Tuesday, August 20, 2019 Last Updated 16 Min 49 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.45 AM

ബി.ജെ.പിക്ക്‌ ഇനി സന്തോഷ്‌ യുഗം

uploads/news/2019/07/323215/bft2.jpg

അടുത്തിടെ ബി.ജെ.പിയിലുണ്ടായ ഒരു വലിയ നേതൃമാറ്റം പലരും വേണ്ടത്ര പ്രാധാന്യത്തോടെ കണ്ടു എന്ന്‌ തോന്നിയില്ല. സൂചിപ്പിച്ചത്‌, സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍ പാര്‍ട്ടി ചുമതലയില്‍ നിന്ന്‌ മടങ്ങിപ്പോയതാണ്‌. കര്‍ണാടകക്കാരനായ ബി.എല്‍. സന്തോഷ്‌ ആണ്‌ പകരക്കാരന്‍.
ബി.ജെ.പിയുടെ ഒരു ദേശീയ ഭാരവാഹി മാറുന്നതല്ല ഇവിടെ നടന്നത്‌; മറിച്ച്‌ പാര്‍ട്ടിയുടെ നെടുംതൂണായി നിലകൊള്ളുന്ന ഒരു വ്യക്‌തിയുടെ മാറ്റമാണ്‌. ഇന്നലെവരെയുള്ള രാംലാല്‍ യുഗം പോലെയാവുകയില്ല ബി.എല്‍. സന്തോഷിന്റെ കാലഘട്ടം എന്ന്‌ വിലയിരുത്തുന്നവരെ ഏറെ കാണാനാവുന്നുണ്ട്‌. എന്തായാലും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്ക്‌ വലിയ ഉത്തരവാദിത്വങ്ങള്‍ ആണുള്ളത്‌. എന്തും തീരുമാനിക്കുന്നതില്‍ സുപ്രധാന റോള്‍ ഉള്ളയാള്‍. എന്നാല്‍ ബി.ജെ.പിയില്‍ ഇന്നിപ്പോള്‍ അത്തരം തീരുമാനങ്ങള്‍ തനിച്ചാവില്ല അദ്ദേഹത്തിന്‌ എടുക്കേണ്ടിവരിക; കാരണം നരേന്ദ്ര മോഡി, അമിത്‌ ഷാ ജെ.പി നദ്ദ യുഗത്തില്‍, ബി.ജെ.പി. അതിന്റെ പരമോന്നതിയില്‍ എത്തിനില്‍ക്കവേ, ആര്‍ക്കെങ്കിലും തനിച്ചൊരു തീരുമാനവും എടുക്കേണ്ടതായി വരുമെന്ന്‌ കരുതിക്കൂടാ. എന്നാല്‍ ഒരു പ്രചാരക ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി നിറഞ്ഞ ദിവസങ്ങളാവും ബി.എല്‍. സന്തോഷിനെ സംബന്ധിച്ചിടത്തോളം.
ജനസംഘത്തിന്റെ കാലഘട്ടത്തില്‍ അതിന്‌ ആര്‍.എസ്‌.എസില്‍ നിന്ന്‌ പ്രചാരകന്മാരുടെ സേവനം ലഭിക്കാറുണ്ടായിരുന്നു. അങ്ങിനെ ജനസംഘത്തില്‍ എത്തിയവരാണ്‌ ബി.ജെ.പിയുടെ പല മുതിര്‍ന്ന നേതാക്കളും. ദീനദയാല്‍ ഉപാധ്യായയെ ആര്‍.എസ്‌.എസ്‌ സര്‌സംഘചാലകായ ഗുരുജി ഗോള്‍വാള്‍ക്കര്‍ ശ്യാമപ്രസാദ്‌ മുഖര്‍ജിക്ക്‌ വിട്ടുകൊടുക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ആര്‍.എസ്‌.എസ്‌. വിട്ടുകൊടുത്ത ഒരാളാണ്‌ എ.ബി. വാജ്‌പേയി. ജഗന്നാഥ റാവു ജോഷി, സുന്ദര്‍ സിങ്‌ ഭണ്ഡാരി, കുശാഭാവു താക്കറെ, ജെ.പി. മാത്തൂര്‍, എല്‍.കെ. അഡ്വാനി ഒക്കെ അങ്ങിനെ സംഘടനയിലെത്തിയവരില്‍ പെടും. ആര്‍.എസ്‌.എസ്‌. വിട്ടുകൊടുക്കുന്നവരുടെ ചുമതല സംഘടനാ കാര്യങ്ങള്‍ നോക്കുക എന്നതാണ്‌. അക്കാലത്ത്‌ അവരെ ഓര്‍ഗനൈസിങ്‌ സെക്രട്ടറിമാര്‍ എന്നാണ്‌ പറയാറുള്ളത്‌. ജനസംഘം ഒരു കാലത്തും പ്രസിഡന്റ്‌ അധിഷ്‌ഠിത പാര്‍ട്ടിയായിരുന്നില്ല. അതുകൊണ്ട്‌ പ്രഗത്ഭരും പ്രസിദ്ധരുമായ പ്രസിഡന്റുമാര്‍ ഉണ്ടാവുമെങ്കിലും കാര്യങ്ങള്‍ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും ആര്‍.എസ്‌.എസ്‌. നിയോഗിച്ചിരുന്ന സംഘടനാ ചുമതലയുള്ള സെക്രട്ടറിമാര്‍, അതായത്‌ ഓര്‍ഗനൈസിങ്‌ സെക്രട്ടറിമാര്‍ ആയിരുന്നു.
അടിയന്തരാവസ്‌ഥക്ക്‌ ശേഷം ജനസംഘം ജനതാ പാര്‍ട്ടിയില്‍ ലയിച്ചു. അപ്പോള്‍ അന്ന്‌ ജനസംഘത്തിലുണ്ടായിരുന്ന സംഘ പ്രചാരകന്മാര്‍ പലരും ആര്‍.എസ്‌.എസ്‌. നിശ്‌ചയിച്ചിടത്തേക്ക്‌ തിരിച്ചുപോയി. ചിലര്‍ ബി.എം.എസിലേക്ക്‌ എത്തി; ചിലര്‍ നേരിട്ട്‌ സംഘ ചുമതലയിലേക്ക്‌ നിയുക്‌തരായി. കേരളത്തില്‍ തന്നെ പി. പരമേശ്വരന്‍ അന്ന്‌ ജനസംഘത്തിന്റെ ദേശീയ ഉപാധ്യക്ഷനായിരുന്നു; അദ്ദേഹത്തെ ആര്‍.എസ്‌.എസ്‌ ജനതാപാര്‍ട്ടിയിലേക്ക്‌ അയച്ചില്ല, പകരം ഡല്‍ഹിയില്‍ ദീനദയാല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്യൂട്ടിന്റെ ഡയറക്‌ടര്‍ ആയി നിയോഗിക്കുകയായിരുന്നു. കേരളത്തില്‍ സംഘടനാ സെക്രട്ടറിയായിരുന്ന പി. നാരായണന്‍ നിയുക്‌തനായത്‌ പത്രത്തിന്റെ ചുമതലയിലേക്കാണ്‌. 60 വയസ്സ്‌ കഴിഞ്ഞപ്പോള്‍ രാഷ്‌ട്രീയം ഉപേക്ഷിച്ച നാനാജി ദേശ്‌മുഖ്‌ ദീനദയാല്‍ റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ ഗോണ്ടയില്‍ ഒരു ഗ്രാമീണ വികസന പദ്ധതിയും മധ്യപ്രദേശില്‍ ഒരു സര്‍വകലാശാലയും മറ്റും തുടങ്ങാനായി നിയുക്‌തനായത്‌ ഓര്‍ക്കുക.
ഇത്‌ ചരിത്രമാണ്‌; ജനതാപാര്‍ട്ടിയില്‍ പക്ഷേ, ജനസംഘക്കാര്‍ക്ക്‌ സ്വസ്‌ഥമായി ഏറെനാള്‍ കഴിയാനായിരുന്നില്ല. സംഘടനാ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ദ്വയാംഗത്വ പ്രശ്‌നം ഉന്നയിച്ചുകൊണ്ട്‌ ആര്‍.എസ്‌.എസ്‌. ബന്ധമുള്ള പഴയ ജനസംഘക്കാരെ പുറത്താക്കാന്‍ നീക്കം നടന്നു. ആര്‍.എസ്‌.എസ്‌. ഒരു സ്വതന്ത്ര സന്നദ്ധ പ്രസ്‌ഥാനമാണ്‌ എന്ന യാഥാര്‍ഥ്യം നന്നായി അറിയാവുന്നവര്‍ തന്നെയാണ്‌ ഈ പ്രശ്‌നം ഉന്നയിച്ചത്‌. രസകരമായത്‌, കേരളത്തിലാണ്‌ ഈ പ്രശ്‌നം ആദ്യമുയര്‍ന്നുവന്നത്‌ എന്നതാണ്‌. വിദ്യാര്‍ഥി ജനതയുടെ കൊച്ചിയില്‍ നടന്ന പ്രഥമ സംസ്‌ഥാന സമ്മേളനത്തില്‍ ആര്‍.എസ്‌.എസിനെതിരെ പ്രമേയം കൊണ്ടുവന്നു; ആര്‍.എസ്‌.എസ്‌. ബന്ധമുള്ളവര്‍ വിട്ടുപോകണം എന്നതായിരുന്നു അതിലെ ഉദ്ദേശം. രൂക്ഷമായ തര്‍ക്കത്തിലും തമ്മിലടിയിലുമാണ്‌ സമ്മേളനം കലാശിച്ചത്‌. അതിനെത്തുടര്‍ന്ന്‌ കേരളത്തില്‍ വിദ്യാര്‍ഥി ജനത രണ്ടായി പിളരുകയും ചെയ്‌തു. അതേ സമീപനം ജനതാ പാര്‍ട്ടിയിലെ സോഷ്യലിസ്‌റ്റുകാര്‍, ബി.എല്‍.ഡിക്കാര്‍ തുടങ്ങിയവര്‍ ദേശീയ തലത്തില്‍ അതേവിഷയം ഉയര്‍ത്തി; മാത്രമല്ല ആര്‍.എസ്‌.എസ്‌. അംഗത്വമുള്ളവര്‍ ജനതാപാര്‍ട്ടിയില്‍ തുടരാന്‍ പാടില്ല എന്നൊരു പ്രമേയവും അവര്‍ പാസാക്കിയതോടെ ജനസംഘക്കാര്‍ക്ക്‌ വിട്ടിറങ്ങിപ്പോരേണ്ടിവരികയായിരുന്നു. ജനതാ പാര്‍ട്ടി പരീക്ഷണം വേണ്ടായിരുന്നു എന്ന്‌ അന്ന്‌ ജനസംഘക്കാര്‍ വിലയിരുത്തി. അതേസമയം, ജനതാ പാര്‍ട്ടി ഉണ്ടായത്‌ കൊണ്ടാണ്‌ 1977 ല്‍ അടിയന്തരാവസ്‌ഥക്കാലത്ത്‌ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനും രാജ്യത്ത്‌ ജനാധിപത്യം വീണ്ടെടുക്കാനും കഴിഞ്ഞത്‌ എന്നത്‌ വിസ്‌മരിക്കാനും അവര്‍ക്കാവുകയില്ല. എന്നാല്‍, അഭിമാനത്തെ ചോദ്യം ചെയ്യുന്ന നിലയിലേക്ക്‌ കാര്യങ്ങളെത്തിയപ്പോള്‍ അതില്‍ തുടര്‍ന്നുപോകുക അവര്‍ക്ക്‌ പ്രശ്‌നമായി. അങ്ങിനെയാണ്‌ 1980 ഏപ്രില്‍ ആറിന്‌ ഭാരതീയ ജനത പാര്‍ട്ടി രൂപീകരിക്കുന്നത്‌.
ബി.ജെ.പി. രൂപം കൊള്ളുമ്പോള്‍ അതിന്‌ ഒരര്‍ഥത്തില്‍ ഒരു ജനതാ പാര്‍ട്ടി സംസ്‌കാരം തന്നെയാണ്‌ ഉണ്ടായിരുന്നത്‌. ജനസംഘ്‌ സംസ്‌കാരം വിട്ടുപോയിരുന്നില്ലേ എന്ന്‌ സംശയിച്ചവര്‍ അനവധി അന്ന്‌ ഉണ്ടായിരുന്നു എന്നര്‍ത്ഥം. ജനതാപാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ജനസംഘക്കാരല്ലാത്ത അനവധി പേര്‌ അന്ന്‌ ബി.ജെ.പിയിലെത്തി. റാം ജെത്‌മലാനി, ശാന്തി ഭൂഷണ്‍, സിഖന്ദര്‍ ഭക്‌ത്‌, ഇപ്പോള്‍ ബി.ജെ.പി. വിരുദ്ധ പക്ഷത്തുള്ള അരുണ്‍ ശൗരി തുടങ്ങിയവര്‍ അതില്‍ പ്രധാനം. എന്നാല്‍, 1984-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടര്‍ന്ന്‌ ബി.ജെ.പി. ചില പുനര്‍ചിന്തനങ്ങള്‍ക്ക്‌ മുതിര്‍ന്നു. അന്ന്‌ ദേശവ്യാപകമായി നേതാക്കള്‍ യാത്രനടത്തി, പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും മറ്റും അഭിപ്രായങ്ങള്‍ ആരാഞ്ഞു. അങ്ങനെയാണ്‌ അവര്‍ പഴയ ജനസംഘ്‌ സമ്പ്രദായത്തിലേക്ക്‌ തിരിച്ചുപോയത്‌. ബി.ജെ.പി. ആദ്യം രൂപം കൊള്ളുമ്പോള്‍ അതിന്റെ പരിപാടികളില്‍ കാണാറുള്ള ഫോട്ടോകള്‍ ഗാന്ധിജിയുടെയും ജയപ്രകാശ്‌ നാരായണന്റേതുമായിരുന്നു എന്നതോര്‍ക്കുക. അതിനുപകരമായി ശ്യാമപ്രസാദ്‌ മുഖര്‍ജി, ദീനദയാല്‍ ഉപാധ്യായ, ഭാരത മാതാവ്‌ എന്നിവരുടെ ചിത്രങ്ങള്‍ അവിടെ സ്‌ഥാനം പിടിച്ചത്‌ ഈ ആത്മവിമര്‍ശനത്തിന്‌ ശേഷമാണ്‌. അതൊക്കെ കഴിഞ്ഞാണ്‌ ആര്‍.എസ്‌.എസ്‌. പ്രചാരകന്മാര്‍ ബി.ജെ.പിയുടെ സംഘടനാ യന്ത്രം നിയന്ത്രിക്കാനായി എത്തിച്ചേര്‍ന്നത്‌. അക്കാലത്ത്‌ ബി.ജെ.പിയിലെത്തിയയാളാണ്‌ നരേന്ദ്ര മോഡി; അദ്ദേഹം ഗുജറാത്തിലാണ്‌ പ്രവര്‍ത്തിച്ചത്‌. ദേശീയ തലത്തില്‍ ബി.ജെ.പിക്ക്‌ ആര്‍.എസ്‌.എസ്‌. വിട്ടുകൊടുത്തത്‌ കെ.എന്‍. ഗോവിന്ദാചാര്യയെ ആണ്‌. കേരളത്തില്‍ പി.പി. മുകുന്ദന്‍, തമിഴ്‌നാട്ടില്‍ എല്‍. ഗണേശ്‌ ഒക്കെ അങ്ങിനെ ബി.ജെ.പിയിലെത്തിയവര്‍ ആണ്‌. അത്‌ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റത്തിന്റെ നാളുകളായിരുന്നുതാനും.
ഗോവിന്ദാചാര്യക്ക്‌ ശേഷം നരേന്ദ്ര മോഡി ദേശീയ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി; മോഡി ഗുജറാത്ത്‌ മുഖ്യമന്ത്രി ആയി ചുമതലയേറ്റപ്പോള്‍ സഞ്‌ജയ്‌ ജോഷി വന്നു; 2005 ലാണ്‌ സഞ്‌ജയ്‌ ജോഷി മാറുന്നത്‌; തുടര്‍ന്നാണ്‌ രാം ലാല്‍ വരുന്നത്‌. യു.പിയില്‍ ആര്‍.എസ്‌.എസ്‌. ക്ഷേത്രീയ പ്രചാരക്‌ ആയിരിക്കെയാണ്‌ രാംലാല്‍ ബി.ജെ.പിയിലേക്ക്‌ നിയോഗിക്കപ്പെടുന്നത്‌. സ്വതവേ ശാന്തനായ അദ്ദേഹം മാധ്യമ ശ്രദ്ധയില്‍ നിന്നൊഴിഞ്ഞുനിന്ന്‌ സംഘടനാ യന്ത്രം ചലിപ്പിക്കുന്നതില്‍ ശ്രദ്ധിച്ചു. ബി.ജെ.പിയുടെ ചരിത്രത്തില്‍ ഇത്രയേറെക്കാലം ആരും ആ ചുമതല വഹിച്ചിട്ടില്ല; അതാണ്‌ രാംലാലിന്റെ പ്രത്യേകത. അദ്ദേഹം ആര്‍.എസ്‌.എസിന്റെ ദേശീയ സഹ സമ്പര്‍ക്ക പ്രമുഖ്‌ ആയിട്ടാണ്‌ അടുത്തിടെ ചുമതലയേറ്റത്‌. ആര്‍.എസ്‌.എസ്‌. നിശ്‌ചയിക്കുന്നിടത്‌ പ്രവര്‍ത്തിക്കുക എന്നതാണ്‌ പ്രചാരകന്മാരുടെ ചുമതല. അവരില്‍ പലരും പരിവാര്‍ സംഘടനകളിലേക്ക്‌ നിയോഗിക്കപ്പെടും; ഇടക്ക്‌ തിരിച്ച്‌ സംഘത്തിലേക്ക്‌ തന്നെ മടങ്ങുകയും ചെയ്യും. കേരളത്തിലെ ഇപ്പോഴത്തെ ആര്‍.എസ്‌.എസ്‌. പ്രാന്ത പ്രചാരക്‌ (സംസ്‌ഥാന ഓര്‍ഗനൈസര്‍) മുന്‍പ്‌ ബി.എം.എസിന്റെ സംസ്‌ഥാന സംഘടനാ സെക്രട്ടറിയായിരുന്നു. അതുപോലെ അനവധി പേരുണ്ട്‌.
ബി.എല്‍. സന്തോഷ്‌ എന്ന കര്‍ണാടകക്കാരന്‍ ആണ്‌ രാംലാലിന്റെ പകരക്കാരന്‍. അഞ്ചോ ആറോ ഭാഷ സംസാരിക്കാന്‍ കഴിയുന്ന, എഞ്ചിനീയറിങ്‌ ബിരുദധാരിയായ അദ്ദേഹം വിദ്യാര്‍ഥിയായിരിക്കെ മുതല്‍ ആര്‍.എസ്‌.എസ്‌. ബന്ധമുള്ളയാളാണ്‌. വിദ്യാഭ്യാസം കഴിഞ്ഞയുടനെ ആര്‍.എസ്‌.എസ്‌. പ്രചാരക്കായി; അവിടെനിന്ന്‌ കര്‍ണാടകത്തിലെ ബി.ജെ.പി. സംഘടന സെക്രട്ടറി, പിന്നീട്‌ ദക്ഷിണേന്ത്യന്‍ സംഘടനാ ചുമതലയുളള ദേശീയ ജോയിന്റ്‌ ജനറല്‍ സെക്രട്ടറി എന്നിങ്ങനെ അനവധി സുപ്രധാന ചുമതലകള്‍ വഹിച്ചിട്ടുണ്ട്‌. സംഘാടകന്‍ എന്ന നിലയ്‌ക്ക്‌ മികവ്‌ തെളിയിച്ചത്‌ കൊണ്ടുകൂടിയാണല്ലോ അദ്ദേഹം ദേശീയതലത്തിലെ ഈ പ്രധാന ചുമതലയിലേക്ക്‌ നിയോഗിക്കപ്പെട്ടത്‌.
അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്‌, യെദിയൂരപ്പയുടെ കൂടെ നേതൃത്വത്തില്‍, കര്‍ണാടകത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഉജ്വല വിജയം കരസ്‌ഥമാക്കിയത്‌. ദക്ഷിണേന്ത്യയുടെ ചുമതല ഉള്ളതുകൊണ്ട്‌, കഴിഞ്ഞ കുറേക്കാലമായി കേരളത്തില്‍ സജീവ സാന്നിധ്യമായിരുന്നു ബി.എല്‍. സന്തോഷ്‌. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത്‌ ഒരു സുപ്രധാന കാലഘട്ടമാണ്‌....... വെല്ലുവിളികളുടെ ദിനങ്ങള്‍. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ പിടിക്കുന്നത്‌ ഒരിക്കലും എളുപ്പമാവില്ലല്ലോ. എന്നാല്‍, കാര്യങ്ങള്‍ മനസിലാക്കുന്ന, വേഗത്തില്‍ തീരുമാനം എടുക്കുന്ന പ്രകൃതക്കാരനായാണ്‌ അദ്ദേഹം അറിയപ്പെടുന്നത്‌. അതും ഈ നിയോഗത്തില്‍ അദ്ദേഹത്തിന്‌ സൗകര്യപ്രദമാവും എന്ന്‌ കരുതാം.

കെ.വി.എസ്‌. ഹരിദാസ്‌

Ads by Google
Saturday 20 Jul 2019 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW