Tuesday, August 06, 2019 Last Updated 9 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Aug 2019 03.27 PM

ഹജ് തീർഥാടകരുടെ ചികിത്സക്കായി മിനായിലെ ആശുപത്രികളിൽ യന്ത്രമനുഷ്യനും

uploads/news/2019/08/327650/Gulf060819d.jpg

ജിദ്ദ : ഹജ് തീർഥാടകർക്കായി മിനായിലെ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും രോഗികളുടെ ചികിത്സക്കായി ഇനി മുതൽ റോബോട്ടിന്റെ
സേവനവും .ഹജ് സീസണിൽ ഇതാദ്യമായിട്ടാണ് സൗദി ആരോഗ്യമന്ത്രാലയം റോബോട്ട് സേവനം ഏർപ്പെടുത്തുന്നത് . രോഗം നിർണയിക്കുന്നതിനും ചികിത്സാനിർദേശങ്ങൾ ആരായുന്നതിനും ഡോക്ടർമാർക്ക് ഈ റോബോട്ടിക് സംവിധാനം ഏറെ സഹായകമാകുമെന്നാണ് പ്രതീക്ഷ .

മിനായിൽ ആരോഗ്യമന്ത്രാലയത്തിന്റെ ഫീൽഡ് സംഘങ്ങളിലും യന്ത്രമനുഷ്യന്റെ സേവനം പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
4- ജി നെറ്റ്‌വർക്കുള്ള ഏതൊരു സ്മാർട്ട് ഫോൺ മുഖേനയും ഈ റോബോ ഡോക്ടറുടെ കൺസൾട്ടൻസി സേവനം ലഭിക്കുമെന്നതാണ് ഏറെ ശ്രദ്ധേയം.
സൗദിയിൽ എവിടെയിരുന്നും രോഗനിർണയം സാധ്യമാക്കുന്ന ആശയവിനിയമ സാങ്കേതിക വിദ്യയാണ് റോബോട്ടിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത് .കൂടാതെ കട്ടിലിനിരികിൽ ചെന്ന് രോഗികളെ ചികിത്സിക്കുന്നത് പോലെ മിനായിലെ ഏത് ആശുപത്രികളിലും ഈ യന്ത്രമനുഷ്യ ഡോക്ടറുടെ സാങ്കൽപിക സാന്നിധ്യം ഇനി അനുഭവപ്പെടും.

പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പുറമെ, റിയാദ്, ജിദ്ദ തുടങ്ങിയ നഗരങ്ങളിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർക്കും ഈ നൂതന സേവനം ഉപയോഗിക്കാൻ പരിശീലനം നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു

അനേകം ശേഷികളുടെ സംയോജിത യന്ത്രസംവിധാനമാണ് ഈ റോബോ ഡോക്ടർ എന്നതാണ് ഏറെ ശ്രദ്ധേയം. സ്റ്റെതസ്‌കോപ്പ്, കണ്ണും കാതും പരിശോധിക്കാനുള്ള എൻഡോസ്‌കോപി ക്യാമറ, ചർമരോഗങ്ങൾ പരിശോധിക്കാനുള്ള പ്രത്യേക ക്യാമറ തുടങ്ങി രോഗിയുടെ വിവരങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ ഡോക്ടർമാരെ സഹായിക്കുന്നതെല്ലാം റോബോട്ടിൽ ക്രമീകരിച്ചിട്ടുണ്ട് . കൂടാതെ, രോഗിയെ പരിശോധിക്കാതെ തന്നെ ചികിത്സ നിർണയിക്കുന്നതിനുള്ള സാങ്കേതികവിദ്യകളും ഇതിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. റോബോ ഡോക്ടറുടെ ക്യാമറ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ ഉപയോഗിച്ച് ഡോക്ടർമാർക്ക് രോഗലക്ഷണങ്ങൾ വായിച്ചെടുക്കാൻ നിഷ്പ്രയാസം സാധിക്കുമെന്നതും , എക്‌സറേ ഫോട്ടോഗ്രാഫിയെടുക്കുന്നതിനും സാധിക്കുമെന്നുള്ളതുമാണ് പുതിയ സാങ്കേതിക വിദ്യ .

ഹജ് തീർഥാടകർക്ക് പുണ്യസ്ഥലങ്ങളിൽ സേവനം ചെയ്യുന്ന വളണ്ടിയർമാർക്കും ഏറെ സഹായകരമാകുന്നതിന് റോബോ ഡോക്ടർ അവർക്കിടയിലും കർമനിരതനാകും. തീർഥാടകർക്ക് കുറ്റമറ്റ സേവനം ഉറപ്പാക്കുന്നതിന് തങ്ങളുടെ ഓൺലൈൻ വിഭാഗം 24 മണിക്കൂറും ഇത്തരം സംവിധാനങ്ങളെയും സേവനങ്ങളും വിലയിരുത്തുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു .

Ads by Google
Tuesday 06 Aug 2019 03.27 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW