Tuesday, August 20, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 22 Jul 2019 01.42 AM

മാര്‍ക്കറ്റ്‌ റിവ്യൂ : സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം

uploads/news/2019/07/323821/f1.jpg

കഴിഞ്ഞവാരം വിപണിയില്‍ സ്വര്‍ണത്തിന്റെ വിലക്കയറ്റം ശ്രദ്ധേയം. വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്‌ കഴിഞ്ഞവാരം സ്വര്‍ണവില കടന്നുപോയത്‌. പവന്‌ 26120 രൂപ. വാരാന്ത്യം ഒറ്റയടിക്ക്‌ പവന്‌ 400 രൂപ കുറഞ്ഞു. 25720 രൂപയില്‍ വ്യാപാരം നിര്‍ത്തി. വില ഉയര്‍ന്നിട്ടും വില്‍പന ഗണ്യമായി കുറഞ്ഞതോടെയാണ്‌ വാരാന്ത്യം വില കുറച്ചത്‌.
പവന്‌ 25800 ല്‍ വിറ്റുനിര്‍ത്തിയത്‌ 26 കടന്നതോടെ ജുവലറികളില്‍ തിരക്ക്‌ കുറഞ്ഞു. അമേരിക്കന്‍ ഫെഡ്‌ റിസര്‍വ്‌ 30 നു ചേരുന്ന യോഗത്തില്‍ നിക്ഷേപകരുടെ പലിശനിരക്ക്‌ ഇളവ്‌ വരുത്തുമെന്ന സൂചനയാണ്‌ രാജ്യാന്തരതലത്തില്‍ സ്വര്‍ണ വില കുതിച്ചു കയറാന്‍ കാരണം.
പലിശനിരക്ക്‌ കുറച്ചാല്‍ നിക്ഷേപകര്‍ കരുതല്‍ ശേഖരമെന്ന നിലയ്‌ക്ക്‌ സ്വര്‍ണം വാങ്ങിക്കൂട്ടിയാല്‍ സ്വര്‍ണവില വീണ്ടും കൂടും. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന്‌ (31.100 മില്ലിഗ്രാം) 1415 ഡോളറില്‍ നിന്ന്‌ രാജ്യാന്തര വിപണിയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 1452 ഡോളറിലേക്ക്‌ കടന്നു. വാരാന്ത്യം 1424 ഡോളറായി വില ഇടിഞ്ഞു.
കഴിഞ്ഞവാരം സ്വര്‍ണവിലയിലെ ചാഞ്ചാട്ടത്തില്‍ രാജ്യാന്തര വിപണിയില്‍ ഔണ്‍സിന്‌ ഒമ്പത്‌ ഡോളര്‍ വില കൂടിയപ്പോള്‍ ആഭ്യന്തര വിപണിയില്‍ പവന്‌ 80 രൂപ കുറവുണ്ടായി. രൂപയ്‌ക്ക്‌ കഴിഞ്ഞവാരം 30 െപെസ നഷ്‌ടം. രൂപയുടെ മൂല്യം 68 രൂപ 55 െപെസയില്‍ നിന്ന്‌ 68 രൂപ 85 െപെസയായി ഇടിഞ്ഞു.

ടയര്‍ കമ്പനികള്‍ റബര്‍വില ഉയര്‍ത്തി

സംസ്‌ഥാനത്തെ കനത്ത മഴയും രാജ്യാന്തരവിലയിലെ വര്‍ധനവും മൂലം ആഭ്യന്തര വിപണിയില്‍ റബറിന്‌ വിലകൂടി. ടയര്‍ കമ്പനികളാണ്‌ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് ഒരു രൂപ വില ഉയര്‍ത്തിവാങ്ങിയത്‌.
അവധിക്കച്ചവടക്കാര്‍ വില ഉയര്‍ത്തിയില്ല. മഴ തുടരുന്നതിനിടെ ഉല്‍പാദനം കുറഞ്ഞു. ടാപ്പിങ്‌ ഭാഗികം. രാജ്യാന്തര വിപണിയില്‍ ചൈന ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് 106 ല്‍ വിറ്റത്‌ 108, ടോക്കിയോ 140 ല്‍ വിറ്റത്‌ 142, ബാങ്കോക്ക്‌ 123 ല്‍ വിറ്റത്‌ 124 രൂപയായും വില ഉയര്‍ത്തിയതോടെയാണ്‌ ടയര്‍ കമ്പനികള്‍ ആഭ്യന്തര വിപണിയില്‍ ആര്‍.എസ്‌.എസ്‌. നാല്‌ കിലോയ്‌ക്ക് ഒരു രൂപ വില ഉയര്‍ത്തിയതെന്ന്‌ വ്യാപാര വൃത്തങ്ങള്‍ പറഞ്ഞു.
റബര്‍ ഐ.എസ്‌.എസിന്‌ ചെറുകിട ടയര്‍ കമ്പനികള്‍ 146 ല്‍ നിന്ന്‌ 147 രൂപയായി വില ഉയര്‍ത്തി.
കൊച്ചിയില്‍ 500 ടണ്‍ റബറിന്റെ വ്യാപാരം നടന്നു. ടയര്‍ കമ്പനികള്‍ക്ക്‌ വിതരണം ചെയ്യുന്ന ഡീലര്‍മാര്‍ 1500 ടണ്‍ റബര്‍ വാങ്ങി. വാരാന്ത്യവില റബര്‍ ഐ.എസ്‌.എസ്‌. ക്വിന്റലിന്‌ 14200-14700 രൂപ. ആര്‍.എസ്‌.എസ്‌. നാല്‌ ക്വിന്റലിന്‌ 14900 രൂപ.

വരവ്‌ കുറഞ്ഞു; കുരുമുളക്‌ വില കൂടി

കൊച്ചി ടെര്‍മിനല്‍ വിപണിയില്‍ വില്‍പനയ്‌ക്ക് കുരുമുളക്‌ വരവ്‌ കുറഞ്ഞതോടെ ക്വിന്റലിന്‌ 100 രൂപ വിലകൂടി. കര്‍ണാടകയിലെ കുടകിലും ഇടുക്കിയിലും ഉയര്‍ന്ന നിരക്കില്‍ വിറ്റുതുടങ്ങിയതും കൊച്ചിയില്‍ വില ഉയരാന്‍ ഇടയാക്കി. കനത്ത മഴയെത്തുടര്‍ന്നാണ്‌ െഹെറേഞ്ച്‌ മേഖലയില്‍നിന്ന്‌ ഗതാഗത തടസംമൂലം ചരക്ക്‌ വരവ്‌ കുറഞ്ഞത്‌.
ശ്രീലങ്കയില്‍നിന്ന്‌ കഴിഞ്ഞ മേയില്‍ 60 ടണ്ണും ജൂണില്‍ 120 ടണ്ണും കുരുമുളക്‌ ഇന്ത്യയിലേക്ക്‌ കയറ്റുമതി ചെയ്‌തിട്ടുണ്ട്‌. കിലോയ്‌ക്ക് 500 രൂപവരെ സീറ്റിലും എട്ട്‌ ശതമാനം ഇറക്കുമതിത്തീരുവയും കൊടുത്താണ്‌ ശ്രീലങ്ക കഴിഞ്ഞ രണ്ടുമാസങ്ങളിലായി 180 ടണ്‍ കുരുമുളക്‌ ഇന്ത്യയിലേക്ക്‌ കയറ്റുമതി ചെയ്‌തത്‌.
ഗുണനിലവാരം കുറഞ്ഞ മുളകാണ്‌ ടണ്ണിന്‌ 3000 ഡോളറില്‍ താഴെ ഇന്ത്യയിലേക്ക്‌ തള്ളിയത്‌. ഇവിടത്തെ ഇറക്കുമതിക്കാര്‍ വാങ്ങുന്ന ഇറക്കുമതി മുളക്‌ മൂല്യവര്‍ധിത ഉല്‍പന്നമെന്ന പേരില്‍ സംസ്‌കരിച്ച്‌ കഴിഞ്ഞാല്‍ കിട്ടുന്ന കുരുമുളകിന്റെ അവശിഷ്‌ടവും വിറ്റ്‌ കാശാക്കുകയാണ്‌. എന്നാല്‍ വിദേശരാജ്യങ്ങളില്‍ കുരുമുളകിന്റെ അവശിഷ്‌ടം കത്തിച്ച്‌ കളയുന്ന പതിവാണ്‌ തുടര്‍ന്നുകൊണ്ടിരിക്കുന്നത്‌.
രാജ്യാന്തര വിപണിയില്‍ ഇന്ത്യയുടെ നിരക്ക്‌ കുരുമുളക്‌ ടണ്ണിന്‌ 5375 ഡോളര്‍, മറ്റ്‌ ഉല്‍പാദക രാജ്യങ്ങളായ ശ്രീലങ്ക 4000-4200 ല്‍ നിന്ന്‌ 3000 ഡോളറായും വിയറ്റ്‌നാം 2200-2500 ല്‍ നിന്ന്‌ 2200 ഡോളറായും വിലകുറച്ചു. ഇന്തോനേഷ്യ 2500 ല്‍ വില മാറ്റമില്ലാതെ ഓഫര്‍ തുടര്‍ന്നു. ബ്രസീലില്‍ വിളവെടുപ്പാണ്‌. 2500-2600 ല്‍ നിന്ന്‌ ബ്രസീല്‍ 2800 ആയി വില ഉയര്‍ത്തി. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക്‌ ഇനിയും കരാറായില്ല. വാരാന്ത്യവില കുരുമുളക്‌ അണ്‍ഗാര്‍ബിള്‍ഡ്‌ ക്വിന്റലിന്‌ 33400 രൂപ. ഗാര്‍ബിള്‍ഡ്‌ മുളക്‌ 35400 രൂപ.

തേയിലവില കുറഞ്ഞു

കൊച്ചിയില്‍ കഴിഞ്ഞവാരം നടന്ന ലേലത്തില്‍ ഇലത്തേയില കിലോയ്‌ക്ക് മൂന്നു രൂപയും പൊടിത്തേയില കിലോയ്‌ക്ക് രണ്ടു രൂപയും വിലകുറഞ്ഞു. ഇലത്തേയില 271000 കിലോയും പൊടിത്തേയില പതിനൊന്നുലക്ഷം കിലോയും ലേലത്തില്‍ വില്‍പനക്കെത്തി.
ചുക്ക്‌ മീഡിയം 22500, ബെസ്‌റ്റ്‌ ചുക്ക്‌ ക്വിന്റലിന്‌ 26500, മഞ്ഞള്‍ സേലം 7500, വറ്റല്‍മുളക്‌ ഒന്നാംതരം 13500, അരി പച്ച 2900, പുഴുക്കലരി സുരേഖ 3300, ജയ 3200, അടക്ക 20000-21000, പിണ്ണാക്ക്‌ എക്‌സ്‌പെല്ലര്‍ 2100, റോട്ടറി 2900 രൂപയില്‍ വില മാറ്റമില്ല. ഗ്രാമ്പു കിലോയ്‌ക്ക് 665 രൂപയില്‍ വില മാറ്റമില്ല. ഗുണനിലവാരം കുറഞ്ഞതോടെ തേയില വിലകുറഞ്ഞു.

വിലകൂടി: വെളിച്ചെണ്ണ മില്ലിങ്‌ ക്വിന്റലിന്‌ 14400 ല്‍ നിന്ന്‌ 14500 ആയും തയ്യാര്‍ 12900 ല്‍ നിന്ന്‌ 13300 ആയും കൊപ്ര 8639-8950 ല്‍ നിന്ന്‌ 8890-9200, ജാതിക്ക തൊണ്ടന്‍ കിലോക്ക്‌ 210 ല്‍ നിന്ന്‌ 270 ആയും ജാതിക്ക തൊണ്ടില്ലാത്തത്‌ 375 ല്‍ നിന്ന്‌ 470 ആയും ജാതിപത്രി ചുവപ്പ്‌ 700 ല്‍ നിന്ന്‌ 1350 ആയും മഞ്ഞ 900 ല്‍ നിന്ന്‌ 1850 ആയും പാംഓയില്‍ ക്വിന്റലിന്‌ 5600 ല്‍ നിന്ന്‌ 5650, മഞ്ഞള്‍ ഈറോഡ്‌ 7800 ല്‍ നിന്ന്‌ 8000 രൂപയായും വിലകൂടി.

ജോസഫ്‌ വെണ്ണിക്കുളം

Ads by Google
Monday 22 Jul 2019 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW