Saturday, August 24, 2019 Last Updated 2 Min 2 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Jul 2019 01.15 AM

അവധിയില്ലാതെ മഴ : കണ്ണൂര്‍, കാസര്‍ഗോഡ്‌, മലപ്പുറം ജില്ലകളില്‍ അവധി

uploads/news/2019/07/323992/k5.jpg

വടക്കന്‍ ജില്ലകളില്‍ ശക്‌തമായും തെക്കന്‍ ജില്ലകളില്‍ തെല്ലൊന്നു ശമിച്ചും മഴ തുടരുന്നു. മഴക്കെടുതിയില്‍ തൃശൂരും കോഴിക്കോടും കാസര്‍ഗോഡുമായി മൂന്നു മരണം. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി മണിക്കടവില്‍ ഒഴുക്കില്‍പ്പെട്ട യുവാവിനെ കണ്ടെത്താനുള്ള തിരച്ചില്‍ രണ്ടാംദിവസവും തുടര്‍ന്നു.
കോഴിക്കോട്‌ കടലില്‍ ഒരാളെ കാണാതായെന്ന്‌ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സ്‌ഥിരീകരണമില്ല. വ്യാഴാഴ്‌ചവരെ ശക്‌തമായ മഴ തുടരുമെന്നാണ്‌ കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്‌
തൃശൂര്‍ ജില്ലയിലെ മാള കരിങ്ങോള്‍ച്ചിറ തോട്ടില്‍ ഒഴുക്കില്‍പ്പെട്ട്‌ പുത്തന്‍ചിറ തോര്‍ക്കയില്‍ വിഷ്‌ണു (19) മരിച്ചു. മാല്യങ്കര എസ്‌.എന്‍.എം. കോളേജ്‌ വിദ്യാര്‍ഥിയാണ്‌. കോഴിക്കോട്‌ കാക്കൂര്‍ രാമല്ലൂരില്‍ പുതുക്കുളങ്ങര കൃഷ്‌ണന്‍കുട്ടി (65) വെള്ളക്കെട്ടില്‍ വീണാണു മരിച്ചത്‌.
പയ്യന്നൂര്‍ കുഞ്ഞിമംഗലം കിഴക്കാനി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്‌ സമീപത്തെ ചന്തേരക്കാരന്‍ രവി-സുനിത ദമ്പതികളുടെ മകന്‍ രതുല്‍ (23) കൂട്ടുകാരോടൊപ്പം കുളത്തിലിറങ്ങിയപ്പോഴാണ്‌ അപകടത്തില്‍പ്പെട്ടു മരിച്ചത്‌.
കാസര്‍ഗോഡ്‌ വെള്ളരിക്കുണ്ട്‌ കനപ്പള്ളിയില്‍ വീടു തകര്‍ന്ന്‌ അഞ്ചുപേര്‍ക്കു പരുക്കേറ്റു. ഒരാളുടെ നില ഗുരുതരം. കോഴിക്കോട്‌ ജില്ലയിലെ മലയോരപ്രദേശങ്ങളില്‍ നാലുദിവസമായി തുടരുന്ന മഴയ്‌ക്ക്‌ ശമനമായിട്ടില്ല. കുറ്റ്യാടി, കടന്തറ, നിടുവാല്‍, തൊട്ടില്‍പ്പാലം പുഴകള്‍ കരകവിഞ്ഞൊഴുകി. അപകടഭീഷണി നേരിടുന്ന പുഴയോരവാസികളെ സുരക്ഷിത സ്‌ഥലങ്ങളിലേക്കു മാറ്റി. മൂന്നുദിവസമായി തുടരുന്ന മഴയില്‍ കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
പയ്യന്നൂര്‍ മീന്‍കുഴി അണക്കെട്ടിലെ ജലനിരപ്പ്‌ ഉയര്‍ന്നതിനാല്‍ വെള്ളപ്പൊക്കത്തിന്‌ സാധ്യതയുണ്ടെന്ന്‌ അധികൃതര്‍ അറിയിച്ചു. കടലാക്രമണത്തെത്തുടര്‍ന്നു പൊന്നാനി തീരദേശത്തെ 60 വീടുകളില്‍ വെള്ളംകയറി. വയനാട്ടില്‍ റെഡ്‌ അലെര്‍ട്ട്‌ പ്രഖ്യാപിച്ചുവെങ്കിലും മഴ ദുര്‍ബലമായിരുന്നു.
സംസ്‌ഥാനത്ത്‌ 26 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്‌. ക്യാമ്പുകളില്‍ 1519 പേരാണുള്ളത്‌. കോട്ടയം ജില്ലയിലാണ്‌ കൂടുതല്‍ ക്യാമ്പുകള്‍, ഒന്‍പതെണ്ണം. നാലു ക്യാമ്പുകളിലായി 680 പേരുള്ള തിരുവന്തപുരത്താണ്‌ ഏറ്റവും കൂടുതലാളുകള്‍.

കാറ്റ്‌, വന്‍തിരമാല; മത്സ്യത്തൊഴിലാളികള്‍ക്ക്‌ മുന്നറിയിപ്പ്‌

തൃശൂര്‍: കേരള തീരത്ത്‌ ശക്‌തമായ കാറ്റിനും തിരമാലയ്‌ക്കും സാധ്യയെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്‌. പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ്‌ വരെയുള്ള കേരളതീരത്ത്‌ ഇന്ന്‌ രാത്രി പതിനൊന്നരവരെ മൂന്നരമുതല്‍ 4.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരുമെന്നാണ്‌ ദേശീയ സമുദ്രസ്‌ഥിതിപഠന കേന്ദ്രത്തിന്റെ അറിയിപ്പ്‌. കേരളതീരത്തേക്ക്‌ പടിഞ്ഞാറ്‌ ദിശയില്‍നിന്നു മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്‌തമായ കാറ്റു വീശാനുള്ള സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്‌ധമോ അതിപ്രക്ഷുബ്‌ധമോ ആവാന്‍ സാധ്യതയുണ്ട്‌.

കണ്ണൂര്‍, കാസര്‍ഗോഡ്‌, മലപ്പുറം ജില്ലകളില്‍ അവധി

തിരുവനന്തപുരം: കനത്തമഴയെത്തുടര്‍ന്ന്‌ റെഡ്‌ അലര്‍ട്ട്‌ പ്രഖ്യാപിച്ചിരിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്‌, മലപ്പുറം ജില്ലകളില്‍ പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്ക്‌ കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സര്‍വകലാശാലകള്‍ നിശ്‌ചയിച്ചിട്ടുള്ള പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും.
ആലപ്പുഴ ജില്ലയില്‍ കുട്ടനാട്‌ താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും കാര്‍ത്തികപ്പള്ളി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന്‌ കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.
കോട്ടയം ജില്ലയില്‍ അയര്‍ക്കുന്നം വില്ലേജില്‍ പുന്നത്തറ സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂള്‍ ഒഴികെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും കലക്‌ടര്‍ ഇന്ന്‌ അവധി പ്രഖ്യാപിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 23 Jul 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW