Monday, August 05, 2019 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 05 Aug 2019 02.52 PM

സൈക്കോളജിസ്റ്റിന്റെ സഹായം തേടി എന്നുപറയാന്‍ എനിക്കു മടിയില്ല - അര്‍ച്ചനാ കവി

'' വിവാഹശേഷം സിനിമയോട് വിട പറഞ്ഞെങ്കിലും വ്ളോഗും വെബ്സീരീസുമായി മലയാളികള്‍ക്കൊപ്പമുണ്ട് അര്‍ച്ചന കവി. ''
Interview with Archana Kavi

നീലത്താമര യുടെ റീമേക്കില്‍ ഒരു ഗ്രാമീണ പെണ്‍കൊടിയുടെ നിഷ്‌കളങ്കതയുമായി മലയാളികളുടെ മനസിലിടം നേടിയ അഭിനേത്രിയാണ് അര്‍ച്ചന കവി. കിലുക്കാംപെട്ടിപോലുള്ള സംസാരവും ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയുമാണ് അര്‍ച്ചനയെ വ്യത്യസ്തയാക്കുന്നത്.

വിവാഹശേഷം സിനിമയോട് താല്‍ക്കാലികമായി ഗുഡ്‌ബൈ പറഞ്ഞെങ്കിലും വിഷ്വല്‍മീഡിയ ലോകത്ത് തന്റേതായ ഇടംനേടിയെടുക്കാന്‍ അര്‍ച്ചനയ്ക്കായി. ജേര്‍ണലിസ്റ്റാകണമെന്ന ആഗ്രഹം മനസിലുള്ളതുകൊണ്ടാവാം വെബ്സീരീസും വ്ളോഗെഴുത്തുമൊക്കെയായി വിഷ്വല്‍മീഡിയ ലോകത്ത് സജീവമാണ് അര്‍ച്ചന. വിവാദങ്ങളില്‍ പതറാതെ തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയുകയാണ് അര്‍ച്ചന.

രണ്ടാം വെബ്സീരീസും പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു?


മീന്‍അവിയലിന്റെ ആറ് എപ്പിസോഡുകളാണ് റിലീസ് ചെയ്തത്. ഇതെന്റെ രണ്ടാമത്തെ വെബ്സീരീസാണ്. തൂഫാന്‍ മെയിലാണ് ആദ്യം ചെയ്തത്. അത് ഇംഗ്ലീഷിലാണ് ചെയ്തത്. പൊതുവേ എഴുത്തിനോട് താല്‍പര്യമുള്ള ആളാണ് ഞാന്‍. ഷോര്‍ട്ട്ഫിലിമിനെയും ഡോക്യുമെന്ററിയെയും അപേക്ഷിച്ച് വെബ്സീരീസ് ചെയ്യാന്‍ കുറച്ച് കൂടി എളുപ്പമാണ്. അങ്ങനെയാണ് തൂഫാന്‍ മെയിലും ഇപ്പോള്‍ മീന്‍ അവിയലും ചെയ്തത്.

മീന്‍അവിയലിന്റെ ത്രെഡ് മനസില്‍ രൂപപ്പെട്ടതുമുതല്‍ ഞാനതിനൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഒരു നടിയെന്ന നിലയില്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ ആ യാത്ര എന്നെ സഹായിച്ചു. എന്റെ ജീവിതത്തില്‍ സംഭവിച്ചതും ഞാനുമായി വളരെ അടുത്ത ബന്ധങ്ങളുമൊക്കെയാണ് ഇതുവരെ എഴുതിയത്.

തൂഫാന്‍ മെയില്‍ അച്ഛന്റെയും മകളുടെയും കഥയായിരുന്നു. എന്റെ ജീവിതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട വൈകാരികമായ ബന്ധമാണ് ഞാനതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മീന്‍അവിയലില്‍ ഒരു സഹോദരനും സഹോദരിയുമാണ് പ്രധാന കഥാപാത്രങ്ങള്‍.

ഈ കാര്യങ്ങളൊക്കെ പ്രേക്ഷകര്‍ക്ക് എളുപ്പത്തില്‍ റിലേറ്റ് ചെയ്യാന്‍ കഴിയുന്നതാണ്. അങ്ങനെയുള്ള കഥകള്‍ എഴുതാന്‍ എളുപ്പവുമാണ്. എന്റെ റിയല്‍ ലൈഫും പിന്നെ ഒരു വെബ്സീരീസിന് വേണ്ട ചേരുവകളും ചേര്‍ത്ത് എഴുതിയെടുത്തതാണ് മീന്‍അവിയല്‍.

Interview with Archana Kavi

വൈബ്സീരിസില്‍ സൈക്കോളജിസ്റ്റിന്റെ വേഷമാണ് ചെയ്യുന്നത്. സൈക്കോളജിയോടുള്ള താല്‍പര്യം.


ഞാന്‍ സൈക്കോളജിസ്റ്റിനെ കാണാറുണ്ട്. ഡിപ്രഷനുണ്ടാകുന്ന സമയത്ത് സൈക്കോളജിസ്റ്റിന്റെ സഹായം തേടാറുണ്ടെന്ന് പറയാന്‍ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ പൊതുേവ സൈക്കോളജിസ്റ്റിനെ കാണുന്നത് മാനസിക രോഗമുള്ളവരാണെന്ന് ചിന്തിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലുള്ളവര്‍.

അതിനെതിരെ ജനങ്ങളെ ബോധവല്‍ക്കരിക്കാനുള്ള ശ്രമം കൂടിയാണ് മീന്‍അവിയല്‍. സൈക്കോളജിസ്റ്റുകളുടെ പ്രൊഫഷണല്‍ ജീവിതവും പേഴ്സണല്‍ ലൈഫും വളരെ വ്യത്യസ്തമാണ്. ആ ജീവിതത്തെ ഹ്യൂമറായി ചിത്രീകരിക്കാനൊരു ശ്രമം അത്രയേ ഉള്ളൂ.

ഇന്നത്തെ തലമുറയില്‍ ഒട്ടുമിക്കവരും നേരിടുന്ന പ്രശ്നമാണ് വിഷാദരോഗം. ആളുകള്‍ക്ക് അതിനെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ഈ വെബ്സീരീസ് സഹായിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

വിവാഹശേഷം സിനിമയില്‍ നിന്ന് മന:പ്പൂര്‍വം വിട്ടു നിന്നതാണോ?


സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്തു എന്ന് പറയാന്‍ കഴിയില്ല. വിവാഹശേഷം എത്ര നടികള്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്നുണ്ട്. ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചതുകൊണ്ടാണ് ഞാന്‍ സിനിമയിലെത്തിയത്.

വിവാഹം കഴിഞ്ഞതുകൊണ്ട് ക്രിയേറ്റിവിറ്റി ഇല്ലാതാകുന്നില്ലല്ലോ. കഴിവുകളുള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോമുകള്‍ ഇവിടെയുണ്ട്. അതുള്ളിടത്തോളം വെറുതേയിരിക്കേണ്ടി വരില്ല.

ഇതുവരെ ഒരു നടിയെന്ന നിലയില്‍ ഒരാള്‍ എഴുതിവച്ച് പറഞ്ഞുതന്നതിനനുസരിച്ച് അഭിനയിക്കുകയായിരുന്നു. ആദ്യമായാണ് സ്വന്തമായി എഴുതി അഭിനയിക്കാനുള്ള അവസരം കിട്ടിയത്. വെബ്സീരിയസ് തുടങ്ങാന്‍ കാരണം ഭര്‍ത്താവ് അബീഷാണ്.

വിവാഹത്തിന് മുമ്പ് എങ്ങനെയാണോ അങ്ങനെ തന്നെ ഞാന്‍ മുമ്പോട്ട് പോകണം എന്ന് ചിന്തിക്കുന്ന ലൈഫ് പാര്‍ട്ണറെയാണ് എനിക്ക് കിട്ടിയത്. വിവാഹം കഴിഞ്ഞെന്നു കരുതി പേഴ്സണാലിറ്റിയോ രീതികളോ മാറാന്‍ പാടില്ലെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അബീഷ്.

വിവാഹം കഴിഞ്ഞ് അഭിനയിക്കണോ വീട്ടിലിരിക്കണോ എന്നൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എങ്ങനെയായാലും അത് അംഗീകരിക്കാന്‍ തയാറായിരുന്നു. ഇപ്പോള്‍ ജോലിയും കുടുംബവും ഒരുമിച്ച് കൊണ്ടുപോകാന്‍ എനിക്ക് കഴിയുന്നുണ്ട്.

ഞാന്‍ മാത്രമല്ല ഇന്നത്തെ തലമുറയിലാരും വിവാഹശേഷം സ്വന്തം സ്വപ്നങ്ങളുപേക്ഷിച്ച് കുടുംബിനിയായിരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയൊരു മാറ്റത്തെക്കുറിച്ച് ഇപ്പഴത്തെ തലമുറ ചിന്തിക്കാനിടയില്ല.

വിവാഹത്തോടെ ജീവിതത്തിലുണ്ടായ മാറ്റങ്ങള്‍?


മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. ഒരു സാധാരണ ഭാര്യ ഇമേജില്‍ ഒതുങ്ങിപ്പോയിരുന്നെങ്കില്‍ എനിക്ക് ക്രിയേറ്റീവായി ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ക്രിയേറ്റീവായിട്ട് എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് എനിക്ക് കിട്ടിയത് വിവാഹശേഷമാണ്. അത് പ്രേക്ഷകര്‍ക്ക് മനസിലായിട്ടുണ്ടെന്നാണ് വിശ്വാസം.
Interview with Archana Kavi

വ്ളോഗെഴുത്തും വെബ്സീരീസും കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ടത്?


എഴുത്തിനാണ് ഞാനിപ്പോള്‍ പ്രയോറിറ്റി നല്‍കുന്നത്. കുറേ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണമെന്ന് പ്ലാന്‍ ചെയ്യുന്ന ആളല്ല ഞാന്‍. കൂടാതെ യൂട്യൂബില്‍ കണ്ടന്റ് വീഡിയോ ചെയ്യാറുണ്ട്. ആളുകളെ ചിരിപ്പിക്കുന്ന സില്ലി വിഷയങ്ങളാണ് അത്തരം വീഡിയോയിലും ടോക് ഷോയിലും ഉള്‍പ്പെടുത്തുന്നത്.

യാത്രാനുഭവങ്ങള്‍?


ജീവിതത്തിലെ സെല്‍ഫ് മോട്ടിവേഷനാണ് യാത്രകള്‍. ഒറ്റയ്ക്ക് യാത്രപോകുമ്പോള്‍ ആദ്യമൊക്കെ പേടി തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ തുടങ്ങിക്കഴിഞ്ഞാന്‍ സുരക്ഷിതത്വത്തെക്കുറിച്ചുള്ള പേടിയൊക്കെ മാറും. ദൂര യാത്രകള്‍ പോകുമ്പോള്‍ ഏതെങ്കിലും സാഹചര്യത്തില്‍ മറ്റുള്ളവരുടെ സഹായം ചോദിക്കേണ്ടി വരും. അപ്പോഴാണ് നമുക്ക് ചുറ്റുമുള്ളത് നല്ല ആളുകളാണെന്ന് മനസിലാകുന്നത്.

ഒാരോ യാത്രയും എനിക്ക് പ്രിയപ്പെട്ടതാണ്. ഏതെങ്കിലും തരത്തിലുള്ള അനുഭവങ്ങള്‍ സമ്മാനിക്കാത്ത ഒരു യാത്ര പോലും ഇതുവരെയുണ്ടായിട്ടില്ല.

ഒരു ചാനലിലെ അര്‍ച്ചനയുടെ അഭിമുഖം ട്രോളര്‍മാര്‍ ഏറ്റെടുത്തിരുന്നു?


ഓരോ കാര്യം ചെയ്യുമ്പോഴും ആളുകള്‍ അതിനെ എങ്ങനെ കാണുമെന്നൊരു ഏകദേശ ധാരണ നമുക്കുണ്ടാകും. ചില കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് ട്രോളാകുമെന്നും നമുക്കറിയാം. അങ്ങനെയേ ഞാനാ അഭിമുഖത്തെ കണ്ടിട്ടുള്ളൂ. മറ്റുള്ളവരെ അപേക്ഷിച്ച് എന്റെ മലയാളം ഭയങ്കര മോശമാണെന്ന് എനിക്കറിയാം.

വീട്ടില്‍ സംസാരിക്കുന്നതുപോലെയാണ് ഞാന്‍ അഭിമുഖങ്ങളില്‍ സംസാരിക്കുന്നത്. മലയാളത്തില്‍ സാഹിത്യപരമായി സംസാരിക്കാന്‍ എനിക്കറിയില്ല. മറ്റുഭാഷകളിലാണെങ്കില്‍ സംസാരം കുറച്ചുകൂടി എളുപ്പമാണ്. ട്രോളുകളെയൊക്കെ അതിന്റേതായ സ്പിരിറ്റിലേ എടുക്കാറുള്ളൂ. പിന്നെ വീഡിയോകളുടെ താഴെ വരുന്ന കമന്റുകളൊന്നും ഞാന്‍ വായിക്കാറില്ല.

തൂഫാന്‍ മെയിലില്‍ അച്ഛനും മകളും തമ്മിലുള്ള ബന്ധമാണ് വിഷയം. യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണ്?


തൂഫാന്‍ മെയിലിലെ കണ്ടന്റില്‍ 90 ശതമാനവും എന്റെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഞാനും എന്റെ അച്ഛനുമാണ് ആ വെബ്സീരീസില്‍ അഭിനയിച്ചത്. പെണ്‍മക്കള്‍ക്ക് പൊതുവെ അച്ഛന്‍മാരോടാണല്ലോ കൂടുതല്‍ ഇഷ്ടം. ഞാനും അങ്ങനെയാണ്.

അച്ഛന്‍ ജേര്‍ണലിസ്റ്റായതുകൊണ്ടുതന്നെ ഞാനും ജേര്‍ണലിസ്റ്റാകണമെന്നാഗ്രഹിച്ചിരുന്നു. പക്ഷേ ആ ജോലിയില്‍ വേണ്ട കഠിനാധ്വാനവും ബുദ്ധിമുട്ടുമൊക്കെ മനസിലാക്കിയപ്പോഴാണ് ഞാനാ ആഗ്രഹത്തില്‍ നിന്ന് പിന്മാറിയത്. പക്ഷേ ഏതെങ്കിലും മീഡിയയില്‍ കഴിവ് തെളിയിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു.

Interview with Archana Kavi

സ്വയംഭോഗത്തെക്കുറിച്ചുള്ള വ്ളോഗെഴുത്ത് വിവാദമായപ്പോള്‍?


ഞാനെഴുതിയ കുറിപ്പ് വായിച്ചവരൊന്നും മോശം അഭിപ്രായം പറഞ്ഞിട്ടില്ല. അത് വായിക്കാതെ തലക്കെട്ട് മാത്രം കണ്ടിട്ടാണ് പലരും വിവാദങ്ങളുണ്ടാക്കിയത്. വായിച്ചവര്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. എനിക്ക് എഴുതാനുള്ള കഴിവുണ്ടെന്നും അത് തുടരണമെന്നും പലരും പറഞ്ഞു.

ഞാന്‍ പൊതുവേ ഇംഗ്ലീഷിലാണ് എഴുതുന്നത്. അത് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യുമ്പോള്‍ ചില ആശയങ്ങള്‍ ഉദ്ദേശിച്ച രീതിയില്‍ പറയാന്‍ കഴിഞ്ഞെന്ന് വരില്ല.

ഏത് ഭാഷയില്‍ നിന്ന് തര്‍ജ്ജമ ചെയ്തലും ഈ പ്രശ്നമുണ്ടാകാനിടയുണ്ട്. ഞാനെഴുതിയ കാര്യങ്ങള്‍ അച്ഛനാണ് എഡിറ്റ് ചെയ്തത്. അതില്‍ ഞാന്‍ എന്താണ് പറയുന്നതെന്ന് പോലും അറിയാ ന്‍ ശ്രമിക്കാതെ ബഹളമുണ്ടാക്കുന്നവരുടെ വാക്കുകള്‍ക്ക് പ്രാധാന്യം കൊടുക്കേണ്ട കാര്യമില്ല.

Interview with Archana Kavi
അര്‍ച്ചന കവി അബീഷിനൊപ്പം

മലയാളികള്‍ മറ്റുള്ളവരെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്. അത് പോസിറ്റീവായും നെഗറ്റീവായും ബാധിക്കാറുണ്ട്. ശ്രദ്ധിക്കപ്പെടാന്‍ മറ്റുള്ളവരെ മോശക്കാരാക്കുന്ന പ്രവണതയും ചിലര്‍ക്കുണ്ട്. കാറില്‍ പോകെ മെട്രോയിലെ സ്ലാബ് വീണ സംഭവം വാര്‍ത്തയായപ്പോള്‍ എന്നിട്ടും ഇവള്‍ ചത്തില്ലേ??എന്നാണ് ചിലര്‍ കമന്റ് ചെയ്തത്.

അതൊന്നും എന്നെ ബാധിച്ചിട്ടില്ല. നെഗറ്റീവ് കമന്റുകള്‍ക്ക് പ്രാധാന്യം കൊടുത്താല്‍ അതിനേ സമയമുണ്ടാകൂ. പക്ഷേ ഇത്തരം കമന്റുകള്‍ ബാധിക്കുന്ന ചിലര്‍ എനിക്ക് ചുറ്റുമുണ്ട്. എന്റെ അച്ഛനും അമ്മയും. അവര്‍ക്കിത്തരം കമന്റുകള്‍ വായിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടായേക്കാം.

സ്വയംഭോഗത്തെക്കുറിച്ചെഴുതാന്‍ എനിക്ക് നാണക്കേടൊന്നുമില്ല. എന്റെ വീട്ടില്‍ നടന്ന ഒരു സംഭാഷണത്തെക്കുറിച്ചാണ് ഞാനെഴുതിയത്. ഒരുലക്ഷത്തിലധികം പേരതു വായിച്ചിട്ടുണ്ട്. മുമ്പ് പല കാര്യങ്ങളെക്കുറിച്ചും ഞാനെഴുതിയിട്ടുണ്ട്. അന്നൊന്നും ഇത്രയധികം ആളുകള്‍ എന്നെ വായിച്ചിരുന്നില്ല. അതില്‍ നിന്ന് മനസിലാക്കമല്ലോ പ്രശ്നം ആര്‍ക്കാണെന്ന്.

കുടുംബത്തിന്റെ പിന്തുണയെക്കുറിച്ച്?


വെബ്സീരീസിന്റെ പ്രൊഡക്ഷനില്‍ എന്റെ കസിന്‍സും സുഹൃത്തുക്കളുമൊക്കെ പങ്കാളികളാണ്. ഞാന്‍ വളരെയധികം ഭാഗ്യം ചെയ്ത വ്യക്തിയാണ്. ഫാമിലിയില്‍ നിന്ന് വളരെ നല്ല സപ്പോര്‍ട്ടാണ് കിട്ടിയിട്ടുള്ളത്. ഭര്‍തൃവീട്ടില്‍ നിന്ന് കിട്ടുന്നത് അതിലും വലിയ സപ്പോര്‍ട്ടാണ്. ഞാന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും അവര്‍ ആഘോഷമാക്കാറുണ്ട്.

തിരക്കിനിെട സിനിമകള്‍ കാണാറുണ്ടോ?


ഡല്‍ഹി, മുംബൈ യാത്രകളൊക്കെയായി തിരക്കാണെങ്കിലും സിനിമകള്‍ കാണാന്‍ ശ്രമിക്കാറുണ്ട്. റിയലിസ്റ്റിക് സിനിമകളാണ് മലയാള സിനിമയുടെ ഇപ്പോഴത്തെ പ്രത്യേകത.

ജീവിതവുമായി വളരെ അടുത്ത് നില്‍ക്കുന്ന കഥകള്‍ എത്ര നന്നായിട്ടാണ് അവതരിക്കപ്പെടുന്നത്. എനിക്ക് മലയാള സിനിമ കാണാന്‍ ഇഷ്ടമാണ്. വളരെ ടാലന്റായവരാണ് മലയാള സിനിമയില്‍ പ്രവര്‍ത്തിക്കുന്നത്.

സിനിമയില്‍ സ്ത്രീകളുടെ പ്രാധാന്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളെക്കുറിച്ച്?


മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ പ്രാധാന്യം കിട്ടുന്നുണ്ടെന്നാണ് എന്റെ അഭിപ്രായം. അതുകൊണ്ടാണ് അവര്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ തുറന്ന് പറയാന്‍ സാധിക്കുന്നത്. പഴയ തലമുറയിലുള്ളവര്‍ക്ക് അത്തരമവസരം ലഭിച്ചിട്ടുണ്ടോ എന്നെനിക്ക് അറിയില്ല.

ഇപ്പോഴത്തെ കുട്ടികള്‍ വളരെ ബോള്‍ഡാണ്. പ്രശ്നങ്ങളില്‍ പ്രതികരിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്. സിനിമയില്‍ പെട്ടെന്നൊരു മാറ്റം കൊണ്ടുവരുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. മലയാള സിനിമയില്‍ നടന്മാരും നടികളും തമ്മില്‍ യുദ്ധം നടക്കുകയാണെന്ന മട്ടിലുള്ള വാര്‍ത്തകള്‍ തെറ്റാണ്.

വൈറസ് എന്ന സിനിമ നോക്കൂ, അതില്‍ എല്ലാവരും എത്ര മനോഹരമായാണ് അഭിനയിച്ചിരിക്കുന്നത്. നടനായാലും നടിയായാലും അവര്‍ ഒരുമിച്ച് മുന്നോട്ട് പോയാലേ മലയാള സിനിമ നിലനില്‍ക്കൂ. പുറത്തുള്ളവര്‍ പറയുന്നപോലെയുള്ള യുദ്ധമൊന്നും അവിടെയില്ല.
[IMG]
അഭിപ്രായ വ്യത്യസങ്ങളുണ്ടായേക്കാം. ഒരു വീട്ടില്‍പ്പോലും അഭിപ്രായവ്യത്യാസങ്ങളുണ്ടാവില്ലേ? ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ നമ്മള്‍ തുറന്നു പറയുന്നു. ഇവിടെയും അത്രയേ നടക്കുന്നുള്ളൂ. എല്ലാവര്‍ക്കും അവരവരുടെ അഭിപ്രായങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം മലയാള സിനിമയിലുണ്ട്.

ഞാനൊരു സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ടെങ്കില്‍ അതൊരു സംവിധായകനെയോ നിര്‍മ്മാതാവിനെയോ കാണിക്കാനുള്ള സ്പേസ് എനിക്കുണ്ട്. മീഡിയയാണ് പറയുന്നത് നടീനടന്മാര്‍ തമ്മില്‍ പ്രശ്നമുണ്ടെന്ന്. ആണും പെണ്ണും ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.

പ്രശ്നങ്ങള്‍ ഇല്ലാതെവരുമ്പോഴാണ് കുഴപ്പമുള്ളത്. എത്രയോ സ്ത്രീകള്‍ സിനിമയില്‍ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ നടത്തുന്ന ചര്‍ച്ചകളുടെ ഫലമായി സിനിമയില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്.

സിനിമയുടെ പിന്നണിയില്‍ അര്‍ച്ചനയെ പ്രതീക്ഷിക്കാമോ?


അഭിനയവും ക്യാമറയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതും എനിക്ക് ഇഷ്ടമാണ്. ഇപ്പോള്‍ വെബ്സീരീസ് ചെയ്യുന്നുണ്ട്. അടുത്തതായി എന്തു ചെയ്യുമെന്ന് പറയാന്‍ കഴിയില്ല. ഞാനൊന്നും പ്ലാന്‍ ചെയ്തിട്ടില്ല. പെട്ടെന്ന് എനിക്കെന്തെങ്കിലും ചെയ്യാന്‍ തോന്നിയാല്‍ അങ്ങനെ ചെയ്യും. സിനിമയുടെ പിന്നണിയില്‍ എന്നെ പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

അശ്വതി അശോക്

Ads by Google
Monday 05 Aug 2019 02.52 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW