Tuesday, August 06, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Aug 2019 02.52 PM

ആരോഗ്യം നിറയ്ക്കാന്‍

''കര്‍ക്കിടകം ആഹാര പദാര്‍ഥങ്ങള്‍ നിയന്ത്രിച്ച് കഴിക്കേണ്ട മാസംകൂടിയാണിത്. ഔഷധഗുണങ്ങളടങ്ങിയ ഈ ഭക്ഷണങ്ങള്‍ കൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്തൂ...''
uploads/news/2019/08/327640/mdmcokry060819.jpg

ജീരക കഞ്ഞി


മഴക്കാല ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ജീരക കഞ്ഞി ഉത്തമമാണ്.

ആവശ്യമുള്ള സാധനങ്ങള്‍
അരി - ഒരു കപ്പ്
തേങ്ങ ചിരകിയത് - ഒരു മുറി
ജീരകം - ഒന്നര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
ചെറിയ ഉള്ളി അരിഞ്ഞത് - 4 എണ്ണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


അരി കഴുകി പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. തേങ്ങ, ജീരകം, മഞ്ഞള്‍പ്പൊടി, ചെറിയ ഉള്ളി എന്നിവ ഒരുമിച്ച് അരച്ചെടുക്കുക. ഇത് കഞ്ഞിയില്‍ ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. പാകത്തിന് ഉപ്പും ചേര്‍ക്കാം.
uploads/news/2019/08/327640/mdmcokry060819a.jpg

ശര്‍ക്കര ചെറുപയര്‍


ആരോഗ്യ ഗുണങ്ങളെല്ലാം ഒത്തിണങ്ങിയ ഒന്നാണ് ചെറുപയര്‍. ക്യാന്‍സറടക്കമുളള രോഗങ്ങള്‍ക്ക് കാരണമാകുന്ന ടോക്‌സിനുകളെ ശരീരത്തില്‍നിന്നും നീക്കം ചെയ്യാന്‍ മുളപ്പിച്ച പയറിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ക്ക് കഴിയും. ശര്‍ക്കരയും ശരീരത്തിലെ വിഷാംശത്തെ തടയാന്‍ സഹായിക്കുന്ന ഒന്നാണ്.

ആവശ്യമുള്ള സാധനങ്ങള്‍
ശര്‍ക്കര - ഒരെണ്ണം (വലുത്)
പഞ്ഞപ്പുല്ല് പൊടിച്ചത് - 3 ടീസ്പൂണ്‍
ചെറുപയര്‍ വേവിച്ചത് - ഒരു കപ്പ്
തേങ്ങ ചിരകിയത് - 1/4 കപ്പ്
ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം


ശര്‍ക്കര പാനിയാക്കി അരിച്ചെടുക്കുക. ഇത് വീണ്ടും അടുപ്പില്‍വച്ച് അതിലേക്ക് വേവിച്ച ചെറുപയര്‍, തേങ്ങ, ഉപ്പ് ഇവ ചേ ര്‍ക്കുക. റാഗിപ്പൊടി അല്‍പ്പം വെള്ളം ചേര്‍ത്ത് കട്ടകെട്ടാതെ കലക്കി പയര്‍ ശര്‍ക്കര കൂട്ടിലേക്ക് ചേര്‍ത്ത് ചേറിയ തീയില്‍ ഇളക്കി ചൂടാക്കിയ ശേഷം അടുപ്പില്‍നിന്നിറക്കി വിളമ്പാം. രണ്ട് ഏലയ്ക്ക പൊടിച്ചുചേര്‍ക്കുന്നത് രുചിയും മണവും വര്‍ധിപ്പിക്കും.
uploads/news/2019/08/327640/mdmcokry060819b.jpg

ചേമ്പില തോരന്‍


ചേമ്പില പോഷക സമ്പുഷ്ടമാണെന്നതില്‍ സംശയമില്ല. വെറ്റമിന്‍ എ, വൈറ്റമിന്‍ സി, കാല്‍സ്യം, അയണ്‍ എന്നിവയെല്ലാം ചേമ്പിലയില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ ചേമ്പില ചര്‍മത്തിലെ ചുളിവുകളെ തടയാനും സഹായിക്കും.

ആവശ്യമുള്ള സാധനങ്ങള്‍
ചേമ്പില അരിഞ്ഞത് - 2 കപ്പ്
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
തേങ്ങ ചിരകിയത് - 1/4 കപ്പ്
പച്ചമുളക് - 2 എണ്ണം
കറിവേപ്പില - ഒരു തണ്ട്
എണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ് - ഒന്നര ടീ സ്പൂണ്‍
കടുക് 1/2 ടീസ്പൂണ്‍
ചെറുതായി മുറിച്ച വറ്റല്‍മുളക് - ഒരെണ്ണം
ഉപ്പ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം


ചീനച്ചട്ടി അടുപ്പില്‍ വച്ച് ചൂടാക്കി എണ്ണ ഒഴിച്ച് കടുക്, ഉഴുന്നുപരിപ്പ്, വറ്റല്‍മുളക് ഇവ മൂപ്പിക്കുക. ഇതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇലയും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക. ഇതൊരു അടപ്പുകൊണ്ട് മൂടി ചെറുതീയില്‍ അല്‍പ്പസമയം വേവിക്കുക. ഇല വെന്തശേഷം തേങ്ങ, പച്ചമുളക്, കറിവേപ്പില ഇവ ചതച്ച് ചേര്‍ത്തിളക്കി വെള്ളം വലിഞ്ഞശേഷം അടുപ്പില്‍നിന്നിറക്കി വയ്ക്കാം.
uploads/news/2019/08/327640/mdmcokry060819c.jpg

തഴുതാമയില ചമ്മന്തി


രക്തക്കുറവിനും ശരീരത്തിലെ നീര്‍ക്കെട്ട് ഇല്ലാതാക്കുന്നതിനും തഴുതാമയില സഹായിക്കും. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാവാതിരിക്കാനും തഴുതാമ ഉത്തമമാണ്.

ആവശ്യമുള്ള സാധനങ്ങള്‍
തഴുതാമയില അരിഞ്ഞത് - ഒരു കപ്പ്
ഇഞ്ചി - ഒരു കഷണം
തേങ്ങ ചിരകിയത് - ഒരു മുറി
ചുവന്നുള്ളി - 5 എണ്ണം
കറിവേപ്പില - 2 തണ്ട്
വാളന്‍ പുളി - ഒരു നെല്ലിക്കാവലിപ്പം
കാന്താരി മുളക് - 5 എണ്ണം
വെളിച്ചെണ്ണ - ഒരു ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


തേങ്ങ, ഇഞ്ചി, ചുവന്നുള്ളി, കറിവേപ്പില, വാളന്‍പുളി, മുളക്, ഉപ്പ് ഇവ ഒരുമിച്ച് ചമ്മന്തിയുടെ പരുവത്തില്‍ അരച്ചെടുക്കുക. പാന്‍ ചൂടാക്കി അരിഞ്ഞുവച്ച തഴുതാമയില ചേര്‍ത്തിളക്കി വാട്ടിയെടുക്കുക. നന്നായി വാടിക്കഴിഞ്ഞു ഇല തയാറാക്കിവച്ച തേങ്ങാക്കൂട്ടില്‍ ചേര്‍ത്ത് ഞെരടി വെളിച്ചെണ്ണയും ഒഴിച്ചിളക്കിയെടുക്കാം.
uploads/news/2019/08/327640/mdmcokry060819d.jpg

നെല്ലിക്ക ചമ്മന്തി


നെല്ലിക്കയുടെ സീസണാണ്. വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും ഗുണം ചെയ്യും.

ആവശ്യമുളള സാധനങ്ങള്‍
നെല്ലിക്ക - 4 എണ്ണം
തേങ്ങ - 1/2 കപ്പ്
പച്ചമുളക് - 3 എണ്ണം
ഇഞ്ചി - ഒരു കഷണം
ചെറിയ ഉള്ളി - 5 എണ്ണം
കറിവേപ്പില - ഒരു തണ്ട്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


നെല്ലിക്ക കഴുകി കുരു കളഞ്ഞെടുക്കുക. ഇതും ബാക്കിയെല്ലാ ചേരുവകളും ഒരുമിച്ച് ചേര്‍ത്ത് അരച്ചെടുക്കാം.
uploads/news/2019/08/327640/mdmcokry060819e.jpg

കര്‍ക്കിടക മരുന്നുണ്ട


കര്‍ക്കിടകത്തിലെ ഭക്ഷണ ശീലത്തിലൂടെയാണ് ആ വര്‍ഷത്തെ രോഗപ്രതിരോധ ശേഷിയും ശരീര ബലവും വര്‍ധിപ്പിക്കാന്‍ കഴിയുന്നത്. വിവിധ ഔഷധങ്ങള്‍ ചേര്‍ത്ത് തയാറാക്കുന്ന മരുന്നുണ്ട ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

ആവശ്യമുളള സാധനങ്ങള്‍
മട്ട അരി - ഒരു കപ്പ്
ഞവര അരി - 1/2 കപ്പ്
തേങ്ങ ചിരകിയത് - 3 കപ്പ്
ശര്‍ക്കര - ഒരെണ്ണം വലുത്
ഉലുവ - 1/2 കപ്പ്
മുതിര - 1/2 കപ്പ്
എള്ള് - 1/4 കപ്പ്
അയമോദകം - 1/4 കപ്പ്
ജീരകം - 1/4 കപ്പ്
ശതകുപ്പ - 1/4 കപ്പ്
ആശാളി - 1/4 കപ്പ്
ചുക്ക് ചതച്ചത് - ഒരു കഷണം
ഏലയ്ക്ക ചതച്ചത് - 4 എണ്ണം

തയാറാക്കുന്ന വിധം


ചീനച്ചട്ടി അടുപ്പില്‍വച്ച് ചൂടാക്കി മട്ട അരിയും ഞവര അരിയും വെവ്വേറെ വറുത്തെടുക്കുക. (ചെറുതീയിലാണ് വറുത്തെടുക്കേണ്ടത്) ശേഷം ഉലുവ, മുതിര, എള്ള്, ജീരകം, അയമോദകം, ശതകുപ്പ, ആശാളി ഇവ ഓരോന്നും വറുത്തെടുക്കുക. ചുക്കും ഏലയ്ക്ക ചതച്ചതും ചൂടാക്കുക. ചൂടാറിയ ശേഷം മിക്‌സിയുടെ ജാറിലിട്ട് എല്ലാം പൊടിച്ചെടുക്കാം. ശര്‍ക്കര അല്‍പ്പം വെള്ളം ചേര്‍ത്ത് പാനിയാക്കി അരിച്ചെടുക്കുക. ഇതിലേക്ക് തേങ്ങ ചേര്‍ത്തിളക്കി പൊടികളും ചേര്‍ത്ത് മികിസിയില്‍ ഒന്നും കറക്കിയെടുക്കാം. ശേഷം ഇത് കുഴച്ച് ഉരുളകളായി ഉരുട്ടിയെടുക്കാം.
uploads/news/2019/08/327640/mdmcokry060819f.jpg

പാല്‍ കഞ്ഞി


പാല്‍കഞ്ഞി ശരീരത്തിന്റെ ആരോഗ്യത്തിനും പുഷ്ടിക്കും വളരെ ഗുണപ്രദമാണ്.

ആവശ്യമുള്ള സാധനങ്ങള്‍
കഴുകി വൃത്തിയാക്കിയ - പൊടിയരി ഒരു കപ്പ്
ചെറിയ ഉള്ളി - 3 എണ്ണം
ഉലുവ - 1/4 ടീസ്പൂണ്‍
തേങ്ങയുടെ മൂന്നാം പാല്‍ - 2 കപ്പ്
രണ്ടാം പാല്‍ - 2 കപ്പ്
ഒന്നാം പാല്‍ - ഒരു കപ്പ്
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം


കുക്കറില്‍ അരിയും തേങ്ങയുടെ മൂന്നാം പാലും ചെറിയ ഉള്ളിയും ഉലവയും ചേര്‍ത്ത് കുക്കര്‍ അടച്ച് മൂന്ന് വിസില്‍ വരുംവരെ വേവിക്കാം. ചൂടാറിയ ശേഷം കുക്കര്‍ തുറന്ന് രണ്ടാം പാല്‍ ചേര്‍ത്തിളക്കി വീണ്ടും തിളപ്പിക്കാം. തിളച്ചുവരുമ്പോള്‍ ഒന്നാം പാല്‍ ഒഴിച്ച് നന്നായി യോജിപ്പിച്ചെടുക്കാം. പാകത്തിന് ഉപ്പ് ചേര്‍ത്തിളക്കി അടുപ്പില്‍നിന്നിറക്കി ചൂടോടെ വിളമ്പാം.

റ്റോഷ്മ ബിജു വര്‍ഗീസ്

Ads by Google
Tuesday 06 Aug 2019 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW