Sunday, August 18, 2019 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 11.26 PM

യാത്ര...

uploads/news/2019/07/323438/sun3.jpg

കൊല്ലം ജില്ലയിലെ ചടയ മംഗലത്തുള്ള ജഡായുപ്പാറയില്‍ ചിറകറ്റ്‌ വീണു കിടക്കുന്ന ജഡായു, ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്‌പമെന്ന ഗിന്നസ്‌ റെക്കോര്‍ഡിലേയ്‌ക്കാണ്‌ പറന്നുയര്‍ന്നത്‌. സമുദ്ര നിരപ്പില്‍ നിന്നും 1000 അടി ഉയരത്തില്‍, 65 ഏക്കര്‍ വിസ്‌തൃതമായ പാറക്കെട്ടില്‍ പടര്‍ന്നു കിടക്കുന്ന, 200 അടി നീളവും 150 അടി വീതിയും 70 അടി ഉയരവുമുള്ള കൂറ്റന്‍ ജഡായു ശില്‌പം ലോക ഭൂപടത്തില്‍ കേരളത്തെ അടയാളപ്പെടുത്തി തുടങ്ങി.
അഡ്വഞ്ചര്‍ പാര്‍ക്കും ട്രക്കിങ്ങും കേബിള്‍ക്കാര്‍ യാത്രയും സിക്‌സ് ഡി തിയേറ്റര്‍ ഷോയും ഡിജിറ്റല്‍ മ്യൂസിയവുമെല്ലാം ചേര്‍ന്നതാണ്‌ ജഡായു വിനോദ സഞ്ചാര പദ്ധതി. റോഡ്‌ നിര്‍മ്മാണത്തിനു വേണ്ട കരിങ്കല്ലായി മാറുമായിരുന്ന ജടായുപ്പാറ കലയുടെ പ്രൗഡ നിര്‍മ്മിതിയായതിന്‌ പിന്നില്‍ സംവിധായകന്‍ രാജീവ്‌ അഞ്ചലിന്റെ പത്ത്‌ വര്‍ഷത്തെ അധ്വാനമുണ്ട്‌.
ഐതിഹ്യവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്നതാണ്‌ കൊട്ടാരക്കരയ്‌ക്കടുത്തുള്ള ചടയമംഗലത്തെ ജടായുപ്പാറ. രാമായണ കഥയനുസരിച്ച്‌, രാവണന്‍ സീതയെ തട്ടിക്കൊണ്ട്‌ പോകുന്നതിനിടയില്‍ പക്ഷിരാജാവായ ജടായു രാവണനെ നേരിട്ടത്‌ ഇവിടെ വച്ചാണെന്നാണ്‌ വിശ്വാസം. യുദ്ധത്തിനിടയില്‍ രാവണന്റെ വെട്ടേറ്റ്‌ ഒരു ചിറക്‌ അറ്റുവീണ ജടായുവിനെ ഓര്‍മ്മപ്പെടുത്തും വിധമാണ്‌ ശില്‌പത്തിന്റെ രൂപകല്‌പന. പിന്നീട്‌ സീതയെത്തിരഞ്ഞ്‌ എത്തിയ ശ്രീരാമന്‍ ജടായുവിനെ അനുഗ്രഹിച്ച്‌ മോക്ഷം കൊടുത്തെന്നാണ്‌ കഥ. ശ്രീരാമ പാദമുദ്ര പതിഞ്ഞതെന്ന്‌ വിശ്വസിക്കപ്പെടുന്ന കോദണ്ഡ രാമ ക്ഷേത്രവും ജടായുപ്പാറയിലുണ്ട്‌.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസമാണ്‌ ജടായുപ്പാറയിലേത്‌. സമുദ്രനിരപ്പില്‍നിന്നും 1000 അടി ഉയരമുള്ള പാറക്കെട്ടില്‍ ജലമെത്തിക്കുന്നത്‌ എങ്ങിനെ എന്നതായിരുന്നു നിര്‍മ്മാണ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി. ജലപ്രതിസന്ധി പരിഹരിക്കാന്‍ രണ്ട്‌ കൂറ്റന്‍ പാറകളെ യോജിപ്പിച്ച്‌ ചെക്‌ ഡാം നിര്‍മിച്ചു. ഇതില്‍ മഴവെള്ളം ശേഖരിച്ചു. ജലം എത്തിയതോടെ വരണ്ട്‌ കിടന്ന ജടായുപ്പാറ പച്ച പുതയ്‌ക്കാന്‍ തുടങ്ങി. ഔഷധ സസ്യങ്ങള്‍ കൂടി കൂട്ടമായി വച്ച്‌പിടിപ്പിച്ചതോടെ പാറക്കെട്ടിലും താഴ്‌വരയിലുമായി പുതിയൊരു ആവാസ വ്യവസ്‌ഥ തന്നെ രൂപം കൊണ്ടു. ചെറുജീവികളും പക്ഷികളും ധാരാളമായി ഇന്നിവിടെ കാണപ്പെട്ടു വരുന്നു.
കുരുക്ക്‌ കെട്ടെന്ന്‌ കേട്ടിട്ടുണ്ടോ? ഇല്ല എന്നാണുത്തരമെങ്കില്‍ ഉറപ്പായും ഇവിടെ വരണം. പണ്ട്‌ കേരളത്തില്‍ നിലനിന്നിരുന്ന ഒരുതരം കല്‍പ്പടവ്‌ നിര്‍മ്മാണ രീതിയാണിത്‌. ഒരല്‌പം പോലും സിമന്റ്‌് ഉപയോഗിക്കാതെ ഒരു കല്ലിനെ മറ്റൊരു കല്ലില്‍ കുരുക്കിയാണ്‌ ഇത്തരത്തിലുള്ള പടിക്കെട്ട്‌ നിര്‍മ്മിക്കുന്നത്‌. അറുപതിനായിരത്തോളം പാറക്കല്ലുകളാണ്‌ ഇതിനായി ഉപയോഗിച്ചത്‌. കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ്ണ കേവ്‌ ടൂറിസം പദ്ധതിയാണ്‌ ജടായുപ്പാറയിലേത്‌. കാരണം, ഒരു പാറ പോലും പൊട്ടിക്കാതെ സ്വാഭാവിക തനിമയോടെ അവയെ നിലനിര്‍ത്തിക്കൊണ്ടാണ്‌ ഈ ബൃഹത്‌ പദ്ധതി സാധ്യമാക്കിയിരിക്കുന്നത്‌.
കാടിന്റെ സ്വച്‌ഛതയില്‍ ക്യാമ്പ്‌ ഫയറും മൂണ്‍ ലൈറ്റ്‌ ഡിന്നറുമെല്ലാം ആസ്വദിക്കാനും ഇവിടെ അവസരമുണ്ട്‌. സാധാരണയായി പാറക്കെട്ടുകള്‍ക്ക്‌ മുകളിലൂടെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ കേബിള്‍ കാറിലൂടെ സഞ്ചരിച്ചാണ്‌ ശില്‌പത്തിനടുത്ത്‌ സഞ്ചാരികള്‍ക്ക്‌ എത്താനാവുക. ട്രക്കിംഗ്‌പ്രേമികള്‍ക്ക്‌ അഡ്വഞ്ചര്‍ പാര്‍ക്കില്‍ നിന്നും ട്രക്ക്‌ ചെയ്‌ത് എത്താവുന്ന സംവിധാനവുമുണ്ട്‌. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്നും ഇറക്കുമതി ചെയ്‌ത അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കേബിള്‍ക്കാറുകള്‍ പഴുതടച്ച സുരക്ഷ ഉറപ്പ്‌ വരുത്തുന്നു. ആകാശത്തിലൂടെ ഒഴുകി നടക്കുന്ന ഈ അനുഭവം മനസ്സു നിറയ്‌ക്കും.
ശില്‌പത്തിന്റെ ഉള്‍വശം പൂര്‍ണ്ണമായും ശീതികരിച്ചതാണ്‌. രാവണ- ജടായു യുദ്ധത്തിന്റെ 6 ഡി തിയേറ്റര്‍ ഷോ സംവിധാനവും രാമായണ കഥയുടെ വിസ്‌മയ ലോകവും ഇവിടെ സജ്‌ജീകരിച്ചിരിക്കുന്നു. ഉള്ളില്‍ നിന്നും പുറം കാഴ്‌ചകള്‍ കാണുന്നത്‌ ജഡായു ശില്‌പത്തിന്റെ കണ്ണിലൂടെയാണ്‌. ഇടത്തെ കണ്ണിലൂടെ നോക്കുമ്പോള്‍ അറബിക്കടലും വലത്തെ കണ്ണിലൂടെ സമീപ ദൃശ്യങ്ങളും ആസ്വദിക്കാം.
www.jatayuearthscenter.com എന്ന വെബ്‌ സൈറ്റില്‍ കൂടുതല്‍ വിവരങ്ങളും ഓണ്‍ലൈനായി ടിക്കറ്റ്‌ ബുക്ക്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌.
തിരുവന്തപുരം - കൊട്ടാരക്കര എം. സി. റോഡിലാണ്‌ ഈ വിസ്‌മയം. ചടയമംഗലം കെ. എസ്‌. ആര്‍. ടി. സി ബസ്‌ സ്‌റ്റാന്‍ഡില്‍ നിന്നും ഒന്നര കി. മീ ദൂരമേയുള്ളു ജടായുപ്പാറയിലേക്ക്‌. വര്‍ക്കലയാണ്‌ ഏറ്റവും അടുത്ത റെയില്‍വേ സേ്‌റ്റഷന്‍. തൊട്ടടുത്ത വിമാനത്താവളം തിരുവനന്തപുരം.
കാഴ്‌ചകള്‍ ഇഷ്‌ടപ്പെടുന്ന മലയാളി ഒരിക്കലും മിസ്സാക്കാന്‍ പാടില്ല ഈ ലോക വിസ്‌മയം. തിരക്കുകളില്‍ നിന്നും തിരക്കുകളിലേക്കുള്ള ഓട്ടപ്പാച്ചിലിന്‌ ഒരവധി നല്‍കണമെന്ന്‌ തോന്നുമ്പോള്‍ ജടായുപ്പാറ കയറിക്കോളൂ...!!!

എസ്‌.എല്‍.എസ്‌

Ads by Google
Saturday 20 Jul 2019 11.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW