Tuesday, August 20, 2019 Last Updated 16 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.46 AM

ജീവനെടുക്കുന്ന അന്ധവിശ്വാസം

uploads/news/2019/07/323217/editorial.jpg

രാജ്യം മുഴുവന്‍ ശ്രദ്ധിച്ചതായിരുന്നു ശരവണ ഭവന്‍ എന്ന ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്‌ഥന്‍ പി. രാജഗോപാല്‍ പ്രതിയായ കൊലപാതകക്കേസ്‌. ഒരു ഹോട്ടല്‍ ജീവനക്കാരനായി തുടങ്ങി വലിയ ഹോട്ടല്‍ ഗ്രൂപ്പ്‌ തന്നെ സ്‌ഥാപിച്ച രാജഗോപാലിന്റെ ജീവിതം സ്വപ്‌ന സമാനമായിരുന്നു. ഇന്ത്യയില്‍ മാത്രം 25 ഹോട്ടലുകളുണ്ടായിരുന്ന ഗ്രൂപ്പിന്‌ 25 വിദേശ രാജ്യങ്ങളിലും ബിസിനസ്‌ ഉണ്ടായതോടെ രാജഗോപാല്‍ "ദോശ രാജാവ്‌" എന്ന്‌ അറിയപ്പെട്ടു. രണ്ടു തവണ വിവാഹിതനായ രാജഗോപാല്‍ മൂന്നാമതും വിവാഹം കഴിക്കാനാഗ്രഹിച്ച യുവതിയുടെ ഭര്‍ത്താവിനെ വധിച്ചതോടെയാണ്‌ കൊലപാതകക്കേസിലെ പ്രതിയായി നിയമത്തിനു മുന്നിലെത്തിയത്‌. കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചെങ്കിലും അതില്‍ നിന്ന്‌ ഒഴിഞ്ഞു മാറി നടന്നിരുന്ന രാജഗോപാല്‍ സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന്‌ കീഴടങ്ങിയ ശേഷം രോഗം മൂര്‍ഛിച്ച്‌ മരണത്തിനു കീഴടങ്ങിയത്‌ ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയായിരുന്നു.

ഒരു വിവാഹം കൂടി കഴിക്കാനായായിരുന്നു രാജഗോപാല്‍ ശ്രമിച്ചത്‌ എന്ന മട്ടിലാണ്‌ ഭൂരിപക്ഷം പേരും ഈ സംഭവത്തെ കണ്ടത്‌. എന്നാല്‍, തന്റെ ബിസിനസ്‌ ഇനിയും വിപുലപ്പെടുത്താന്‍ ഐശ്വര്യം കൈവരുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു തന്റെ ഒരു ജീവനക്കാരന്റെ മകളെ മൂന്നാം ഭാര്യയാക്കാന്‍ അദ്ദേഹം ശ്രമിച്ചത്‌. ഈ വിവാഹം നടന്നാല്‍ രാജഗോപാലിന്‌ ഐശ്വര്യം കുമിഞ്ഞുകൂടുമെന്ന്‌ ജ്യോതിഷി ഉപദേശിച്ചതിനെ തുടര്‍ന്നായിരുന്നു അദ്ദേഹം മൂന്നാം വിവാഹത്തിനൊരുങ്ങിയത്‌. ജ്യോതിഷിയുടെ ഉപദേശം എന്തുവിലകൊടുത്തും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചപ്പോള്‍ രാജഗോപാല്‍ കൊലപാതകക്കേസിലെ പ്രതിവരെയായി. ലോകമെമ്പാടും ജീവനക്കാരുള്ള, ബഹുമാനിക്കപ്പെടുന്ന സ്‌ഥാനമുള്ള ഈ കഴിവുറ്റ ബിസിനസുകാരന്‍ കുറ്റവാളിയായി തടവറയില്‍ ബന്ധിതനായി. ഒടുവില്‍ തടവറയില്‍ കിടന്നു തന്നെ മരണമടയുകയും ചെയ്‌തു. ജ്യോതിഷിയുടെ വാക്ക്‌ കേട്ട്‌ ഇറങ്ങിത്തിരിച്ച രാജഗോപാലിന്‌ തൊട്ടതെല്ലാം പൊള്ളിയെങ്കില്‍ അയാള്‍ വരിക്കാന്‍ കൊതിച്ച യുവതിയുടെ ഭര്‍ത്താവിനു ജീവന്‍ നഷ്‌ടമായി, അവര്‍ വിധവയായി; അവരുടെ ജീവിതവും ദുരിതക്കയത്തിലായി.

അമാനുഷിക സിദ്ധിയുണ്ടെന്നു നടിക്കുന്നവരെ അമിതമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടുന്നവരുടെ ഉത്തമ ഉദാഹരണമാണ്‌ രാജഗോപാല്‍. ഇത്തരം നൂറുകണക്കിന്‌ ഉദാഹരണങ്ങളുണ്ടെങ്കിലും അതൊന്നും മനസ്സിലാക്കാതെ ഇത്തരക്കാരുടെ കുരുക്കില്‍ പോയി വീഴുന്നവരുടെ എണ്ണം അനുദിനം കൂടി വരികയാണ്‌. ജീവിതത്തെക്കുറിച്ചുള്ള അമിത പ്രതീക്ഷകളും അതില്‍നിന്നുണ്ടാകുന്ന കനത്ത നിരാശയും പലരെയും കൊണ്ടെത്തിക്കുന്നത്‌ ഇത്തരക്കാര്‍ക്ക്‌ മുന്നിലാണ്‌. തന്റെ മുന്നിലെത്തുന്നവരുടെ നിസ്സഹായാവസ്‌ഥ മുതലെടുത്ത്‌ അവരെ ചൂഷണം ചെയ്യാന്‍ ഇവര്‍ മടിക്കുന്നുമില്ലെന്ന്‌ അനേകം വാര്‍ത്തകള്‍ തന്നെ തെളിവ്‌. കേരളത്തിലും ഇത്തരം ധാരാളം സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനാകും. ബഹിരാകാശത്തേക്ക്‌ മനുഷ്യനെ അയയ്‌ക്കാന്‍ തയാറെടുക്കുമ്പോഴും ഇത്തരം അന്ധവിശ്വാസങ്ങള്‍ കൊടികുത്തി വാഴുന്നുവെന്നത്‌ ആധുനിക ഇന്ത്യയുടെ ദുര്യോഗം തന്നെയാണ്‌.

Ads by Google
Saturday 20 Jul 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW