Wednesday, August 14, 2019 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 27 Jul 2019 01.44 AM

ആറ്റൂരിന്റെ മൗനത്തിനും മഹാമുഴക്കം

uploads/news/2019/07/325109/bft3.jpg

ചുരുക്കം വാക്കുകളില്‍ വലിയ പ്രപഞ്ചത്തെ വിശദീകരിക്കുന്ന ആറ്റിക്കുറുക്കിയ രചനകള്‍... ഇതായിരുന്നു മലയാള കാവ്യലോകത്തെ ആറ്റൂര്‍ ശൈലി. നൂറില്‍ത്താഴെമാത്രം കവിതകള്‍. കുറച്ചു മൊഴിഞ്ഞ്‌ കൂടുതല്‍ അനുഭവവേദ്യമാക്കുന്ന അസാധാരണ രചനാപാടവം.
കാവ്യലോകത്ത്‌ ആറ്റൂര്‍ രവിവര്‍മയ്‌ക്കുള്ളത്‌ അവധൂതന്റെ വേഷപ്പകര്‍ച്ച. മൗനത്തിന്റെ മുഴക്കത്തോടായിരുന്നു എന്നും താല്‍പര്യം. ഒറ്റവായനയില്‍ അവസാനിക്കാതെ ആസ്വാദകരെ ഒരേസമയം ആനന്ദിപ്പിക്കുകയും അസ്വസ്‌ഥമാക്കുകയും ചെയ്യുന്ന രചനകള്‍.
പിടിച്ചുനില്‍ക്കുന്നവര്‍ ഒഴുക്കില്‍പ്പെടുമെന്നും മാറ്റം അനിവാര്യമാണെന്നുമുള്ള പക്ഷക്കാരന്‍. കവിക്കും വിരമിക്കല്‍ വേണമെന്ന്‌ അദ്ദേഹം ഒരു അഭിമുഖത്തില്‍ പ്രതികരിച്ചിരുന്നു. മനസില്‍ കവിത എപ്പോഴുമുണ്ടാകണം. പ്രായമേറിയാല്‍ കവിതയെഴുത്ത്‌ അസാധ്യം- ഭാവിയെക്കുറിച്ചുള്ള ആറ്റൂരിന്റെ നിരീക്ഷണം ഇങ്ങനെ.
അയ്യപ്പപണിക്കര്‍, സച്ചിദാനന്ദന്‍, കെ.ജി.എസ്‌., കടമ്മനിട്ട തുടങ്ങിയ കവികള്‍ മലയാള കവിതയിലെ യുഗ പരിവര്‍ത്തനത്തിന്റെ ശബ്‌ദങ്ങളായി മാറിയതില്‍ ആറ്റൂര്‍ ചെലുത്തിയ സ്വാധീനം വലുതാണ്‌.
പാട്ടുകളും പഴങ്കഥകളും കേട്ടുവളര്‍ന്ന മനസില്‍ സര്‍ഗചേതന താനേ പിറവിയെടുത്തെന്ന്‌ ആറ്റൂര്‍ തന്നെ പറഞ്ഞിട്ടുണ്ട്‌. കമ്യൂണിസ്‌റ്റ്‌ പാര്‍ട്ടിയുമായി ചെറുപ്പത്തിലുണ്ടായ ബന്ധമാണ്‌ ഇടതുപക്ഷ ആഭിമുഖ്യത്തിനു കാരണം. എ.കെ.ജിയുമായി പരിചയപ്പെട്ടതും നിര്‍ണായകമായി.
ചെറുതുരുത്തി, ചേലക്കര, ഷൊര്‍ണൂര്‍, ചാലക്കുടി എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. നോവല്‍ വായനയും അക്ഷരശ്‌ളോകത്തിലുള്ള താല്‍പര്യവും അക്ഷരലോകത്തേക്ക്‌ ആറ്റൂരിനെ അടുപ്പിച്ചു.
ആദ്യ കവിത ചെറുതുരുത്തി സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു. യുവശക്‌തി എന്ന പ്രാദേശിക പത്രത്തിലാണ്‌ അതു പ്രസിദ്ധീകരിച്ചത്‌. കോഴിക്കോട്‌ സാമൂതിരി കോളജില്‍ ഇന്റര്‍മീഡിയറ്റ്‌ പഠനകാലത്ത്‌ കുട്ടിക്കൃഷ്‌ണ മാരാരുമായി ആശയവിനിമയം നടത്തിയതു വഴിത്തിരിവായി. സമരങ്ങളിലെ പങ്കാളിത്തം സാമൂതിരി കോളജില്‍നിന്നു പുറത്തേക്കുള്ള വഴിതുറന്നു.
പിന്നീട്‌ ക്രിസ്‌ത്യന്‍ കോളജില്‍ ചേര്‍ന്ന അദ്ദേഹം വൈകാതെ തലസ്‌ഥാനത്തെ യൂണിവേഴ്‌സിറ്റി കോളജില്‍ ബി.എ. ഓണേഴ്‌സ്‌ വിദ്യാര്‍ഥിയായി. പഠനാനന്തരം മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ ലക്‌ചററായി. ആ സമയം എം. ഗോവിന്ദനുമായി അടുത്തു. തലശേരി ബ്രണ്ണന്‍ കോളജില്‍ അധ്യാപകനായിരിക്കെ പിണറായി വിജയന്‍, എ.കെ. ബാലന്‍ എന്നിവര്‍ ആറ്റൂരിന്റെ ശിഷ്യരായിരുന്നു. എം.എന്‍. വിജയന്‍ സതീര്‍ഥ്യനും. പി. കുഞ്ഞിരാമന്‍ നായരുമായും അദ്ദേഹത്തിന്‌ അടുത്ത ബന്ധമായിരുന്നു. കാവ്യലോകത്ത്‌ ചിരപ്രതിഷ്‌ഠ നല്‍കിയ രചനകള്‍ക്കു പുറമേ മാധവന്‍ അയ്പ്പയത്തിനൊപ്പം കമ്പരാമായണത്തിന്റെ മലയാള വിവര്‍ത്തകനെന്ന പെരുമയും ആറ്റൂരിനു സ്വന്തം.
കേന്ദ്ര സാഹിത്യ അക്കാഡമി, കേരള സാഹിത്യ അക്കാഡമി പുരസ്‌കാരങ്ങളും എഴുത്തച്‌ഛന്‍, ആശാന്‍ പുരസ്‌കാരങ്ങളും ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളം പ്രഫസറായി സേവനമനുഷ്‌ഠിച്ചു. സാഹിത്യ അക്കാഡമി ജനറല്‍ കൗണ്‍സിലില്‍ അഞ്ചുവര്‍ഷം അംഗമായിരുന്നു. 1976-81 വരെ കോഴിക്കോട്‌ സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ അംഗം.
എട്ടു പതിറ്റാണ്ട്‌ നീണ്ട സാഹിത്യജീവിതത്തില്‍, "കവിത", "ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍" എന്നീ കവിതാസമാഹാരങ്ങളും ജെ.ജെ. ചില കുറിപ്പുകള്‍, ഒരു പുളിമരത്തിന്റെ കഥ, നാളെ മറ്റൊരുനാള്‍ തുടങ്ങിയ വിവര്‍ത്തനങ്ങളും ശ്രദ്ധേയമായി. നൂറ്റമ്പതോളം കവിതകള്‍ പ്രസിദ്ധീകരിച്ചു. 1956-ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ഒ.എന്‍.വി. ഉള്‍പ്പെടെയുള്ളവരുമായുള്ള സൗഹൃദം സാഹിത്യാഭിരുചിയിലേക്കു ചാലുകീറി. കമ്യൂണിസ്‌റ്റ്‌ ആശയങ്ങളോടുള്ള അടുപ്പം രചനകളിലും സൂക്ഷിച്ചു.
തൃശൂര്‍ ജില്ലയിലെ തലപ്പിള്ളി താലൂക്കില്‍പ്പെട്ട ആറ്റൂരില്‍ കൃഷ്‌ണന്‍ നമ്പൂതിരിയുടെയും ആലുക്കല്‍ മഠത്തില്‍ അമ്മിണിയമ്മയുടെയും മകനായി 1930 ഡിസംബര്‍ 27-നു ജനനം. മലയാളത്തില്‍ ബിരുദാനന്തരബിരുദം നേടിയശേഷം മദ്രാസ്‌ പ്രസിഡന്‍സി കോളജില്‍ അധ്യാപകനായി. പിന്നീട്‌ തലശേരി ബ്രണ്ണന്‍ കോളജിലെത്തിയതോടെ സാഹിത്യസൗഹൃദം വിപുലമായി. മഹാകവി പി. കുഞ്ഞിരാമന്‍ നായര്‍, ജോസഫ്‌ മുണ്ടശേരി, മഹാകവി ജി. ശങ്കരക്കുറുപ്പ്‌ എന്നിവരുമായും അടുത്തു. അതിനിടെയാണു കവി കുഞ്ഞിരാമന്‍ നായരെ വര്‍ണിക്കുന്ന "മേഘരൂപ"ന്റെ പിറവി. 1986-ല്‍ വിരമിച്ചശേഷം ഭാര്യ ശ്രീദേവിയുമൊത്ത്‌ തൃശൂര്‍ നഗരത്തിലെ രാഗമാലികാപുരം "ശഹാന"യിലായിരുന്നു താമസം.
പി.കുഞ്ഞിരാമന്‍ നായര്‍, പ്രേംജി, ഇ.കെ. ദിവാകരന്‍ പോറ്റി തുടങ്ങിയവരുടെ സ്‌മരണാര്‍ഥമുള്ള പുരസ്‌കാരങ്ങളും നേടി. ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍ ഭാഗം-1, ആറ്റൂര്‍ രവിവര്‍മയുടെ കവിതകള്‍ ഭാഗം-2, ജെ.ജെ. ചില കുറിപ്പുകള്‍, ഒരു പുളിമരത്തിന്റെ കഥ, നാളെ മറ്റൊരു നാളെമാത്രം, രണ്ടാം യാമങ്ങളുടെ കഥ, പുതുനാനൂറ്‌, ഭക്‌തികാവ്യം, തമിഴ്‌ പുതുകവിതകള്‍ (വിവര്‍ത്തനങ്ങള്‍), പുതുമൊഴിവഴികള്‍ (എഡിറ്റര്‍) എന്നിവയാണു മറ്റു പ്രമുഖകൃതികള്‍.

ചെറിയ വാക്കിലെ വലിയ ചിന്തയും വലിയ നര്‍മവും- ജയരാജ്‌ വാര്യര്‍

ആധുനിക കവികളില്‍ ഏറ്റവും മുമ്പന്തിയില്‍നിന്നയാളായിരുന്നു ആറ്റൂര്‍ രവിവര്‍മ്മ. അധ്യാപന ജീവിതത്തിലും അല്ലാതെയുമായി ഒരുപാട്‌ ശിക്ഷ്യസമ്പത്തും അദ്ദേഹത്തിനുണ്ടായിരുന്നു.
ചെറിയ വാക്കുകളില്‍ വലിയ ചിന്തയും വലിയ നര്‍മബോധവുമുള്ള ആളായിരുന്നു. ആറ്റൂരിനെ എന്നും അകന്നു നിന്നാണ്‌ നോക്കിക്കണ്ടിട്ടുള്ളത്‌. പക്ഷേ, എന്നും അടുത്തയാളായി തോന്നിയിട്ടുണ്ട്‌. ചുറ്റുപാടുകളോടുപോലും ആര്‍ദ്രമായാണ്‌ ഇടപെടുന്നതെന്ന സവിശേഷതയും അദ്ദേഹത്തില്‍ കണ്ടിരുന്നു. നേരില്‍ കാണുമ്പോഴൊക്കെ ചാക്യാര്‍കൂത്തിന്റെ പുതിയ ഭാവമാണ്‌ എന്റെ കലാസൃഷ്‌ടിക്കെന്നു വാത്സല്യത്തോടെ പറഞ്ഞിരുന്നു.

Ads by Google
Saturday 27 Jul 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW