Monday, August 19, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 21 Jul 2019 01.34 AM

ഇന്ദ്രപ്രസ്‌ഥത്തിന്റെ തലവര മാറ്റിയ 'ഷീലാമ്മ'

uploads/news/2019/07/323530/bft1.jpg

തുടര്‍ച്ചയായ 15 വര്‍ഷം ഡല്‍ഹി മുഖ്യമന്ത്രി, വിട്ടുവീഴ്‌ചയില്ലാത്ത കാര്‍ക്കശ്യത്തിനുടമ, സജീവരാഷ്‌ട്രീയത്തോടു താല്‍ക്കാലികമായി വിടപറഞ്ഞപ്പോള്‍ ഗവര്‍ണര്‍പദം, വയസ്‌ എണ്‍പതു കടന്നിട്ടും ചുറുചുറുക്കിന്റെ പര്യായം... വിശേഷണങ്ങള്‍ അനവധിയുണ്ടെങ്കിലും ഇന്ദ്രപ്രസ്‌ഥത്തിന്റെ മുഖംമിനുക്കിയ ഭരണാധികാരിയെന്ന നിലയിലാകും ഇന്നലെ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവ്‌ ഷീലാ ദീക്ഷിതിനെ ആധുനിക ഡല്‍ഹിയുടെ ചരിത്രം അടയാളപ്പെടുത്തുക. രാജ്യതലസ്‌ഥാനമെന്ന പെരുമ ഉയര്‍ത്തിപ്പിടിക്കുംവിധം ഡല്‍ഹിയുടെ മുഖച്‌ഛായ മാറ്റാന്‍ ഷീലാ ദീക്ഷിതിനായി. ബി.ജെ.പിയുടെയും ആം ആദ്‌മി പാര്‍ട്ടിയുടെയും പടയോട്ടത്തില്‍ നിലംതൊട്ട ഡല്‍ഹി കോണ്‍ഗ്രസിനെ പഴയ പ്രതാപത്തിലേക്കു മടക്കിക്കൊണ്ടുവരാനുള്ള ദൗത്യം ഏറ്റെടുത്തതിനു പിന്നാലെയാണ്‌ ഷീലയെത്തേടി മരണമെത്തിയത്‌.
കോണ്‍ഗ്രസിലെ അഞ്ചു തലമുറയുമായി അടുത്ത ബന്ധമാണു ഷീലാ ദീക്ഷിതിനുണ്ടായിരുന്നത്‌. പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവുമായി രക്‌തബന്ധമുണ്ടായിരുന്ന അവര്‍ പാര്‍ട്ടിയിലെ നെഹ്‌റു-ഗാന്ധി കുടുംബാംഗങ്ങളുമായുള്ള കണ്ണി മുറിയാതെ കാക്കാന്‍ അവസാനകാലംവരെ ബദ്ധശ്രദ്ധയുമായിരുന്നു. നെഹ്‌റുവിനുശേഷം ഇന്ദിരാ ഗാന്ധി, രാജീവ്‌ ഗാന്ധി എന്നിവരോടു വിധേയത്വം പുലര്‍ത്തിയ ദീക്ഷിത്‌ പിന്നീട്‌ പാര്‍ട്ടി അമരത്തെത്തിയ സോണിയ, രാഹുല്‍ എന്നിവരുമായും അതേ സമീപനം സ്വീകരിച്ചു.
പാര്‍ട്ടി നേതൃത്വത്തിലുണ്ടായിരുന്ന സ്വാധീനത്തിലുപരിയായി ഭരണ, നേതൃതലങ്ങളിലെ പ്രാഗല്‍ഭ്യമാണു ഡല്‍ഹിയുടെ അധികാരക്കടിഞ്ഞാണ്‍ ഷീലയ്‌ക്കു കരഗതമാകുന്നതിലേക്കു നയിച്ചത്‌. മുഖ്യമന്ത്രിക്കസേരയിലിരുന്നു 15 വര്‍ഷം ഡല്‍ഹി ഭരിച്ച ഷീലയുടെ കാലത്താണു തലസ്‌ഥാനഗരിയുടെ മുഖഛായ മാറുന്നത്‌. മാലിന്യക്കൂമ്പാരമായിരുന്ന ഇന്ദ്രപ്രസ്‌ഥത്തെ രാജ്യതലസ്‌ഥാനത്തിന്റെ യശസിലേക്കുയര്‍ത്തി. മെട്രോ റെയിലും മേല്‍പ്പാലങ്ങളും സ്‌ഥാപിക്കാന്‍ മുന്‍കൈയെടുത്തു. വാഹനങ്ങളില്‍ സി.എന്‍.ജി. നിര്‍ബന്ധമാക്കി അന്തരീക്ഷമലനീകരണത്തോത്‌ കുറയ്‌ക്കാന്‍ കര്‍ക്കശ നടപടി സ്വീകരിച്ചു. ഇതു പിന്നാലെവന്ന ഭരണകര്‍ത്താക്കള്‍ക്കും പ്രചോദനമായി. ആധുനിക ഡല്‍ഹിയുടെ മാതാവെന്ന അപരനാമത്തിന്‌ അനുയോജ്യയെന്ന്‌ എതിരാളികള്‍പോലും സമ്മതിക്കുന്ന നേട്ടങ്ങളാണു ഷീല ഇക്കാലയളവില്‍ സ്വന്തമാക്കിയത്‌.
അരവിന്ദ്‌ കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ വരവാണ്‌ ഡല്‍ഹി ഭരണം കോണ്‍ഗ്രസിനു നഷ്‌ടമാക്കിയത്‌. 2010- ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ അഴിമതിയും ഇന്ത്യയുടെ മുഖം ലോകത്തിനുമുന്നില്‍ വികൃതമാക്കിയ നിര്‍ഭയ സംഭവവും ഉയര്‍ത്തി കൊടുങ്കാറ്റായെത്തിയ ആപ്‌ ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ഷീലയുടെയും ആണിക്കല്ലിളക്കി. ആധുനിക ഡല്‍ഹിയുടെ അമ്മയല്ല, അഴിമതിയുടെ ആള്‍രൂപമാണു ഷീലയെന്ന തരത്തിലുള്ള കെജ്‌രിവാളിന്റെയും സംഘത്തിന്റെയും പ്രചാരണം കോണ്‍ഗ്രസിനെ ഡല്‍ഹി ഭരണത്തില്‍നിന്നു പടിയിറക്കി. വ്യക്‌തിപരമായി ഈ പ്രചാരണം ഷീലയുടെ പ്രതിച്‌ഛായയ്‌ക്കും കോട്ടംതട്ടി. പാര്‍ട്ടിയില്‍നിന്നടക്കം എതിര്‍സ്വരങ്ങള്‍ ശക്‌തമായതോടെ സജീവരാഷ്‌ട്രീയം ഉപേക്ഷിച്ച അവരെ പിന്നീടു കാണുന്നത്‌ കേരള ഗവര്‍ണറുടെ വേഷത്തിലായിരുന്നു. 2014 മാര്‍ച്ചില്‍ കേരള ഗവര്‍ണറായ അവര്‍ നാലുമാസത്തിനുശേഷം പദവി രാജിവച്ച്‌ സജീവരാഷ്‌ട്രീയത്തിലേക്കു മടങ്ങി.
ബി.ജെ.പിയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞ ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പുനരുജ്‌ജീവിപ്പിക്കാനുള്ള ദൗത്യമാണ്‌ പാര്‍ട്ടി പിന്നീട്‌ ഷീലയെ ഏല്‍പ്പിച്ചത്‌. ജന്മനാട്ടില്‍ ഷീലയ്‌ക്കു സ്വാധീനം ചെലുത്താമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവരെ മുഖ്യമന്ത്രിസ്‌ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണം പക്ഷേ, ലക്ഷ്യംകണ്ടില്ല.
തുടര്‍ന്നാണ്‌ ഡല്‍ഹി ഘടകത്തിന്റെ അധ്യക്ഷസ്‌ഥാനത്തേക്കു ഷീല വീണ്ടുമെത്തിയത്‌. ആം ആദ്‌മി പാര്‍ട്ടിയും ബി.ജെ.പിയും തഴച്ചുവളര്‍ന്ന ഡല്‍ഹിയില്‍ പാര്‍ട്ടിക്കു നഷ്‌ടമായ പഴയ പ്രതാപം വീണ്ടെടുക്കുകയെന്നതായിരുന്നു പുതിയ ഉത്തരവാദിത്തം. പഴയ തട്ടകത്തിലേക്കുള്ള മടക്കം പക്ഷേ, ഷീലയ്‌ക്ക്‌ അത്ര സുഖകരമായിരുന്നില്ല. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ആം ആദ്‌മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള രാഹുല്‍ ഗാന്ധിയുടേതടക്കമുള്ള നീക്കങ്ങള്‍ക്കു പ്രതിബന്ധമായതു ഷീലയുടെ കാര്‍ക്കശ്യമായിരുന്നു. തന്റെ ആധിപത്യത്തിനു കടിഞ്ഞാണിട്ട ആം ആദ്‌മി പാര്‍ട്ടിയോടും അരവിന്ദ്‌ കെജ്‌രിവാളിനോടും ഒത്തുതീര്‍പ്പിലെത്തി സഖ്യം സാധ്യമാക്കാന്‍ ഷീലയിലെ പിടിവാശിക്കാരിക്കാകുമായിരുന്നില്ല. കോണ്‍ഗ്രസിനെ ശക്‌തിപ്പെടുത്തുക, തുടര്‍ന്ന്‌ ഒറ്റയ്‌ക്ക്‌ അധികാരം പിടിക്കുക- ഇതായിരുന്നു ഷീലയുടെ നിലപാട്‌. സഖ്യനീക്കം പൊളിഞ്ഞതോടെ ഡല്‍ഹിയിലെ ഏഴു സീറ്റും ബി.ജെ.പിയുടെ അക്കൗണ്ടിലെത്തി.
ഇതോടെ കോണ്‍ഗ്രസ്‌ ഡല്‍ഹി ഘടകത്തില്‍ പടലപ്പിണക്കം രൂക്ഷമായി. ആസന്നമായ പൊട്ടിത്തെറി ഒഴിവാക്കാന്‍ ബ്ലോക്ക്‌ കമ്മിറ്റികളടക്കം പിരിച്ചുവിട്ട്‌ നിരീക്ഷകരെ ചുമതലപ്പെടുത്തി രണ്ടാഴ്‌ചമുമ്പ്‌ ഷീല ശക്‌തമായ നടപടിക്കൊരുങ്ങി. എന്നാല്‍ ആക്‌ടിങ്‌ പ്രസിഡന്റുമാരെയടക്കം നിയമിച്ച്‌ ഹൈക്കമാന്‍ഡ്‌ തീരുമാനം വെട്ടി. ഇതോടെ രണ്ടാഴ്‌ച മുമ്പ്‌ നടത്താന്‍ നിശ്‌ചയിച്ചിരുന്ന വാര്‍ത്താസമ്മേളനം പൊടുന്നനെ റദ്ദാക്കാന്‍ ഷീല നിര്‍ബന്ധിതയായി. വൈകാതെ പനിബാധിതയായി ആശുപത്രിയിലായ അവര്‍ ഇന്നലെ പുലര്‍ച്ചെ വിടപറഞ്ഞതോടെ തിരശീല വീണതു ഡല്‍ഹി രാഷ്‌ട്രീയത്തിലെ സജീവമായ ഒരേടിനു കൂടിയായിരുന്നു.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Sunday 21 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW