Sunday, August 18, 2019 Last Updated 7 Min 17 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 11.26 PM

ഈ പടിയും കടന്ന്‌...

uploads/news/2019/07/323437/sun2.jpg

തിരക്കഥാകൃത്ത്‌, നടന്‍ എന്നീ നിലകളില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായ ശങ്കര്‍ രാമകൃഷ്‌ണന്‍ ആദ്യസംവിധാനസംരംഭമായ പതിനെട്ടാം പടിയിലും സ്വന്തം കയ്യൊപ്പ്‌ ചാര്‍ത്തുന്നു...
മമ്മൂട്ടി, പൃഥ്വിരാജ്‌, ആര്യ, ഉണ്ണി മുകുന്ദന്‍..അഥിതി വേഷത്തില്‍ താരങ്ങള്‍ തന്നെയാണെങ്കിലും പതിനെട്ടാംപടി എന്ന ചിത്രം വിജയത്തിന്റെ പടികള്‍ ചവിട്ടിക്കയറിയത്‌ പുതുമുഖങ്ങളുടെ തോളിലേറിയാണെന്ന്‌ നിസ്സംശയം പറയാം. പല ഇടങ്ങളില്‍ നിന്നുള്ള ആളുകള്‍ വന്ന്‌ ചേക്കേറുന്ന നഗരമാണ്‌ തിരുവനന്തപുരം. പല ജീവിത സാഹചര്യത്തില്‍ നിന്നും വരുന്ന കുട്ടികള്‍ ഒന്നിച്ച്‌ വളരുന്നിടം. എല്ലാവരുടെയും ജീവിതത്തില്‍ മറക്കാനാവാത്ത കാലഘട്ടം തീര്‍ച്ചയായും സ്‌കൂള്‍ കാലഘട്ടം തന്നെയാവും. സ്‌കൂള്‍ ഇടനാഴികളില്‍ പൂക്കുന്ന പ്രണയത്തിനേക്കാള്‍ വീര്യമേറും സ്‌കൂള്‍ കാലത്തെ സൗഹൃദങ്ങള്‍ക്ക്‌. തൊണ്ണൂറുകളില്‍ തിരുവനന്തപുരം നഗരത്തിലെ ഗവണ്‍മെന്റ്‌ സ്‌കൂളിലെയും ഇന്റര്‍നാഷണനല്‍ സ്‌കൂളിലെയും കുട്ടികള്‍ തമ്മിലുണ്ടായിരുന്ന വര്‍ഷങ്ങള്‍ നീണ്ട കുടിപ്പകയുടെയും പോരാട്ടങ്ങളുടെയും കഥയാണ്‌ ചിത്രം പറയുന്നത്‌. ഒരു പതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ വിവിധ തുറകളില്‍ സജീവമായ ശങ്കര്‍ രാമകൃഷ്‌ണന്റെ ആദ്യ സംവിധാന സംരംഭം. സിനിമാ ജീവിതത്തിലെ വിശേഷങ്ങള്‍ ശങ്കര്‍ പങ്കുവയ്‌ക്കുന്നു.

സംവിധായകന്‍, എഴുത്തുകാരന്‍, നടന്‍..?
അടിസ്‌ഥാനപരമായി ഞാനൊരു എഴുത്തുകാരനാണ്‌. അതുകൊണ്ട്‌ തന്നെ തിരക്കഥ എഴുത്ത്‌ ഞാന്‍ ആസ്വദിക്കുന്ന പ്രോസസ്സാണ്‌. അഭിനയം ഒരിക്കലും ഉപജീവന മാര്‍ഗമായി കണ്ടിട്ടില്ല. അതിലേക്ക്‌ ഫോക്കസ്‌ ചെയ്‌ത് വന്ന ആളുമല്ല. സ്‌പിരിറ്റ്‌ , ബാവുട്ടിയുടെ നാമത്തില്‍ തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും അതിനൊക്കെയുള്ള മുഴുവന്‍ അംഗീകാരവും സംവിധായകന്‌ അവകാശപ്പെട്ടതാണ്‌. അടിസ്‌ഥാനപരമായി എല്ലാ മനുഷ്യന്റെയും ഉള്ളില്‍ ഒരു അഭിനേതാവുണ്ട്‌. അത്‌ കണ്ടെത്തി രൂപപ്പെടുത്തിയെടുക്കുന്നത്‌ സംവിധായകന്റെ കഴിവാണ്‌. സംവിധായകന്‍ കുറച്ചുകൂടി വലിയ ക്യാന്‍വാസില്‍ ജോലി ചെയ്യുന്ന ആളാണ്‌. ടെക്‌നീഷ്യന്‍മാരെയും അഭിനേതാക്കളെയും അങ്ങനെ സിനിമയുമായി ബന്ധപ്പെട്ട്‌ നില്‍ക്കുന്ന എല്ലാവരെയും ഒരു വിഷന്‍ നല്‍കി മുന്നോട്ട്‌ നയിക്കേണ്ടത്‌ സംവിധായകനാണ്‌. ഇതിലെല്ലാമുപരി ഞാന്‍ വിശ്വസിക്കുന്നത്‌, നിര്‍മ്മാതാവിന്റെ സഹകരണമാണ്‌ ഏറ്റവും വലുത്‌. പതിനെട്ടാംപടിയെ സംബന്ധിച്ചിടത്തോളം ഷാജി നടേശന്‍ എന്ന നിര്‍മ്മാതാവിന്റെ ശക്‌തമായ പിന്‍ബലം കൊണ്ടാണ്‌ ആ സിനിമ സംഭവിച്ചത്‌.

ഉറുമി എന്ന ചിത്രം മലയാളത്തിന്‌ ലഭിച്ച ക്ലാസിക്കായാണ്‌ വിലയിരുത്തപ്പെടുന്നത്‌?
ഉറുമിയെ ഒരു ചരിത്ര സിനിമയായി ആളുകള്‍ വിലയിരുത്താറുണ്ട്‌. പക്ഷേ അതൊരു പൊളിറ്റിക്കല്‍ ചിത്രമാണ്‌. ഒരു ശരാശരി മലയാളി എന്ന നിലയില്‍ നമുക്ക്‌ നമ്മുടെ പാസ്‌റ്റിനെപ്പറ്റി കാര്യമായ ധാരണയൊന്നുമില്ല. സ്‌കൂളില്‍ ചരിത്രമൊക്കെ പഠിക്കുന്നുണ്ടെങ്കിലും നമുക്ക്‌ മുന്നേ കടന്നു പോയ ഒരു തലമുറയെപ്പറ്റി, അവരുടെ അതിജീവനത്തെപ്പറ്റി ആരും അത്ര അവബോധമുള്ളവരല്ല. കേരളമാണ്‌ യഥാര്‍ത്ഥത്തില്‍ ഗേറ്റ്‌ വേ ഓഫ്‌ ഇന്ത്യയായി ഞാന്‍ കണക്കാക്കുന്നത്‌. ഇന്ത്യയെ കണ്ട്‌ പിടിച്ചത്‌ വാസ്‌ഗോ ഡി ഗാമയാണ്‌ എന്നൊക്കെ പറയാറുണ്ട്‌. അതിന്‌ മുന്‍പും ഇവിടെ കച്ചവടമുണ്ടായിരുന്നു. വളരെ സമൃദ്ധമായ കാലവും ശക്‌തരായ ഭരണാധികാരികളും ഉണ്ടായിരുന്നു. പക്ഷേ, ലോകം ഇന്ത്യയെ അറിയുന്നതും പഠിക്കുന്നതും ഇവിയെ യൂറോപ്യന്‍സ്‌ വന്നതിന്‌ ശേഷമാണ്‌. അന്ന്‌ നമ്മള്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ തന്നെയാണ്‌ ഇന്നും. മള്‍ട്ടിനാഷനല്‍ കമ്പനികള്‍ ഉള്‍പ്പടുന്ന ഇന്റലക്‌ച്വല്‍ യുദ്ധമായി അത്‌ മാറി എന്നുമാത്രം. ആ കാലഘട്ടം അങ്ങനെയായിരുന്നു. ഇന്ന്‌ നമ്മള്‍ എങ്ങനെയായി മാറി എന്നുള്ളതാണ്‌ ചിത്രം ചര്‍ച്ച ചെയ്യുന്നത്‌. ഒരു ചരിത്ര സിനിമ എന്നതിലുപരി ഉറുമി മുന്നോട്ട്‌ വച്ചത്‌ ഈ പൊളിറ്റിക്‌സാണ്‌.

സ്‌കൂളുകള്‍ പതിനെട്ടാംപടി കയറുമോ?
പതിനെട്ടാംപടി വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചിത്രമാണ്‌. പതിന്നാല്‌ ജില്ലകളില്‍ നിന്നുമുള്ള കുട്ടികള്‍ ചിത്രത്തിലുണ്ട്‌. അതും നിരവധി വെല്ലുവിളികള്‍ നിറഞ്ഞ പശ്‌ചാത്തലത്തില്‍ നിന്നും വന്നവര്‍. അവര്‍ക്ക്‌ ഇത്രയും മികച്ച ഒരു പ്ലാറ്റ്‌ഫോം ചെറിയ പ്രായത്തില്‍ തന്നെ ഒരുക്കി കൊടുക്കാന്‍ കഴിഞ്ഞത്‌ വലിയ സന്തോഷം നല്‍കുന്നു. നമ്മുടെ സ്‌കൂളുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള ചര്‍ച്ച ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി നടത്തി. അദ്ദേഹം വളരെ നല്ല പ്രതികരണമാണ്‌ നല്‍കിയത്‌. വിദ്യാഭ്യാസ മന്ത്രിയുമായി കൂടിയാലോചിച്ച ശേഷം ഉടന്‍ തീരുമാനം ഉണ്ടാകും.

സന്തോഷ്‌ ശിവനുമൊന്നിച്ചുള്ള അനുഭവം?
അദ്ദേഹമൊരു ഇന്റര്‍നാഷനല്‍ ഫിലിം മേക്കറാണ്‌. സൗത്ത്‌ ഈസ്‌റ്റ് ഏഷ്യയില്‍ നിന്ന്‌ തന്നെ എ. എസ്‌. സി (ദ്‌ അമേരിക്കന്‍ സൊസൈറ്റി ഓഫ്‌ സിനിമാറ്റോഗ്രഫേഴ്‌സ്) മെമ്പര്‍ഷിപ്പുള്ള ഏക വ്യക്‌തി സന്തോഷേട്ടനാണ്‌. ഫിലിം പ്രാക്‌ടീസ്‌ ചെയ്യുന്ന ഒരു വ്യക്‌തി എന്ന നിലയില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാനായത്‌ ലൈഫ്‌ ടൈം ലെസണ്‍ ആയിട്ടാണ്‌ ഞാന്‍ കാണുന്നത്‌. നമ്മള്‍ ഒന്നാം ക്ലാസില്‍ പഠിച്ചതാണോ പത്താം ക്ലാസില്‍ പഠിക്കുന്നത്‌ എന്ന്‌ ചോദിച്ചാല്‍ അല്ല. പക്ഷേ, ഒന്നാം ക്ലാസില്‍ പഠിച്ച കാര്യങ്ങളാണ്‌ ശക്‌തമായ ഒരു അടിത്തറ നല്‍കുന്നത്‌. സത്യത്തില്‍ അതേപോലെയൊരു അടിത്തറയാണ്‌ സന്തോഷേട്ടനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ കിട്ടിയത്‌. ഒരു കംപ്ലീറ്റ്‌ റഫറന്‍സ്‌ ബുക്കാണ്‌ സന്തോഷ്‌ ശിവന്‍ എന്ന ജെനുവിന്‍ ജീനിയസ്സ്‌.

റിയലിസം എന്നുള്ള കണ്‍സപ്‌റ്റ് ഇന്ന്‌ ഏറ്റവുമധികം കൊമേര്‍ഷ്യലൈസ്‌ ചെയ്യപ്പെടുന്ന ഇന്‍ഡസ്‌ട്രിയാണ്‌ മലയാളം. ഇത്തരം ജോണര്‍ ഓഫ്‌ സിനിമകളെപ്പറ്റി?
വളരെ മികച്ചതാണ്‌. ഞാന്‍ ഒരുപാട്‌ എന്‍ജോയ്‌ ചെയ്യുന്നുണ്ട്‌ ഈ സോ കോള്‍ഡ്‌ റിയലിസ്‌റ്റിക്‌ സിനിമകള്‍. എല്ലാത്തരം സിനിമകളും വരട്ടെ. എന്നെ സംബന്ധിച്ചിടത്തോളം സിനിമ ലാര്‍ജര്‍ ദാന്‍ ലൈഫ്‌ അഥവാ ഒരു അതിശയോക്‌തി നിറഞ്ഞ മീഡിയമാണ്‌. വലിയതരം സിനിമകള്‍ കാണാനും ആലോചിക്കാനും ഒരുപാട്‌ ഇഷ്‌ടമാണ്‌. അതിന്റെ അര്‍ഥം എനിക്ക്‌ റിയലിസം ഇഷ്‌ടമല്ല എന്നല്ല. എല്ലാത്തരം സിനിമകളും കാണാറുണ്ട്‌. എന്നെ വളരെ വലിയ രീതിയില്‍ സ്വാധീനിക്കുന്നുണ്ട്‌ ഇപ്പോഴത്തെ സിനിമകള്‍. മറ്റുള്ളവര്‍ അത്തരം സിനിമകള്‍ ചെയ്യുന്നു എന്നു കരുതി ഞാനും അത്‌ ചെയ്യണമെന്നില്ലല്ലോ. അള്‍ട്രാ റിയലിസത്തോട്‌ വ്യക്‌തിപരമായി എനിക്ക്‌ താല്‌പര്യമില്ല. ഉദാഹരണത്തിന്‌ ബിരിയാണി കഴിക്കാന്‍ ഇഷ്‌ടമുള്ള ഒരാള്‍ ബിരിയാണി പാചകം ചെയ്യുമ്പോള്‍ നന്നായി വരണമെന്നില്ലല്ലോ.

സിനിമാ മേഖല അല്ലായിരുന്നെങ്കില്‍?
അതിന്‌ വ്യക്‌തമായ ഉത്തരമില്ല. അത്യന്തികമായി നല്ല മനുഷ്യനാവുക എന്നതാണ്‌ പ്രധാനം. സിനിമ ഭക്ഷിക്കുന്നവരാണ്‌ മലയാളികള്‍. നമ്മുടെ ദൈനംദിന സംഭാഷണങ്ങളില്‍, തമാശകളില്‍, പ്രണയങ്ങളില്‍, വാട്‌സ്ആപ്‌ സന്ദേശങ്ങളില്‍ അങ്ങനെ നമ്മള്‍ കാണുന്നതും കേള്‍ക്കുന്നതും സിനിമയാണ്‌. സത്യത്തില്‍ അത്ഭുതമാണ്‌ കേരളം പോലെയൊരു സംസ്‌ഥാനത്ത്‌ സിനിമ ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുന്നത്‌. പക്ഷേ നമ്മളൊരു വെസ്‌റ്റേണ്‍ രാജ്യത്തോ മറ്റോ പോയാല്‍ അവര്‍ മലയാള സിനിമയെപ്പറ്റി കേട്ടിട്ടു പോലുമുണ്ടാവില്ല. അതിനര്‍ത്ഥം നമ്മുടെ സിനിമകള്‍ നമ്മളില്‍ മാത്രമായി ചുരുങ്ങുന്നു എന്നാണ്‌. പക്ഷേ, കേരളം എന്നൊരു ഭൂപ്രദേശം ഉണ്ടെന്നും അവിടെ ധാരാളമായി സിനിമകള്‍ ഉണ്ടാകുന്നുണ്ടെന്നും അവരും അറിയണം. അതിന്‌ നമ്മള്‍ അത്തരത്തിലുള്ള സിനിമകള്‍ സൃഷ്‌ടിക്കണം. എന്നിലെ എഴുത്തുകാരന്‌ ഏറ്റവും നന്നായി ലോകത്തോട്‌ സംവദിക്കാന്‍ പറ്റുന്നത്‌ സിനിമയിലൂടെയാണ്‌. കാരണം എന്റെ ചുറ്റും ഞാന്‍ കണ്ട്‌ വളര്‍ന്നത്‌ സിനിമയാണ്‌.

അനൂപ്‌ മേനോനുമായുള്ള സൗഹൃദം?
ഞങ്ങള്‍ ഒന്നിച്ച്‌ പഠിച്ചവരാണ്‌. സ്‌കൂളിലും കോളേജിലും. അവന്‍ എന്റെ വീട്ടിലും ഞാന്‍ അവന്റെ വീട്ടിലും താമസിച്ചിട്ടുണ്ട്‌. ഒരേ തരം സിനിമകള്‍ കണ്ടും പുസ്‌തകങ്ങള്‍ വായിച്ചും വളര്‍ന്നവരാണ്‌ ഞങ്ങള്‍. മിക്കവര്‍ക്കും കാണുമല്ലോ അങ്ങനെയൊരു സോള്‍മേറ്റ്‌. പക്ഷേ ഞങ്ങള്‍ ഒന്നിച്ച്‌ ഇതുവരെ സിനിമകള്‍ ചെയ്‌തിട്ടില്ല. വലിയ ട്രാജഡിയില്‍പ്പോലും കോമഡി കണ്ടെത്തി മറ്റുള്ളവരെ ആശ്വസിപ്പിക്കാനുള്ള അവന്റെ കഴിവ്‌ അപാരമാണ്‌. അനൂപാണ്‌ എന്റെ ഏറ്റവും നല്ല ക്രിട്ടിക്‌. സുഹൃത്ത്‌ എന്നതിലുപരി എന്തും മുഖത്ത്‌ നോക്കി വെട്ടിത്തുറന്ന്‌ പറയുന്നൊരാള്‍. അങ്ങനെയൊരാള്‍ എല്ലാവരുടെയും ജീവിതത്തില്‍ നിര്‍ബന്ധമായും വേണം, നമ്മളെ തന്നെ പ്രതിഫലിപ്പിക്കുന്നൊരാള്‍.

അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രത്തെക്കുറിച്ച്‌?
അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന ചിത്രം ഞങ്ങളുടെയൊക്കെ ഒരു ഡ്രീം പ്ര?ജക്‌ടാണ്‌. എഴുത്ത്‌ പൂര്‍ത്തിയായി. 65 ഓളം പുതുമുഖങ്ങള്‍ ചിത്രത്തില്‍ സഹകരിക്കുന്നുണ്ടെങ്കിലും ഏഴോളം വരുന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ മുഖ്യധാരാ അഭിനേതാക്കളാണ്‌. അതുകൊണ്ട്‌ തന്നെ അവരുടെയൊക്കെ സമയം ഒന്നിച്ച്‌ ലഭിച്ചെങ്കില്‍ മാത്രമേ ആ സിനിമ സാധ്യമാകൂ.

ശ്രീലക്ഷ്‌മി സോമന്‍

Ads by Google
Saturday 20 Jul 2019 11.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW