Friday, August 02, 2019 Last Updated 7 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 01 Aug 2019 02.53 PM

മോഹന്‍ലാല്‍ അന്ന് അങ്ങിനെ പറഞ്ഞത് എന്തുകൊണ്ട്? ഇന്നസെന്റ് ജഗദീഷിനോട് വെളിപ്പെടുത്തുന്നു

''സ്വഭാവനടന്മാരായും ഹാസ്യ കഥാപാത്രങ്ങളായും നെഗറ്റീവ് കഥാപാത്രങ്ങളായും സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന ഇന്നസെന്റും ജഗദീഷും ഒത്തുചേരുമ്പോള്‍. ''
Interview with Innocent and Jagadeesh

കോമഡി സ്റ്റാഴ്‌സിന്റെ ഷൂട്ടിനിടയിലെ വിശ്രമവേളയിലാണ് അവരൊത്തു കൂടിയത്. ചിരിയുടെ രാജാക്കന്മാര്‍, മലയാളികളുടെ പ്രിയപ്പെട്ട ഇന്നസെന്റും ജഗദീഷും. ഉച്ചയൂണിന് ശേഷമുള്ള ഇടവേളയില്‍ ഗൗരവമുള്ള സംഭാഷണങ്ങളിലാണ് ഇരുവരും. അച്ഛനും മകനുമായി സ്നേഹിച്ചും, സഹോദരങ്ങളായി പരസ്പരം പാരവച്ചും ഇവര്‍ തീര്‍ത്ത ചിരിയുടെ അമിട്ടുകള്‍ എന്നും മലയാളികളുടെ മനസിലുണ്ട്.

ജഗദീഷ്: - ഞങ്ങളുടെ ഓരോ കാഴ്ചയും പുതുമയുള്ളതാണ്. ആദ്യമായി കണ്ടതെന്നാണെന്ന് ചേട്ടനോര്‍ക്കുന്നുണ്ടോ?

ഇന്നസെന്റ്: - സിനിമാ ലൊക്കേഷനില്‍ വച്ചാണെന്നുള്ള മറുപടി പ്രതീക്ഷിക്കേണ്ട. ഒരു യാത്രയ്ക്കിടയില്‍ ട്രെയിനില്‍ വച്ചാണ് നമ്മളാദ്യം കണ്ടത്. ഒരു ഹായ് പറഞ്ഞന്ന് പരിചയപ്പെട്ടു.
ഇപ്പോള്‍ വിധികര്‍ത്താക്കളായി ഒരുമിച്ചൊരു വേദിയില്‍, ജഗദീഷാണെങ്കില്‍ അധ്യാപകനാണ്. ഞാന്‍ ഒരു നടന്‍, പിന്നെ അഞ്ച് വര്‍ഷം എം.പിയായിരുന്നു. അങ്ങനെയുള്ള ഞാനാണ് ജഡ്ജിന്റെ സീറ്റിലിരിക്കുന്നത്.

ജഗദീഷ്: - അധ്യാപകന്‍ എന്ന ബഹുമാനം എല്ലായിടത്തും എനിക്ക് കിട്ടിയിട്ടുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ അദ്ദേഹമാദ്യം ചോദിച്ചത് ഇപ്പോള്‍ ലീവിലാണോ?? എന്നാണ്.

Interview with Innocent and Jagadeesh

ഇന്നസെന്റ്: - ജഗദീഷിന്റെ ജഡ്ജ്മെന്റിനെക്കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്.

ജഗദീഷ്: - എന്റെ ജഡ്ജ്മെന്റ് ഒരുപാട് വിമര്‍ശിക്കപ്പെട്ടിട്ടുള്ളതാണ്. സ്‌കിറ്റിന്റെ നിലവാരം എന്തായാലും അവസാനം ഒരു മെസേജുണ്ടെങ്കില്‍ ഞാന്‍ കൂടുതല്‍ മാര്‍ക്ക് നല്‍കുമെന്നാണ് മുമ്പ് പലരും പറഞ്ഞത്.

ഇന്നസെന്റ്: - എന്നെയൊന്ന് പറയാനനുവദിക്കൂ. വളരെ നല്ല ജഡ്ജ്മെന്റാണെന്ന് പറയാന്‍ തുടങ്ങുകയായിരുന്നു. സത്യത്തില്‍ ഞാന്‍ വളരെ അസൂയയോടെ നോക്കി കണ്ട നടനാണ് താങ്കള്‍. നാല്‍പ്പതോളം ചിത്രങ്ങളിലൊക്കെ ഹീറോയായി ജഗദീഷ് അഭിനയിച്ചപ്പോള്‍ എനിക്ക് അസൂയ തോന്നിയിട്ടുണ്ട്. എനിക്കും നായകനായി അഭിനയിച്ചാല്‍ കൊള്ളാമെന്ന് തോന്നിയിട്ടുണ്ട്. നായകവേഷം കിട്ടിയില്ലെങ്കിലും നല്ല നല്ല വേഷങ്ങള്‍ എനിക്കും കിട്ടിയല്ലോ എന്നോര്‍ത്തപ്പോള്‍ സന്തോഷമുണ്ട്.

ജഗദീഷ്: - നായകനായില്ലെങ്കിലെന്താ, കിലുക്കത്തിലെ കിട്ടുണ്ണി, ദേവാസുരത്തിലെ വാര്യര്‍ അതുപോലത്തെ കഥാപാത്രങ്ങള്‍ കിട്ടിയത് വലിയ ഭാഗ്യമല്ലേ?

ഇന്നസെന്റ്: - ദേവാസുരത്തിന്റെ സ്‌ക്രിപ്റ്റ് എന്റെ കൈയിലാദ്യം തന്നത് സംവിധായകന്‍ ഐ.വി ശശിയല്ല, മോഹന്‍ലാലാണ്. കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വച്ച്്. അതില്‍ വാര്യര്‍ എന്നൊരു കഥാപാത്രമുണ്ട്, അത് താന്‍ ചെയ്താല്‍ നന്നാകുമെന്നാണ് സംവിധായകനും തിരക്കഥാകൃത്ത് രഞ്ജിത്തും പറയുന്നത്. ഒന്ന് വായിച്ചു നോക്കൂ.. എന്ന് പറഞ്ഞു. പകുതി സ്‌ക്രിപ്‌റ്റേ അന്ന് വായിച്ചുള്ളൂ. പിറ്റേന്ന് രാവിലെലഅഭിനയിക്കാന്‍ പറ്റില്ലെങ്കില്‍ വേണ്ട, സ്‌ക്രിപ്റ്റ് ഇങ്ങ് തന്നേക്കൂ.. എന്ന് ലാല്‍ പറഞ്ഞു. വായിച്ചിട്ടു തരാമെന്ന്് ഞാനും.
സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചശേഷം രണ്ടാമതൊന്നാലോചിക്കാതെ ആ കഥാപാത്രം ഞാന്‍ ചെയ്യാമെന്ന് പറഞ്ഞു. ഇന്നും വാര്യരെ ഇഷ്ടപ്പെടുന്ന ഒരുപാടാളുകളുണ്ട്. അതുപോലെ കിലുക്കത്തിലെയും കാബൂളിവാലയിലേയും വേഷം. ജീവിതത്തില്‍ ഇനിയൊരിക്കലും അങ്ങനത്തെ വേഷം ചെയ്യാന്‍ പറ്റില്ല.

കാബൂളിവാലയില്‍ എനിക്കൊപ്പം നി ല്‍ക്കാന്‍ അതുല്യനായ മറ്റൊരു നടന്‍ കൂടിയുണ്ടായിരുന്നു, ജഗതീ ശ്രീകുമാര്‍. മഴവില്‍ കാവടി, പൊന്മുട്ടയിടുന്ന താറാവ്, റാംജി റാവൂ സ്പീക്കിങ്, ഗോഡ്ഫാദര്‍ ഈ സിനിമകളൊക്കെ മറക്കാനാവാത്തതാണ്. ഇതിലെ കഥാപാത്രങ്ങളെക്കുറിച്ചൊക്കെ ആളുകള്‍ ഇന്നും സംസാരിക്കാറുണ്ട്. അതൊക്കെയാണ് ഇനിയുള്ള ജീവിതത്തില്‍ സന്തോഷം തരുന്ന കാര്യങ്ങള്‍.

Interview with Innocent and Jagadeesh

ഇന്നസെന്റ്: - ഇപ്പോള്‍ സിനിമയൊക്കെ മാറിയില്ലേ? സിനിമയും തമാശയുമൊക്കെ റിയലിസ്റ്റിക്കായി.

ജഗദീഷ്: - റിയലിസ്റ്റിക്കായ സംഭവങ്ങള്‍ സിനിമയില്‍ വരാറുണ്ട്. അല്ലാത്ത സംഭവങ്ങളും സിനിമയാക്കാറുണ്ട്. ചില ഭാവനകളൊക്കെ സിനിമയില്‍ കോമഡിയായി കൊണ്ടുവരാം. അതുപോലെ ഭാവനാപരമായതും അല്ലാത്തതുമായ പ്രണയകഥകളും സിനിമയില്‍ വരാറുണ്ട്. റിയലിസ്റ്റിക്കായ സിനിമകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കിട്ടുന്നുണ്ടാകാം. അത്തരം സിനിമകള്‍ തിയേറ്ററില്‍ വിജയിക്കുന്നുണ്ടാകാം.

എന്നാല്‍ സിനിമ വിജയിക്കണമെങ്കില്‍ കഥ റിയലിസ്റ്റിക്കാവണമെന്നില്ല, ആശയം നന്നായാല്‍ മതി. കലൈ അറശി എന്ന സിനിമയുടെ പ്രമേയം എം.ജി. ആര്‍ ച്രന്ദനില്‍ പോകുന്നതാണ്. അന്നതൊരു ഭാവനയായിരുന്നു. ഇന്ന് ച്രന്ദനില്‍ പോകുന്നത് യാഥാര്‍ത്ഥ്യമാണ്. അന്ന് എത്ര ദീര്‍ഘവീക്ഷണമുള്ളതുകൊണ്ടാണ് അത്തരമൊരു സിനിമ ചെയ്തത്. ഇന്നത്തെ ഭാവനകള്‍ ഒരുപക്ഷേ നാളെ യാഥാര്‍ത്ഥ്യമായേക്കാം.

ഇന്നസെന്റ്: - തമാശ റിയലിസ്റ്റിക്കായാലും ഇല്ലെങ്കിലും ചിലര്‍ തമാശയാണെന്ന രീതിയില്‍ പറയുന്ന കാര്യങ്ങള്‍ കേട്ടാല്‍ എനിക്ക് ചിരി വരില്ല. ചിലര്‍ ചിരിക്കും. ഞാനപ്പോള്‍ ആലോചിക്കും അവരെന്തിനാണ് ചിരിക്കുന്നതെന്ന്. പിന്നീടാണ് മനസിലായത് കൂടെയുള്ളവര്‍ ചിരിക്കുന്നത് അവരുടെ നിലനില്‍പ്പിന് വേണ്ടിയാണെന്ന്. രാഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, ഗായകര്‍ അങ്ങനെ എല്ലാ മേഖലയിലുള്ളവരിലും ഇത്തരക്കാരുണ്ട്.

Interview with Innocent and Jagadeesh

ജഗദീഷ്: - ഇതൊക്കെ പോസിറ്റീവായെടുക്കണം ചേട്ടാ, എന്റെ പാട്ടുകള്‍ എത്ര രസകരമായാണ് ട്രോളര്‍മാര്‍ ഏറ്റെടുത്തത്. ആ ട്രോളുകളൊന്നും എന്നെ ബാധിച്ചിട്ടില്ല, സൊടക്കുമേലെ എന്ന പാട്ട് പാടിയശേഷം എവിടെപ്പോയാലും ആ പാട്ട് പാടാന്‍ പറയും.

സൊടക്കുമേലെ എന്ന പാടുമ്പോള്‍ എല്ലാവര്‍ക്കും ആവേശമാണ്. ഇതൊക്കെ ഞാന്‍ പോസിറ്റീവായേ എടുത്തിട്ടുള്ളൂ. അടുത്തിടെ ടെക്നോപാര്‍ക്കിന്റെ കാമ്പസില്‍ ജഡ്ജ്മെന്റിന് എന്നെ വിളിച്ചു. ജഡ്ജ്മെന്റിനില്ല എന്ന പറഞ്ഞപ്പോള്‍ വെറും മാര്‍ക്കിടീലല്ല വിശദമായ വിലയിരുത്തലാണ് വേണ്ടതെന്നവര്‍ പറഞ്ഞു. നരിയാപുരം വേണു, ജോബി എന്നിവര്‍ക്കൊപ്പം ഞാനും ജഡ്ജായി. അതിനുശേഷം സൊടക്കുമേലെ എന്ന പാട്ടിന്റെ രണ്ടുവരിയും പാടിച്ചശേഷമാണ് അവര്‍ എന്നെ വിട്ടത്.

ഇന്നസെന്റ്: - ജഗദീഷ് നന്നായി പാടുമല്ലോ. ലൊക്കേഷനിലും മേക്കപ് റൂമിലുമൊക്കെ പാടുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.

ജഗദീഷ്: - സിനിമയിലും പാടിയിട്ടുണ്ട്. കൊക്കും പൂഞ്ചിറകും എന്ന പാട്ട്.

ഇന്നസെന്റ്: - ജഗദീഷിന്റെ പാട്ട് ഞാന്‍ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്, അത്രയും ആഗ്രഹവും കഴിവുമുണ്ടെങ്കിലേ നന്നായി പാടാന്‍ കഴിയൂ. താനിവിടെ ചില പാട്ടുകളൊക്കെ പാടാന്‍ പോകുമ്പോള്‍ ആ പാട്ടിനെ തകര്‍ക്കുമെന്ന് തോന്നിയിട്ടുണ്ട്. ഇപ്പോ കാണാം പോയി പാടിയിട്ട് വരുന്നത്് എന്നൊക്കെ ഞാന്‍ വിചാരിച്ചിരിക്കുമ്പോള്‍ താന്‍ അനായാസമായി പാടിയിട്ട് വരും. അത് കാണുമ്പോള്‍ എനിക്കെപ്പോഴും ആശ്ചര്യമാണ്.
സിനിമയില്‍ ഒരുപാട് ഗായകരുണ്ട്. ഇപ്പോള്‍ നടന്മാരും പാടുന്നുണ്ട്. ജഗദീഷ് ഇത്രയും നന്നായി പാടുമെന്നുള്ളത് ഇപ്പോഴാണ് കൂടുതല്‍ മനസിലാകുന്നത്.

Interview with Innocent and Jagadeesh

ജഗദീഷ്: - ലൊക്കേഷനിലിരിക്കുമ്പോഴൊക്കെ ചെറുതായി മൂളും. നമ്മളൊരുമിച്ചുള്ള ലൊക്കേഷനെല്ലാം ജോളിയായിരുന്നില്ലേ. സെറ്റിലെത്തുമ്പോള്‍ എല്ലാവര്‍ക്കും പറയാന്‍ രസകരമായ കഥകളൊക്കെയുണ്ടാകും. അതുകൊണ്ട് തന്നെ ഒരിക്കലും ഒരു ഷൂട്ടും വിരസമായിട്ടില്ല.

ഇന്നസെന്റ്: - ഏത് ജോലിയും ഒരു ഹ്യൂമര്‍ ലൈനില്‍ കൊണ്ടുപോയാല്‍ അതൊരു ഭാരിച്ച ജോലിയാണ് എന്ന തോന്നലുണ്ടാകില്ല. എല്ലാ ജോലിയും, അത് സിനിമയായാലും നാടകമായാലും അതില്‍ നേരമ്പോക്കുകളില്ലെങ്കില്‍ ഭയങ്കര ബോറായിരിക്കും. ദിവസം മുഴുവന്‍ ബാങ്കില്‍ കണക്കുനോക്കി ഇരിക്കുന്ന കാര്യം എനിക്കാലോചിക്കാന്‍ കഴിയില്ല.
അതുപോലെ രാവിലെ വന്ന് കഥാപാത്രമായിരിക്കാന്‍ എന്നെ കിട്ടില്ല. ടേക്കാകുമ്പോള്‍ കഥാപാത്രമാകാന്‍ പറഞ്ഞാല്‍ അങ്ങനെയാവാം. അത് കഴിഞ്ഞാല്‍ കഥാപാത്രത്തില്‍ നിന്ന് വിടും.

ജഗദീഷ്: - പാര്‍ലമെന്റില്‍ ചെലവഴിച്ച അഞ്ച് വര്‍ഷങ്ങളെക്കുറിച്ചൊന്നും പറഞ്ഞില്ലല്ലോ.

ഇന്നസെന്റ്: - പാര്‍ലമെന്റില്‍ പോയപ്പോ ള്‍ ഇന്ത്യയുടെ ഭാവി എന്താണെന്ന് ചിന്തിക്കുകയായിരുന്നില്ല. എന്റെ സ്വഭാവം വച്ച് ഞാനവിടെയുള്ള ഓരോരുത്തരേയും പറ്റി പഠിക്കുകയായിരുന്നു. ഒരാളുടെ മുഖം കാണുമ്പോള്‍ എനിക്കറിയാം, അയാളെന്താണ് ആലോചിക്കുന്നതെന്ന്.
ചില ആളുകള്‍ എപ്പോള്‍ സ്ഥാനക്കയറ്റം കിട്ടുമെന്നാണ് ആലോചിക്കുന്നത്. നമ്മളെപ്പോഴും ആലോചിക്കുന്നത് നടക്കാത്ത കാര്യങ്ങളാണ്. അങ്ങനെയായാല്‍ ജീവിതം മുഴുവന്‍ നഷ്ടബോധം തോന്നും. കിട്ടുന്നതില്‍ തൃപ്തനായി മുന്നോട്ടുപോയാല്‍ സന്തോഷത്തോടെ ജീവിക്കാം.

ജഗദീഷ്: - ഒരു സിനിമാനടനെന്ന നിലയില്‍ ഇത്രയും നാളത്തെ അനുഭവങ്ങള്‍ ഒരുപാടുണ്ടാകുമല്ലോ.

Interview with Innocent and Jagadeesh

ഇന്നസെന്റ്: - പിന്നേ, ഒരുപാടുണ്ട്. മികച്ച നടനുള്ള നാഷണല്‍ അവാര്‍ഡിന് വേണ്ടി ഞാന്‍ മത്സരിച്ചതാരോടാണെന്നറിയാമോ? അമിതാഭ് ബച്ചന്‍, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമാണ്. ഇന്ത്യയിലെ അറിയപ്പെടുന്ന രണ്ടു നടന്മാരാണവര്‍. അവരുടെ കൂടെ അവാര്‍ഡിനായി എന്നെ പരിഗണിച്ചതില്‍ എനിക്കഭിമാനമേയുള്ളൂ. പത്താംനിലയിലെ തീവണ്ടി എന്ന ചിത്രത്തിനാണ് പരിഗണിച്ചത്. എനിക്കേറെ പ്രിയപ്പെട്ട സിനിമയാണത്.

ഞാന്‍ സിനിമയില്‍ വന്ന സമയത്ത്, ഒരു സീന്‍ അഭിനയിക്കുകയാണ്. ഞാനും മറ്റൊരാളുമായുള്ള സംഭാഷണമാണ്. ആ സീന്‍ ക്യാമറയിലൂടെ കണ്ടതും വിപിന്‍ മോഹന്‍ ക്യാമറയില്‍ നോക്കി ചിരിച്ചു. പിന്നീട് അവിടെ നിന്ന് മാറി ഇരുന്നു ചിരിച്ചു. കാര്യം മനസിലാകാത്തതിനാല്‍ എനിക്ക് ടെന്‍ഷനായി. സീന്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ വിപിനോട് എന്തിനാണ് ചിരിച്ചതെന്ന് ചോദിച്ചു. അടുത്ത വര്‍ഷമാകുമ്പോ ള്‍ തന്നെ പിടിച്ചാല്‍ കിട്ടാത്ത രീതിയിലാകുമെന്നോര്‍ത്ത് ചിരിച്ചതാണെന്നാായിരുന്നു വിപിന്റെ മറുപടി.
ഇത്രയും നാളത്തെ അനുഭവംവച്ച് ചില അഭിനേതാക്കളെ കാണുമ്പോഴറിയാം അവരുടെ ഭാവി എന്താകുമെന്ന്. നവ്യ, ഭാവന അവരുടെ ആദ്യ ചിത്രത്തില്‍ ഞാനുമുണ്ടായിരുന്നു. അവരൊക്കെ നന്നായി വരുമെന്നെനിക്കറിയാമായിരുന്നു.

ജഗദീഷ്: - സിനിമയില്‍ എല്ലാക്കാലത്തും ചില പെയര്‍ കോമ്പിനേഷനുകളുണ്ടാകും. ഞാനും ഉര്‍വശിയുമായിരുന്നു ഒരുകാലത്ത് ജോഡി. ചേട്ടനും കെ.പി.എ.സി ലളിതചേച്ചിയും നല്ല ജോഡിയായിരുന്നല്ലോ?

ഇന്നസെന്റ്: - ഞങ്ങളൊരുമിച്ച് ഒരുപാട് സിനിമകള്‍ ചെയ്തു. ആ കോമ്പിനേഷന്‍ ഹിറ്റായി. അഭിനയിക്കാന്‍ അറിയാവുന്നവര്‍ കൂടെ അഭിനയിക്കുന്നത് ഭാഗ്യമാണ്. ഒരുപടത്തില്‍ മാത്രം എന്റെ പെയറായി ലളിത വേണം എന്ന് ഞാനാവശ്യപ്പെട്ടിട്ടുണ്ട്. ഗോഡ്ഫാദറില്‍. സത്യത്തില്‍ ഗോഡ്ഫാദറിലെ കൊച്ചമ്മിണി എന്ന കഥാപാത്രം വേറെ ആള്‍ക്ക് വച്ചിരുന്നതാണ്. ലളിതയാണ് നല്ലതെന്ന് ഞാന്‍ പറഞ്ഞു. സംവിധായകനും എന്റെ അഭിപ്രായത്തോട് യോജിച്ചതോടെ ലളിത കൊച്ചമ്മിണിയായി.

ജഗദീഷ്: ഒരിടയ്ക്ക് ഞാന്‍ സ്‌ക്രിപ്റ്റ് തിരുത്തുവെന്ന് ആരോപണമുണ്ടായിരുന്നു.

Interview with Innocent and Jagadeesh

ഇന്നസെന്റ്: - താന്‍ മാത്രമല്ല, ഞാനും ചെയ്തിട്ടുണ്ട്. അത് ചിലപ്പോള്‍ സംവിധായകരുടെ ആവശ്യപ്രകാരമായിരിക്കും. പക്ഷേ അന്ന് ആരോപണമുന്നയിച്ചവരില്‍ ചിലരൊന്നും ഇന്ന് സിനിമയില്‍ ഇല്ല, ചിലരിന്ന് ഇവിടെവിട്ട് പോയിട്ടുണ്ട്. കൈയില്‍ കിട്ടുന്ന സ്‌ക്രിപ്റ്റ് മോശമാണെന്ന് തോന്നിയാല്‍ സംവിധായകന്റെ അറിവോടെ ചില തിരുത്തലുകള്‍ വരുത്തും. അത് സിനിമയോടുള്ളൊരു ആവേശം കൊണ്ടാണ്.

ജഗദീഷ്: - സിനിമാ വിശേഷങ്ങളവിടെ നില്‍ക്കട്ടെ. കുറച്ചു പൊതുകാര്യങ്ങളായാലോ? കേരളത്തില്‍ നടക്കുന്ന പ്രണയപ്പകയെക്കുറിച്ച് എന്താണഭിപ്രായം?

ഇന്നസെന്റ്: - ലോകം ഉണ്ടായതുമുതല്‍ അവസാനിക്കുന്നതുവരെ ഇങ്ങനെയുള്ള പ്രണയങ്ങള്‍ ഇനിയുമുണ്ടാകും. പണ്ട് എന്റെ ചെറുപ്പത്തില്‍ അയല്‍വാസിയായ കൊച്ചന്നം ചേച്ചി വീടിന്റെ അടുത്ത് വന്ന് എടാ സെന്‍സിലാവോസേ(ചേട്ടന്‍)പള്ളിയിലേക്കാണേല്‍ വാടാ, ഞാനൊരു കൂട്ട് കിട്ടാന്‍ നില്‍ക്കുവാ!! എന്നുറക്കെ വിളിച്ചു പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ആ സൗഹൃദത്തില്‍ ഇരുവീട്ടുകാര്‍ക്കും പ്രശ്നമുണ്ടായിരുന്നില്ല.

പരിശുദ്ധമായൊരു ബന്ധമുണ്ടായിരുന്നത്. അയല്‍പക്കങ്ങള്‍ തമ്മിലും അത്തരമൊരു ബന്ധമുണ്ടായിരുന്നു. അവര്‍ വേണ്ടപ്പെട്ടവരാണെന്ന ബോധമുണ്ടായിരുന്നു. ഇന്നും അത്തരം ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നവരുണ്ട്.
പണ്ടും പ്രണയവും പ്രതികാരവുമൊക്കെയുണ്ടായിരുന്നു. ഇന്ന് ഒരുപാട് ദൃശ്യമാധ്യമങ്ങള്‍ ഉള്ളതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങള്‍ പുറംലോകമറിയുന്നു. അത്രയേ ഉള്ളൂ.

Interview with Innocent and Jagadeesh

ജഗദീഷ്: - പകയെക്കുറിച്ച് പറയുകയാണെങ്കില്‍ 50 വര്‍ഷം മുമ്പും അമേരിക്കയില്‍ ആളുകളെ കൂട്ടത്തോടെ വെടിവച്ചു കൊന്ന സംഭവമുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ടാകുന്നുണ്ട്. അത്തരക്കാര്‍ക്ക് കൗണ്‍സിലിംഗാണ് വേണ്ടത്. പ്രണയപ്പകയുടെ കാര്യമെടുത്താല്‍ അയാള്‍ വളര്‍ന്നുവന്ന സാഹചര്യമാണ് വില്ലനാകുന്നത്. അത്തരക്കാര്‍ക്ക് മനസിന് എന്തൊക്കെയോ കുഴപ്പങ്ങളുണ്ടെന്ന് ഉറപ്പാണ്. തിരിച്ച് അവര്‍ക്കും ഒറ്റപ്പെട്ടതും മോശവുമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. അതിനോടുള്ള പ്രതിഷേധമായിരിക്കും ഇത്തരം ക്രൂരതകള്‍.

ഇതില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് ചോദിച്ചാല്‍ അവരുടെ പ്രണയത്തിന്റെ ചരിത്രം പരിശോധിക്കേണ്ടി വരും. വഞ്ചിക്കപ്പെട്ടുവെന്ന് തോന്നുമ്പോഴുണ്ടാകുന്ന പക പലരീതിയിലിലാണ് ഇന്നത്തെ കുട്ടികള്‍ തീര്‍ക്കുന്നത്. സോഷ്യല്‍ മീഡിയയൊക്കെ ഇത്ര സജീവമായശേഷം പ്രണയം വയലന്‍സിലേക്ക് കടക്കുന്നുണ്ടെന്ന് പറയാതെ വയ്യ. ണ്‍

(ബ്രേക്ക് അവസാനിച്ചെന്ന അറിയിപ്പെത്തിയതോടെ ചര്‍ച്ചകള്‍ക്ക് വിരാമമായി. ഒരുമിച്ചുള്ള ഫോട്ടോഷൂട്ടിന് ശേഷം വീണ്ടും ഷൂട്ടിലേക്ക്.)

അശ്വതി അശോക്

Ads by Google
Ads by Google
Loading...
TRENDING NOW