Thursday, August 08, 2019 Last Updated 4 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 08 Aug 2019 02.59 PM

മനസ്സെന്ന ഊര്‍ജ്ജ സ്രോതസ്സിന്റെ പ്രസക്തി

''ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം എന്നീ എല്ലാ വിഭാഗങ്ങള്‍ക്കും മനസ്സുണ്ട്. എല്ലാവരും അവരവരുടെ ദൈവങ്ങളെ ആരാധിക്കുന്നു. ഈ വ്യത്യസ്ത മനുഷ്യരുടെ വ്യത്യസ്ത മനസ്സ് ലയിക്കുന്നത് ഒരേ ചൈതന്യത്തിലാണെന്ന ബോധം ഉണ്ടായാല്‍ എത്ര നന്നായിരുന്നു.''
uploads/news/2019/08/328169/Joythi080819a.jpg

ആധുനിക ശാസ്ത്രലോകത്തിന് ഇന്നും അജ്ഞാതമായ ഒരു പ്രതിഭാസമാണ് മനസ്സ് എന്ന ശക്തി വിശേഷം എന്താണ് മനസ്സ്? ഒരാളുടെ ഹൃദയം എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് ഏവര്‍ക്കും അറിയാവുന്നതാണ്. ഹൃദയസംബന്ധിയായ രോഗങ്ങള്‍, ക്ഷതങ്ങള്‍ എല്ലാം തിരിച്ചറിയാനും ചികിത്സിക്കാനുമുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളും നിലവിലുണ്ട്. എന്നാല്‍ മനസ്സ് എവിടെ സ്ഥിതി ചെയ്യുന്നുവെന്ന് ദര്‍ശിക്കാനും, വിശദീകരിക്കാനും കഴിയാതെപോയി. എന്നാല്‍ മനസ്സുമായി ബന്ധപ്പെട്ട പിരിമുറുക്കം ഏവര്‍ക്കും സുപരിചിതമാണുതാനും.

'മനസ്സ്' സ്ഥൂല ശരീരത്തിനുള്ളിലെ സൂക്ഷ്മ ശരീരമാണ്. ഈ മനസ്സാണ് മനുഷ്യന് സ്വര്‍ഗ്ഗവും നരകവും സൃഷ്ടിച്ചുകൊടുക്കുന്നത്. നമ്മുടെ ബന്ധുവും, ശത്രുവും മനസ്സുതന്നെ. മനസ്സ് ലോകത്തിലെ ഏറ്റവും വലിയ മഹാത്ഭുതങ്ങളില്‍ ഒന്നാണ്. നാം അറിയാതെ കടന്നുപോകുന്ന അനുഭവങ്ങളും ഓര്‍മ്മകളും സംസ്‌കാര രൂപത്തിലാക്കി സൂക്ഷിക്കുന്നതും മനസ്സാണ്. മനസ്സിന് ആസുര ശക്തികളെ ദൈവീകശക്തിയായി മാറ്റാനും കഴിവുണ്ട്. എന്നാല്‍ ആ മനസ്സിന്റെ ശക്തിയെ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് മാത്രം.

ഋഷീശ്വരന്മാര്‍ മനസ്സിനെയാണ് പ്രധാനമായും കണ്ടത്. കുടുംബജീവിതം മനസ്സിന്റെ ഐക്യത്തിലധിഷ്ഠിതമാണ്. മനസ്സിന് വ്യത്യസ്ത തലങ്ങളുണ്ട്. ഒന്ന് സൗന്ദര്യം, രണ്ട് സ്വഭാവം, മൂന്ന് സംസ്‌കാരം. ഇതെല്ലാം ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. ഭാര്യാഭര്‍ത്താക്കന്മാരുടെ മനസ്സ് ഈശ്വരനിലേക്ക് തിരിഞ്ഞാല്‍ സംസ്‌കാരത്തിനും വ്യത്യസ്ത കൈവരും. അത് അനുകൂലപ്രദമാകുകയും ചെയ്യും.

സമയനിഷ്ഠകൊണ്ട് മനസ്സിന്റെ ശക്തി വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ശാന്തമായ മനസ്സില്‍ സദ്ചിന്തകള്‍ വരുന്നു. പ്രശ്‌നങ്ങള്‍ ഇല്ലാത്ത ജീവിതമില്ല. നമുക്ക് വേണ്ടത് പ്രശ്‌നങ്ങള്‍ അലട്ടാത്ത ജീവിതമാണ്. മനസ്സിനെ ഒരു വിളക്കുമാടമാക്കണം.

ഒരാള്‍ക്ക് കര്‍മ്മത്തില്‍ ഇടപെടുമ്പോള്‍ കൂടുതല്‍ ഭയം ഉണ്ടാകും. കര്‍മ്മം ചെയ്യുമ്പോള്‍ ഈ കര്‍മ്മം ഭഗവാനാണ് എന്നെ ഏല്പിച്ചതെന്ന ഭാവമുണ്ടെങ്കില്‍ ഭയമകലും. അതായത് നിമിത്തഭാവം. കര്‍മ്മം നിമഗ്നമായി (ആത്മാര്‍ത്ഥമായി) ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അതില്‍വരുന്ന അനുഭവത്തെ ഒരു 'ഭഗവല്‍ പ്രസാദ'മായിക്കണ്ട് നിരാശരാകാതിരിക്കുക. ചെയ്യുന്നതും ഫലം ലഭിക്കുന്നതും ഈശ്വര നിശ്ചയമായി കാണുക. ഈശ്വര വിശ്വാസത്തോടെ കൂടുതല്‍ കര്‍മ്മ നിമഗ്നനാകുക.

ഒരാള്‍ എത്ര കണ്ട് പുരാണഗ്രന്ഥങ്ങള്‍ വായിച്ചുവെന്നതിലോ, ക്ഷേത്രദര്‍ശനം നടത്തി എന്നതിലോ അല്ല മറിച്ച് മനസ്സിനെ എത്രകണ്ട് ഏകാഗ്രമാക്കാന്‍ കഴിഞ്ഞുവെന്നതാണ് പ്രധാനം. ബാങ്കില്‍ ഇട്ട പണത്തിന് പലിശ വര്‍ദ്ധിക്കുന്നപോലെ ഭഗവാനില്‍ നമ്മുടെ മനസ്സ് അര്‍പ്പിതമാകുമ്പോള്‍ കൂടുതല്‍ അനുഗ്രഹങ്ങളും മനഃശാന്തിയും താനേ വന്നുകൊള്ളും.

കാമത്തെയും ക്രോധത്തെയുമാണ് അകറ്റി നിര്‍ത്തേണ്ടത്. അന്തരാത്മാവിന്റെ മേല്‍ ക്രോധവുമില്ല, കാമവുമില്ല. ഏതു മഹാപാപവും ചെയ്യിക്കുന്നത് ഇന്ദ്രിയങ്ങളും ബുദ്ധിയുമാണ്. എന്നാല്‍ എല്ലാം ഉടലെടുക്കുന്നത് മനസ്സിലാണെന്ന സത്യം ഗ്രഹിക്കേണ്ടതാണ്. ഒരുവന്റെ ജീവിതം രൂപപ്പെടുത്തുന്നത് അവന്റെ മനസ്സും ബുദ്ധിയുമാണ്.

ശരീരം പ്രകൃതിയുടെ കൈകളിലും മനസ്സ് ഈശ്വരന്റെ കൈകളിലുമാണ്. എന്നാല്‍ സ്വഭാവം ഇരിക്കുന്നത് മനസ്സിനുള്ളിലാണ്. ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം എന്നീ എല്ലാ വിഭാഗങ്ങള്‍ക്കും മനസ്സുണ്ട്. എല്ലാവരും അവരവരുടെ ദൈവങ്ങളെ ആരാധിക്കുന്നു. ഈ വ്യത്യസ്ത മനുഷ്യരുടെ വ്യത്യസ്ത മനസ്സ് ലയിക്കുന്നത് ഒരേ ചൈതന്യത്തിലാണെന്ന ബോധം ഉണ്ടായാല്‍ എത്ര നന്നായിരുന്നു.

മനസ്സിനെ എങ്ങനെ നിയന്ത്രണ വിധേയമാക്കാം?


മനസ്സിന്റെ അവസ്ഥയെ നേരെയാക്കാന്‍ മനസ്സ് എവിടെ വേണമെന്ന് ആദ്യം ചിന്തിച്ചുറപ്പിക്കണം. ആയതിനുശേഷം മനസ്സിനെ 'റേഡിയോ സ്‌റ്റേഷന്‍' ട്യൂണ്‍ ചെയ്യുന്നപോലെ ട്യൂണ്‍ ചെയ്യണം. പലപ്പോഴായി ഇതു പരിശീലിച്ചാല്‍ ഏകാഗ്രത കൈവരിക്കാനുള്ള കഴിവ് താനേ വന്നുകൊള്ളും.

മനുഷ്യന് വികാരങ്ങളെ നിയന്ത്രിക്കാനും അത് വിവേകാത്മകമായി ഉപയോഗിക്കാനും അവനില്‍ അന്തര്‍ലീനമായ ഒരു ശക്തിവിശേഷമുണ്ട്. ഈ ശക്തിവിശേഷത്തെ ഇന്നത്തെ സമൂഹം കണ്ടെത്തുകയോ, പ്രയോജനപ്പെടുത്തുകയോ ചെയ്യാതെ പോകുന്നതുകൊണ്ടാണ് വികാരത്തിന്റെ തീവ്രതയില്‍ തനിക്കും ചുറ്റുപാടിനും വേദനയും അശാന്തിയും നല്‍കുന്നത്. പ്രായംപോലും നോക്കാതെ കൊച്ചുകുട്ടികളെപ്പോലും തന്റെ കാമാര്‍ത്തിക്ക് ഇരയാക്കുന്ന വികൃതമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്.

'വിതയ്ക്കുന്നതേ കൊയ്യൂ.', 'താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മ്മങ്ങള്‍ താന്‍ താന്‍ അനുഭവിച്ചീടുകെന്നേ വരൂ.' എന്ന മഹദ് വചനങ്ങള്‍ ഭാരതീയരുടെ ജീവിത സംസ്‌ക്കാരമായിരുന്നു.മനസ്സിനെ സ്വച്ഛമാക്കാന്‍ 'എന്റേത്' എന്നതിനെ ഉപേക്ഷിക്കണം. ആഗ്രഹങ്ങളെല്ലാം മനസ്സില്‍ നിന്നാണ് വരുന്നത്. മനസ്സിന്റെ ജയമാണ് യഥാര്‍ത്ഥ ജയം. പ്രപഞ്ച വസ്തുക്കള്‍ക്ക് മുഴുവന്‍ കാരണം മനസ്സ് രചിക്കുന്ന പതിപ്പുകളാണ്. മനസ്സിലാണ് പ്രപഞ്ചം മുഴുവന്‍ ഊന്നിനില്‍ക്കുന്നത്.

ജാഗ്രത്, സ്വപ്നം, സുഷുപ്തി എന്നീ മൂന്നു അവസ്ഥകളും (ലോകവും) മനസ്സുണ്ടാക്കുന്നതാണ്. മനസ്സിനെ ചികിത്സിച്ച് സുന്ദരമാക്കണം. ദ്രവ്യങ്ങളില്‍ സൂക്ഷ്മമായ ഒരു 'എനര്‍ജി'യാണ് മനസ്സ്. മാനസികമായി ഉയര്‍ന്നവരെയാണ് മറ്റുള്ളവര്‍ അംഗീകരിക്കുന്നത്. ഭൗതിക നേട്ടങ്ങളെല്ലാം സ്വസ്ഥമാകുന്നില്ല? നമ്മുടെ മനസ്സ് സത്യത്തില്‍ സര്‍വ്വ ഐശ്വര്യ സമ്പന്നതയുടെയും വിളനിലമായ മഹാലക്ഷ്മിയാണ്.

'മനസ്സ്' ഒരു 'സോഫ്ട്‌വെയ'റാണ്. ശരീരം ഒരു 'ഹാര്‍ഡ്‌വെയറും.' ശാന്തമായ ഒരു മനസ്സ് നിശ്ചലമായ ജലംപോലെയാണ്. വിചാരം ബുദ്ധിയും വിവേകം മനസ്സുമാണ്. ശ്രദ്ധിക്കേണ്ടത് സ്വന്തം മനസ്സിനെയാണ്. വിശ്വത്തോളം വിശാലത ഉണ്ടാക്കേണ്ട മനസ്സിനെ ചെറുതാക്കരുത്.
ശരീരത്തെ ക്ഷേത്രമായി കാണാന്‍ പറഞ്ഞ കൃഷ്ണന്‍ ശരീരത്തില്‍ കുടികൊള്ളുന്ന 'പരമാത്മാ'വിനെയാണ് ഈശ്വരനെന്ന് വ്യവഹരിക്കുന്നത്.
ഭഗവത്ഗീത (6-5) മനനം ചെയ്ത് ഉറപ്പിക്കേണ്ടതിന്റെ പ്രസക്തി നോക്കുക.

''ഉദ്ധരേദ് ആത്മനാത്മാനം
നാത്മാനമവ സാദയേത്
ആത്‌മൈവഹ്യാത്മനോ ബന്ധു-
രാത്‌ന്മൈവരിപുരാത്മനഃ''

അവനവനെ അവനവനു മാത്രമേ നന്നാക്കാനും ഉയര്‍ത്താനും ദുഃഖങ്ങളില്‍നിന്ന് മുക്തമാക്കാനും കഴിയുകയുള്ളൂ. അവനവനെ നരകത്തിലേക്ക് നയിക്കുന്നത് അവനവന്‍ തന്നെയാണ്. അവനവന്റെ മനസ്സില്‍ നന്മയുണ്ടെങ്കില്‍ സ്വര്‍ഗ്ഗവും തിന്മയുണ്ടെങ്കില്‍ നരകവുമായിരിക്കുമെന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞുറപ്പിക്കുന്നു.മനസ്സു ലയിക്കേണ്ടത് ഭഗവാനിലാണ്. മനസ്സും ഭഗവാനും ഒന്നായിത്തീരുമ്പോള്‍ പരമശാന്തിയിലെത്തും.

കെ.വി. ശ്രീനിവാസന്‍
(ജ്യോതിഷാചാര്യ രത്‌നം)
(റിട്ട: എഞ്ചിനീയര്‍ ഐ.എസ്.ആര്‍.ഒ)
മൊ: 9447343273

Ads by Google
Thursday 08 Aug 2019 02.59 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW