Tuesday, August 20, 2019 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.46 AM

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട്‌ ഇന്ന്‌ അര നൂറ്റാണ്ട്‌ , തിങ്കളേ... പൂന്തിങ്കളേ...

uploads/news/2019/07/323216/bft1.jpg

1969 ജൂലൈ 20. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ 2.47. ലോകത്തോടായി നീല്‍ ആംസ്‌ട്രോങ്‌ പറഞ്ഞു: "മനുഷ്യന്റെ ഒരു ചെറിയ കാല്‍വയ്‌പ്‌. മാനവരാശിയുടെ വന്‍ കുതിച്ചു ചാട്ടം".
ആകാശത്തെ അത്ഭുതങ്ങളിലൊന്നായ ചന്ദ്രനെ മനുഷ്യന്‍ എത്തിപ്പിടിക്കുന്ന നിമിഷമായിരുന്നു അത്‌. 19 മിനിറ്റിനുശേഷം എഡ്‌വിന്‍ ആള്‍ഡ്രിനും ഇറങ്ങി. ഒരുമിച്ച്‌ രണ്ടേകാല്‍ മണിക്കൂറോളം ചന്ദ്രനില്‍ തങ്ങിയശേഷം 21.5 കിലോഗ്രാം സാമ്പിളുമായാണ്‌ അവര്‍ മടങ്ങിയത്‌. അപ്പോളോയുടെ ഭാഗമായ ഈഗിള്‍ എന്നറിയപ്പെടുന്ന വാഹനത്തിലായിരുന്നു ആ ചരിത്ര യാത്ര. നിമിഷങ്ങള്‍ക്കുശേഷം ചന്ദ്രന്റെ ആകാശത്ത്‌ മൈക്കിള്‍ കോളിന്‍സ്‌ അവരെ സ്വീകരിച്ചതോടെ യാത്ര വിജയം. ജൂലൈ 24 നു ഭൂമിയില്‍ മടങ്ങിയെത്തിയപ്പോള്‍ വന്‍വരവേല്‍പ്പാണ്‌ അവര്‍ക്കു ലഭിച്ചത്‌.

ചന്ദ്രനെ തൊടാന്‍ മത്സരം: ജയം യു.എസിന്‌

ബഹിരാകാശത്തെ ആദ്യ ജയങ്ങള്‍ സോവിയറ്റ്‌ യൂണിയനായിരുന്നു. ആദ്യ പേടകം അയച്ചതും അവരായിരുന്നു. ആ ആധിപത്യം തകര്‍ക്കാന്‍ ആദ്യം മോഹിച്ചത്‌ യു.എസ്‌. പ്രസിഡന്റ്‌ ജോണ്‍ എഫ്‌. കെന്നഡിയാണ്‌.
അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു 1961 ല്‍ അപ്പോളോ ദൗത്യത്തിനു തുടക്കം. 1968 ഡിസംബര്‍ എട്ടിനു വിക്ഷേപിച്ച അപ്പോളോ എട്ടാണ്‌ മനുഷ്യനുമായി ആദ്യമായി ചന്ദ്രനടുത്തെത്തിയത്‌. ചന്ദ്രനെ ഭ്രമണം ചെയ്‌തശേഷം അതു മടങ്ങി. അപ്പോളോ-9 ദൗത്യം പത്തു ദിവസം ഭൂമിയെ ചുറ്റി. ചന്ദ്രനില്‍നിന്നു മടങ്ങാനുള്ള റോക്കറ്റിന്റെ പരീക്ഷണം പൂര്‍ത്തിയാക്കിയശേഷമാണു മടങ്ങിയത്‌.
അപ്പോളോ 11 ആണ്‌ അമേരിക്കയുടെ സ്വപ്‌നം യാഥാര്‍ഥ്യമാക്കിയത്‌. അപ്പോഴേക്കും റിച്ചാര്‍ഡ്‌ നിക്‌സണ്‍ ആയി അമേരിക്കന്‍ പ്രസിഡന്റ്‌. 1969 ജൂലൈ 20 നു പേടകം ചന്ദ്രനിലിറങ്ങി. നീല്‍ ആംസ്‌ട്രോങ്ങായിരുന്നു ദൗത്യത്തിന്റെ കമാന്‍ഡര്‍.
എഡ്‌വിന്‍ ആള്‍ഡ്രിന്‍ പൈലറ്റും. ദൗത്യത്തിലെ മൂന്നാമനായ മൈക്കിള്‍ കോളിന്‍സിനു ചന്ദ്രനിലിറങ്ങാന്‍ അനുമതിയുണ്ടായിരുന്നില്ല. അദ്ദേഹം ചന്ദ്രനെ ചുറ്റിക്കൊണ്ടിരുന്ന പേടകത്തില്‍ തുടര്‍ന്നു. അവസാന അപ്പോളോ ദൗത്യം 1972 ലായിരുന്നു. അപ്പോഴേക്കും 12 ബഹിരാകാശ യാത്രികര്‍ ചന്ദ്രനെ സ്‌പര്‍ശിച്ചു കഴിഞ്ഞിരുന്നു.

ഇനിയും സ്വപ്‌നങ്ങള്‍ അനന്തമാണ്‌

"ചന്ദ്രനില്‍ ഇറങ്ങിയത്‌ ആഘോഷമാക്കാനുള്ള മനസല്ല ഉണ്ടായിരുന്നത്‌. എങ്കിലും ഞാന്‍ നീലിന്റെ തോളില്‍ സ്‌പര്‍ശിച്ചു. അദ്ദേഹം മറുപടിയായി പുഞ്ചിരിച്ചു. അത്രമാത്രം.
മനസ്‌ മിഷന്‍ കണ്‍ട്രോളിലേക്കു മടങ്ങാന്‍ െവെകിയില്ല. അതിവേഗം ക്യാമറകള്‍ സ്‌ഥാപിക്കാനുള്ള തിരക്കിലായിരുന്നു നീല്‍. പരീക്ഷണത്തിനുള്ള ഉപകരണങ്ങളും സ്‌ഥാപിച്ചു. ഗുരുത്വാകര്‍ഷണത്തിലെ വ്യത്യാസമാണ്‌ ഞാന്‍ കൂടുതലായി ശ്രദ്ധിച്ചത്‌"-വര്‍ഷങ്ങള്‍ക്കുശേഷം എഡ്വിന്‍ ആള്‍ഡ്രിന്‍ മനസുതുറന്നു.
"ഞങ്ങള്‍ ചന്ദ്രനിലെത്തി. പുതുതലമുറ എത്രയും വേഗം ചൊവ്വയിലെത്തണം. അതാണ്‌ എന്റെ ആഗ്രഹം. അപ്പോളോ-11 ഒരു സ്വപ്‌നം യാഥാര്‍ഥ്യമാക്കുകയായിരുന്നു. ഇനിയും യാഥാര്‍ഥ്യമാക്കാനുള്ള സ്വപ്‌നങ്ങള്‍ അനന്തമാണ്‌".

കഷ്‌ടപ്പാടിനിടെ മനസ്‌ പറഞ്ഞു; "ഞാന്‍ ഭാഗ്യവാനാണ്‌"

"ആ ലോഹക്കൂട്ടിനുള്ളില്‍ ഞാന്‍ കഷ്‌ടപ്പെടുകയായിരുന്നു. ശരിക്കും കുടുങ്ങി. അപ്പോഴും മനസു പറഞ്ഞു. ഞാന്‍ ഭാഗ്യവാനാണ്‌, ഭാഗ്യവാനാണ്‌... പരാതികള്‍ ആരോടും പറഞ്ഞില്ല. തെറ്റിദ്ധരിക്കപ്പെടുമെന്ന്‌ ഭയന്നു. മനസില്‍ ആശങ്കയേറെയുണ്ടായിരുന്നു. ഏറെ സങ്കീര്‍ണത നിറഞ്ഞ യന്ത്രങ്ങളായിരുന്നു. ചെറിയ പിഴവുപോലും ദുരന്തം ക്ഷണിച്ചുവരുത്തുമായിരുന്നു. ചന്ദ്രനില്‍ ഇറങ്ങാനാകാത്തതിനെക്കുറിച്ചു നിരാശയില്ല. പകരം പിഴവു സംഭവിക്കരുതേയെന്നു മനസിനെ പഠിപ്പിക്കുകയായിരുന്നു അപ്പോള്‍. അതേ, നേരിയ പിഴവുണ്ടായാല്‍ നീലും ആള്‍ഡ്രിനും ചന്ദ്രനില്‍ അവസാനിക്കുമായിരുന്നു"-യാത്രയുടെ അമ്പതാം വര്‍ഷത്തില്‍ മൈക്കിള്‍ കോളിന്‍സ്‌ മനസു തുറന്നത്‌ ഇങ്ങനെ.
"ആ യാത്രയില്‍ ഞാനൊരു കാര്യം മനസിലാക്കി. നമ്മള്‍ കാണുന്നതല്ല യഥാര്‍ഥ ചന്ദ്രന്‍. ഭൂമിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചന്ദ്രന്‍ ഒന്നുമല്ല. ഭൂമി സുന്ദരിയാണ്‌, നീല സമുദ്രം, ശുഭ്ര മേഘങ്ങള്‍, തിളങ്ങുന്ന ഭൂഖണ്ഡങ്ങള്‍... യഥാര്‍ഥത്തില്‍ ഭൂമിതന്നെ സുന്ദരം".

കാത്തിരിപ്പിനൊപ്പം തയാറാക്കി; ചാന്ദ്രയാത്രികര്‍ക്കുള്ള ചരമക്കുറിപ്പും

"അവര്‍ ഇനി ചന്ദ്രനില്‍ സമാധാനത്തോടെ വസിക്കട്ടെ. നീല്‍ ആംസ്‌ട്രോങ്‌, എഡ്‌വിന്‍ ആള്‍ഡ്രിന്‍ എന്നിവര്‍ ബലിയായത്‌ മനുഷ്യരാശിക്കുവേണ്ടിയാണ്‌. സത്യത്തിനുവേണ്ടിയുള്ള അന്വേഷണത്തിനിടയാണ്‌ അവര്‍ ലോകംവിട്ടത്‌. അവര്‍ക്കുവേണ്ടി ഈ രാജ്യം വിലപിക്കുന്നു. അവര്‍ നമ്മുടെ ഹൃദയത്തിലുണ്ടാകും. നമ്മുടെ അന്വേഷണം ഇവിടെ അവസാനിക്കില്ല. ആകാശത്തു ചന്ദ്രനെ കാണുന്ന ഓരോ മനുഷ്യനും അവരെ സ്‌മരിച്ചുകൊണ്ടിരിക്കും".- നീല്‍ ആംസ്‌ട്രോങ്ങും എഡ്‌വിന്‍ ആള്‍ഡ്രിനും മരിച്ചാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌ റിച്ചാര്‍ഡ്‌ നിക്‌സണ്‍ നടത്തേണ്ടിയിരുന്ന പ്രസംഗത്തിലെ വരികളാണിത്‌. പ്രസിഡന്റിനു വേണ്ടി പ്രസംഗം തയാറാക്കിയിരുന്ന വില്യം സാഫയറാണ്‌ ഈ വാക്കുകള്‍ കുറിച്ചത്‌.
പേടകത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയാണു ചരമക്കുറിപ്പ്‌ നേരത്തെ തയാറാക്കി വയ്‌ക്കാന്‍ പ്രേരണയായത്‌. ആദ്യ അപ്പോളോ ദൗത്യത്തിന്റെ പരാജയമായിരുന്നു ആ ആശങ്കയ്‌ക്കു പിന്നില്‍. 1967 ജനുവരി 27-നായിരുന്നു വെര്‍ജില്‍ ഗ്രിസം, എഡ്വേര്‍ഡ്‌ വൈറ്റ്‌, റോജര്‍ ചാഫി എന്നിവരുമായി അപ്പോളോ1 യാത്രയ്‌ക്കൊരുങ്ങിയത്‌. റോക്കറ്റിനൊപ്പം മൂന്നു പേരും എരിഞ്ഞു ചാമ്പലായി. തുടര്‍ന്നു നടന്ന മൂന്ന്‌ അപ്പോളോ ദൗത്യങ്ങളിലും മനുഷ്യനുണ്ടായിരുന്നില്ല.
യാത്രികരുടെ മടക്കം സംബന്ധിച്ചും ആശങ്കയുണ്ടായിരുന്നു. ചന്ദ്രനില്‍നിന്നു കുതിച്ചുയരാന്‍ ഈഗിനു കഴിഞ്ഞില്ലെങ്കില്‍ യാത്രികരെ ചന്ദ്രനില്‍ ഉപേക്ഷിക്കേണ്ടിവരും. പട്ടിണി അല്ലെങ്കില്‍ ആത്മഹത്യ മാത്രമാകും അവര്‍ക്ക്‌ അവശേഷിക്കുക. ഇതാണു കത്ത്‌ തയാറാക്കാന്‍ പ്രേരണയായത്‌.
എന്നാല്‍, അഭിനന്ദമായിരുന്നു യാത്രികരെ കാത്തിരുന്നത്‌. "നിങ്ങള്‍ സ്വര്‍ഗത്തെയും മനുഷ്യന്റെ ലോകത്തിന്റെ ഭാഗമാക്കി"-പ്രസിഡന്റ്‌ നിക്‌സണ്‍ യാത്രികരോടു പറഞ്ഞു.
പിന്നെയും 43 വര്‍ഷം കൂടി നീല്‍ ആംസ്‌ട്രോങ്‌ ജീവിച്ചു. 2012 ഓഗസ്‌റ്റ്‌ 25 നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. പഴയ കഥകള്‍ പറഞ്ഞുതരാന്‍ എഡ്‌വിന്‍ ആള്‍ഡ്രിന്‍ ഇപ്പോഴുമുണ്ട്‌. അദ്ദേഹത്തിന്‌ 89 വയസായി.
സംഘാംഗമായിരുന്നിട്ടും ചന്ദ്രനില്‍ കാലുകുത്താന്‍ കഴിയാതിരുന്ന മൈക്കിള്‍ കോളിന്‍സ്‌ വിശ്രമ ജീവിതത്തിലാണ്‌. രണ്ടു റെക്കോഡുകള്‍ അദ്ദേഹവും സ്വന്തമാക്കി. ചന്ദ്രനെ ചുറ്റുന്ന പേടകത്തില്‍ ഒറ്റയ്‌ക്കു സഞ്ചരിച്ച രണ്ടാമത്തെ മനുഷ്യനാണ്‌ അദ്ദേഹം.

മാത്യൂസ്‌ എം. ജോര്‍ജ്‌

Ads by Google
Saturday 20 Jul 2019 01.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW