Tuesday, August 20, 2019 Last Updated 17 Min 4 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.45 AM

ഇടതുരാഷ്‌ട്രീയത്തിലെ ദളിത്‌ മുഖം

uploads/news/2019/07/323825/bft1.jpg

രാജ്യത്തെ കമ്യൂണിസ്‌റ്റ്‌ പ്രസ്‌ഥാനങ്ങളുടെ അമരത്തെത്തുന്ന ആദ്യ ദളിത്‌ നേതാവാണു പുതിയ സി.പി.ഐ. ജനറല്‍ സെക്രട്ടറി ദൊരൈസ്വാമി രാജയെന്ന ഡി.രാജ. ദളിത്‌ സത്വബോധത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനു രാജ്യം സാക്ഷ്യം വഹിക്കുമ്പോഴാണ്‌ രാജയെത്തേടി നിര്‍ണായകപദവിയെത്തുന്നത്‌. തമിഴ്‌നാട്ടിലെ വെല്ലൂരാണ്‌ ജന്മദേശമെങ്കിലും മലയാളത്തിന്റെ മരുമകനാണു രാജ. കണ്ണൂര്‍ സ്വദേശിയും ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ആനിയാണു രാജയുടെ ജീവിതസഖി.
പൊതുതെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ദയനീയ പ്രകടനം നടത്തുന്ന സി.പി.ഐക്കു പുതിയ ഊര്‍ജം നല്‍കി കൈപിടിച്ചുയര്‍ത്തുകയെന്നതാണ്‌ രാജയ്‌ക്കു മുന്നിലുള്ള പ്രധാന വെല്ലുവിളി. എ.ഐ.വൈ.എഫിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്ന രാജ 1994 മുതല്‍ സി.പി.ഐ. ദേശീയ സെക്രട്ടറിയാണ്‌. മുതിര്‍ന്ന നേതാവെന്ന നിലയില്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍തന്നെ രാജയ്‌ക്കു സാധ്യത തെളിഞ്ഞിരുന്നെങ്കിലും കേരള ഘടകത്തിന്റെ എതിര്‍പ്പാണു വിനയായത്‌. പ്രായാധിക്യമുണ്ടെങ്കിലും തങ്ങള്‍ക്കു പ്രിയങ്കരനായ എസ്‌.സുധാകര്‍ റെഡ്‌ഡി തന്നെ ജനറല്‍ സെക്രട്ടറിയായി തുടരട്ടെയെന്നായിരുന്നു കേരള ഘടകത്തിന്റെ നിലപാട്‌. ഇത്തവണ സുധാകര്‍ റെഡ്‌ഡിയും രാജയെ പിന്തുണച്ചതോടെ കേരളവും ഒപ്പംനിന്നു.
എണ്‍പതുകളിലെ ഇടതു നവോത്ഥാന പോരാട്ടത്തില്‍ അണിചേര്‍ന്നാണു രാജ പൊതുരംഗത്തേക്കെത്തുന്നത്‌. തൊഴിലിനായും ദളിത്‌ സ്വത്വ വിവേചനത്തിനെതിരേയും തമിഴകത്ത്‌ ഉയര്‍ന്ന ഇടതു പ്രക്ഷോഭങ്ങളുടെ നേതൃനിരയില്‍ രാജയുണ്ടായിരുന്നു. വൈകാതെ തട്ടകം ദേശീയരാഷ്‌ട്രീയമായി. രണ്ടുവട്ടം രാജ്യസഭാംഗമായ രാജ, ദേശീയതലത്തില്‍ സി.പി.ഐക്ക്‌ പാര്‍ലമെന്ററി രംഗത്ത്‌ അടിത്തറ പാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.
ബി.ജെ.പിയെ അധികാരത്തില്‍നിന്ന്‌ അകറ്റാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപപ്പെട്ട യു.പി.എയുടെ ശില്‍പ്പികളില്‍ പ്രധാനിയായിരുന്നു രാജ. ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത്‌ പ്രതിപക്ഷ നിരയിലെ കരുത്തന്‍മാരുടെ ഗണത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്‌ഥാനം. ഈ കാലഘട്ടത്തിലാണ്‌ രാജയെ ദേശീയ രാഷ്ര്‌ടീയം ഏറെ ശ്രദ്ധിച്ചതും.
രാഷ്‌ട്രീയ നേതാക്കള്‍ക്കിടയില്‍ സൗഹൃദം രൂപപ്പെടുത്തുകയും വളര്‍ത്തുകയും ചെയ്യുന്നതിലെ രാജയുടെ കഴിവിനുള്ള അംഗീകാരം കൂടിയാണ്‌ സി.പി.ഐ. ജനറല്‍ സെക്രട്ടറിപദം. വെല്ലുവിളികളുടെ നീണ്ട നിരയാണ്‌ അദ്ദേഹത്തെ കാത്തിരിക്കുന്നത്‌. 1967-ലെ പൊതു തെരഞ്ഞെടുപ്പില്‍ സി.പി.ഐ. നേടിയത്‌ 23 സീറ്റാണ്‌. അന്ന്‌ സി.പി.എമ്മിനു ലഭിച്ചതാകട്ടെ 19 സീറ്റും. പിന്നീടിങ്ങോട്ട്‌ സി.പി.ഐയ്‌ക്ക്‌ സീറ്റ്‌ കുറഞ്ഞ്‌ നില പരിതാപകരമായി. 2014-ല്‍ കേരളത്തില്‍ നിന്നുള്ള ഒരംഗം മാത്രമായിരുന്നു ലോക്‌സഭയിലെ കരുത്ത്‌. ഇത്തവണ ഡി.എം.കെയുടെ ഔദാര്യത്തില്‍ തമിഴ്‌നാട്ടില്‍നിന്നുള്ള രണ്ടു സീറ്റാണ്‌ സി.പി.ഐ. അക്കൗണ്ടിലുള്ളത്‌. ദേശീയ പാര്‍ട്ടി പദവി തന്നെ തുലാസിലായ സാഹചര്യത്തിലാണ്‌ രാജയെത്തേടി പാര്‍ട്ടിനേതൃപദമെത്തുന്നത്‌.
ശക്‌തമായ സ്വാധീനമുണ്ടായിരുന്ന ബിഹാറിലടക്കം ഉത്തരേന്ത്യയില്‍ ഒരിടത്തും ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ സി.പി.ഐക്കു ചെറുചലനംപോലും ഉണ്ടാക്കാനായില്ല. മോഡിക്കെതിരേ വളര്‍ന്നുവരുന്ന നേതാവെന്നു വിലയിരുത്തപ്പെട്ട കനയ്യ കുമാര്‍ ബിഹാറില്‍ മത്സരിച്ചെങ്കിലും പ്രതിപക്ഷ പിന്തുണ ഉറപ്പാക്കാന്‍ സാധിക്കാതെ വന്നതോടെ ദയനീയമായി പരാജയപ്പെട്ടു. രാജയുടെ മകള്‍ അപരാജിത രാജയ്‌ക്കൊപ്പം ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ സി.പി.ഐ. വിദ്യാര്‍ഥി സംഘടനയ്‌ക്കു നേതൃത്വം നല്‍കിയ കനയ്യ കോളജ്‌ യൂണിയന്‍ പ്രസിഡന്റുമായിരുന്നു.
ദേശീയ തലത്തില്‍ പ്രതിപക്ഷ കൂട്ടായ്‌മയ്‌ക്കു മുന്‍കൈയെടുക്കുമ്പോഴും തെരഞ്ഞെടുപ്പുകളില്‍ ഒപ്പംകൂട്ടാന്‍ മറ്റു പാര്‍ട്ടികള്‍ തയാറാകാത്ത സാഹചര്യം മാറ്റിയെഴുതുകയെന്ന ഭാരിച്ച ഉത്തരവാദിത്തവും രാജയെ കാത്തിരിക്കുന്നു. പാര്‍ട്ടിയെ ദേശീയ-സംസ്‌ഥാന തലങ്ങളില്‍ ശക്‌തിപ്പെടുത്തുകയാണ്‌ അതിന്‌ ഏറ്റവും ആവശ്യമെന്നു മറ്റാരേക്കാള്‍ നന്നായി അറിയാവുന്നതും രാജയ്‌ക്കുതന്നെ.
പാര്‍ട്ടിക്കു വളക്കൂറുള്ള കേരളത്തില്‍ സി.പി.എമ്മുമായി നിരന്തരം ആശയസംഘര്‍ഷത്തിലാണെന്നതാണു രാജയെ കാത്തിരിക്കുന്ന മറ്റൊരു തലവേദന. സി.പി.എമ്മിന്റെ വീഴ്‌ചകള്‍ മുതലെടുത്ത്‌ മുന്നേറുകയെന്ന തന്ത്രമാണ്‌ സി.പി.ഐ. കേരളത്തില്‍ പയറ്റുന്നത്‌. ഇത്തരം സാഹചര്യങ്ങളില്‍ സംസ്‌ഥാന ഘടകത്തിനു പിന്തുണ നല്‍കുന്നതിനൊപ്പം കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനുള്ള ജാഗ്രത പുലര്‍ത്തുകയെന്നതും രാജയുടെ ഉത്തരവാദിത്തമാണ്‌. സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി പുലര്‍ത്തുന്ന ഉറ്റബന്ധം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സഹായകമാകുമെന്നതു രാജയുടെ ആത്മവിശ്വാസമേറ്റും.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സി.പി.ഐക്ക്‌ ലഭിച്ച സീറ്റുകളുടെ കണക്ക്‌

വര്‍ഷം സീറ്റ്‌
1967 - 23
1971 - 23
1977 - 7
1980 - 10
1984 - 6
1989 - 12
1991 - 14
1996 - 12
1998 - 9
1999 - 4
2004 - 10
2009 - 4
2014 - 1
2019 - 2

ജിനേഷ്‌ പൂനത്ത്‌

Ads by Google
Monday 22 Jul 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW