Tuesday, August 20, 2019 Last Updated 17 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.43 AM

ദൈവത്തിന്റെ സ്വര്‍ണം വിറ്റ്‌ തീവണ്ടി വാങ്ങിയ പൊന്നുതമ്പുരാന്‍

uploads/news/2019/07/323824/bft2.jpg

കാലങ്ങള്‍ക്കു മുമ്പ്‌ കൊച്ചിയിലെ ഒരു പ്രഭാതം.
ഹാര്‍ബറിനു മുമ്പിലുള്ള ചെറുമൈതാനം.
അവിടെ അലങ്കരിച്ച പന്തല്‍. അതിവിശിഷ്‌ടരും അല്ലാത്തവരുമായ ആളുകളുടെ ആരവം. വെറ്റില മുറുക്കിയ ജന്മിമാര്‍, മാടമ്പിമാര്‍, നമ്പിമാര്‍, നമ്പൂതിമാര്‍ പിന്നെ, കുതിരപ്പട്ടാളക്കാരും പോലീസുകരും. കൊട്ടും കൊമ്പും കുഴലും വേറെ.
പെട്ടെന്ന്‌ ഭേരി മുഴങ്ങി. ചെണ്ടകളുടെ താളം മുറുകി. കൊച്ചിയുടെ മഹാരാജാവ്‌ പരിവാരങ്ങളോടുകൂടി എഴുന്നള്ളുകയാണ്‌!
നിറപറയും പൂക്കുലയും വച്ച്‌ അലങ്കരിച്ച വേദി ഭദ്രദീപപ്രഭയില്‍ തിളങ്ങി. വലിയതമ്പുരാന്‍ പന്തലിലേക്കു പ്രവേശിച്ചു. കത്തുന്ന നിലവിളക്കിനെ പ്രദക്ഷിണംവച്ച്‌, ഭൂമി തൊട്ടു തൊഴുത്‌ കൈകൂപ്പിനിന്നു. തൊട്ടടുത്തുനിന്ന വലിയ നമ്പൂതിരി ലക്ഷണമൊത്ത ഒരു നാളികേരം തുളസിയിലകളോടുകൂടി തമ്പുരാന്റെ കൈയിലേക്കു സമര്‍പ്പിച്ചു. ആര്‍പ്പുവിളികളും ശംഖനാദവും മുഴങ്ങവേ, തിരികത്തിച്ചുവച്ച കല്ലിലേക്ക്‌ അദ്ദേഹം തേങ്ങ എറിഞ്ഞുടച്ചു. വിഘ്‌നങ്ങള്‍ ഉടഞ്ഞൊഴിഞ്ഞു.
അദ്ദേഹം വിറയാര്‍ന്ന ശബ്‌ദത്തില്‍ പ്രാര്‍ഥിച്ചു: ''എന്റെ പൂര്‍ണത്രയീശാ! നാടിനും നാട്ടുകാര്‍ക്കും വേണ്ടിയാണ്‌ ഞാനിതു ചെയ്യുന്നത്‌. അപരാധമാണെങ്കില്‍ അങ്ങ്‌ എന്നെ ശിക്ഷിക്കുക! പക്ഷേ, ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍ മുടക്കംവരുത്താതെ വിജയിപ്പിക്കേണമേ!''
തെല്ലുനേരം കഴിഞ്ഞതേയുള്ളൂ, അകലെ മരങ്ങള്‍ക്കിടയിലൂടെ കറുത്ത പുക പൊങ്ങുന്നതു കണ്ടു. പിന്നെ വിസില്‍ നാദവും. ദൂരെ ആവിയന്ത്രത്തിന്റെ മുഖം തെളിഞ്ഞു.
അതെ! എറണാകുളത്തേക്ക്‌ ആദ്യമായി ഒരു തീവണ്ടി വരികയായിരുന്നു!
കല്‍ക്കരി തിന്നുകയും വെള്ളം മോന്തുകയും ചെയ്യുന്ന തീവണ്ടി!
ഷൊര്‍ണ്ണൂരില്‍ നിന്നുവന്ന ആവിവണ്ടി!
അങ്ങനെ ആ ദിനം ചരിത്രത്തില്‍ എഴുതപ്പെട്ടു
- 1902 ജൂലൈ 16.
ഷൊര്‍ണൂര്‍- എറണാകുളം റെയില്‍വേ നിലവില്‍വന്ന ദിവസം! തീവണ്ടിയുടെ കൂവല്‍ നാട്ടുകാര്‍ ആദ്യമായി കേട്ട ദിവസം! കൊച്ചിയുടെ മാത്രമല്ല, കേരളത്തിന്റെ അന്തരംഗം അഭിമാനപൂരിതമായ ദിവസം! ബ്രിട്ടീഷ്‌ മലബാറില്‍ മാത്രമുണ്ടായിരുന്ന പുരോഗതിയുടെ പാത കൊച്ചിയിലേക്കും പിന്നീട്‌ കേരളത്തിലേക്കും തെളിഞ്ഞ ദിവസം! കപ്പലും വിമാനവും മെട്രോതീവണ്ടിയുമൊക്കെയായി നാടിന്റെ ഉയര്‍ച്ചയ്‌ക്കു തുടക്കമിട്ട ദിവസം!
ഇതിനൊക്കെ കാരണക്കാരനായ കൊച്ചിയുടെ മഹാരാജാവ്‌ ആരായിരുന്നു? അതറിയാന്‍ എറണാകുളത്തെ സുഭാഷ്‌ പാര്‍ക്കിലേക്കു നോക്കിയാല്‍ മതി. അവിടെ ഒരു പ്രതിമയായി അദ്ദേഹം നില്‍ക്കാന്‍ തുടങ്ങിട്ട്‌ പത്തെണ്‍മ്പതു വര്‍ഷത്തോളമായി- 'രാജര്‍ഷി' എന്ന പേരില്‍ പ്രശസ്‌തനായ സര്‍. ശ്രീ. രാമവര്‍മ!
പറയുമ്പോള്‍ എത്രയെളുപ്പം കഴിഞ്ഞു! പക്ഷെ, കൊച്ചിയിലേക്ക്‌ തീവണ്ടി കൊണ്ടുവരാന്‍ ഈ രാജാവ്‌ അനുഭവിച്ച ക്ലേശങ്ങള്‍ എന്തെല്ലാമായിരുന്നു! ഷൊര്‍ണൂരില്‍നിന്നു കൊച്ചി ഹാര്‍ബര്‍വരെ തീവണ്ടിപ്പാത പണിയാനുള്ള പണം കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഇതിനായി അഞ്ചുപൈസ പോലും നല്‍കില്ലെന്ന വാശിയിലായിരുന്നു ബ്രിട്ടീഷ്‌ ഭരണകൂടം. തങ്ങള്‍ക്കു കാപ്പിയും കുരുമുളകും തേയിലയും തടികളും കടത്തിക്കൊണ്ടുപോകാന്‍ മാത്രമാണ്‌ ബ്രിട്ടീഷുകാര്‍ റെയില്‍പ്പാത നിര്‍മിച്ചിരുന്നത്‌. കൊച്ചിയിലേക്കു റെയില്‍പ്പാത പണിയാന്‍ അവര്‍ക്കു താല്‍പ്പര്യമില്ലായിരുന്നു. അതിനായി ശ്രമിച്ച രാജാവിനെ തടയുകയും ചെയ്‌തു! നാട്ടുകാരില്‍നിന്ന്‌ അധിക നികുതി പിരിച്ച്‌ പണം ബ്രിട്ടീഷ്‌ ഖജനാവില്‍ അടച്ചാല്‍ സംഗതി പരിഗണിക്കാമെന്നാണ്‌ അവര്‍ ഒടുവില്‍ പറഞ്ഞത്‌. റെയില്‍വേയുടെ പേരില്‍ നാട്ടുകാരെപ്പിഴിയുന്നതില്‍ രാജാവിനു താല്‍പ്പര്യമുണ്ടായിരുന്നില്ല. പിന്നെ എന്താണു വഴി? നിത്യച്ചെലവിനുള്ള കാശു പോലും ഖജനാവിലില്ലാത്ത അവസ്‌ഥ.
സ്വന്തമായി പണമുണ്ടാക്കാനായി ആലോചന. കുറച്ചു സ്വര്‍ണം കൈയിലുള്ളത്‌ എടുക്കാമെന്നു വിചാരിച്ചു. പക്ഷെ, അതുകൊണ്ടൊന്നുമാകില്ല. പിന്നെയും ആലോചനകള്‍ നീണ്ടു. തിരുവിതാംകൂര്‍ മഹാരാജാക്കന്മാര്‍ക്ക്‌ ശ്രീപത്മനാഭസ്വാമി പോലെയാണ്‌ കൊച്ചി രാജാക്കന്മാര്‍ക്ക്‌ തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശന്‍. ഈ ക്ഷേത്രത്തില്‍ നിത്യവും തൊഴുതു പോരുന്നത്‌ ഒരു അനുഷ്‌ഠാനവുമാണ്‌. ഒരു ദിവസം രാവിലെ ക്ഷേത്രദര്‍ശനത്തിനെത്തിയ രാജാവിന്‌ ഒരു തോന്നല്‍ - എന്തുകൊണ്ട്‌ പൂര്‍ണത്രയീശന്റെ സ്വര്‍ണം എടുത്തുകൂടാ? ക്ഷേത്രത്തില്‍ ധാരാളം സ്വര്‍ണ നെറ്റിപ്പട്ടങ്ങളുണ്ട്‌. അവയില്‍ ചിലതെടുക്കാന്‍ ഭഗവാന്‍ സമ്മതിക്കില്ലേ?
അദ്ദേഹം കണക്കുകൂട്ടിനോക്കി. പതിനാലു സ്വര്‍ണ നെറ്റിപ്പട്ടങ്ങള്‍ വിറ്റാല്‍, തന്റെ കൈയിലുള്ള സ്വര്‍ണംകൂടി ചേര്‍ത്താല്‍ ഒരു തുകയൊക്കുമെന്ന്‌ മനസിലായി. അങ്ങിനെയെങ്കില്‍ ഭഗവാന്റെ നെറ്റിപ്പട്ടങ്ങള്‍ കടമായി വാങ്ങി വില്‍ക്കാമെന്നു തിരുമാനിച്ചു. തീവണ്ടി ഓടിത്തുടങ്ങുമ്പോള്‍ കിട്ടുന്ന പൈസ കൊണ്ട്‌ പുതിയ നെറ്റിപ്പട്ടങ്ങള്‍ പണിയാം. അതുവരെ വെള്ളികെട്ടിയ നെറ്റിപ്പട്ടങ്ങള്‍ വാങ്ങി ഉപയോഗിച്ചാല്‍ മതിയാകും!
ഇക്കാര്യം മനസില്‍വച്ചുകൊണ്ട്‌ അദ്ദേഹം പതിവായി പൂര്‍ണത്രയീശന്റെ നടയില്‍വന്നു തൊഴുതുതുടങ്ങി. അങ്ങിനെ എഴുപത്തിരണ്ടുതവണ അദ്ദേഹം പ്രാര്‍ഥിച്ചെന്നാണു പറയപ്പെടുന്നത്‌!
ഇതിനിടയില്‍ സര്‍ക്കാരിന്റെ ചെലവുചുരുക്കാന്‍ തമ്പുരാന്‍ ഒരു കാര്യം കൂടി ചെയ്‌തു- രാജകുടുംബാംഗങ്ങള്‍ക്കു മാസംതോറും നല്‍കിവന്നിരുന്ന ചെലവുകാശിനും കുറവുവരുത്തി!
ഭഗവാന്റെ സ്വര്‍ണം വില്‍ക്കുന്ന കാര്യം അദ്ദേഹം കുടുംബാംഗങ്ങളോടും ക്ഷേത്രഭാരവാഹികളോടും പറഞ്ഞു. ഇതൊക്കെ കേട്ടപ്പോള്‍ മഹാരാജാവിന്റെ ബന്ധുക്കള്‍തന്നെയാണ്‌ ആദ്യം ഞെട്ടിയത്‌. രാജ്യം ഭരിക്കുന്ന രാജാവിന്‌ ബുദ്ധി മങ്ങിയോ എന്നുപോലും അവരില്‍ ചിലര്‍ സംശയിച്ചു. ക്ഷേത്രഭരണക്കാര്‍ തുറന്നുപറഞ്ഞു- നെറ്റിപ്പട്ടമെടുക്കുന്ന കാര്യം നടക്കില്ല! ''കൊട്ടാരത്തിലേക്കുള്ള ചെലവുകാശ്‌ വെട്ടിക്കുറയ്‌ക്കാന്‍ രാജാവിന്‌ അധികാരമില്ല''- കുടുംബാംഗങ്ങളും കോപിച്ചു.
പക്ഷെ, നമ്മുടെ തമ്പുരാന്‍ ബുദ്ധിയില്ലാത്ത നിസാരക്കാരനായിരുന്നില്ല. കൊച്ചി രാജ്യചരിത്രത്തില്‍ ശക്‌തന്‍ തമ്പുരാന്‍ കഴിഞ്ഞാല്‍ രണ്ടാംസ്‌ഥാനമായിരുന്നു അദ്ദേഹത്തിനു കല്‍പിക്കപ്പെട്ടിരുന്നത്‌. ഭരണകാര്യങ്ങളില്‍ അതിസമര്‍ഥന്‍. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും നല്ല പരിജ്‌ഞാനം. വേദാന്തം, തര്‍ക്കം, എന്നിവയെല്ലാം അറിയുന്ന ആള്‍. സംസ്‌കൃതം എളുപ്പത്തില്‍ പഠിക്കാന്‍ വ്യാകരണഗ്രന്ഥം എഴുതിയ പണ്ഡിതന്‍. 'രാജര്‍ഷി' എന്ന പേരുതന്നെ വന്നത്‌ അതുകൊണ്ടൊക്കെയാണ്‌. 'മഹര്‍ഷിയായ രാജാവ്‌'- എന്നാണ്‌ ഈ പേരിന്റെ അര്‍ഥം. കാശിയിലെ ഒരു സമ്മേളനത്തില്‍ അദ്ദേഹം വലിയൊരു പ്രസംഗം നടത്തിയിരുന്നു. ആ സമ്മേളനത്തില്‍ മഹാരാജാവിന്റെ പ്രസംഗം കേട്ട ബാലഗംഗാധരതിലകന്‍ പറഞ്ഞത്‌ ഇങ്ങനെയാണ്‌:
''അവിടുന്ന്‌ രാജാക്കന്മാരുടെയിടയില്‍ ഒരു പണ്ഡിതനാണെന്ന്‌ ഞാന്‍ അറിഞ്ഞിട്ടുണ്ട്‌. ഇപ്പോഴാണ്‌ അവിടുന്ന്‌ പണ്ഡിതരുടെയിടയില്‍ ഒരു രാജാവാണെന്ന്‌ അറിയുന്നത്‌!''
തിലകന്റെ ഈ വാക്കുകളോടെ രാജാവിന്റെ 'രാജര്‍ഷി' സ്‌ഥാനം ഉറച്ചു. മാത്രമല്ല, ഈ രാജാവ്‌ തന്റെ യുവത്വംവരെയുള്ള ആത്മകഥ ഒന്നാംതരം ഇംഗ്ലീഷില്‍ എഴുതിയിട്ടുമുണ്ട്‌! തൃപ്പൂണിത്തുറ വിദ്യുല്‍സദസിന്റെ അദ്ധ്യക്ഷനും സംസ്‌കൃതകോളജിന്റെ സ്‌ഥാപകനുമായിരുന്നു. കൊച്ചിരാജ്യത്തെ ജന്മി-കുടിയാന്‍ വ്യവസ്‌ഥ പരിഷ്‌ക്കരിച്ചു എന്ന ഖ്യാതിയുമുണ്ട്‌.
ഈവിധമുള്ള ഒരു വിശിഷ്‌ടവ്യക്‌തി ബുദ്ധി ബന്ധുക്കള്‍ തല്‍ക്കാലം അടങ്ങി, പലരും പക മനസില്‍ വെച്ചു.
രാജാവിന്റെ ആഗ്രഹം സഫലമായി. പൂര്‍ണത്രയീശന്റെ സ്വര്‍ണനെറ്റിപ്പട്ടങ്ങള്‍ വിറ്റ്‌ അദ്ദേഹം റെയില്‍വേയ്‌ക്കു പണം കണ്ടെത്തുകയും ചെയ്‌തു. ഉദ്‌ഘാടനവേളയില്‍ പൂര്‍ണത്രയീശനോട്‌ അദ്ദേഹം ക്ഷമചോദിച്ചതു വെറുതേയല്ല!
പക്ഷെ, ഭഗവാന്‍ അദ്ദേഹത്തോടു ക്ഷമിച്ചുവോ?
റെയില്‍വേ യഥാര്‍ഥമായാല്‍ കിട്ടുന്ന പണത്തിലൊരു ഭാഗം ക്ഷേത്രത്തിലേക്കു നല്‍കണമെന്ന തമ്പുരാന്റെ വാഗ്‌ദാനം പാലിക്കപ്പെട്ടില്ല. സ്വാതന്ത്ര്യാനന്തരം ഇത്തരം കരാറുകള്‍ക്ക്‌ ഒരു വിലയുമില്ലാതായി. തീവണ്ടിയും കപ്പലും വിമാനവുമൊക്കെ വന്ന്‌, കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മള്‍ ഈ രാജാവിനെ മറക്കുകയും ചെയ്‌തു! ഇദ്ദേഹത്തിന്റെ പേര്‌ കൊച്ചി മെട്രോയ്‌ക്കെങ്കിലും കൊടുക്കാമായിരുന്നില്ലേ?

മറ്റൊരു മഹാരാജാവും അനുഭവിക്കാത്ത പ്രശ്‌നങ്ങളില്‍കൂടിയാണ്‌ അദ്ദേഹം കടന്നുപോയത്‌. അതില്‍ പ്രധാനം, ഇന്നും വാര്‍ത്തകളില്‍ നിറയുന്ന 'കുറിയേടത്തു താത്രി' എന്ന അന്തര്‍ജനത്തിന്റെ സ്‌മാര്‍ത്തവിചാരവുമായി ബന്ധപ്പെട്ടതാണ്‌. സ്‌മാര്‍ത്തവിചാരവും ഭ്രഷ്‌ടും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണു നടന്നത്‌. 1905-ല്‍ നടന്ന സ്‌മാര്‍ത്തവിചാരത്തില്‍ 64 പേര്‍ കുറ്റക്കാരായുണ്ടായിരുന്നു. 'വഴിവിട്ടു സഞ്ചരിച്ചു' എന്ന കുറ്റം ചുമത്തപ്പെട്ട താത്രി ഒടുവില്‍ നാടുവാഴിയെ കുറ്റക്കാരനാക്കാന്‍ തുനിയവേ, അദ്ദേഹം വിചാരണ അവസാനിപ്പിച്ചു എന്നൊരു കഥയുണ്ടായിരുന്നു.
ബ്രിട്ടീഷുകാരുമായി വലിയതമ്പുരാന്‍ അത്ര രസത്തിലല്ലായിരുന്നു എന്നതാണ്‌ മറ്റൊരുകാര്യം. ഒരു നാട്ടുരാജാവ്‌ എന്നാല്‍ ബ്രിട്ടീഷുകാരുടെ ഭൃത്യന്‍ മാത്രമാണെന്ന്‌ അദ്ദേഹം മനസിലാക്കി. അതിനിടെ, ബ്രിട്ടീഷ്‌ വിരോധം മൂലം അദ്ദേഹം ജര്‍മന്‍ ഭരണകൂടവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചു. ഇത്‌ മറ്റൊരു പ്രശ്‌നമായി. ഈ വാര്‍ത്ത പരന്നതോടെ ബ്രിട്ടീഷ്‌ സര്‍ക്കാര്‍ അദ്ദേഹത്തെ ശരിക്കും വേട്ടയാടാന്‍ തുടങ്ങി, കൂടാതെ ഉറ്റ ബന്ധുക്കളും.
പിന്നീടുള്ള ജീവിതം ദുരന്തനായകന്റേതായിരുന്നു.
ജീവിച്ചിരിക്കുമ്പോള്‍ ഇന്ത്യ മുഴുവന്‍ വിവാദപുരുഷനായി മാറിയ അദ്ദേഹം 1914-ല്‍ അറുപത്തിരണ്ടാമത്തെ വയസില്‍ രാജാവിന്റെ സ്‌ഥാനം ഉപേക്ഷിച്ച്‌ തൃശൂരില്‍ താമസമാക്കി. പിന്നീടൊരിക്കലും എറണാകുളത്തേക്ക്‌ തിരിച്ചുവന്നില്ല.
ആധുനിക ഇന്ത്യയില്‍ ഒരു രാജാവ്‌ സ്വയം സ്‌ഥാനമൊഴിയുന്നത്‌ ആദ്യ സംഭവമായിരുന്നു. 'സ്‌ഥാനത്യാഗം ചെയ്‌ത രാജാവ്‌' എന്ന പേരിലാണ്‌ അദ്ദേഹം പിന്നീട്‌ അറിയപ്പെട്ടത്‌. 'വാഴ്‌ചയൊഴിഞ്ഞ തമ്പുരാന്‍' എന്നും പറഞ്ഞുപോന്നു.
വലിയ തമ്പുരാന്‍ സ്‌ഥാനത്യാഗം ചെയ്യുകയാണെന്നറിഞ്ഞപ്പോള്‍ മഹാകവി വള്ളത്തോള്‍ അത്ഭുതവിവശനായി ഒരു കവിത എഴുതുകയുണ്ടായി.
ശ്രീവിഷ്‌ണുവിനെപ്പോലെ വിശ്രുതനെന്ന്‌ നാട്ടുകാര്‍ വാഴ്‌ത്തുന്ന ഒരു രാജാവ്‌ സ്‌ഥാനമൊഴിയുന്നത്‌ അത്ഭുതംതന്നെ എന്നാണ്‌ കവിതയില്‍ പറയുന്നത്‌.
വസ്‌ത്രങ്ങളടങ്ങിയ ഒരു പെട്ടി മാത്രം എടുത്തുകൊണ്ടാണ്‌ അദ്ദേഹം കൊച്ചിയിലെ കൊട്ടാരം വിട്ടത്‌. ഇപ്പോള്‍ തൃശൂര്‍ കേരളവര്‍മ കോളജ്‌ നിലകൊള്ളുന്ന കെട്ടിടത്തിലാണ്‌ അദ്ദേഹം അവസാനം കഴിച്ചുകൂട്ടിയത്‌. അക്കാലത്ത്‌ ഗാന്ധിജി അദ്ദേഹത്തെ ചെന്നു കണ്ടു. തമ്പുരാന്റെ പാണ്ഡിത്യത്തില്‍ മഹാത്മജി അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്‌തു.
അവിടെ താമസിക്കുന്നതിനു മുമ്പ്‌ എറണാകുളത്തേക്കുള്ള തീവണ്ടിപ്പാതയുടെ സമീപമുള്ള ചില വീടുകളിലും തമ്പുരാന്‍ താമസിച്ചിരുന്നത്രേ. തീവണ്ടിയുടെ ശബ്‌ദം കേള്‍ക്കാന്‍ അദ്ദേഹം എപ്പോഴും ആഗ്രഹിച്ചു!

രാജാവിന്‌ എന്താണു സംഭവിച്ചത്‌?

ആധുനിക കൊച്ചിയുടെ പിതാവെന്ന്‌ അറിയപ്പെടുന്ന ഒരു രാജാവ്‌ എന്തിനാണ്‌ പെട്ടെന്നൊരു ദിവസം സിംഹാസനം വിട്ട്‌ ഇറങ്ങിപ്പോയത്‌?
പൂര്‍ണത്രയീശന്റെ സ്വര്‍ണം വിറ്റതിന്റെ കുറ്റബോധംകൊണ്ടോ? കുറിയേടത്തു താത്രിയെ പുറംതള്ളിയതിന്റെ മനോവിഷമമോ? ബ്രിട്ടീഷുകാരോടുള്ള പിണക്കം മൂലമോ? ജര്‍മന്‍ പക്ഷപാതിത്വം എന്ന ആരോപണംകൊണ്ടോ? കൊട്ടാരത്തിലുള്ളവര്‍ ചതിച്ചു എന്ന വിചാരംകൊണ്ടോ? വിഷാദരോഗവും അസ്‌തിത്വദുഃഖവും പിടിപെട്ട ആദ്യ രാജാവായിരുന്നോ അദ്ദേഹം? ആര്‍ക്കറിയാം!

rpramomdenon@gmail.com

Ads by Google
Monday 22 Jul 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW