Sunday, August 18, 2019 Last Updated 7 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 11.26 PM

കറന്‍സിയിലെ ജന്മദിനം

uploads/news/2019/07/323436/sun1.jpg

ഒരു രൂപയുടെ നോട്ടു വാങ്ങാന്‍ ഒരാള്‍ 33,000 രൂപ ചിലവാക്കിയെന്ന്‌ പറഞ്ഞാലോ? അതിശയമാണോ അതോ അവിശ്വാസമാണോ അത്‌ കേള്‍ക്കുമ്പോള്‍ തോന്നുന്നത്‌? അതെന്തായാലും സംഗതി സത്യമാണ്‌. കോഴിക്കോട്‌്്, നടക്കാവിലെ എം.കെ. ലത്തീഫ്‌ തന്റെ കൗതുകം യാഥാര്‍ത്ഥ്യമാക്കാന്‍ എന്ത്‌ സാഹസത്തിനും ഒരുക്കമാണ്‌. കറന്‍സി-നാണയ-പുരാവസ്‌തു ശേഖരണം ജീവിതവ്രതമാക്കിയ ആളാണ്‌ കക്ഷി. ദീര്‍ഘകാലമായി നിലവിലില്ലാതിരുന്ന ഒരു രൂപ നോട്ട്‌ 2015-ല്‍ റിസര്‍വ്‌ ബാങ്ക്‌ വീണ്ടുമിറക്കുന്നത്‌ അറിഞ്ഞാണ്‌ അതു വാങ്ങാന്‍ അദ്ദേഹം ദുബായില്‍ നിന്നും ദല്‍ഹിയില്‍ പറന്നെത്താന്‍ ഇത്രയും വലിയൊരു തുക ചിലവഴിച്ചത്‌!
കറന്‍സി-നാണയ ശേഖരണം ഒരു വിനോദമായിട്ടാണ്‌ സമൂഹം കാണുന്നതെങ്കിലും തനിക്കത്‌ അങ്ങനെയല്ല എന്നാണ്‌ ലത്തീഫിന്റെ വാദം. അദ്ദേഹത്തിനത്‌ സമൂഹത്തിന്‌ പലതരത്തിലുള്ള അറിവുകള്‍ പകരുന്ന ശ്രമകരമായ യജ്‌ഞമാണ്‌. ലാഭേച്‌ഛ കൂടാതെയുള്ള ഒരു സാമൂഹ്യ സേവനം എന്നും പറയാം. കുട്ടിക്കാലത്ത്‌ ഫാന്‍സി നമ്പരുകളുള്ള കറന്‍സി നോട്ടുകള്‍ കൗതുകത്തിന്‌ ശേഖരിച്ചു തുടങ്ങിയതാണ്‌ ലത്തീഫ്‌. സുഹൃത്തുക്കളും ബന്ധുക്കളും പരിചയക്കാരും സഹായിക്കാന്‍ തുടങ്ങിയതോടെ അതൊരു ഹരമായി.
ദുബായിലെ നയീഫ്‌ സൂഖ്‌ മാളില്‍ ഫാന്‍സി സാധനങ്ങളുടെ ഒരു കട ആരംഭിച്ചപ്പോള്‍ അതിന്റെ ആവശ്യാര്‍ഥം പല രാജ്യങ്ങളിലും സഞ്ചരിക്കേണ്ടി വന്നു. അപ്പോള്‍ അവിടങ്ങളിലെ കറന്‍സി-നാണയ പ്രദര്‍ശന ശാലകളും ക്ലബുകളും സന്ദര്‍ശിച്ചു. അങ്ങനെ പല രാജ്യങ്ങളുടെയും പലതരം നോട്ടുകളും ശേഖരിക്കാന്‍ തുടങ്ങി. കഴിഞ്ഞ 20 വര്‍ഷത്തിലേറെ കാലത്തെ ഊര്‍ജിത ശ്രമത്തിനിടയില്‍ അദ്ദേഹം ശേഖരിച്ചത്‌ ലോകത്തിലെ 195 രാജ്യങ്ങളില്‍ നിന്നുള്ള 180 ഓളം പഴയതും പുതിയതുമായ കറന്‍സികളും നാണയങ്ങളുമാണ്‌.
ഇങ്ങനെ നേടിയ കറന്‍സികളില്‍ പലതും അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്‌ എന്നതും ശ്രദ്ധേയമാണ്‌. ഗ്രീക്ക്‌ അധീനതയിലായിരുന്ന ഒലിബിയ എന്ന രാജ്യം ബിസി 500 കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ഡോള്‍ഫിന്‍ നാണയം അതിലൊന്നാണ്‌. ആഫ്രിക്കയിലെ പുരാതന കിസ്സി വര്‍ഗ്ഗക്കാര്‍ ഉപയോഗിച്ചിരുന്ന കിസി പെന്നി എന്ന ഇരുമ്പു നാണയമാണ്‌ ശേഖരത്തിലുള്ള മറ്റൊരു അപൂര്‍വ ഇനം. സ്വന്തമായി കറന്‍സിയില്ലാത്ത പലസ്‌തീന്‍ ഇന്ന്‌ ഉപയോഗിക്കുന്നത്‌ ഇസ്രായേലിന്റെ നോട്ടുകളാണ്‌. എന്നാല്‍ മുമ്പ്‌ പലസ്‌തീന്‍ ഉപയോഗിച്ചിരുന്ന പൗണ്ട്‌ എന്ന കറന്‍സി ലത്തീഫിന്റെ കൈയിലുണ്ട്‌.
അപൂര്‍വ കറന്‍സികളും നാണയങ്ങളും സ്വന്തമാക്കാന്‍ ഏതു രാജ്യത്ത്‌ വേണമെങ്കിലും യാത്ര ചെയ്യാനും എത്ര പണം ചിലവഴിക്കാനും ഒരു മടിയുമില്ല ലത്തീഫിന്‌. അതിനായി ചൈന, കൊറിയ, മലേഷ്യ, തായ്‌ലണ്ട്‌, സിങ്കപ്പൂര്‍ എന്നിവിടങ്ങളിലൊക്കെ സഞ്ചരിക്കാറുണ്ട്‌. 2017-ല്‍ മലേഷ്യ, ബ്രിട്ടീഷുകാരില്‍ നിന്നും തങ്ങളുടെ സ്വാതന്ത്ര്യം വീണ്ടെടുത്തതിന്റെ 60-ാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 600 റിംഗിറ്റ്‌സിന്റെ കറന്‍സി ഇറക്കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ നോട്ടാണിത്‌ (1998-ല്‍ ഫിലിപ്പീന്‍സ്‌ പുറത്തിറക്കിയ 1 ലക്ഷം പെസോയുടെ കറന്‍സി ആയിരുന്നു അതുവരെ ഏറ്റവും വലുത്‌) ആ റെക്കോര്‍ഡ്‌ ആണ്‌ മലേഷ്യ മറികടന്നത്‌. 37 സെന്റി മീറ്റര്‍ നീളവും 22 സെന്റി മീറ്റര്‍ വീതിയും വരും ഈ നോട്ടിന്‌. അത്തരം 6000 നോട്ടുകളാണ്‌ സര്‍ക്കാര്‍ പുറത്തിറക്കിയത്‌. അതില്‍ തന്നെ 500 എണ്ണം മാത്രമേ മറ്റ്‌ രാജ്യങ്ങള്‍ക്ക്‌ നല്‍കിയുള്ളൂ. 1700 റിംഗിറ്റ്‌സിന്‌ (ഇന്ത്യന്‍ രൂപ 30,000) മലേഷ്യ വി ല്‍പ്പനയ്‌ക്ക് വച്ച അതിലൊരെണ്ണം ഏകദേശം 70,000 രൂപയോളം ചിലവാക്കി മലേഷ്യയില്‍ നേരിട്ട്‌ ചെന്നാണ്‌ ലത്തീഫ്‌ വാങ്ങിയത്‌ എന്നു പറയുമ്പോള്‍ അപൂര്‍വ കറന്‍സികളോടുള്ള അദ്ദേഹത്തിന്റെ ആസക്‌തി മനസിലാക്കാമല്ലൊ!
1955-ല്‍ ഇന്ത്യ ഗവണ്‍മെന്റ്‌ ഇറക്കിയ 1000 രൂപയുടെ വലിയ നോട്ട്‌ മുംബൈയിലുള്ള ഒരാളുടെ കൈയില്‍ നിന്നും 65,000 രൂപ മുടക്കിയാണ്‌ അദ്ദേഹം കരസ്‌ഥമാക്കിയത്‌. തഞ്ചാവൂര്‍ ക്ഷേത്രത്തിന്റെ ആയിരാം വാര്‍ഷികത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ പുറത്തിറക്കിയ 1000 രൂപയുടെ നാണയം 4775 രൂപ നല്‍കി ബുക്ക്‌ ചെയ്‌തിട്ടാണ്‌ അദ്ദേഹം നേടിയെടുത്തത്‌. ഇന്ത്യയുടെ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 200-ാം ടെസ്‌റ്റ് പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായി ഇറങ്ങിയ 200 ഗ്രാം വെള്ളിനാണയത്തിന്റെ 15,921 എണ്ണത്തിലൊന്ന്‌ ലത്തീഫ്‌ വാങ്ങിയത്‌ 25,000 രൂപയോളം കൊടുത്താണ്‌. അച്ചടിക്കിടയില്‍ എങ്ങനെയോ നീളം കൂടിപ്പോയ ഒരു 2000 രൂപ നോട്ടു സംഘടിപ്പിക്കാന്‍ അദ്ദേഹം ചിലവാക്കിയത്‌ 20,000 രൂപയാണ്‌!
ടിപ്പു സുല്‍ത്താന്‍ കോഴിക്കോട്ട്‌ ഇറക്കിയ സ്വര്‍ണ നാണയം, സാമൂതിരിമാരുടെയും കൊച്ചി രാജാക്കന്‍മാരുടെയും കാലത്തെ നാണയങ്ങള്‍, സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ ബ്രീട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന 10 രൂപ നോട്ട്‌, ഇന്ത്യ വിവിധ കാലങ്ങളിലിറക്കിയ 500, 100, 50, 20 രൂപയുടെ നാണയങ്ങള്‍ എന്നിവയും ലത്തീഫിന്റെ ശേഖരത്തിലുണ്ട്‌്. അതുപോലെ തന്നെ അച്ചടി നേരാംവണ്ണം പതിയാത്ത നോട്ടുകള്‍, കട്ടു ചെയ്യുമ്പോള്‍ അബദ്ധത്തില്‍ നീളം കൂടിപ്പോയതോ കുറഞ്ഞതോ ആയ നോട്ടുകള്‍, ഒരു മുഴുവന്‍ നോട്ടിനൊപ്പം മറ്റൊരു നോട്ടിന്റെ ഭാഗങ്ങള്‍ കടന്നു വന്നവ, അച്ചടി പിശകില്‍ കറന്‍സിയുടെ മൂല്യം ചെരിഞ്ഞു പോയവ തുടങ്ങി, പറഞ്ഞാ ല്‍ തീരാത്തത്ര പ്രത്യേകതകളുള്ള നോട്ടുകളുണ്ട്‌ അദ്ദേഹത്തിന്റെ പക്ക ല്‍. ഇന്ത്യയില്‍ ഇതുവരെ ഇരുന്ന എല്ലാ റിസര്‍വ്‌ ബാങ്ക്‌ ഗവര്‍ണര്‍മാരും ഒപ്പു വച്ച നോട്ടുകളും കൂട്ടത്തിലുണ്ട്‌.
ലത്തീഫിന്റെ വന്‍നോട്ടു ശേഖരത്തില്‍ അതിശയിപ്പിക്കുന്ന ഫാന്‍സി നമ്പരുകളുള്ള ഒരുപിടി നോട്ടുകള്‍ കാണാം. ഉദാഹരണമായി സീരിയല്‍ നമ്പര്‍ 000001 എന്നു തുടങ്ങുന്ന നോട്ടുകള്‍, 111111, 222222, 888888, 000786 എന്നിങ്ങനെയുള്ള നോട്ടുകളുമുണ്ട്‌. അതിശയകരമായ കാര്യം, ഈ അപൂര്‍വയിനം നോട്ടുകള്‍-നാണയങ്ങള്‍ എന്നിവയില്‍ ഒരെണ്ണത്തിന്‌ തന്നെ ഇന്ന്‌ പതിനായിരങ്ങള്‍ വില വരും എന്നതാണ്‌. ചിലപ്പോള്‍ ലക്ഷങ്ങളും. അത്തരം നോട്ടുകള്‍ എത്ര പണം നല്‍കി എടുക്കാനും ആളുകളിന്ന്‌ മത്സരമാണ്‌. കൈവശം അപൂര്‍വമായ ഒന്നിലധികം നോട്ടുകളോ നാണയങ്ങളോ ഉണ്ടെങ്കില്‍ അത്‌ ആവശ്യക്കാര്‍ക്ക്‌ കൈമാറി തന്റെ പക്കലില്ലാത്ത വേറെ കറന്‍സികളോ നാണയങ്ങളോ അദ്ദേഹം വാങ്ങാറുണ്ട്‌.
ശേഖരത്തിലുള്ള അപൂര്‍വ ഇനം നോട്ടുകള്‍ക്ക്‌ മോഹവിലയുമായി ആരെങ്കിലും വന്നാല്‍ കൊടുക്കുമോ എന്നു ചോദിച്ചപ്പോള്‍ ലത്തീഫിന്റെ ഉറച്ച ഉത്തരം ഇല്ല എന്നായിരുന്നു. അദ്ദേഹത്തിന്‌ വേണമെങ്കില്‍ ദല്‍ഹിയിലെയോ കല്‍ക്കത്തയിലെയോ മുംബെയിലെയോ ഉള്ള വമ്പന്‍ ന്യുമിസ്‌മാറ്റിക്ക്‌സ് ക്ലബ്ബുകള്‍ക്കോ വ്യക്‌തികള്‍ക്കോ ഈ ശേഖരം മുഴുവന്‍ കൈമാറാം(പലരും പലതവണ അതിനായി സമീപിച്ചതുമാണ്‌)അങ്ങനെ ഒറ്റയടിക്ക്‌ കോടീശ്വരനോ ശതകോടീശ്വരനോ ഒക്കെ ആകാന്‍ കഴിയുമെങ്കിലും അദ്ദേഹത്തിന്‌ അതില്‍ ഒട്ടും താല്‍പര്യമില്ല.
ലോകമെമ്പാടുമായി നിരവധി സുഹൃത്തുക്കളുണ്ട്‌ ലത്തീഫിന്‌. പല രാജ്യങ്ങളിലേയും കറന്‍സി ക്ലബ്ബുകള്‍, എക്‌സിബിഷന്‍ സംഘടനകള്‍ എന്നിവയുമായും ബന്ധമുണ്ട്‌്. ഇന്ത്യന്‍ കോയിന്‍ ആന്റ്‌ കറന്‍സി എന്ന സംഘടനയിലെ മെംബറും കോഴിക്കോട്‌ ന്യുമിസ്‌മാറ്റിക്‌സ് ക്ലബ്ബ്‌ അംഗവുമാണ്‌. പലതരം കറന്‍സികള്‍ കൈയില്‍ വരുന്നത്‌ ഇവരിലൂടെയാണ്‌. റിസര്‍വ്‌ ബാങ്കിന്റെ വിവിധ ശാഖകളിലെ ഉദ്യോഗസ്‌ഥരുടെ സഹായവും ഇതിനായി അദ്ദേഹത്തിന്‌ ലഭിക്കുന്നുണ്ട്‌. ഓണ്‍ലൈന്‍ വഴിയും പ്രദര്‍ശന ശാലകള്‍ സന്ദര്‍ശിച്ചും അദ്ദേഹം നോട്ടുകള്‍ ശേഖരിക്കാറുണ്ട്‌. പലപ്പോഴും നോട്ടിന്റെ യഥാര്‍ഥ മൂല്യത്തേക്കാള്‍ കൂടുതല്‍ വില നല്‍കിയാണ്‌ നോട്ടുകളും നാണയങ്ങളും വാങ്ങാറ്‌.
കഴിഞ്ഞ ലോകകപ്പ്‌ ഫുട്‌ബോളിനോടനുബന്ധിച്ച്‌ റഷ്യ പുതിയ റൂബിളും നാണയവും ഇറക്കുകയുണ്ടായി. പ്രശസ്‌ത സോവിയറ്റ്‌ ഗോള്‍കീപ്പര്‍ ലെവ്‌ യാഷിന്റെ ചിത്രം പതിച്ച 100 റൂബിളിന്റെ ക്യൂആര്‍ കോഡുള്ള പ്ലാസ്‌റ്റിക്ക്‌ നോട്ടായിരുന്നു അത്‌. ലോകകപ്പിന്റെ ചിത്രങ്ങള്‍ ആലേഖനം ചെയ്‌തവയാണ്‌ നാണയം. അവ രണ്ടും റഷ്യയിലുള്ള ഒരു സ്‌നേഹിതന്‍ വഴി കരസ്‌ഥമാക്കാന്‍ തനിക്ക്‌ കഴിഞ്ഞു എന്ന്‌ ലത്തീഫ്‌ അഭിമാനത്തോടെ പറയുന്നു.
ഇന്ത്യയില്‍ റിസര്‍വ്‌ ബാങ്ക്‌ പുതിയ നോട്ടിറക്കുമ്പോള്‍ അത്‌ മറ്റാര്‍ക്കെങ്കിലും കിട്ടുന്നതിന്‌ മുമ്പ്‌ തന്റെ കൈയിലെത്തണം എന്ന നിര്‍ബന്ധവും ചിലപ്പൊഴൊക്കെ അദ്ദേഹത്തിനുണ്ട്‌. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുതിയ 10 രൂപ നോട്ട്‌ പുറത്തു വരുന്നു എന്നറിഞ്ഞ അദ്ദേഹം നോട്ട്‌ ഇറങ്ങുന്ന ദിവസം രാവിലെ നെടുമ്പാശ്ശേരിയില്‍ നിന്ന്‌ ഫ്‌ളൈറ്റില്‍ ദല്‍ഹിയിലേക്ക്‌ വച്ചുപിടിച്ചു. 100 എണ്ണം വീതമുള്ള പുതിയ 10 രൂപയുടെ 3 കെട്ടുകളും വാങ്ങി അന്നു രാത്രി തന്നെ തിരിച്ച്‌ കോഴിക്കോട്ട്‌ എത്തുകയും ചെയ്‌തു!
15 വര്‍ഷം മുമ്പ്‌ മുംബെയില്‍ നിന്നും ട്രെയിനില്‍ നാട്ടിലേക്ക്‌ മടങ്ങുകയായിരുന്നു, ലത്തീഫ്‌. യാത്രക്കിടെ പരിചയപ്പെട്ട ഒരാള്‍ ഒരു ഇന്ത്യന്‍ കറന്‍സി എടുത്തു കാണിച്ചിട്ട്‌ പറഞ്ഞു, ഇതിന്റെ സീരിയല്‍ നമ്പരില്‍ തന്റെ ജന്‍മ ദിനം അടങ്ങിയിട്ടുണ്ട്‌ എന്ന്‌. അത്‌ ലത്തീഫിന്‌ പുതിയ അറിവായിരുന്നു. നമ്മുടെ രൂപ നോട്ടുകളില്‍ ഗാന്ധിജിയുടെ ചിത്രത്തിനു മുകളിലായി ഒരു ആറക്ക സീരിയല്‍ നമ്പരുണ്ട്‌. അതുവച്ച്‌ പലരുടെയും ജന്‍മദിന നോട്ടുകള്‍ ശേഖരിക്കലും ആല്‍ബമാക്കലുമായി പിന്നീട്‌ ലത്തീഫിന്റെ ഹോബി. ഉദാഹരണത്തിന്‌ ഒരാളുടെ ജന്‍മദിനം 22.05.67 ആണെങ്കില്‍ ആ ആറക്ക സീരിയല്‍ നമ്പരിലുള്ള നോട്ടുകള്‍ അദ്ദേഹം തേടിപ്പിടിക്കുന്നു. വളരെ ബുദ്ധിമുട്ടുള്ള പണിയാണിത്‌ എങ്കിലും ലത്തീഫിനത്‌ ആനന്ദകരമാണ്‌.
സാധാരണ 5രൂപ, 10രൂപ, 20രൂപ നോട്ടുകളാണ്‌ ഇതിനായി ഉപയോഗിക്കാറ്‌. 50ന്റെയും 100ന്റെയും 200ന്റെയും 2000ന്റെയും നോട്ടുകളും ചിലപ്പോള്‍ അതിനായി ശേഖരിക്കാറുണ്ട്‌. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജന്‍മദിനമാണ്‌ ഇങ്ങനെ നോട്ടുകള്‍ കൊണ്ട്‌ ആദ്യം ലത്തീഫ്‌ ഉണ്ടാക്കിയത്‌. അത്‌ അദ്ദേഹം ഉമ്മന്‍ചാണ്ടിക്ക്‌ തന്നെ സമ്മാനിക്കുകയും ചെയ്‌തു. വി.എസ്‌.അച്യുതാന്ദന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്‌ണന്‍, ഗവര്‍ണര്‍ സദാശിവം, സ്‌പീക്കര്‍ ശ്രീരാമകൃഷ്‌ണന്‍, സിനിമാ നടന്‍മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ക്കര്‍ സല്‍മാന്‍, സുരേഷ്‌ ഗോപി കൂടാതെ രാഹുല്‍ഗാന്ധി, പ്ര ധാനമന്ത്രി നരേന്ദ്രേേമാദി തുടങ്ങി 10,000 ത്തോളം പ്രമുഖ വ്യക്‌തികളുടെ ജന്‍മദിനങ്ങള്‍ അടങ്ങിയ നോട്ടുകള്‍ കൊണ്ട്‌ ആല്‍ബമുണ്ടാക്കി അവര്‍ക്ക്‌ തന്നെ ലത്തീഫ്‌ സമ്മാനിച്ചിട്ടുണ്ട്‌. ഇന്ത്യയില്‍ ഈ വിനോദം കൊണ്ടു നടക്കുന്ന ഒരേ ഒരാള്‍ താനാണ്‌ എന്ന്‌ അദ്ദേഹം അവകാശപ്പെടുന്നു. അതിന്റെ ബലത്തില്‍ ലിംകാ ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റെക്കോര്‍ഡ്‌സില്‍ ഇടം പിടിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.
ഇതിനിടയിലാണ്‌ വിവിധതരം പുരാവസ്‌തുക്കളും അദ്ദേഹം ശേഖരിച്ചു തുടങ്ങിയത്‌. ഇവയുടെയൊക്കെ പരിപാലനവും നേരാം വണ്ണമുള്ള സൂക്ഷിപ്പുമാണ്‌ ഇന്ന്‌ ലത്തീഫ്‌ നേരിടുന്ന വലിയ വെല്ലുവിളി. വീട്ടിലെ മുറികളെല്ലാം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്‌. അവയൊക്കെ ഭദ്രമായി സൂക്ഷിക്കാനുള്ള ഒരു സംവിധാനം ഒരുക്കാന്‍ കോഴിക്കോട്‌ മേയര്‍ ഉള്‍പ്പടെ പലരോടും അദ്ദേഹം സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്‌. കറന്‍സി-നാണയ-പുരാവസ്‌തുക്കളുടെ പ്രദര്‍ശനത്തിലാണ്‌ ഇപ്പോള്‍ ലത്തീഫിന്റെ സമ്പൂര്‍ണ ശ്രദ്ധ. സ്‌കൂളുകളും ക്ലബ്ബുകളും ഹോട്ടലുകളും കേന്ദ്രീകരിച്ചാണ്‌ അവ പ്രധാനമായും നടത്തുന്നത്‌. കേരളത്തിലും പുറത്ത്‌ ദല്‍ഹി, കല്‍ക്കത്ത, മുംബെ,ചെന്നൈ, ബംഗലുരു എന്നിവിടങ്ങളിലായി 100 ലധികം പ്രദര്‍ശനങ്ങള്‍ അദ്ദേഹം നടത്തിക്കഴിഞ്ഞു.
ഈ രംഗത്ത്‌ തന്നെ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കാന്‍ മൂന്നു പതിറ്റാണ്ടായി ദുബായില്‍ നടത്തി വന്നിരുന്ന കച്ചവടം ഉപേക്ഷിച്ച്‌, കോഴിക്കോട്‌ നടക്കാവില്‍ തിരിച്ചെത്തി ഇപ്പോള്‍ അവിടെ ഷൂ ക്ലബ്ബ്‌ എന്നൊരു സ്‌ഥാപനം നടത്തുകയാണ്‌ ലത്തീഫ്‌. സമൂഹത്തിന്‌ അറിവ്‌ പകരാനുള്ള ഒരു സല്‍ക്കര്‍മ്മമാണ്‌ കറന്‍സി-നാണയ-പുരാവസ്‌തുക്കളുടെ പ്രദര്‍ശനത്തിലൂടെ ചെയ്യുന്നതെങ്കിലും തനിക്കതൊരു വരുമാന മാര്‍ഗമല്ല എന്നദ്ദേഹം പറയുന്നു. എന്നു മാത്രമല്ല, ഏറെ ചിലവുള്ള പണിയുമാണ്‌. പ്രദര്‍ശന സ്‌ഥലത്ത്‌ ഇവയൊക്കെ വാഹനത്തില്‍ എത്തിക്കാനും പ്രദര്‍ശനത്തിന്‌ സജ്‌ജമാക്കാനും തിരിച്ച്‌ കൊണ്ടുവരാനും ഒക്കെയായി സ്വന്തം കീശയില്‍ നിന്നുതന്നെ വലിയ തുക ചിലവാകും. അതേസമയം സംഘാടകര്‍ അറിഞ്ഞു നല്‍കുന്ന പ്രതിഫലം അദ്ദേഹം സ്വീകരിക്കാറുണ്ട്‌;അത്‌ എത്ര ചെറിയ തുക ആയാലും.
ആദ്യകാലത്തൊക്കെ അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനത്തിന്‌ കുടുംബത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിരുന്നു. പക്ഷെ, ഇന്ന്‌ അതിന്റെ പ്രാധാന്യം മനസിലാക്കി എല്ലാവരും സഹായത്തിനായി കൂടെയുണ്ട്‌. പ്രത്യേകിച്ചും ഭാര്യ അനീഷയും, ബിബിഎക്ക്‌ പഠിക്കുന്ന മകന്‍ മിഷാലും, പ്ലസ്‌ടൂവിന്‌ പഠിക്കുന്ന മകള്‍ മിനാസയും. അവരുടെ അകമഴിഞ്ഞ സഹായ-സഹകരണങ്ങളാണ്‌ ഈ പ്രവര്‍ത്തനവുമായി സുഗമമായി മുന്നോട്ടു പോകാന്‍ ഇപ്പോള്‍ തന്റെ ശക്‌തി എന്ന്‌ ലത്തീഫ്‌ പറയുന്നു. കറന്‍സി-നാണയ-പുരാവസ്‌തുക്കളുടെ ഒരു മ്യൂസിയം ഉണ്ടാക്കി അവിടെ സ്‌ഥിരം പ്രദര്‍ശനം സംഘടിപ്പിക്കാനുള്ളു ശ്രമത്തിലാണ്‌ അദ്ദേഹമിപ്പോള്‍!

മിനീഷ്‌ മുഴപ്പിലങ്ങാട്‌

Ads by Google
Saturday 20 Jul 2019 11.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW