Wednesday, August 14, 2019 Last Updated 9 Min 53 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 11.26 PM

പായിപ്ര രാധാകൃഷ്‌ണനുമായുള്ള അഭിമുഖം

uploads/news/2019/07/323435/sun7.jpg

ദേശീയസാഹിത്യ സമ്മേളനങ്ങളില്‍ പലകുറി കേരളത്തെ പ്രതിനിധീകരിച്ച കേരള സാഹിത്യഅക്കാദമി മുന്‍ സെക്രട്ടറിയും കഥാകൃത്തും വിദ്യാഭ്യാസ വിചക്ഷണനും സാംസ്‌കാരിക നിരീക്ഷകനുമായ പായിപ്ര രാധാകൃഷ്‌ണനുമായുള്ള ഒരു സംഭാഷണം.

നമുക്ക്‌ ചുറ്റും നടക്കുന്നവയെ തല്‍സമയം നിരീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുക എന്നത്‌ ചടുലമായൊരു വ്യാപാരമാണ്‌. അങ്ങനെയൊരു നിലയിലാണ്‌ പായിപ്ര രാധാകൃഷ്‌ണന്‍ ഇപ്പോള്‍ മലയാളത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കുന്നത്‌. നിലപാടുകളിലുറച്ച്‌ പ്രതികരിക്കുന്നതിലെ സത്യസന്ധതയും അദ്ദേഹത്തിന്‌ അവകാശപ്പെടാം. നിരുപാധികമായ പ്രതികരണങ്ങള്‍ വ്യത്യസ്‌ത മേഖലകളിലേക്ക്‌ ജനശ്രദ്ധ ക്ഷണിക്കാന്‍ സഹായിക്കുന്നു. ഇതൊരു ദിശാസൂചകമാണ്‌.
കേരളത്തിന്റെ സാംസ്‌കാരിക- സാഹിത്യ മേഖല പായിപ്ര രാധാകൃഷ്‌ണനെ ശ്രദ്ധിക്കുന്ന കാലമാണിത്‌. പ്രമുഖ സാംസ്‌കാരിക വാരികയില്‍ പ്രസിദ്ധീകരിച്ചുവരുന്ന ആഴ്‌ചവെട്ടം പംക്‌തിയിലൂടെ വായനക്കാര്‍ കാതോര്‍ക്കുകയാണ്‌. അടുത്തിടെ ആഴ്‌ചവെട്ടത്തെ സമാഹരിച്ച്‌ ആഴ്‌ചയുടെ ആകാശം എന്ന പേരില്‍ പുസ്‌തകമാക്കിയിരുന്നു. ഇങ്ങനെയൊരു പുസ്‌തകം മലയാളത്തില്‍ വിരളമാണ്‌; ഒരുപക്ഷേ, ഇതൊരു അപൂര്‍വ്വതയാണ്‌. ഇതേ വാരികയില്‍ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌, വലിയതോതില്‍ വായിക്കപ്പെട്ട സാഹിത്യവാരഫലം എന്ന പേരില്‍ എം. കൃഷ്‌ണന്‍ നായരുടെ പംക്‌തിയുണ്ടായിരുന്നു.

ആഴ്‌ചയുടെ ആകാശം എന്ന പുസ്‌തകത്തെ എഴുത്തുകാരന്‍ എങ്ങനെ വിലയിരുത്തുന്നു?
ആ പുസ്‌തകം എന്നെ സംബന്ധിച്ച്‌ വ്യത്യസ്‌തമായ ഒന്നാണ്‌. അത്‌ നല്ലനിലയില്‍ വായനക്കാര്‍ സ്വീകരിച്ചു എന്നാണ്‌ ചില പ്രതികരണങ്ങള്‍ ബോദ്ധ്യപ്പെടുന്നത്‌.

കൃഷ്‌ണന്‍ നായര്‍ കൈകാര്യം ചെയ്‌തിരുന്ന സാഹിത്യ വാരഫലത്തിന്റെ ചുവടുപിടിച്ചാണോ ആഴ്‌ചവെട്ടം പിറവിയെടുത്തത്‌?
വാരികയെ സംബന്ധിച്ച്‌ അതു ശരിയാകും. എന്നാല്‍ എനിക്ക്‌ അങ്ങനെ പറയാന്‍ വയ്യ. സാഹിത്യവാരഫലത്തിന്റെ തുടര്‍ച്ചയാകാം. സാഹിത്യ വാരഫലം പേരുപോലെ തന്നെ സാഹിത്യത്തിലൂന്നിയുള്ള നിരീക്ഷണങ്ങളായിരുന്നു. ആഴ്‌ചവെട്ടം അങ്ങനെയല്ലല്ലോ. നമുക്ക്‌ ചുറ്റുമുണ്ടാകുന്ന ചലനങ്ങള്‍, സാഹിത്യം, സാംസ്‌കാരികം, പാരിസ്‌ഥിതികം, ആത്മീയം, സാമൂഹികം, രാഷ്‌ട്രീയം, എല്ലാം സവിശേഷമായി നിരീക്ഷിച്ചതില്‍ നിന്നുണ്ടായ രേഖകളാണത്‌. സംക്ഷിപ്‌തമെങ്കിലും നിലപാടുകള്‍ വെളിവാക്കുന്നുണ്ട്‌.

ദേശീയതലത്തില്‍ നടക്കുന്ന സാഹിത്യസംഗമങ്ങളില്‍ മലയാളത്തെ പ്രതിനിധാനം ചെയ്യാറുണ്ടല്ലോ. അത്തരം ദേശീയസംഗമങ്ങളുടെ ഫലപ്രാപ്‌തിയെക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌?
കേന്ദ്രസാഹിത്യ അക്കാദമിയുടെ ദേശീയസാഹിത്യ സമ്മേളനങ്ങളില്‍ പലതവണ പങ്കെടുത്തിട്ടുണ്ട്‌. പല ഭാഷക്കാര്‍ വരും, പരിചയപ്പെടും. അവരവരുടെ ഭാഷയിലെ സ്വന്തം രചനകള്‍ അവതരിപ്പിക്കും. അന്യഭാഷക്കാര്‍ കേള്‍ക്കും.
സാഹിത്യം എത്രത്തോളം പ്രശ്‌നാധിഷ്‌ഠിതമാകണമെന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്‌. അങ്ങനെയാകുമ്പോഴുള്ള അനുഭവം നമുക്കറിയാമല്ലോ. താല്‍ക്കാലികമായ പ്രശ്‌നങ്ങള്‍ സാഹിത്യരചനയുടെ വിഷയങ്ങളാകും. കൊടിപിടിച്ച്‌ മുദ്രാവാക്യം വിളിക്കുന്ന ഒരു പ്രതീതി സാഹിത്യത്തിലും വേണോ? ആ പ്രശ്‌നം പരിഹരിക്കുമ്പോള്‍ ആ സാഹിത്യസൃഷ്‌ടിയുടെ പ്രസക്‌തിയും മങ്ങും. ചിലത്‌ ചരിത്രരേഖകളായി നിലനിന്നേക്കാം. സ്‌ഥായിയായ മാനുഷിക വികാരങ്ങളും പ്രശ്‌നങ്ങളുമാണ്‌ സാഹിത്യത്തിന്‌ വിഷയമാകുന്നതെങ്കിലോ സാര്‍വ്വകാലികപ്രസക്‌തിയുള്ളതാകും സാഹിത്യം.

മഹാഭാരതം പോലെ, ഇതര ക്ലാസ്സിക്കുകളെപ്പോലെ?
തീര്‍ച്ചയായും. സാഹിത്യത്തിന്റെ സാര്‍വകാലിക മൂല്യത്തെയാണ്‌ ഞാന്‍ പ്രകീര്‍ത്തിക്കുന്നത്‌. ചില സമകാലസംഭവങ്ങള്‍ മുന്‍നിര്‍ത്തി നടത്തുന്ന രചനകളിലും സാര്‍വകാലിക മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിരിക്കാം. അതാണല്ലോ അത്തരം രചനകളെ പ്രോജ്‌ജ്വലമാക്കുന്നത്‌.

പായിപ്ര അടിസ്‌ഥാനപരമായി ചെറുകഥാകൃത്ത്‌ ആണല്ലോ. മലയാള ചെറുകഥയുടെ പരിണാമം, വര്‍ത്തമാനം എന്നിവയെ എങ്ങനെ വിലയിരുത്തുന്നു?
ചെറുകഥയെ സംബന്ധിച്ച്‌ പ്രതീക്ഷയുടെ നാമ്പുകള്‍ അങ്ങിങ്ങ്‌ കാണാനുണ്ട്‌. അതത്‌ കാലത്ത്‌ അക്കാര്യം ഞാന്‍ ആഴ്‌ചവെട്ടം പംക്‌തിയില്‍ കുറിച്ചിട്ടുണ്ട്‌. ഉജ്‌ജ്വലഭാവിയുള്ള കുറേ കഥാകൃത്തുക്കള്‍ മലയാളത്തില്‍ വളരുന്നുണ്ട്‌. വ്യതിരിക്‌തത കൊണ്ട്‌ അവര്‍ ശ്രദ്ധേയരാണ്‌. ഉണ്ണി. ആര്‍, ഷാജികുമാര്‍, വിനോയ്‌ തോമസ്‌, സുസ്‌മേഷ്‌ തുടങ്ങിയവരില്‍ ഞാന്‍ പ്രതീക്ഷ പുലര്‍ത്തുന്നു.
നോവലിലും പ്രതീക്ഷയ്‌ക്ക് വകയുളളവരുണ്ട്‌. എസ്‌. ഹരീഷിന്റെ മീശയെപ്പറ്റി ഞാന്‍ ഉള്ളില്‍ത്തട്ടിത്തന്നെയാണ്‌ എഴുതിയത്‌.
മലയാള ചെറുകഥ കുറേ നാഴികക്കല്ലുകള്‍ പിന്നിട്ടുകഴിഞ്ഞു. പരിണാമം തീര്‍ച്ചയായും സര്‍ഗാത്മകമാണ്‌. പക്ഷേ, കവിതയുടെ കാര്യം നിരാശപ്പെടുത്തുന്നുണ്ട്‌. നല്ല കവിതകള്‍ പുതിയ എഴുത്തുകാരില്‍ നിന്ന്‌ അധികമൊന്നും ലഭിക്കുന്നില്ല. ചില പത്രമാസികകള്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിക്കുന്നുണ്ടെങ്കിലും അവയില്‍ പലതും കാവ്യാത്മകമല്ല.
പത്രാധിപ സൗഹൃദം കൊണ്ടോ അതിരുകടന്ന പ്രോത്സാഹനങ്ങള്‍ കൊണ്ടോ സാഹിത്യരചനകള്‍ കാലാതീതമായ മികവുകള്‍ പ്രകടിപ്പിച്ചെന്നു വരില്ല. പത്രപ്രവര്‍ത്തകരായ എഴുത്തുകാരുടെ കടന്നുകയറ്റങ്ങളും അവര്‍ക്കു ലഭിക്കുന്ന അനര്‍ഹമായ അംഗീകാരങ്ങളും പ്രത്യേകം നിരീക്ഷിക്കേണ്ടതാണ്‌. ഒരു കാലത്ത്‌ കോളജദ്ധ്യാപകരായിരുന്നു സാഹിത്യത്തിലെ സവര്‍ണ്ണര്‍. ഇപ്പോഴതു പത്രപ്രവര്‍ത്തക സാഹിത്യകാരന്മാരായിരിക്കുന്നു.

ചില ബാലസാഹിത്യരചനകളും താങ്കള്‍ നടത്തിയിട്ടുണ്ട്‌. അവാര്‍ഡും നേടിയിട്ടുണ്ട്‌. മലയാളത്തിലെ ബാലസാഹിത്യശാഖയെക്കുറിച്ച്‌ ?
ബാലസാഹിത്യത്തില്‍ അടിസ്‌ഥാനപരമായിത്തന്നെ ചില സങ്കല്‍പ്പത്തെറ്റുകളുണ്ടോ എന്ന്‌ ഞാന്‍ സംശയിക്കുന്നു. ബാലമനസ്സിനെ പ്രതിനിധീകരിക്കാന്‍ എത്രത്തോളം സാധിക്കുന്നുണ്ട്‌ നമ്മുടെ ബ്രാന്റ്‌ ചെയ്യപ്പെട്ട ബാലസാഹിത്യകൃതികള്‍ക്ക്‌? കൂടുതല്‍ ഗവേഷണം തന്നെ വേണ്ടിവരും.

ബാലസാഹിത്യകൃതികളുടെ ഒരു ശേഖരം, നൂറ്‌ പുസ്‌തകങ്ങളുള്‍പ്പെടുത്തിക്കൊണ്ട്‌ എന്‍.ബി.ടി. മുമ്പൊരിക്കല്‍ പുറത്തിറക്കിയപ്പോള്‍ കൂട്ടത്തില്‍ ഒന്നുപോലും മലയാളത്തില്‍ നിന്നുണ്ടായിരുന്നില്ല. അത്രമേല്‍ ദരിദ്രമാണോ മലയാളത്തിലെ ബാലസാഹിത്യശാഖ?
ബാലസാഹിത്യത്തെക്കുറിച്ച്‌ നേരത്തെ പറഞ്ഞ അവസ്‌ഥ മലയാളത്തിന്‌ മാത്രമുള്ളതല്ല. താങ്കള്‍ ഉന്നയിച്ച പ്രശ്‌നം എന്തുകൊണ്ടുണ്ടായി എന്ന്‌ നിശ്‌ചയമില്ല. ഇന്ത്യയിലെ ഇതര ഭാഷകളിലെ ബാലസാഹിത്യശാഖയെ അപേക്ഷിച്ച്‌ മലയാളം വളരെ ദരിദ്രമാണെന്ന്‌ പറയാന്‍ വയ്യ.

ഇളമുറക്കാര്‍ക്കുള്ള സാഹിത്യശില്‍പ്പശാലകളില്‍ പങ്കെടുക്കുമ്പോള്‍ അവരുടെ രചനോദ്യമങ്ങളെക്കുറിച്ച്‌ പ്രതീക്ഷാനിര്‍ഭരനാണോ താങ്കള്‍?
വിദ്യാര്‍ത്ഥികള്‍ക്കും മറ്റുമുള്ള പ്രതിഭാശില്‍പ്പശാലകള്‍ ധാരാളമായി ഞാന്‍ നടത്തിവരുന്നുണ്ട്‌. കടുത്ത നിരാശയില്ല. തീര്‍ച്ചയായും സര്‍ഗധനരായ കുറച്ചു പേരെ നമുക്ക്‌ പ്രതീക്ഷിക്കാം. എന്നാല്‍ മാധ്യമങ്ങള്‍ പൊലിപ്പിച്ചു കാട്ടുന്നതു മാത്രമല്ല സാഹിത്യം എന്ന ബോധമാണ്‌ കുട്ടികളില്‍ ആദ്യം വളരേണ്ടത്‌. കൗമാരക്കാരുടെ രചനകളും സര്‍ഗ്ഗാത്മകതയും താരതമ്യേന മെച്ചമായിട്ടാണ്‌ അനുഭവപ്പെട്ടിട്ടുള്ളത്‌. പൊതുവിദ്യാഭ്യാസരീതി കൊണ്ടും തെറ്റായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍കൊണ്ടും ആനുകാലികങ്ങളിലെ അല്‌പത്തങ്ങള്‍ കണ്ടും അവര്‍ക്ക്‌ വഴിതെറ്റാം എന്നും തോന്നിയിട്ടുണ്ട്‌. അക്ഷയ പുസ്‌തകനിധി കേരളത്തിലെമ്പാടും നടത്തിവരുന്ന പ്രതിഭാസംഗമങ്ങളും ശില്‌പശാലകളും പ്രത്യാശ ഉണര്‍ത്തുന്നതാണ്‌. എന്നാല്‍ കുട്ടികളോട്‌ ആശയവിനിമയം ചെയ്യാന്‍ തക്ക പ്രാപ്‌തിയുള്ളവരുടെ ദാരിദ്ര്യം എന്നെ അലട്ടിയിട്ടുണ്ട്‌.

ദീര്‍ഘകാലം അദ്ധ്യാപകനും പാഠപുസ്‌തക നിര്‍മ്മാണ സമിതികളില്‍ അംഗവുമായിരുന്നിട്ടുള്ള താങ്കള്‍ സാഹിത്യം പഠിപ്പിക്കുന്നതിനെക്കുറിച്ച്‌ എന്ത്‌ കരുതുന്നു?
അദ്ധ്യാപനം ഇഷ്‌ടപ്പെട്ട തൊഴിലാണ്‌. കുട്ടികളുമായുള്ള വിനിമയം നമ്മെ വളര്‍ത്തും. പാഠപുസ്‌തകസമിതികള്‍ പലപ്പോഴും സ്വതന്ത്രമല്ല. നേരത്തെ തീര്‍ത്തുവച്ച ചില അച്ചുകളില്‍ പാഠപുസ്‌തകങ്ങള്‍ വാര്‍ന്നുവീഴുകയാണോ എന്ന്‌ തോന്നിപ്പോകും. എന്തൊക്കയോ സമവാക്യങ്ങള്‍ രൂപപ്പെട്ടതുപോലെ - സമവാക്യങ്ങള്‍ സാഹിത്യബാഹ്യമായാലോ? കുറച്ചുകാലമായി ഞാന്‍ പാഠപുസ്‌തക സമിതികളില്‍ പ്രവര്‍ത്തിക്കാറില്ല. അത്‌ ഒരുതരം കക്ഷിരാഷ്‌ട്രീയത്തിന്റെ ഇടുക്കുതൊഴുത്തുപോലെയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. അദ്ധ്യാപക സംഘടനകളുടെ കക്ഷത്തിലാണ്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌ ഞെരുങ്ങിയിരിക്കുന്നത്‌. മന്ത്രിയോ, മുഖ്യമന്ത്രിയോ വിചാരിച്ചാല്‍ - അവര്‍ വിചാരിക്കുമോ എന്നതാണ്‌ പ്രശ്‌നം - ഇത്‌ മാറ്റിയെടുത്ത്‌ ശുദ്ധീകരിക്കാനാവും. നിരക്ഷരരെ സൃഷ്‌ടിക്കുന്ന വിദ്യാഭ്യാസ പാതകങ്ങള്‍ക്ക്‌ കാലത്തോടും വരും തലമുറകളോടും കണക്കു പറയേണ്ടിവരും. പഠനം പാല്‌പായസം എന്നൊക്കെ മുദ്രാവാക്യം വിളിച്ചാല്‍ സ്‌മാര്‍ട്ടാകുന്നതല്ല യഥാര്‍ത്ഥ ക്ലാസ്സുമുറികള്‍!

ഡോ. വിജയന്‍ ചാലോട്‌

Ads by Google
Saturday 20 Jul 2019 11.26 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW