Wednesday, August 21, 2019 Last Updated 20 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jul 2019 01.15 AM

പൂപ്പാറയില്‍ കര്‍ഷകന്‍ വെടിവച്ച്‌ ജീവനൊടുക്കി

uploads/news/2019/07/323993/k6.jpg

രാജകുമാരി: പൂപ്പാറയില്‍ കര്‍ഷകന്‍ സ്വയം വെടിവച്ച്‌ ജീവനൊടുക്കി. മുള്ളന്‍തണ്ട്‌ കാക്കുന്നേല്‍ കെ.പി. സന്തോഷാ (45) ണ്‌ വീട്ടിനുള്ളില്‍ കഴുത്തിന്‌ നാടന്‍ തോക്കുകൊണ്ട്‌ വെടിവച്ച്‌ ആത്മഹത്യ ചെയ്‌തത്‌. ഇന്നലെ വൈകിട്ട്‌ നാലരയോടെയാണ്‌ സംഭവം.
ഒരു മാസം മുന്‍പ്‌ മരത്തില്‍നിന്നും വീണതിനെത്തുടര്‍ന്ന്‌ നട്ടെല്ലിനു പരുക്കേറ്റ്‌ ചികില്‍സയിലായിരുന്ന ഇയാള്‍ ആശുപത്രിയില്‍ നിന്നും എത്തിയെങ്കിലും വീട്ടില്‍ കിടപ്പിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ സ്‌ഥിതി അല്‍പം മെച്ചപ്പെട്ടതിനാല്‍ ഇന്നലെ ഉച്ചയോടെ വീട്ടില്‍നിന്നും പുറത്തുപോയി.
മടങ്ങിയെത്തിയ ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന തോട്ടാക്കുഴല്‍കൊണ്ട്‌ കഴുത്തില്‍ വെടി വയ്‌ക്കുകയായിരുന്നു. വെടിയുണ്ട വലതുകണ്ണ്‌ തകര്‍ത്ത്‌ പുറത്തുവന്നു. ഭാര്യ രജനിയും മകന്‍ അര്‍ജുനും ഈ സമയം വീടിനുസമീപം കൃഷിയിടത്തില്‍ പണികള്‍ ചെയ്‌തു കൊണ്ടിരിക്കുകയായിരുന്നു. ശബ്‌ദം കേട്ട്‌ ഇവരും സമീപവാസികളും ഓടിയെത്തിയപ്പോള്‍ സന്തോഷ്‌ മുറിയില്‍ വീണുകിടക്കുന്നതാണ്‌ കണ്ടത്‌. ഉടന്‍തന്നെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
23 സെന്റോളം സ്‌ഥലമാണ്‌ കുടുംബത്തിനുള്ളത്‌. സമീപത്തെ സ്‌ഥലം പാട്ടത്തിനെടുത്ത്‌ കൃഷി ചെയ്യുന്നുമുണ്ട്‌. ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ നാലു ലക്ഷത്തോളം രൂപയുടെ വായ്‌പയുള്ളതായും പറയപ്പെടുന്നു.
ചികിത്‌സാ ചെലവുകള്‍ക്കായി ഇയാള്‍ വ്യക്‌തികളില്‍നിന്നും തുക വായ്‌പ വാങ്ങിയിരുന്നതായി പറയുന്നു. ചില കുടുംബ പ്രശ്‌നങ്ങള്‍ മൂലം ഇയാള്‍ അഞ്ചുമാസത്തോളമായി കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നും ചികില്‍സയ്‌ക്കും മറ്റുമായി വന്‍ തുക ചെലവായെന്നും നാട്ടുകാര്‍ പറഞ്ഞു. വര്‍ഷങ്ങളായി വീട്ടില്‍ സൂക്ഷിച്ചു വരുന്ന തോക്കിന്‌ ലൈസന്‍സ്‌ ഇല്ലെന്നാണ്‌ പ്രാഥമിക വിവരം. നിലത്തു കുത്തിനിര്‍ത്തിയ ശേഷം കുഴലിന്റെ അഗ്രം കഴുത്തില്‍ ചേര്‍ത്തുവച്ച്‌ കാലുകൊണ്ട്‌ കാഞ്ചി വലിച്ചിരിക്കാമെന്നാണ്‌ നിഗമനം. ശാന്തന്‍പാറ സി.ഐ: പി.ആര്‍ പ്രദീപ്‌കുമാറിന്റെ നേതൃത്വത്തില്‍ മേല്‍ നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം നെടുങ്കണ്ടം താലൂക്ക്‌ ആശുപത്രിയിലേക്കു മാറ്റി. കോട്ടയത്തുനിന്നുള്ള ഫോറന്‍സിക്‌ വിഭാഗം വിശദമായ പരിശോധനകള്‍ നടത്തിയശേഷം മൃതദേഹം ഇന്ന്‌ പോസ്‌റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും.

Ads by Google
Tuesday 23 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW