Wednesday, August 21, 2019 Last Updated 18 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.20 AM

കോലഞ്ചേരി പള്ളിയില്‍ യാക്കോബായ സഭാംഗത്തിന്റെ ശവസംസ്‌കാരം തടഞ്ഞു

uploads/news/2019/07/322959/9.jpg

കോലഞ്ചേരി: സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം സംസ്‌കരിക്കുന്നതു പോലീസ്‌ തടഞ്ഞു. സുപ്രീം കോടതി വിധി അനുസരിച്ച്‌, സെമിത്തേരിയില്‍ സംസ്‌കാരം നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തില്‍പ്പെട്ട വികാരിയുടെ അനുവാദം വേണമെന്നു ചൂണ്ടിക്കാട്ടിയാണ്‌ പോലീസ്‌ തടഞ്ഞത്‌. ഇക്കാര്യം നേരത്തേ പോലീസിനേയും റവന്യൂ അധികാരികളേയും ഓര്‍ത്തഡോക്‌സ്‌ വിഭാഗം അറിയിച്ചിരുന്നു.
ഇടവകാംഗവും യാക്കോബായ സഭാംഗവുമായ വാളകം കുന്നയ്‌ക്കാല്‍ ഇരുമ്പായില്‍ അന്നമ്മ(96)യുടെ മൃതദേഹമാണ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാനാകാതെ യാക്കോബായ വിഭാഗത്തിന്റെ ഉടമസ്‌ഥതയിലുള്ള സ്‌ഥലത്തു സംസ്‌കരിച്ചത്‌. ഇന്നലെ രാവിലെ 11 നു സംസ്‌കാരം നടത്താന്‍ തീരുമാനിച്ചിരുെന്നങ്കിലും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ എതിര്‍പ്പിനെത്തുടര്‍ന്നു നീണ്ടുപോകുകയായിരുന്നു.
മൂവാറ്റുപുഴ ആര്‍.ഡി.ഒ. അനില്‍കുമാര്‍, ഡിവൈ.എസ്‌.പി: കെ. അനില്‍കുമാര്‍, പുത്തന്‍കുരിശ്‌ സി.ഐ. സാജന്‍ സേവ്യര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുവിഭാഗങ്ങളുമായി പല തവണ ചര്‍ച്ച നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. കോടതി വിധിയും ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ എതിര്‍പ്പും അവഗണിച്ചു പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാനാവില്ലെന്ന്‌ ആര്‍.ഡി.ഒ. അറിയിച്ചു.
ഉച്ചകഴിഞ്ഞു മൂന്നോടെ മൃതദേഹം സംസ്‌കരിക്കാന്‍ കൊണ്ടുവന്നെങ്കിലും പള്ളിയുടെ ഗേറ്റില്‍ പോലീസ്‌ തടഞ്ഞു. ഇതിനുശേഷം യാക്കോബായ വിഭാഗത്തിന്റെ ഉടമസ്‌ഥതയില്‍ പള്ളിക്കു മുന്നിലുള്ള സ്‌ഥലത്ത്‌ മൃതദേഹം സംസ്‌കരിക്കുകയായിരുന്നു. ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ കാതോലിക്കേറ്റ്‌ സെന്ററും കണ്ടനാട്‌ ഭദ്രാസനാസ്‌ഥാനമായ പ്രസാദം സെന്ററും സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തോടു ചേര്‍ന്നു മൃതദേഹം സംസ്‌കരിക്കുന്നതിനെ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ചോദ്യംചെയ്‌തെങ്കിലും അധികൃതര്‍ ഗൗനിച്ചില്ല. വൈകിട്ട്‌ നാലരയോടെയാണു കാടുകയറിക്കിടന്ന സ്‌ഥലം വെട്ടിത്തെളിച്ച്‌ മൃതദേഹം സംസ്‌കരിച്ചത്‌. കാതോലിക്കേറ്റ്‌ സെന്ററില്‍ നിന്ന ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങള്‍ തര്‍ക്കമുന്നയിച്ചെങ്കിലും പോലീസെത്തി ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങളെ പുറത്താക്കി. അതോടെ സംഘര്‍ഷാവസ്‌ഥ ഒഴിവായി. ഓര്‍ത്തഡോക്‌സ്‌ വിഭാഗം ഭാരവാഹികളും പോലീസും തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായെങ്കിലും മൃതദേഹം സംസ്‌കരിച്ചശേഷമാണ്‌ കാതോലിക്കേറ്റ്‌ സെന്ററിലേക്കു പ്രവേശിപ്പിച്ചത്‌.
സംഘര്‍ഷാവസ്‌ഥ കണക്കിലെടുത്തു രാവിലെ മുതല്‍ കോലഞ്ചേരി പള്ളിക്കു മുമ്പില്‍ വന്‍ പോലീസ്‌ സംഘം നിലയുറപ്പിച്ചിരുന്നു. മൃതദേഹം കാതോലിക്കേറ്റ്‌ സെന്ററിനു സമീപം സംസ്‌കരിച്ചതിനെതിരേ ഓര്‍ത്തഡോക്‌സ്‌ വിഭാഗം നിയമനടപടി സ്വീകരിക്കുമെന്നാണ്‌ സൂചന.

Ads by Google
Friday 19 Jul 2019 01.20 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW