Wednesday, August 07, 2019 Last Updated 2 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Aug 2019 01.02 PM

വ്യാസവിജയം!

''തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ റോളുകള്‍ നിര്‍വ്വഹിച്ച വ്യാസന്‍ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ആദ്യ ചിത്രത്തിലൂടെ സംവിധായകനുമായി. തിയേറ്ററില്‍ പ്രദര്‍ശനം വിജയം നേടിയ ശുഭരാത്രിയുടെ അമരക്കാരനാണ് കെ.പി.വ്യാസന്‍. താന്‍ നിശ്ചയിച്ച കഥാപാത്രത്തെ വേണ്ടെന്ന് പലരും പറഞ്ഞപ്പോഴും തന്റെ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത സിനിമയെ സ്വപ്നം കണ്ട ഈ കലാകാരന്‍. ''
Film director Vyasan KP

ആദ്യകാഴ്ചയില്‍ ഗൗരവം തോന്നുമെങ്കിലും കെ.പി.വ്യാസന്‍ താരജാഡകള്‍ കാട്ടാത്ത സംവിധായകനാണ്. തിരക്കഥാകൃത്ത്, നിര്‍മ്മാതാവ് എന്നീ റോളുകള്‍ നിര്‍വ്വഹിച്ച വ്യാസന്‍ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിലൂടെ സംവിധായകനുമായി.

തിയേറ്ററില്‍ പ്രദര്‍ശനം വിജയം നേടിയ ശുഭരാത്രിയുടെ അമരക്കാരനാണ് കെ.പി.വ്യാസന്‍. താന്‍ നിശ്ചയിച്ച കഥാപാത്രത്തെ വേണ്ടെന്ന് പലരും പറഞ്ഞപ്പോഴും തന്റെ തീരുമാനത്തില്‍ നിന്നും വ്യതിചലിക്കാന്‍ കൂട്ടാക്കാത്ത സിനിമയെ സ്വപ്നം കണ്ട കലാകാരന്‍.

ശുഭരാത്രിയുടെ വിജയം എങ്ങനെ നോക്കിക്കാണുന്നു?


നിലവിലുള്ള യൂത്ത് ഓറിയന്റഡ് സിനിമകളുടെ കാലത്ത് അതില്‍ നിന്നു വിപരീതമായി ഊതിക്കാച്ചിയെടുത്ത പ്രമേയമാണ് ശുഭരാത്രിയുടേത്. അത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതില്‍ ഒരുപാട് സന്തോഷം.

അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന സിനിമയ്ക്ക് ശേഷം എന്റെ മനസ്സില്‍ നിറയെ ശൂന്യതയായിരുന്നു. മുമ്പ് ചെയ്തതും മറ്റുള്ളവര്‍ ചെയ്തതുപോലെയുള്ള സിനിമകള്‍ ചെയ്യുന്നതുകൊണ്ട് കാര്യമില്ല. അങ്ങെന ഇരിക്കുമ്പോഴാണ് സുഹൃത്ത് കൊണ്ടുത്തന്ന പത്രക്കട്ടിംഗ് എന്റെ ശ്രദ്ധയില്‍ പെട്ടത്. അതിലൊരു ന്യൂസ് ഉണ്ടായിരുന്നു. ഹജ്ജിന് പോകാനിരിക്കുന്ന ഒരു വ്യക്തിയുടെ വീട്ടില്‍ കള്ളന്‍ കയറിയപ്പോഴുള്ള സംഭവങ്ങളാണ് അതിലുണ്ടായിരുന്നത്. എന്തുകൊണ്ട് ഇതൊരു സിനിമയാക്കിക്കൂടാ എന്ന് ഞാന്‍ ചിന്തിച്ചു. അങ്ങനെ യഥാര്‍ത്ഥ സംഭവത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്.

Film director Vyasan KP

സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ മുഴുവന്‍ പങ്കും സിദ്ദിഖിനാണ്. എന്തുകൊണ്ട് സിദ്ദിഖ്?


നിര്‍മ്മാതാക്കളോട് കഥ പറയുമ്പോഴും ഞാന്‍ നേരിട്ട ഒരു ചോദ്യമായിരുന്നു, എന്തുകൊണ്ട് സിദ്ദിഖ്?? അതിന് ഒരുത്തരമേയുള്ളൂ. ഒരു കഥ നമ്മളില്‍ രൂപപ്പെടുമ്പോള്‍ അതിലെ കഥാപാത്രങ്ങള്‍ നമ്മളിലേക്ക് അറിയാതെ വന്നുചേരും. ശുഭരാത്രിയുടെ ത്രെഡ് മനസ്സില്‍ വന്നപ്പോഴേ തീരുമാനിച്ചതാണ്, മുഹമ്മദ് സിദ്ദിഖ് ചെയ്താല്‍ മതിയെന്ന്. ആ സമയത്ത് നടന്റെ സ്റ്റാര്‍ വാല്യു ഞാന്‍ നോക്കിയില്ല. അതിന്റെ കാര്യമില്ലെന്ന് തോന്നി.

ശുഭരാത്രിയുടെ കഥ ഒരുപാട് പേരോട് പറഞ്ഞു. കഥ കേട്ടവര്‍ക്കൊക്കെ ഇഷ്ടമായി. എന്നാല്‍ മുഹമ്മദ് എന്ന കഥാപാത്രം ചെയ്യുന്നതാരെന്ന അവരുടെ ചോദ്യത്തിന് എന്റെ മറുപടി സിദ്ദിഖ് എന്നായിരുന്നു. കേട്ടപാടെ ഓരോരുത്തരും പിന്നെ വരാം എന്നൊക്കെ ഒഴികഴിവു പറഞ്ഞു. മുഹമ്മദ് എന്ന കഥാപാത്രം ചെയ്യുന്ന നടന്‍ ഒരുപക്ഷേ മാര്‍ക്കറ്റ് വാല്യു ഉള്ള താരമായിരുന്നെങ്കില്‍ പ്രൊഡ്യൂസറെ നിഷ്പ്രയാസം കിട്ടുമായിരുന്നു. സിദ്ദിഖ് ആയതിനാല്‍ അതുണ്ടായില്ല. എങ്കിലും സിദ്ദിഖിനെ മാറ്റാന്‍ ഉദ്ദേശിച്ചിരുന്നില്ല. സിദ്ദിഖ് അല്ലാതെ മറ്റൊരു ഓപ്ഷനെ കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് ഇഷ്ടമില്ലായിരുന്നു.

നാദിര്‍ഷ ചെയ്യുന്ന മുഹമ്മദിന്റെ മകന്‍ ഷാനവാസും ഇന്ദ്രന്‍സ് ചെയ്യുന്ന സുരേഷ് എന്നീ കഥാപാത്രങ്ങള്‍ക്കും എനിക്ക് മറ്റ് ഓപ്ഷനുകള്‍ ഉണ്ടായിരുന്നില്ല. അതേ സമയം സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ക്ക് ഓപ്ഷനുകള്‍ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളറായ അരോമ മോഹനോട് ഞാനീ കഥ പറഞ്ഞത്.

കഥ കേട്ടയുടന്‍ അദ്ദേഹം പറഞ്ഞു, കഥ വളരെ നന്നായിട്ടുണ്ട്. പക്ഷേ കൃഷ്ണന്‍ എന്ന റോളില്‍ ജനപ്രീതിയുള്ള നടന്‍ വന്നാലേ മുഹമ്മദുമായുള്ള കോമ്പിനേഷന്‍ ശരിയാകൂ. നിങ്ങള്‍ ഒരു കാര്യം ചെയ്യ്, ദിലീപ് നിങ്ങളുടെ സുഹൃത്തല്ലേ, ദിലീപിനോട് ഈ കഥ പറയണം. ദിലീപ് വന്നാല്‍ ഈ സിനിമ മറ്റൊരു ലെവലാകും.

Film director Vyasan KP

ശുഭരാത്രിയുടെ കഥ ആദ്യം കേട്ടത് ദിലീപായിരുന്നുവെന്നും മറ്റൊരു നടന്‍ ലീഡ് റോള്‍ ചെയ്യുമ്പോള്‍ ജനപ്രീതിയില്‍ നില്‍ക്കുന്ന ദിലീപ് ഇത്തരമൊരു വേഷം ചെയ്യില്ലെന്നായിരുന്നു എന്റെ ധാരണ. അത് മോഹനോട് പറയുകയും ചെയ്തു. അങ്ങനെയിരിക്കെ ഒരു ദിവസം ദിലീപ് എന്നെ വിളിച്ചു. സിനിമയൊക്കെ എന്തായി ഭായി? എന്ന് ചോദിച്ചപ്പോള്‍ ലീഡ് റോള്‍ ചെയ്യുന്നത് സിദ്ദിഖാണെന്ന് ഞാന്‍ ദിലീപിനോട് പറഞ്ഞു. കേട്ടമാത്രയില്‍ അദ്ദേഹം പറഞ്ഞതെന്താണെന്നോ, പുള്ളി കലക്കുുമെന്ന്.

കഥ നേരത്തെ അറിയാവുന്നതുകൊണ്ടു കൃഷ്ണന്റെ വേഷം ചെയ്യുന്നത് ആരാണെന്ന് ചോദിച്ചപ്പോള്‍ വ്യക്തമായ ഉത്തരം പറയാന്‍ എനിക്കറിയില്ലായിരുന്നു. ആ സമയത്താണ് എന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ട് ദിലീപ് പറഞ്ഞത്, ഭായീ, കൃഷ്ണന്റെ വേഷം ചെയ്യാന്‍ മാറ്റാരെയും ഇനി നോക്കണ്ട, ഞാന്‍ ചെയ്‌തോളാമെന്ന്.

ഉള്ളത് പറയാമല്ലോ, ഞാനാകെ ഷോക്കായിപ്പോയി. ജനപ്രീതിയില്‍ നില്‍ക്കുന്ന ദിലീപ് ഇത്തരം വേഷം ചെയ്താല്‍? എന്ന് ചോദിച്ചപ്പോള്‍ എന്റെ ഭായീ, വെറൈറ്റി റോളുകള്‍ ചെയ്യാന്‍ നിങ്ങളെന്നെ സമ്മതിക്കില്ലേ??എന്നായിരുന്നു ദിലീപിന്റെ മറുപടി. ചുരുക്കിപ്പറഞ്ഞാല്‍ ദിലീപ് ചോദിച്ച് വാങ്ങിച്ച കഥാപാത്രമാണ് കൃഷ്ണന്റേത്.

ദിലീപുമായുള്ള സൗഹൃദം?


കുട്ടിക്കാലം മുതലേയുള്ള സൗഹൃദമാണ് ഞങ്ങളുടേത്. ഒരേ നാട്ടുകാരാണ്. എന്നാല്‍ എന്റെയുള്ളില്‍ സംവിധാന മോഹം ഉണ്ടെന്നുള്ള വിവരം ദിലീപിനോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അയാള്‍ ജീവിച്ചിരിപ്പുണ്ട് കണ്ട് ദിലീപിന്റെ സഹോദരന്‍ അനൂപ് ദിലീപിനെ വിളിച്ച് എന്റെ സിനിമയെക്കുറിച്ച് പറഞ്ഞിരുന്നു.
മെട്രോ എന്ന സിനിമയുടെ കഥ പറയാനായി ഒരിക്കല്‍ ഞാന്‍ ശരത്കുമാറിന്റെ അടുത്ത് പോയി. ദിലീപുമായുള്ള സൗഹൃദം പറഞ്ഞപ്പോള്‍ ശരത്കുമാര്‍ അദ്ദേഹത്തെ വിളിച്ചു.
Film director Vyasan KP

നിങ്ങളുടെ ഒരു സുഹൃത്ത് എന്റെ അടുത്ത് കഥ പറയാനായി ഇരിപ്പുണ്ടെന്ന്'' പറഞ്ഞപ്പോള്‍ ദിലീപ് ആരാണെന്ന് തിരക്കി. എന്റെ പേര് പറഞ്ഞപ്പോള്‍ ദിലീപ് ശരിക്കും ഞെട്ടി. കാരണം അടുത്ത സുഹൃത്തായിട്ടും എന്റെ ചിന്തയില്‍ സിനിമയെ കുറിച്ചുള്ള മോഹം ഉണ്ടായിരുന്നെന്ന് ദിലീപിന് അറിയില്ലായിരുന്നല്ലോ. ദിലീപ് എന്നെ വിളിച്ചു.

ഭായീ, നിങ്ങള്‍ക്ക് സിനിമ അത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കില്‍ എന്നോട് ഒരു വാക്ക് പറഞ്ഞൂടായിരുന്നോ?'' എന്ന് ചോദിച്ചപ്പോള്‍ മറുപടിയായി ഞാന്‍ ഒന്ന് ചിരിച്ചു. മെട്രോയുടെ കഥയെല്ലാം റെഡിയായി പ്രൊഡ്യൂസറെ അന്വേഷിക്കുന്ന സമയത്താണ് അപ്രതീക്ഷിതമായി ദിലീപിന്റെ ഒരു ഫോണ്‍കോള്‍ വന്നത്. ഭായീ, നിങ്ങള്‍ ഇപ്പോള്‍ എവിടെയാണ്, എന്റെ അടുത്തേക്ക് ഒന്നുവരണം.

അങ്ങനെ കാര്യസ്ഥന്‍ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് ഞാന്‍ ചെന്നു. മെട്രോയുടെ കഥയെക്കുറിച്ച് തിരക്കി. കഥ മുഴുവന്‍ കേട്ടപ്പോഴേക്കും ഇനി മറ്റാരെയും നോക്കേണ്ട, ഞാന്‍ ചെയ്യാാമെന്ന് ദിലീപ് തന്നെയാണ് പറഞ്ഞത്. ദിലീപിന്റെ വിതരണക്കമ്പനിയുടെ ചുമതല മുഴുവന്‍ ദിലീപ് ഏല്‍പ്പിച്ചത് എന്നെയായിരുന്നു. സുഹൃത്ത് എന്ന നിലയില്‍ എല്ലാവിധ സപ്പോര്‍ട്ടും നല്‍കുന്ന ഒരാളാണ് ദിലീപ്.

ഡിസ്ട്രിബ്യൂഷന്‍ മാനേജരില്‍ നിന്ന് സംവിധായകനിലേക്കുള്ള പരകായപ്രവേശം?


ആത്യന്തികമായി എന്റെ ലക്ഷ്യം സിനിമയായിരുന്നു. പഠിക്കുന്ന നാള്‍ മുതല്‍ മനസ്സി ല്‍ കൂടുകൂട്ടിയ ഒരു വലിയ സ്വപന്ം. സിനിമയിലേക്ക് എന്നെ കൈപിടിച്ചുയര്‍ത്താന്‍ ഗോഡ്ഫാദര്‍മാര്‍ ആരും തന്നെയുണ്ടായിരുന്നില്ല. ഷേണായീസ് തിയേറ്ററിലെ ഡിസ്ട്രിബ്യൂഷന്‍ മാനേജരായിരുന്ന ഞാന്‍ ഫിലിം റെപ്രസന്റേറ്റീവായിട്ടായിരുന്നു സിനിമയിലേക്ക് എത്തിയത്. പിന്നീട് ഏഷ്യാനെറ്റിലെ സിനിമാഡയറി എന്ന പ്രോഗ്രാമിന്റെ സ്‌ക്രിപ്റ്റ് എഴുതിത്തുടങ്ങി. രാഷ്ര്ടദീപിക സിനിമാവാരികയിലും ചില പംക്തികള്‍ കൈകാര്യം ചെയ്തു.

സിനിമയില്‍ വന്ന് മൂന്നുവര്‍ഷം കഴിഞ്ഞ ശേഷമായിരുന്നു ഞാനും ദിലീപും പരസ്പരം കണ്ടത് പോലും. ദിലീപിനോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ നിഷ്പ്രയാസം എനിക്ക് സംവിധായകന്‍ ആകാമായിരുന്നു. എന്നാല്‍ ആരുടെയും ശുപാര്‍ശ പ്രകാരമോ ആരെയും ബുദ്ധിമുട്ടിച്ചോ അല്ല, സ്വപ്രയത്‌നം കൊണ്ട് സംവിധാനത്തിലെത്തുക എന്നതായിരുന്നു എന്റെ ആഗ്രഹം.

Film director Vyasan KP

പറഞ്ഞുമടുത്തതോ കണ്ടുമടുത്തതോ ആയ കുറേ സിനിമകള്‍ വാരിക്കൂട്ടി ചെയ്യുന്നതിന് പകരം എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു സിനിമ ചെയ്യുന്നതിനോടായിരുന്നു എനിക്ക് താല്‍പ്പര്യം. തിരക്കഥാകൃത്തായും നിര്‍മ്മാതാവായും സംവിധായകനായുമൊക്കെ സിനിമയുടെ വിവിധ മേഖലകളിലുള്ള പ്രവൃത്തി പരിചയമാണ് എന്നെ ഞാനാക്കി മാറ്റിയത്. ഓരോ മേഖലയില്‍ പ്രവര്‍ത്തിച്ചപ്പോഴും എനിക്കുണ്ടായ അനുഭവങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിച്ചു.

ആദ്യ സിനിമയായ അയാള്‍ ജീവിച്ചിരിപ്പുണ്ട് സാമ്പത്തിമായും അല്ലാതെയും പ്രദര്‍ശന വിജയം നേടാതെ പോയപ്പോള്‍ അല്‍പം നിരാശയുണ്ടായിരുന്നു. എന്നാല്‍ തളര്‍ന്നില്ല. ദൈവാനുഗ്രഹത്താല്‍ അടുത്ത ചിത്രമായ ശുഭരാത്രിയിലൂടെ അത് നടന്നു. ശുഭരാത്രിക്ക് ശേഷം മറ്റൊരു സിനിമയുടെ പണിപ്പുരയിലേക്ക് ഞാന്‍ കടക്കുകയാണ്. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് അടുത്തത്.

കുടുംബം?


ഭാര്യയും രണ്ട് മക്കളും. സിനിമയും ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കുറേ ദിവസങ്ങള്‍ വീട്ടില്‍ വരാനോ അവരുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അത് മനസ്സിലാക്കി എല്ലാവിധ സപ്പോര്‍ട്ടും തന്നത് ഭാര്യയാണ്. അതുകൊണ്ടാണ് വീണ്ടും വീണ്ടും സിനിമ ചെയ്യാനുള്ള പ്രേരണ എനിക്കുണ്ടാകുന്നത്.

ദേവിന റെജി

Ads by Google
Ads by Google
Loading...
TRENDING NOW