Thursday, August 08, 2019 Last Updated 6 Min 13 Sec ago English Edition
Todays E paper
Ads by Google
Thursday 08 Aug 2019 04.59 PM

കുട്ടികളുടെ ഭക്ഷണം കുട്ടിക്കളിയല്ല

''കുട്ടികളുടെ ആരോഗ്യം, ഭക്ഷണം, പഠനം ഇതിനെല്ലാം ആവശ്യമായ പോഷകമൂല്യം ആഹാരത്തില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. സ്‌കൂള്‍ കുട്ടികളുടെ ഭക്ഷണം ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയെയും നല്ലൊരളവോളംസ്വാധീനിക്കുന്നുണ്ട്''
kids food

കുട്ടികള്‍ സ്‌കൂള്‍ ജീവിതത്തിന്റെ തിരക്കിലേക്ക് എത്തുകയാണ്. ഒപ്പം കുട്ടികളുടെ ഭക്ഷണകാര്യത്തെക്കുറിച്ച് അമ്മമാര്‍ക്ക് വേവലാതിയും തുടങ്ങുകയായി. കുട്ടികളുടെ ആരോഗ്യം, ഭക്ഷണം, പഠനം ഇതിനെല്ലാം ആവശ്യമായ പോഷകമൂല്യം ആഹാരത്തില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കേണ്ടതുണ്ട്. സ്‌കൂള്‍ കുട്ടികളുടെ ഭക്ഷണം ശാരീരികാരോഗ്യത്തെ മാത്രമല്ല മാനസികനിലയെയും നല്ലൊരളവോളം സ്വാധീനിക്കുന്നുണ്ട്.

പ്രഭാത ഭക്ഷണം പ്രധാന ഭക്ഷണം


കുട്ടിക്ക് ഒരു ദിവസത്തേക്കുവേണ്ട ഊര്‍ജത്തിന്റെയും മറ്റ് പോഷകങ്ങളുടേയും മൂന്നില്‍ ഒന്ന് പ്രഭാത ഭക്ഷണത്തില്‍ നിന്ന് ലഭിക്കണം. പോഷകക്കുറവ് വിളര്‍ച്ചയ്ക്കും വളര്‍ച്ചാക്കുറവിനും കാരണമാകും. മെറ്റബോളിസം കുറയുന്നത് അമിത വണ്ണത്തിനും കൊളസ്‌ട്രോളിനും ഇടയാക്കുന്നു. പ്രഭാത ഭക്ഷണം കുറഞ്ഞാല്‍ രക്തത്തിലെ പഞ്ചസാര താഴുന്നു.

ഇവ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ കുറയാനും ന്യൂറോണുകള്‍ക്ക് അപചയം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയത്തിന് അനുസരിച്ച് പ്രഭാത ഭക്ഷണം ക്രമീകരിക്കണം. ആവിയില്‍ വേവിച്ച ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. പാല്‍, മുട്ട, പയറുവര്‍ഗങ്ങള്‍ എന്നിവ രക്തത്തിലെ റ്റൈറോസിന്‍ (അമിനോആസിഡ്) അളവിനെ കൂട്ടി കുട്ടികളുടെ തലേച്ചാറിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു.

ലഘുഭക്ഷണം


സ്‌കൂള്‍ കുട്ടികള്‍ക്ക് ആരോഗ്യദയകമായ സ്‌നാക്‌സ് സ്‌കൂളില്‍ കൊടുത്ത് വിടാം. പഴവര്‍ഗങ്ങള്‍, അണ്ടിപ്പരിപ്പുകള്‍, ആവിയില്‍ പുഴുങ്ങിയ ചെറുപലഹാരം, അവല്‍ വിളയിച്ചത് തുടങ്ങിയവ നല്‍കാം.

ഉച്ചഭക്ഷണം


ലഞ്ച്‌ബോക്‌സില്‍ ചോറ് നിര്‍ബന്ധമില്ല. പകരം സ്റ്റഫ്റ്റഡ് ചപ്പാത്തിയോ സാന്‍വിച്ചോ കൊടുത്തുവിടാവുന്നതാണ്. പലതരത്തിലുള്ള റൈസ് വിഭവങ്ങളും നല്‍കാം. പുലാവ്, ഫ്രൈഡ്‌റൈസ്, തൈര് ചോറ്, നാരങ്ങാ ചോറ് എന്നിവയും ഇലക്കറികളും ഉള്‍പ്പെടുത്തിയാല്‍ സൂക്ഷ്മപോഷകങ്ങളുടെ കുറവ് നികത്താം. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോന്യൂട്രിയന്‍സുകള്‍ രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. ചീര, പിങ്ക് കാബേജ്, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, മഞ്ഞനിറത്തിലുള്ള പഴങ്ങള്‍ (മാങ്ങ, പപ്പായ, പൈനാപ്പിള്‍) ഇവയിലുള്ള കരോട്ടിനും വിറ്റമിന്‍ എ യും കുട്ടികളുടെ കാഴ്ച ശക്തിയെ സംരക്ഷിക്കുന്നു.
kids food

നാലുമണി ആഹാരം


സ്‌കൂള്‍വിട്ട് വീട്ടില്‍ വരുന്ന കുട്ടിക്ക് കൊഴുപ്പടങ്ങിയ ആഹാരം നല്‍കരുത്. വീട്ടില്‍ തയാറാക്കുന്ന ആരോഗ്യകരമായ ലഘുഭക്ഷണം നല്‍ക്കാന്‍ ശ്രദ്ധിക്കണം. അവല്‍, ഏത്തപ്പഴം, ഇലയട, പുഴുങ്ങിയ പയര്‍വര്‍ഗങ്ങള്‍, മില്‍ക്ക് ഷെയ്ക്കുകള്‍, സൂപ്പുകള്‍, ഫ്രൂട്ട് ജ്യൂസുകള്‍ ഇവയെല്ലാം കുട്ടികളുടെ ക്ഷീണമകറ്റി ഉത്സാഹവും പ്രസരിപ്പും നല്‍ക്കാന്‍ സഹായിക്കും.

അത്താഴം അളവ് ശ്രദ്ധിക്കണം


പ്രാതല്‍ പോലെതന്നെ പ്രധാന്യം അര്‍ഹിക്കുന്നതാണ് സ്‌കൂള്‍ കുട്ടികളുടെ അത്താഴവും. കൊഴുപ്പ് കുറഞ്ഞതും നാരുകള്‍ ധാരാളം അടങ്ങിയതുമായിരിക്കണം രാത്രി ഭക്ഷണം. മധുരം, പുളി, എരിവ് എന്നീ ഭക്ഷണം അത്താഴത്തിന് ഒഴിവാക്കാം. ആഹാരം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞേ ഉറങ്ങാന്‍ കിടക്കാവൂ.

വെള്ളം


ഒരു ബോട്ടില്‍ വെള്ളം സ്‌കൂള്‍ ബാഗില്‍ വയ്ക്കാന്‍ മറക്കരുത്. തിളപ്പിച്ചാറിയ വെള്ളം, ജീരകവെള്ളം, മോരിന്‍ വെള്ളം, നാരങ്ങാ വെള്ളം, ഫ്രഷ് ജ്യൂസ് തുടങ്ങിയവ നല്‍ക്കാം. പായ്ക്കറ്റില്‍ കിട്ടുന്ന ജ്യൂസുകള്‍ കോളപാനീയങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണ്. കുട്ടികളുടെ എല്ലിനും പല്ലിനും ഉറപ്പു ലഭിക്കുന്ന കാത്സ്യമുള്ള പാലുല്പ്പന്നങ്ങള്‍ കഴിക്കുന്നത് അത്യന്താപേക്ഷിതമാണ്. ടി.വി കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുന്ന ശീലം നന്നല്ല. ഇതിലൂടെ എത്രമാത്രം ആഹാരം കഴിക്കുന്നുയെന്ന് അറിയാന്‍ കഴിയില്ല. അവ അമിത വണ്ണത്തിനും ജീവിതശൈലി രോഗത്തിനും കാരണമാകുന്നു.

വ്യായാമം


ടെലിവിഷന്‍, കമ്പ്യൂട്ടര്‍ തുടങ്ങിയവയുടെ മുന്‍പില്‍ ചടഞ്ഞിരിക്കാതെ കുട്ടികളെ കളിക്കാന്‍ പ്രോത്സാഹിപ്പിക്കുക. ഭക്ഷണകാര്യത്തില്‍ എന്നപോലെ വ്യായാമകാര്യത്തിലും മാതൃക മാതാപിതാക്കള്‍ തന്നെ.

ഉറക്കം


കുറഞ്ഞത് ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറക്കം ലഭിച്ചാല്‍ മാത്രമേ കുട്ടി ഉന്മേഷവാനായി ഇരിക്കൂ. ആരോഗ്യപ്രദമായ ഭക്ഷണവും ഉന്മേഷവുമുള്ള ജീവിതത്തിലൂടെ കുട്ടികളെ മുന്നേറാന്‍ പഠിപ്പിക്കുക.

പ്രീതി ആര്‍. നായര്‍
ചീഫ് ക്ലിനിക്ക് ന്യൂട്രീഷനിസ്റ്റ്
എസ് യു ടി ഹോസ്പിറ്റല്‍
പട്ടം, തിരുവനന്തപുരം

Ads by Google
Thursday 08 Aug 2019 04.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW