Wednesday, August 21, 2019 Last Updated 34 Min 50 Sec ago English Edition
Todays E paper
Ads by Google
Saturday 20 Jul 2019 01.20 AM

ബാബ്‌റി മസ്‌ജിദ്‌ തകര്‍ത്ത കേസ്‌: 9 മാസത്തിനകം തീര്‍പ്പാക്കണം, നിര്‍ദേശം സുപ്രീം കോടതിയുടേത്‌

uploads/news/2019/07/323138/d8.jpg

ന്യൂഡല്‍ഹി : അയോധ്യയിലെ ബാബ്‌റി മസ്‌ജിദ്‌ തകര്‍ക്കലിലെത്തിയ ഗൂഢാലോചന സംബന്ധിച്ച കേസ്‌ ഒമ്പതു മാസത്തിനകം തീര്‍പ്പാക്കണമെന്നു ലഖ്‌നൗവിലെ സി.ബി.ഐ. കോടതിക്കു സുപ്രീം കോടതിയുടെ നിര്‍ദേശം.
ഈ കേസ്‌ പരിഗണിക്കുന്ന ജഡ്‌ജിയുടെ സേവനകാലാവധി നീട്ടാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ യു.പി. സര്‍ക്കാരിനും ജസ്‌റ്റിസ്‌ എഫ്‌.എസ്‌. നരിമാന്‍ അധ്യക്ഷനായ ബെഞ്ച്‌ നിര്‍ദേശം നല്‍കി. എല്‍.കെ. അദ്വാനി, മുരളീമനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍ സിങ്‌ തുടങ്ങി ബി.ജെ.പിയുടെ ഒട്ടേറെ മുതിര്‍ന്ന നേതാക്കളാണ്‌ ആരോപണവിധേയര്‍.
അയോധ്യയിലെ തര്‍ക്കഭൂമിയുടെ ഉടമാവകാശക്കേസ്‌ സമയബന്ധിതമായി തീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ്‌ ബാബ്‌റി കേസും വൈകാതെ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി ശ്രമിക്കുന്നത്‌.
അദ്വാനി, ജോഷി, ഉമാഭാരതി അടക്കമുള്ള നേതാക്കളെ വിചാരണയില്‍നിന്ന്‌ ഒഴിവാക്കിയ അലഹാബാദ്‌ ഹൈക്കോടതി ഉത്തരവ്‌ 2017 ഏപ്രില്‍ 19-നു സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ റായ്‌ബറേലി കോടതിയിലുള്ള കേസും ലഖ്‌നൗ കോടതിയിലേക്കു മാറ്റി. പ്രതിദിന വിചാരണയിലൂടെ രണ്ടു വര്‍ഷത്തിനകം കേസ്‌ തീര്‍പ്പാക്കാന്‍ അന്നു നിര്‍ദേശിച്ചെങ്കിലും സാധിച്ചിട്ടില്ല. രാജസ്‌ഥാന്‍ ഗവര്‍ണറായതിനാല്‍ കല്യാണ്‍ സിങ്ങിനു നിയമനടപടികളില്‍ നിന്നു ഭരണഘടനാപരമായ പരിരക്ഷയുണ്ട്‌. എന്നാല്‍, ഗവര്‍ണര്‍ സ്‌ഥാനമൊഴിയുമ്പോള്‍ വിചാരണ നേരിടേണ്ടിവരും.

Ads by Google
Saturday 20 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW