പര്യങ്ങളെ സംരക്ഷിച്ചിരുന്നതായി ചരിത്രം പറയുന്നു. എ.ഡി 52 ല്‍ സെന്റ്‌ തോമാസ്‌ കൊടുങ്ങല്ലൂരില്‍ എത്തി ചേര്‍ന്നതും ചരിത്രമാണ്‌. സീസര്‍ ടൈറ്റസിന്റെ നേതൃത്വത്തില്‍ ജറുസലേമിലെ വംശീയ ഉന്മൂലനത്തില്‍ നിന്നും കൊടുങ്ങല്ലൂരിലാണ്‌ അഭയം കണ്ടെത്തിയത്‌. ഈ പുരാതന നഗരിയിലെ സസ്യമൃഗാദികളിലും രത്നങ്ങളിലും സുഗന്ധ വ്യഞ്‌ജനങ്ങളിലും ആകൃഷ്‌ടരായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കച്ചവടക്കാര്‍ എത്തിയിരുന്നു.
ബി.സി 800 ന്‌ മുമ്പ്‌ പോലും ചൈനയിലേയും അറേബ്യയിലേയും നാവികര്‍ മണ്‍സൂണ്‍ കാറ്റുകളെ ആശ്രയിച്ചുള്ള കച്ചവടയാത്രകളെക്കുറിച്ചും പ്രകൃതിയെകുറിച്ചും അറിഞ്ഞിരുന്നു. ബി.സി 700 ന്റെ ആദ്യ ദശകങ്ങളില്‍ ഇന്‍ഡ്യയിലെ കച്ചവടക്കാര്‍ ഈ മണ്‍സൂണ്‍ വാതങ്ങളെ ആശ്രയിച്ച്‌ ബാബിലോണില്‍ എത്തിയിരുന്നു. കേരളത്തില്‍ നിന്നുള്ള തേക്ക്‌ മരം മെസോപൊട്ടോമിയയിലെ മൂണ്‍ ആട്ടൂര്‍ ക്ഷേത്രത്തിലും ബി.സി 6-ാം നൂറ്റാണ്ടിലെ പ്രമുഖ ചക്രവര്‍ത്തിയായിരുന്ന നെബുക്കസ്‌ നാസറിന്റെ കൊട്ടാരത്തിലും നിര്‍മ്മാണാവശ്യത്തിനായി ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്‌. ജൂതന്മാരുടെ വിശുദ്ധഗ്രന്ഥം കേരളത്തിലെ സുഗന്ധ ദ്രവ്യങ്ങളെക്കുറിച്ച്‌ വിശദമായി പരാമര്‍ശിച്ചിരിക്കുന്നു. ശബ്‌ദോല്‍പത്തി ശാസ്‌ത്രജ്‌ഞന്‍, അറബി, ഗ്രീക്ക്‌ പുരാതന തമിഴ്‌ ഭാഷകളിലെ വാണിജ്യ നാമധേയങ്ങള്‍ തമ്മിലുള്ള ഉച്ചാരണ സാദൃശ്യം ശ്രദ്ധിച്ചിട്ടുണ്ട്‌. മലയാള വാക്കുകളായ കര്‍പ്പൂരവും ഇഞ്ചിയുമാണ്‌ കാര്‍പികോണും ജിഞ്ചറുമായി മാറിയത്‌. ബി.സി 900 ല്‍ കേരളത്തില്‍ നിന്നുള്ള സുഗന്ധ ദ്രവ്യങ്ങള്‍ ഷേബ രാജ്‌ഞി സോളമന്‍ രാജാവിന്‌ സമ്മാനിച്ചത്‌ ചരിത്ര ഗ്രന്ഥങ്ങില്‍ നിന്ന്‌ വായിച്ചെടുക്കാവുന്നതാണ്‌.
ഇന്ത്യാ ഉപഭൂഖണ്ഡത്തിലേക്കുള്ള ഇസ്ലാമിന്റെ ആഗമനം കൊടുങ്ങല്ലൂരിലൂടെ ആയത്‌ ഭൂമിശാസ്‌ത്രപരമായ കാരണങ്ങളാലാണ്‌. സാംസ്‌കാരിക വിദ്യാഭ്യാസ രംഗങ്ങളില്‍ 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൊടുങ്ങല്ലൂരിലെ മുസ്ലിം നേതൃത്വങ്ങളായിരുന്നു ഏറെ മുന്നില്‍. 1921 ലെ മലബാര്‍ സമരത്തെ തുടര്‍ന്ന്‌ ഉല്‍പതിഷ്‌ണുക്കളായ മത പണ്ഡിതന്മാര്‍ ബ്രിട്ടീഷുകാരുടെ പീഡനങ്ങള്‍ മൂലം പലായനം ചെയ്‌തപ്പോള്‍ അവര്‍ക്ക്‌ അഭയം നല്‍കിയത്‌ കൊടുങ്ങല്ലൂരിലായിരുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളില്‍ മുസ്ലിം നവോത്ഥാന പ്രസ്‌ഥാനത്തിന്‌ ജന്മം നല്‍കാന്‍ കൊടുങ്ങല്ലൂരിലെ മുസ്ലിം നേതൃത്തിനു കഴിഞ്ഞു. അവര്‍ പള്ളിക്കൂടങ്ങള്‍ സ്‌ഥാപിക്കുകയും, പാഠ പുസ്‌തകങ്ങള്‍, ഉപകരണങ്ങള്‍, ഉച്ചഭക്ഷണം, ജാതി ഭേദമില്ലാതെ പാവപ്പെട്ടവര്‍ക്കു നല്‍കുകയും ചെയ്‌തിരുന്നു. അതിന്റെ ഫലമായി ഭാരതം സ്വതന്ത്രമാകുമ്പോള്‍ തന്നെ കൊടുങ്ങല്ലൂരിലെ മുസ്ലിം ജന വിഭാഗത്തിന്റെ സാക്ഷരതയും രാജ്യത്തിന്റെ സാക്ഷരതയും ഒപ്പമായിരുന്നു.
എ. ഡി 52 ല്‍ സെന്റ്‌ തോമസ്‌ വന്നിറങ്ങിയ സ്‌ഥലം മുസ്ലീം പള്ളിയില്‍ നിന്ന്‌ 5 കി.മീ അകലെ സ്‌ഥിതി ചെയ്യുന്നു. ഭഗവതിക്ഷേത്രം 2 കി.മീറ്ററും മഹാദേവ ക്ഷേത്രവും ചേര രാജാക്കന്‍മാരുടെ പഴയ കൊട്ടാരവും പള്ളിയില്‍ നിന്ന്‌ 250 മീറ്റര്‍ അകലെയാണ്‌ നില കൊള്ളുന്നത്‌. കേരള വ്യാസന്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ അഭിപ്രായം ഒരു പഴയ ബുദ്ധ വിഹാരം പള്ളി പണിയാനായി വിട്ടു കൊടുത്തു എന്നാണ്‌. പതിനൊന്നാം നൂറ്റാണ്ടില്‍ ഈ പള്ളി ആദ്യമായി പുനരുദ്ധീകരിക്കുകയോ പുനര്‍നിര്‍മ്മിക്കുകയോ ചെയ്‌തതായി വിശ്വസിക്കപ്പെടുന്നു. അതിനുശേഷം 300 വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌ പുനര്‍ നിര്‍മ്മാണം നടന്നത്‌. ഈ പള്ളിയിലേക്ക്‌ മറ്റു മതസ്‌ഥര്‍ ഗണ്യമായി കടന്നു വരുന്നത്‌ അഭിമാനാര്‍ഹമായ കാര്യമായി മഹല്ല്‌ കാണുകയും ഇതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത്‌ പള്ളിയുടെ മതേതര സ്വഭാവം സംരക്ഷിക്കുന്നു. റമദാന്‍ നാളുകളില്‍ ഇതര മതസ്‌ഥര്‍ ഇഫ്‌താര്‍ പാര്‍ട്ടികള്‍ ഒരുക്കുന്നതിന്‌ ഈ പള്ളി സാക്ഷ്യം വഹിക്കുന്നുണ്ട്‌. വിജയദശമി നാളുകളില്‍ ഈ പള്ളിയില്‍ വെച്ച്‌ വിദ്യാരംഭം കുറിക്കാന്‍ മുസ്ലിമേതര സമുദായക്കാര്‍ തയ്യാറാവുന്നു. ചേരമാന്‍ പള്ളി അതുല്യമായ മതമൈത്രിയുടെ പ്രതീകമാണ്‌.
മുസിരിസ്‌ പദ്ധതി നാല്‌ ഘട്ടങ്ങളായാണ്‌ നടപ്പാക്കുന്നത്‌. ഒന്നാം ഘട്ടം മുന്‍ രാഷ്‌ട്രപതി പ്രണബ്‌ കുമാര്‍ മുഖര്‍ജി ഉദ്‌ഘാടനം ചെയ്‌തപ്പോള്‍ 15 പദ്ധതികളാണ്‌ ആകെ പൂര്‍ത്തിയായത്‌. അതില്‍ ഒന്‍പതും പറവൂരില്‍ തന്നെ. 8 മ്യൂസിയങ്ങള്‍ ആകെ പൂര്‍ത്തിയായപ്പോള്‍ അതില്‍ 5 എണ്ണം പറവൂരിലാണ്‌. മുസിരിസ്‌ ജലപാതയില്‍ 5 എയര്‍ കണ്ടീഷന്‍ഡ്‌ ബോട്ടുകള്‍ സര്‍വീസ്‌ ആരംഭിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ മാരി ടൈം മ്യൂസിയത്തിന്‌, പട്ടണത്ത്‌ 50 ഏക്കര്‍ സ്‌ഥലം ഏറ്റെടുക്കുന്നത്‌ പൂര്‍ത്തിയായി വരുന്നു. പറവൂര്‍ പട്ടണത്തില്‍ നിന്നല്‍പം അകലെ വള്ളുവള്ളിയില്‍ മണ്ണ്‌ കിളച്ചെടുക്കുമ്പോള്‍ റോമന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ പുറത്ത്‌ വന്നു. സൂക്ഷ്‌മ പരിശോധനയില്‍ അവ പ്രാചീന കാലത്തെ റോമന്‍ നാണയങ്ങളാണെന്ന്‌ കണ്ടു.
ഇവിടത്തെ കൃഷികള്‍ പ്രധാനമായും കുറുഞ്ചി, കുരുമുളക്‌, കറുവപട്ട, ഏലം, മരുതം, നെല്‍കൃഷി, മുല്ല, കാലി വളര്‍ത്തല്‍, നെയ്‌ത്ത്‌, മിന്‍പിടുത്തം, ഉപ്പ്‌ വാറ്റല്‍, കക്കവാരല്‍, മുത്തു ശേഖരണം എന്നിവയാണ്‌. കാടും മലയും നിറഞ്ഞ കുറിഞ്ചി കാട്ടു മൃഗങ്ങളുടെ കേളീരംഗം കൂടിയായിരുന്നു. അതുകൊണ്ട്‌ അവിടെ മൃഗങ്ങളെ വേട്ടയാടലും ഒരു തൊഴിലായി. ആനകളെ പോലും വേട്ടയാടിയിരുന്നതുകൊണ്ട്‌ ആനക്കൊമ്പ്‌ അന്നേ പ്രിയപ്പെട്ട ഒരു ആഡംബര വസ്‌തുവായി. ചേരന്മാര്‍പറമ്പില്‍ പുരാവസ്‌തു ഗവേഷണത്തിന്റെ ഫലമായി കിട്ടിയ വസ്‌തുക്കള്‍ കണ്ട്‌ തൃപ്‌തിയടയാനേ ഇന്നത്തെ സന്ദര്‍ശകര്‍ക്ക്‌ കഴിയൂ. കിളച്ച്‌ കിട്ടിയവയില്‍ പഴയ കാലത്തെ കോവിലകം മേഞ്ഞതെന്ന്‌ കരുതാവുന്ന മറോട്ടിന്‍ നുറുക്കുകളുണ്ട്‌. വലിയ ചെങ്കല്‍ക്കട്ടകളുണ്ട്‌. മതിലിന്റെ മുകളില്‍ വയ്‌ക്കുന്ന മുട്ടു കല്ലുകളുണ്ട്‌. തുരുമ്പാണികളും, ചെമ്പാണികളും കൊളുത്തുകളുമുണ്ട്‌.
പഴയ കൊട്ടാരക്കെട്ടുകളും മണിമന്ദിരങ്ങളും അങ്ങാടിയും ആഭരണങ്ങളും പാണ്ടികശാലകളും പടകുടീരങ്ങളും എല്ലാമെല്ലാം കാലത്തിന്റെ കടലെടുപ്പില്‍ എങ്ങോ പോയി മറഞ്ഞു. പെരുമാള്‍മാരുടെ രാജധാനി ഇന്നൊരു പാഴ്‌പറമ്പായി. പുരാ വസ്‌തുവകുപ്പിന്റെ ഒരു പരസ്യപ്പലകയും പേറി നില്‌ക്കുന്ന ആ പറമ്പ്‌ പണ്ടൊരു കാലം ലോക കമ്പോളങ്ങളിലെങ്ങും വിളികൊണ്ട ഒരു കുലരാജധാനിയായിരുന്നുവെന്ന്‌ ആര്‌ പറയും?
ഏ.ഡി. 52ല്‍ സ്‌ഥാപിതമായ അഴീക്കോട്ടെ മാര്‍തോമ തീര്‍ത്ഥാടന കേന്ദ്രവും ഏ.ഡി. 629ല്‍ സ്‌ഥാപിതമായ ഇന്ത്യയില്‍ ആദ്യത്തെ മസ്‌ജിദായ ചേരമാന്‍ ജുമാമസ്‌ജിദും ഏ.ഡി. 69ല്‍ ജറുസലേമില്‍ ഉണ്ടായ വംശീയ ഉല്‍മൂലനത്തില്‍ നിന്ന്‌ രക്ഷപ്പെടാന്‍ പാലായനം ചെയ്‌ത ജൂതന്മാരുടെ ശേഷിപ്പായ ചേന്ദമംഗലം സിനഗോഗും കൊടുങ്ങല്ലൂരിനെ വിശ്വപ്രസിദ്ധമാക്കാന്‍ പര്യാപ്‌തമാണ്‌. മതിലകം, പള്ളിപ്പുറം കോട്ട, കോട്ടപ്പുറം, കോട്ടപറമ്പ്‌ ഇതോടൊപ്പം ചരിത്ര പ്രാധാന്യമുള്ള ആരാധനാലയങ്ങളും തീര്‍ത്ഥകേന്ദ്രവും മുസിരിസ്‌ പൈതൃക പദ്ധതിയുടെ പരിധിയില്‍ വരുന്നു.
സ്വന്തം നാടിന്റെ ചരിത്രത്തില്‍ നാട്ടുകാരെ അഭിമാനികളാക്കുകയാണ്‌ പദ്ധതിയുടെ ആദ്യപടി. ലോകചരിത്രത്തിലെ ഏറ്റവും വിപുലമായ പൈതൃക സംരക്ഷണത്തിനാണ്‌ ഇവിടെ തുടക്കമിടുന്നത്‌. സ്വപ്‌ന പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ സര്‍ക്കാര്‍ വിഹിതം 200 കോടി രൂപ കവിയും. ഇതിനോടൊപ്പം അടുത്ത 10 വര്‍ഷത്തിനിടയിലുണ്ടാവുന്ന സ്വകാര്യ നിക്ഷേപം 600 കോടി കവിയുമെന്നാണ്‌ വാണിജ്യ സങ്കല്‍പ്പം. ഇതിനോട്‌ തുല്യമെന്ന്‌ പറയാവുന്ന പൈതൃക സമ്പത്ത്‌ വാരണാസിയില്‍ മാത്രമാണ്‌. 2000 വര്‍ഷം മുസിരിസ്‌ മണ്ണില്‍ നിധിപോലെ ഉറങ്ങിയ ചരിത്രവും പാരമ്പര്യവും പുറത്തെടുത്തക്കുമ്പോള്‍ നാട്ടുകാര്‍ തന്നെ അതിന്റെ ഗുണഭോക്‌താക്കളാവുമെന്നതാണ്‌ പ്രത്യേകത.
ബലപ്രയോഗത്തിലൂടെ ഒരിഞ്ച്‌ സ്വകാര്യ ഭൂമിപോലും ഏറ്റെടുക്കാതെയാണ്‌ പദ്ധതിയുടെ നടത്തിപ്പ്‌. കോട്ടയില്‍ കോവിലകത്തും, പറവൂരിലും സിനഗോഗുകളും ജൂത തെരുവുകളും ഇസ്രായേലിന്റെ തിരുശേഷിപ്പായി നിലനിറുത്തും. പാലിയം കുടുംബത്തിലെ 235 അംഗങ്ങള്‍ നേരവകാശികളായ കൊച്ചിയുടെ പഴയ പ്രധാനമന്ത്രി അച്ചന്റെ, ഒസ്യത്ത്‌ തീര്‍പ്പാക്കിയ ഏഴു ഭാഗങ്ങമുള്ള പ്രമാണം ഏഷ്യയിലെ ഏറ്റവും വലിയ സ്വത്ത്‌ വീതം വയ്‌പ്പിന്റെ ചരിത്രമാണ്‌. ഇത്‌ നിയമപണ്ഡിതര്‍ക്ക്‌ പോലും കടം കഥയായി ഇന്നും തുടരുന്നു.
രാജ്യാനന്തര വിനോദസഞ്ചാരത്തിന്‌ ഗോഡ്‌സ് ഓണ്‍ കണ്‍ട്രിയുടെ പുതിയ വിലാസമാവും വടക്കന്‍ പറവൂരിനും കൊടുങ്ങല്ലൂരിനും ഇടയിലുള്ള ഈ പ്രദേശം. ലോകത്തിനു മുമ്പില്‍ 2000 വര്‍ഷത്തെ പൈതൃകത്തെ അവതരിപ്പിക്കുന്ന ശതകോടികളുടെ വന്‍കിട പദ്ധതിയാണ്‌ മുസിരിസ്‌ പൈതൃക പദ്ധതി.

ജയിംസ്‌ കുറ്റിക്കാട്ട്‌

Ads by Google
Sunday 11 Aug 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW