Thursday, August 08, 2019 Last Updated 39 Min 45 Sec ago English Edition
Todays E paper
Ads by Google
​കെ. വി.. എസ്. ഹരിദാസ്
Friday 26 Jul 2019 07.56 AM

അസഹിഷ്ണുതാ വിലാപങ്ങളും സാംസ്‌കാരിക കോപ്രായങ്ങളും

എത്രയോ ഭീകരസംഭവങ്ങള്‍ക്കു കഴിഞ്ഞ കുറേ മാസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചു. ആന്തൂര്‍ മുതല്‍ യൂണിവേഴ്‌സിറ്റി കോളജ് വരെ. ലോക്കപ്പുകളില്‍ അരുംകൊല, കലാലയങ്ങളില്‍ കൊലക്കത്തി. ഏറ്റവുമൊടുവില്‍ തൃശൂരില്‍ വന്ദ്യവയോധികനായ അധ്യാപകന്‍ ആക്രമിക്കപ്പെട്ടു. ചലച്ചിത്രമേഖലയില്‍ നടി ആക്രമിക്കപ്പെട്ടത് ഉള്‍പ്പടെ എത്രയോ സംഭവങ്ങള്‍. ശബരിമല ധര്‍മശാസ്താവിനെ പച്ചത്തെറി വിളിച്ച് ഒരു സംവിധായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. മതവികാരം വ്രണപ്പെടുത്തിയതിന് അയാള്‍ക്കെതിരേ ഒരു നടപടിയുമുണ്ടായില്ലെന്നുമാത്രമല്ല, അത് ആവിഷ്‌കാരസ്വാതന്ത്ര്യമാണെന്നു മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. അപ്പോഴൊന്നും അടൂരിനെ കണ്ടതേയില്ല!
KVS Haridas column

രാജ്യത്ത് ഒരു പുതിയ അസഹിഷ്ണുതാവാദം ഉയര്‍ത്താനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജനങ്ങളാല്‍ നിരാകരിക്കപ്പെട്ടവരുടെ അസഹിഷ്ണുതയാണിതെന്നതു പകല്‍പോലെ വ്യക്തം. പശ്ചിമബംഗാള്‍ സര്‍ക്കാരിനെ നയിക്കുന്ന മമതാ ബാനര്‍ജിയാണ് ഇതിനു പിന്നില്‍. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോട് ഏറ്റവുമധികം അസഹിഷ്ണുത വച്ചുപുലര്‍ത്തിയ മുഖ്യമന്ത്രിയായിരുന്നു മമത. പ്രതിപക്ഷനേതാക്കള്‍ക്കു സംസ്ഥാനത്തു പ്രവേശനാനുമതി നിഷേധിച്ചു, പൊതുസമ്മേളനങ്ങള്‍ക്കും റാലികള്‍ക്കും വിലക്ക്, ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി...അങ്ങനെ എന്തെല്ലാം. ബംഗാളിലെ സി.പി.എം. നേതാക്കള്‍ക്കു പലപ്പോഴും ബി.ജെ.പി. പ്രവര്‍ത്തകരാണു രക്ഷകരായെത്തിയത്. എന്നാല്‍ ഇന്നിപ്പോള്‍ സഖാക്കള്‍, അക്കൂട്ടര്‍ക്കൊപ്പം ലജ്ജയില്ലാതെ അണിനിരക്കുകയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്തു മമത ഏറ്റവുമധികം എതിര്‍ത്തതു ബി.ജെ.പിയേയാണ്. മമതയുടെ ന്യൂനപക്ഷപ്രീണനം തുറന്നുകാട്ടിയ ബി.ജെ.പിക്കു ഗ്രാമഗ്രാമാന്തരങ്ങളില്‍ പിന്തുണയേറിയതു സ്വാഭാവികം. ബംഗാളില്‍ ''ജയ്ശ്രീറാം'' വിളി തരംഗമായതിനു പിന്നിലും മമതയുടെ ധാര്‍ഷ്ട്യമായിരുന്നു. മമതയുടെ സന്ദര്‍ശനവേളയില്‍ ഒരിടത്ത് വഴിയോരത്തു നിന്നവര്‍ ജയ്ശ്രീറാം വിളിച്ചു. അങ്ങനെ വിളിച്ച യുവാക്കളില്‍ പലരും പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബങ്ങളില്‍നിന്നുള്ളവരുമായിരുന്നു. കുപിതയായ മുഖ്യമന്ത്രി ആ യുവാക്കളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിനു നിര്‍ദേശം നല്‍കിയതു ബംഗാളില്‍ മാത്രമല്ല, രാജ്യമെമ്പാടും ചര്‍ച്ചയായി. പിന്നീടങ്ങോട്ട് മമത എത്തുന്നിടത്തെല്ലാം ജയ്ശ്രീറാം വിളിയുയര്‍ന്നു. വിളിച്ചവര്‍ പലയിടത്തും അറസ്റ്റിലായി. അതൊന്നും ബംഗാളികളുടെ പ്രതികരണശേഷി കുറച്ചില്ല. സ്വാഭാവികമായും ബി.ജെ.പി. അതു രാഷ്ട്രീയായുധമാക്കി. ബംഗാളിലെ നിരവധി പൊതുസമ്മേളനങ്ങളില്‍ അമിത് ഷാ അടക്കമുള്ള ബി.ജെ.പി. നേതാക്കള്‍ ജയ്ശ്രീറാം മുഴക്കി, അറസ്റ്റ് ചെയ്യാന്‍ മമതയെ വെല്ലുവിളിച്ചു.
മമത തുറന്നുകാട്ടപ്പെട്ട അതേ വിഷയം എടുത്തിട്ട് ബി.ജെ.പിയേയും പ്രധാനമന്ത്രിയേയും ആക്രമിക്കാനാണ് ഇപ്പോഴത്തെ നീക്കം. ജയ്ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച്, ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നുവെന്നാണ് ആക്ഷേപം. അത്തരം ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടാകാം. ക്രമസമാധാനപാലനം സംസ്ഥാനവിഷയമായതിനാല്‍ നടപടിയെടുക്കേണ്ടതും സംസ്ഥാനസര്‍ക്കാരുകളാണ്. അതല്ലാതെ, ബി.ജെ.പി. അധികാരത്തിലേറിയശേഷം മുസ്ലിംകളെ ആക്രമിക്കുന്നു, ദളിതരും മറ്റും പ്രതിസന്ധിയിലാണ് എന്നതൊക്കെ നട്ടാല്‍ കുരുക്കാത്ത നുണകളാണ്. ഇത്തരം നുണകളെ അതിജീവിച്ചാണു നരേന്ദ്ര മോഡി ചരിത്രവിജയം നേടിയതെന്നും കാണാതിരുന്നുകൂടാ.

ജയ്ശ്രീറാം വിഷയത്തില്‍ പ്രധാനമന്ത്രിക്കുള്ള കത്തില്‍ ഒപ്പുവച്ച 49 പേരില്‍ മുപ്പതിലേറെപ്പേര്‍ ബംഗാളികളാണ്. അവരില്‍ അപര്‍ണാ സെന്‍ മമതയുടെ അടുത്തയാളും. നിവേദകരില്‍ രണ്ടു മലയാളികളുമുണ്ട്, അടൂര്‍ ഗോപാലകൃഷ്ണനും രേവതിയും. മലയാളിക്കു പരിചിതനായ സംവിധായകന്‍ മണിരത്‌നമാണു മറ്റൊരാള്‍. ബിനായക് സെന്നിനെക്കൂടി പരാമര്‍ശിച്ചാലേ പട്ടിക പൂര്‍ണമാകൂ. രാജ്യദ്രോഹത്തിനു കോടതി ജീവപര്യന്തം ശിക്ഷിച്ച അറിയപ്പെടുന്ന മാവോയിസ്റ്റാണ് അയാള്‍. രാജ്യദ്രോഹക്കുറ്റം ചെയ്തയാള്‍ക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിക്കെതിരേ രംഗത്തുവരേണ്ട ഗതികേട് അടൂരിനുണ്ടായല്ലോ എന്നതാണു സങ്കടകരം.

തെറ്റുകളെ എതിര്‍ക്കാന്‍ സാംസ്‌കാരികനായകര്‍ രംഗത്തുവരേണ്ടതാണ്. എന്നാല്‍ അടൂര്‍ മുമ്പ് എപ്പോഴെങ്കിലും ഇതുപോലെ പ്രതികരിച്ചു കണ്ടിട്ടുണ്ടോ? ശബരിമല പ്രശ്‌നത്തില്‍ തെരുവില്‍ നാമം ജപിച്ചുനടന്ന എത്രയോ പേര്‍ക്കെതിരേ കള്ളക്കേസെടുത്തു. അവരില്‍ എത്രയോ അമ്മമാരുണ്ടായിരുന്നു...അടൂര്‍ നാവനക്കിയോ? എത്രയോ ഭീകരസംഭവങ്ങള്‍ക്കു കഴിഞ്ഞ കുറേ മാസങ്ങളില്‍ കേരളം സാക്ഷ്യം വഹിച്ചു. ആന്തൂര്‍ മുതല്‍ യൂണിവേഴ്‌സിറ്റി കോളജ് വരെ. ലോക്കപ്പുകളില്‍ അരുംകൊല, കലാലയങ്ങളില്‍ കൊലക്കത്തി. ഏറ്റവുമൊടുവില്‍ തൃശൂരില്‍ വന്ദ്യവയോധികനായ ഒരു അധ്യാപകന്‍ ആക്രമിക്കപ്പെട്ടു. ചലച്ചിത്രമേഖലയില്‍ നടി ആക്രമിക്കപ്പെട്ടത് ഉള്‍പ്പടെ എത്രയോ സംഭവങ്ങള്‍. ശബരിമല ധര്‍മശാസ്താവിനെ പച്ചത്തെറി വിളിച്ച് ഒരു സംവിധായകന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടു. മതവികാരം വ്രണപ്പെടുത്തിയതിന് അയാള്‍ക്കെതിരേ ഒരു നടപടിയുമുണ്ടായില്ലെന്നുമാത്രമല്ല, അത് ആവിഷ്‌കാരസ്വാതന്ത്ര്യമാണെന്നു മുഖ്യമന്ത്രി ന്യായീകരിക്കുകയും ചെയ്തു. അപ്പോഴൊന്നും അടൂരിനെ കണ്ടതേയില്ല!

ഇപ്പോഴത്തെ ഈ നീക്കങ്ങള്‍ക്കു പിന്നിലുള്ള മമതാ ബാനര്‍ജിയുടെ അടുത്തലക്ഷ്യം നിയമസഭാ തെരഞ്ഞെടുപ്പാണ്. ദേശീയകക്ഷി എന്ന സ്ഥാനം പോലും തൃണമൂല്‍ കോണ്‍ഗ്രസിനു നഷ്ടമാകുന്ന അവസ്ഥയാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ പ്രധാനമന്ത്രിക്കസേര സ്വപ്‌നം കണ്ടവരില്‍ മമതയും ഉണ്ടായിരുന്നല്ലോ. എന്നാല്‍ സ്വന്തം തട്ടകത്തില്‍പ്പോലും ദയനീയപരാജയമായിരുന്നു ഫലം. ഒടുവില്‍, രക്ഷാമാര്‍ഗം തേടി മമതയെത്തിയതു ''തെരഞ്ഞെടുപ്പ് വിദഗ്ധനായ'' പ്രശാന്ത് കിഷോറിലാണ്.

കോടികളുടെ ഇടപാണിതെന്ന വിവരം പുറത്തുവന്നുകഴിഞ്ഞു. ഇതേ പ്രശാന്ത് കിഷോറാണു മുമ്പ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ നിതീഷ്, രാഹുല്‍, ലാലുമാരുടെ ഉപദേഷ്ടാവായിരുന്നത്. അന്നാണ് ആദ്യമായി അസഹിഷ്ണുതാവാദം ഉയര്‍ന്നുകേട്ടത്. കുറേ സാംസ്‌കാരികനായകര്‍ പുരസ്‌കാരങ്ങള്‍ തിരികെനല്‍കി. അതിനൊപ്പം കിട്ടിയ പണം തിരിച്ചുകൊടുത്തതുമില്ല. ഇന്നിപ്പോള്‍ പ്രശാന്ത് കിഷോറിന്റെ തണലില്‍ മമത അതേ ആയുധങ്ങള്‍ വീണ്ടും പ്രയോഗിക്കുകയാണ്. മമതയ്ക്കു വേണ്ടി ഇത്തരമൊരു പാഴ്‌വേലയ്ക്ക് സമൂഹത്തില്‍ സ്ഥാനമുണ്ടെന്നവകാശപ്പെടുന്ന ചിലരെങ്കിലും എന്തിനാണ് ഇറങ്ങിത്തിരിക്കുന്നത്? ജനങ്ങള്‍ അധികാരത്തിലേറ്റിയ മോഡി സര്‍ക്കാരിനെ എതിര്‍ക്കണമെങ്കില്‍ അതിനുള്ള ജനപിന്തുണയാണ് ഇക്കൂട്ടര്‍ ആദ്യം ആര്‍ജിക്കേണ്ടത്. അന്തിച്ചര്‍ച്ചയ്ക്കു വകയൊരുക്കുന്ന പ്രസ്താവനകള്‍കൊണ്ട് ഒന്നും നേടാനില്ല.

​- കെ. വി.. എസ്. ഹരിദാസ്

Ads by Google
​കെ. വി.. എസ്. ഹരിദാസ്
Friday 26 Jul 2019 07.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW