Friday, August 23, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.20 AM

ഓര്‍മ്മയില്ലേ.. മലവെള്ളപാച്ചലിനിടെ ചെറുതോണിപ്പാലത്തിലൂടെ, രോഗബാധിതനായ കുഞ്ഞിനെ മറുകരയെത്തിക്കുന്ന ദുരന്ത നിവാരണ സേനാംഗത്തിന്റെ ചിത്രം; അവനിവിടെയുണ്ട്, അതിജീവനത്തിന്റെ നേര്‍സാക്ഷ്യമായി തക്കുടു

uploads/news/2019/07/322960/11.jpg

ഇടുക്കി: മലവെള്ളപാച്ചലിനിടെ ചെറുതോണിപ്പാലത്തിലൂടെ, രോഗബാധിതനായ കുഞ്ഞിനെ മറുകരയെത്തിക്കുന്ന ദേശീയ ദുരന്ത നിവാരണ സേനാംഗത്തിന്റെ ചിത്രം മലയാളികള്‍ മറക്കില്ല.

മഹാപ്രളയത്തിന്റെ ഭീകരത ലോകത്തിന്റെ ശ്രദ്ധയിലെത്തിച്ചതില്‍ ഈ ചിത്രം വലിയ പങ്കു വഹിച്ചു. ചെറുതോണി ഇടുക്കി കോളനിയില്‍ കാരക്കാട്ട്‌ പുത്തന്‍വീട്ടില്‍ വിജയരാജിന്റെയും മഞ്‌ജുവിന്റെയും മകന്‍ തക്കുടുവെന്ന നാലു വയസുകാരന്‍ സൂരജാണ്‌ ആ കുഞ്ഞ്‌.

കഴിഞ്ഞ ഓഗസ്‌റ്റ്‌ 10 ന്‌ ഉച്ചയോടെ വിജയരാജ്‌ വീട്ടിലെത്തിയപ്പോള്‍ കടുത്ത പനിയും ശ്വാസം മുട്ടലും കൊണ്ട്‌ കുഞ്ഞ്‌ വലയുകയായിരുന്നു. തോരാത്ത പേമാരിയെ വകവയ്‌ക്കാതെ കുഞ്ഞിനെയും എടുത്ത്‌ വിജയരാജ്‌ വീട്ടില്‍നിന്നിറങ്ങി. പാലത്തിലൂടെയുള്ള യാത്ര സാധ്യമല്ലെന്നു പോലീസ്‌ അറയിച്ചു. കുഞ്ഞിന്റെ ഗുരുതരാവസ്‌ഥ ബോധ്യപ്പെടുത്തിയതോടെ മറുകരയിലുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുമായി ബന്ധപ്പെട്ടു.
അദ്ദേഹത്തിന്റെ ഇടപെടലില്‍ ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ഓടിയെത്തി കുഞ്ഞിനെ വാങ്ങി ഞൊടിയിട കൊണ്ട്‌ മറുകരയെത്തിച്ചു. അവിടെ നിന്നും ഓട്ടോയില്‍ കയറിയ ശേഷം തിരിഞ്ഞു നോക്കിയപ്പോള്‍ പാലത്തിനു മുകളിലൂടെ വെള്ളം കുതിച്ചൊഴുകുന്ന കാഴ്‌ചയാണു കണ്ടതെന്നു വിജയരാജ്‌ പറഞ്ഞു.

കൈയില്‍ ഒരു രൂപ പോലും ഇല്ലാതിരുന്ന ആ സാഹചര്യത്തില്‍ സ്വന്തം പോക്കറ്റില്‍ നിന്നും പണമെടുത്ത്‌ തന്ന പോലീസ്‌ ഉദ്യോഗസ്‌ഥനെയും വിജയരാജ്‌ നന്ദിയോടെ സ്‌മരിക്കുന്നു. കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച്‌ മരുന്നു നല്‍കി. തിരികെയെത്തിയപ്പോള്‍ ചെറുതോണി പാലം വെള്ളത്തിനടിയിലായിരുന്നു.

പിന്നീട്‌ കരിമ്പന്‍ പാലം വഴി ബന്ധുവിന്റെ ബൈക്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ്‌ വീട്ടില്‍ തിരികെയെത്തിയത്‌. മകനെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച ഉദ്യോഗസ്‌ഥരെ ഒരിക്കല്‍ കൂടി കാണണമെന്ന ആഗ്രഹം തോന്നാറുണ്ടെന്നും വിജയരാജ്‌ പറഞ്ഞു. ഇടുക്കി ന്യൂമാന്‍ സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിയാണ്‌ സൂരജ്‌.

Ads by Google
Friday 19 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW