Saturday, August 03, 2019 Last Updated 28 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 03 Aug 2019 10.24 PM

ഏകാന്തവിസ്‌മയം..!

uploads/news/2019/08/327015/sun1.jpg

ജീവിതം പോലെ നിമിത്തങ്ങളും യാദൃശ്‌ചികതകളും നിറഞ്ഞതാണ്‌ പുസ്‌തകങ്ങളുടെ ലോകവും. ഒരു സങ്കീര്‍ത്തനം പോലെ എന്ന കൃതിയുടെ രചനാഘട്ടത്തില്‍ അത്‌ ഈ തരത്തില്‍ വിപണി കീഴടക്കുമെന്നോ ചരിത്രത്തില്‍ സ്‌ഥാനം പിടിക്കുമെന്നോ പെരുമ്പടവം പോലും കരുതിയിരുന്നില്ല. ഒരു ദിനപത്രത്തിന്റെ ഓണപതിപ്പിനു വേണ്ടി കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട്‌ എഴുതിപ്പൂര്‍ത്തിയാക്കിയതാണ്‌ ഈ നോവല്‍. ദസ്‌തേവ്‌സ്കിയുടെ ജീവിതത്തിലെ ഒരേട്‌ അതീവഹൃദ്യമായ വായനാനുഭവമാക്കി പരിവര്‍ത്തിപ്പിച്ചു കൊണ്ട്‌ പെരുമ്പടവം രൂപപ്പെടുത്തിയ ഈ കൃതി പുസ്‌തക രൂപത്തിലെത്തിയപ്പോള്‍ മലയാളത്തില്‍ സമാനതകളില്ലാത്ത വായനാവിപ്ലവത്തിന്‌ തുടക്കമിടുകയായിരുന്നു. മാസങ്ങള്‍ക്കുളളില്‍ നിരവധി പതിപ്പുകള്‍ ഇറങ്ങുക എന്ന അത്ഭുതം പല കുറി സംഭവിച്ചു. ലക്ഷക്കണക്കിന്‌ വായനക്കാരുടെ മനസിലേക്ക്‌ പുസ്‌തകം ആഴ്‌ന്നിറങ്ങി. നിരവധി തവണ ഒരേ പുസ്‌തകം ആവര്‍ത്തിച്ച്‌ വായിക്കുക എന്ന അനുഭവത്തിനും സങ്കീര്‍ത്തനം പോലെ നിമിത്തമായി. വളരെ എളിയ നിലയിലുള്ള ഒരു പ്രസിദ്ധീകരണസ്‌ഥാപനം വഴിയാണ്‌ ഈ അത്ഭുതങ്ങളൊക്കെയും സംഭവിച്ചെന്നതും വിസ്‌മയമായി.
പുസ്‌തകം അനുവാചകനെ എത്ര ആഴത്തില്‍ സ്വാധീനിച്ചു എന്നത്‌ ഒരു സമീപകാല അനുഭവത്തിലുടെ പെരുമ്പടവം ഇങ്ങനെ വ്യക്‌തമാക്കുന്നു.
'എന്നെ കാണാന്‍ വന്ന ധാരാളം പേര്‍ അവരുടെ കുട്ടിക്ക്‌ അന്ന എന്ന്‌ പേരിട്ടതായി പറഞ്ഞപ്പോള്‍ സന്തോഷം തോന്നി. അതില്‍ ഹിന്ദു കുട്ടികളുമുണ്ടായിരുന്നു എന്നതാണ്‌ അത്ഭുതം. സാധാരണ ഹിന്ദുക്കള്‍ കുട്ടികള്‍ക്ക്‌ അന്ന എന്ന്‌ പേരിടുക പതിവില്ല. ഒരു സാഹിത്യസൃഷ്‌ടിക്ക്‌ അത്തരത്തില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞുവെന്നത്‌ എഴുത്തുകാരനെ സംബന്ധിച്ച്‌ അഭിമാനകരമാണ്‌'
അരൂപികളുടെ മൂന്നാം പ്രാവ്‌ പോലെ ഏറെ ഗൗരവപൂര്‍ണ്ണമായ നിരവധി സൃഷ്‌ടികള്‍ പെരുമ്പടവത്തിന്റേതായി പുറത്തു വന്നിട്ടും ഇന്നും അദ്ദേഹം വ്യാപകമായി അറിയപ്പെടുന്നത്‌ ഈ പുസ്‌തകത്തിന്റെ പേരിലാണ്‌. മനുഷ്യര്‍ക്ക്‌ എന്ന പോലെ പുസ്‌തകങ്ങള്‍ക്കും ഒരു വിധിയുണ്ടെന്ന്‌ പറയേണ്ടിയിരിക്കുന്നു.
വായന മരിക്കുന്നു എന്ന്‌ ആളുകള്‍ വ്യാപകമായി പരിതപിച്ചിരുന്ന കാലത്താണ്‌ സങ്കീര്‍ത്തനം പോലെ എഴുതപ്പെടുന്നത്‌. ദസ്‌തേവ്‌സ്കിയുടെ ജീവിതം അവലംബമാക്കി എഴുതിയ ഈ നോവല്‍ പുസ്‌തകരൂപത്തിലാക്കിയത്‌ ആശ്രാമം ഭാസി എന്ന പ്രസാധകനായിരുന്നു.
കാല്‍നൂറ്റാണ്ടുകള്‍ക്ക്‌ അപ്പുറത്തു നിന്ന്‌ ആ നാളുകള്‍ പെരുമ്പടവം ഓര്‍മ്മിക്കുന്നു.
'വൈദേശിക പശ്‌ചാത്തലത്തില്‍ എഴുതപ്പെട്ട ഈ കൃതി ആളുകള്‍ സ്വീകരിക്കുമോ എന്ന ഭയം എനിക്ക്‌ കലശലായുണ്ടായിരുന്നു. അതുകൊണ്ട്‌ ആയിരം കോപ്പി അച്ചടിക്കാനാണ്‌ ഞാന്‍ ഭാസിയോട്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ ഭാസി 3000 കോപ്പി അച്ചടിച്ചു. നഷ്‌ടം വരില്ലേയെന്ന്‌ ഞാന്‍ ആശങ്കപ്പെട്ടപ്പോള്‍ ഭാസി പറഞ്ഞു. ആ നഷ്‌ടം ഞാന്‍ സഹിച്ചോളാം. ഏതായാലും ഒന്നരമാസം കൊണ്ട്‌ മുഴുവന്‍ വിറ്റഴിഞ്ഞു. അടുത്ത പതിപ്പ്‌ 5000 കോപ്പി അച്ചടിച്ചു. അതും ഉടനടി തീര്‍ന്നു. അവിടന്ന്‌ തുടങ്ങിയ ജൈത്രയാത്ര ചെന്നു നിന്നത്‌ 110 പതിപ്പുകളിലായി മൂന്ന്‌ ലക്ഷം കോപ്പികളിലാണ്‌.
തുടക്കത്തില്‍ പ്രസാധകസ്‌ഥാപനത്തിന്‌ പേര്‌ നല്‍കിയിരുന്നില്ല. നോവല്‍ വന്‍വിജയത്തിലേക്ക്‌ നീങ്ങുന്നുവെന്ന്‌ കണ്ടതോടെ സങ്കീര്‍ത്തനം പബ്ലിക്കേഷന്‍സ്‌ എന്ന്‌ പേര്‌ കൊടുത്തു'
നോവലിന്റെ അഭൂതപൂര്‍വ്വമായ വിജയരഹസ്യത്തെ പെരുമ്പടവം ഇങ്ങനെ നോക്കി കാണുന്നു.
'ദുരൂഹതയും ദുര്‍ഗ്രാഹ്യതയുമുള്ള നോവലുകള്‍ വായിക്കാന്‍ ശ്രമിച്ച്‌ പരാജയപ്പെട്ടിരുന്ന വായനക്കാരുടെ മുന്നിലേക്ക്‌ ലളിതവും ഹൃദ്യവുമായ ഒരു നോവല്‍ എത്തി. അവരതിനെ ഹൃദയത്തോട്‌ ചേര്‍ത്തു പിടിച്ചു. പരസ്യങ്ങളിലൂടെയല്ല, മൗത്ത്‌ പബ്ലിസിറ്റിയിലുടെയാണ്‌ ഈ നോവല്‍ പ്രചരിച്ചത്‌'
മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ ഈ കൃതിയെ മലയാള സാഹിത്യത്തിലെ ഏകാന്തവിസ്‌മയം എന്ന്‌ വിശേഷിപ്പിച്ചത്‌ പെരുമ്പടവം ഇന്നും കൃതാര്‍ത്ഥതയോടെ ഓര്‍ക്കുന്നു.
'എഴുത്തുകാരന്‍ എന്ന നിലയില്‍ എനിക്ക്‌ ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമാണത്‌'
പുറമെ ലാളിത്യം സൂക്ഷിക്കുമ്പോഴും നോവലിന്റെ ആന്തരിക തലം ഗഹനവും ഗൗരവപൂര്‍ണ്ണവുമാണെന്ന്‌ പെരുമ്പടവം പറയുന്നു.
'പീഢാനുഭവങ്ങളിലൂടെ ശുദ്ധീകരിക്കപ്പെടുന്ന മനുഷ്യാത്മാവിനെക്കുറിച്ചുളളതാണ്‌ ആ നോവല്‍. ക്രൈസ്‌തവദര്‍ശനത്തിന്റെ അന്തസത്തയുമായി ഇഴചേര്‍ന്ന്‌ കിടക്കുന്ന കൃതി'
പുസ്‌തകത്തിലെ ചില പരാമര്‍ശങ്ങള്‍ പോലും മലയാളികള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സ്‌ഥിതിയുണ്ടായി. നോവലില്‍ ദസ്‌തേവ്‌സ്കിയെക്കുറിച്ച്‌ ഹൃദയത്തിനു മേല്‍ ദൈവത്തിന്റെ കയ്യൊപ്പുളള ഒരാള്‍ എന്നൊരു വിശേഷണമുണ്ട്‌.
'ഇപ്പോള്‍ കയ്യൊപ്പില്ലാത്ത ഒറ്റ ഏര്‍പ്പാടുമില്ല'
നാട്യങ്ങളില്ലാത്ത തനി നാട്ടിന്‍പുറത്തുകാരനെ പോലെ പെരുമ്പടവം ചിരിച്ചു കൊണ്ട്‌ തുറന്നടിക്കുന്നു. പിന്നീട്‌ പ്രസംഗവേദികളിലും ലേഖനങ്ങളിലുമെല്ലാം ദൈവത്തിന്റെ കയ്യൊപ്പ്‌ എന്ന്‌ ചേര്‍ക്കാന്‍ തുടങ്ങി. അനിവാര്യമായ പ്രയോഗങ്ങളിലൊന്നായി ആ വാചകം ഭാഷാസ്‌നേഹികള്‍ ഏറ്റെടുത്തു.
'ആ നോവലിന്റെ സ്വാധീനമാണ്‌ ഇത്‌ കാണിക്കുന്നതെന്ന്‌ തോന്നുന്നു'
ഒരു ഒഴിയാബാധ പോലെ പല വായനക്കാരെയും നോവല്‍ പിന്‍തുടര്‍ന്നതായി അനുഭവം നോവലിസ്‌റ്റിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്‌്
'ഒരിക്കല്‍ കോളജ്‌ ലക്‌ചററായ ഒരു സ്‌ത്രീ എന്നെ കാണാന്‍ വന്നു. സങ്കീര്‍ത്തനം താന്‍ 33 തവണ വായിച്ചതായി അവര്‍ അവകാശപ്പെട്ടു. എനിക്ക്‌ അത്‌ അത്ര വിശ്വസനീയമായി തോന്നിയില്ല. ചിലയാളുകള്‍ നമ്മെ പുകഴ്‌ത്താനായി ഇങ്ങനെയൊക്കെ പറയാറുണ്ട്‌. ഇതും അതുപോലെയാണെന്ന്‌ വിചാരിച്ചു.ഞാന്‍ ചോദിച്ചു, സാധാരണ മതഗ്രന്ഥങ്ങളല്ലേ നമ്മള്‍ പലയാവര്‍ത്തി വായിക്കുക. ഇതെന്തിനാണ്‌ ഇങ്ങനെ നിരന്തരം വായിക്കുന്നത്‌?
അപ്പോള്‍ അവര്‍ പറഞ്ഞു. അതുകൊണ്ടല്ല, എനിക്ക്‌ സങ്കടം തോന്നുമ്പോഴൊക്കെ ഞാന്‍ ഈ പുസ്‌തകം എടുത്ത്‌ വായിക്കും. അപ്പോള്‍ മനസിന്‌ ശാന്തത കിട്ടും.'
അവര്‍ ബാഗ്‌ തുറന്ന്‌ പുസ്‌തകം എടുത്തു കാണിച്ചു. അപ്പോഴാണ്‌ അവര്‍ പറഞ്ഞതിലെ ആത്മാര്‍ത്ഥത തിരിച്ചറിഞ്ഞത്‌.'
ഈ പുസ്‌തകവുമായി ബന്ധപ്പെട്ട്‌ കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ വായനക്കാരില്‍ നിന്നും ഒരു പാട്‌ അനുഭവങ്ങളുണ്ടായിട്ടുണ്ട്‌്. അതില്‍ ഏറ്റവുമധികം സ്‌പര്‍ശിച്ച ഒരു അനുഭവം പെരുമ്പടവം പറഞ്ഞു.
'എന്റെ സ്‌നേഹിതനായ ഒരു കത്തോലിക്കാ പുരോഹിതന്‍ എന്നെ കാണാന്‍ വന്നു. അദ്ദേഹം സങ്കീര്‍ത്തനം പോലെ പല തവണ വായിച്ചിട്ടുണ്ട്‌. ഇത്‌ തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്ന്‌ അച്ചന്‍ പറഞ്ഞു. ഞാന്‍ എന്റെ സന്തോഷം അറിയിച്ചു. അദ്ദേഹം പലരോടും ഈ പുസ്‌തകം ശുപാര്‍ശ ചെയ്‌തതായും പറഞ്ഞു.
ഈ അച്ചനെ നിശ്ശബ്‌ദമായി സ്‌നേഹിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. അച്ചന്‌ അത്‌ അറിയാമെങ്കിലും അദ്ദേഹം അവളില്‍ നിന്ന്‌ അകന്നു മാറി പോവുകയാണ്‌ ചെയ്‌തത്‌.
പെണ്‍കുട്ടിക്ക്‌ ഭയങ്കര പ്രണയം. എത്ര അകറ്റി നിര്‍ത്തിയിട്ടും അവള്‍ ഒഴിഞ്ഞു പോവുന്നില്ല. ഒരു ദിവസം തന്റെ പിറന്നാളാണെന്നു പറഞ്ഞ്‌ അവള്‍ അച്ചനെ കാണാന്‍ വന്നു. അദ്ദേഹം അവളെ അനുഗ്രഹിച്ചു. ഉടന്‍ അവള്‍ പറഞ്ഞു. അച്ചന്‌ തരാനായി ഞാനൊരു പിറന്നാള്‍ സമ്മാനം കൊണ്ടു വന്നിട്ടുണ്ട്‌. അച്ചന്‍ ചോദിച്ചു.
'നിന്റെ പിറന്നാളിന്‌ ഞാന്‍ നിനക്കല്ലേ സമ്മാനം തരേണ്ടത്‌?'
അവള്‍ ചിരിച്ചു കൊണ്ട്‌ ഒരു പൊതിക്കെട്ട്‌ നീട്ടിയിട്ട്‌ പറഞ്ഞു.
'തിരിച്ചായാലും കുഴപ്പമില്ല'
അവള്‍ ഒരു വ്യവസ്‌ഥ മുന്നോട്ടു വച്ചു.
'ഇത്‌ രാത്രിയിലേ തുറന്നു നോക്കാവൂ'
അച്ചന്‍ അത്‌ അനുസരിച്ചു. രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ്‌ കവര്‍ അഴിച്ചുനോക്കിയ അദ്ദേഹം അത്ഭുതപ്പെട്ടു പോയി. അത്‌ സങ്കീര്‍ത്തനം പോലെ ആയിരുന്നു. പുസ്‌തകത്തില്‍ അവള്‍ക്ക്‌ ഏറ്റവും ഇഷ്‌ടപ്പെട്ട വരികള്‍ക്ക്‌ താഴെ പച്ചമഷി കൊണ്ട്‌ വരയിട്ടിരിക്കുകയാണ്‌. ദസ്‌തേവ്‌സ്കി അന്നയോട്‌ സ്‌നേഹത്തെക്കുറിച്ച്‌ പറയുന്നിടത്തൊക്കെ ഈ വരകളുണ്ട്‌. അച്ചന്‍ ആകെ വിയര്‍ത്തു പോയി. കുരിശുരൂപത്തിന്‌ മുന്നില്‍ മുട്ടുകുത്തി നിന്ന്‌ പ്രാര്‍ത്ഥിച്ചിട്ടാണ്‌ അച്ചന്‍ പോയി കിടന്നത്‌.
അദ്ദേഹംചിരിച്ചുകൊണ്ട്‌ എന്നോട്‌ പറഞ്ഞു.
'സാറിന്റെ പുസ്‌തകം വരുത്തി വച്ച ഓരോരോ കുഴപ്പങ്ങളേ..'
പിന്നീട്‌ ഞാനും ഭാര്യയും കൂടി റോമില്‍ പോയി. സെന്റ ്‌ പീറ്റേഴ്‌സ് ബസലിക്കയില്‍ നില്‍ക്കുമ്പോള്‍ ആളുകള്‍ ഇരിക്കുന്നിടത്തു നിന്ന്‌ ഒരാള്‍ എണീറ്റു പോയി. ഞാന്‍ ആ സ്‌ഥാനത്ത്‌ ചെന്നിരുന്നു. തൊട്ടപ്പുറത്തിരുന്ന ഒരു മനുഷ്യന്‍ അയാളുടെ ബാഗ്‌ തുറന്ന്‌ എന്തോ നോക്കും, എന്നിട്ട്‌ എന്നെ നോക്കും, വീണ്ടും ബാഗിലേക്ക്‌ നോക്കും, പിന്നെയും എന്നെ നോക്കും. ഇത്‌ പല തവണ ആവര്‍ത്തിച്ചു. അയാള്‍ അടുത്തേക്ക്‌ വന്നിട്ട്‌ ചോദിച്ചു. 'പെരുമ്പടവം സാറല്ലേ?'
എനിക്ക്‌ അത്ഭുതമായി. റോമില്‍ വച്ച്‌ ഒരാള്‍ തിരിച്ചറിയുമെന്ന്‌ നമ്മള്‍ പ്രതീക്ഷിക്കുന്നില്ലല്ലോ? എന്നെ മുന്‍പ്‌ കണ്ടിട്ടുണ്ടോയെന്ന്‌ ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു.
'ഇല്ല. പക്ഷേ, സങ്കീര്‍ത്തനം പോലെ ഞാന്‍ വായിച്ചിട്ടുണ്ടെന്ന്‌' പറഞ്ഞ്‌ ബാഗില്‍ നിന്നും പുസ്‌തകം എടുത്തു. ബാക്ക്‌പേജിലുളള എന്റെ പടവും എന്നെയും മാറിമാറി നോക്കി ഉറപ്പുവരുത്തിയിട്ടാണ്‌ അയാള്‍ അടുത്തേക്ക്‌ വന്നത്‌. എന്നിട്ട്‌ അയാള്‍ പറഞ്ഞു.
'ഞാന്‍ പോകുന്ന വഴിക്ക്‌ ഒക്കെ ഈ നോവല്‍ കൂടെയുണ്ട്‌. ഇടയ്‌ക്കിടെ ഇതെടുത്ത്‌ വായിക്കും'
ഇത്തരം നിരവധി അനുഭവങ്ങളുണ്ട്‌.
ഈയിടെ സുമേഷ്‌ കൃഷ്‌ണന്‍ എന്ന കവിയും അയാള്‍ക്കൊപ്പം ജോലി ചെയ്യുന്ന രണ്ട്‌ പെണ്‍കുട്ടികളും കൂടി എന്നെ കാണാന്‍ വന്നു. യാത്ര പറഞ്ഞിറങ്ങിയ ശേഷം അതിലൊരു കുട്ടി തിരിഞ്ഞ്‌ എന്നോട്‌ പറഞ്ഞു.
'എനിക്ക്‌ സാറിനോടൊരു രഹസ്യം പറയാനുണ്ട്‌.'
എന്താണെന്ന്‌ തിരക്കിയപ്പോള്‍ അവള്‍ പറഞ്ഞു.
'ഞാന്‍ എന്റെ ജീവിതത്തിന്‌ സാറിനോട്‌ കടപ്പെട്ടിരിക്കുന്നു'
ഞാന്‍ ചിരിച്ചു.
'ആദ്യമായി കാണുന്ന എന്നോട്‌ കുട്ടിക്ക്‌ എന്ത്‌ കടപ്പാട്‌?'
അവള്‍ പറഞ്ഞു.
''17 വയസുളളപ്പോള്‍ 37 വയസുളള ഒരാളെ ഞാന്‍ സ്‌നേഹിച്ചിരുന്നു. പ്രായവ്യത്യാസം പറഞ്ഞ്‌ അദ്ദേഹത്തിന്റെ വീട്ടുകാര്‍ എന്റെ ഇഷ്‌ടം നിരസിച്ചു. ഞാന്‍ അയാള്‍ക്ക്‌ ഈ പുസ്‌തകം വായിക്കാന്‍ കൊടുത്തു. വായിച്ചു കഴിഞ്ഞ്‌ ഞാന്‍ പറഞ്ഞു. ഇതില്‍ വലിയ പ്രായവ്യത്യാസമുളള ദസ്‌തേവ്‌സ്കിയും അന്നയും സ്‌നേഹത്തോടെ ഒരുമിച്ച്‌ ജീവിക്കുന്നു. എങ്കില്‍ പിന്നെ നമുക്കും വിവാഹം കഴിച്ചാലെന്ത്‌?'
എന്തായാലും അവര്‍ വിവാഹിതരായി. ഇന്ന്‌ രണ്ട്‌ കുട്ടികളുമായി സന്തോഷത്തോടെ ജീവിക്കുന്നു. സംഭവം കേട്ടശേഷം ഞാന്‍ തമാശയായി ചോദിച്ചു.
'ഇപ്പോള്‍ ദസ്‌തേവ്‌സ്കി എങ്ങനെയുണ്ട്‌?'
'സന്തോഷമായിരിക്കുന്നു' എന്ന്‌ മറുപടി. അപ്പോള്‍ ഞാന്‍ പറഞ്ഞു.
'ഇനിയൊരിക്കല്‍ ദസ്‌തേവ്‌സ്കിയെയും കൂട്ടി അന്ന എന്നെ കാണാന്‍ വരണം'
സ്വകാര്യനിമിഷങ്ങളില്‍ ഞാന്‍ സ്വയം വിശകലനം ചെയ്യാറുണ്ട്‌. വാസ്‌തവത്തില്‍ എന്താണ്‌ ഈ നോവലിന്റെ പ്രത്യേകത?
ഞാന്‍ അത്‌ വരെ പിന്‍തുടര്‍ന്നു പോന്ന ശൈലിയില്‍ നിന്നുളള വഴിമാറി നടത്തമായിരുന്നു ഈ രചന. അതിന്‌ മുന്‍പേ എനിക്ക്‌ അക്കാദമി അവാര്‍ഡ്‌ ലഭിക്കുകയും പ്രശസ്‌തനാവുകയുമൊക്കെ ചെയ്‌തിരുന്നു. പക്ഷേ, ഉളളിന്റെയുളളില്‍ ഞാന്‍ അസ്വസ്‌ഥനായിരുന്നു. ഇതിലും ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന തോന്നല്‍ മനസിനെ മഥിച്ചു.
പെട്ടെന്ന്‌ എന്തെങ്കിലും എഴുതാന്‍ ശ്രമിക്കാതെ ആറേഴ്‌വര്‍ഷക്കാലം വീടിന്റെയുള്ളില്‍ ഏകാകിയായി ഇരുന്നു. നിരന്തരമായ വായനയും പഠനങ്ങളുമായി സമയം ചിലവഴിച്ചു. ആ കാലത്താണ്‌ ഈ നോവല്‍ രൂപപ്പെടുന്നത്‌.
ആര്‍ക്കും മനസിലാവും വിധം ലളിതവും സുന്ദരവുമായ ഒരു ആഖ്യാനശൈലി സ്വീകരിച്ചു. എന്നാല്‍ അതിന്റെ അടിത്തട്ടില്‍ ഗഹനതയുമുണ്ടായിരുന്നു.
ദൗര്‍ഭാഗ്യങ്ങളും ദുരന്തങ്ങളും വേട്ടയാടുന്ന നിസഹായമായ മനുഷ്യാത്മാവിന്റെ ആത്മവ്യഥകളും ആത്മശൈഥില്യങ്ങളുമായിരുന്നു അതിലൂടെ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്‌.
മലയാളത്തില്‍ ഒരു എഴുത്തുകാരന്‌ ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമായ വയലാര്‍ അവാര്‍ഡ്‌ ഉള്‍പ്പെടെ എട്ടോളം ബഹുമതികള്‍ ഈ പുസ്‌തകത്തിന്‌ ലഭിച്ചു. ഇംഗ്ലീഷ്‌, അറബി, ജര്‍മ്മനി, ഈജിപ്‌ഷ്യന്‍, ഒന്‍പത്‌ ഇന്ത്യന്‍ ഭാഷകളിലും ഏറ്റവും ഒടുവില്‍ ആസാമീസിലും വിവര്‍ത്തനങ്ങള്‍ വന്നു.
അതിലൊക്കെ ഉപരി ഒരിക്കല്‍ പോലും നേരിട്ട്‌ കണ്ടിട്ടില്ലാത്ത മനുഷ്യാത്മാക്കളുടെ ഹൃദയത്തില്‍ സ്‌ഥാനം ലഭിച്ചു. അവരുടെ അകളങ്കമായ സ്‌നേഹം ലഭിച്ചു.
എനിക്ക്‌ ശേഷവും ഈ പുസ്‌തകം ജീവിക്കണമെന്നാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌് ജീവിക്കുമെന്നാണ്‌ കരുതുന്നതും..!

സജില്‍ ശ്രീധര്‍

Ads by Google
Saturday 03 Aug 2019 10.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW