Thursday, August 22, 2019 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.16 AM

'ദോശരാജാവി'ന്റെ ജീവപര്യന്തത്തിന്‌ മരണം ഇളവുനല്‍കി

uploads/news/2019/07/322924/2.jpg

ചെന്നൈ: വിവാഹം കഴിക്കാനാഗ്രഹിച്ച യുവതിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട ശരവണഭവന്‍ ഹോട്ടല്‍ ശൃംഖല ഉടമ പി. രാജഗോപാല്‍ (72) ജയിലിലുണ്ടായ ഹൃദയാഘാതത്തേത്തുടര്‍ന്ന്‌ മരിച്ചു. കഴിഞ്ഞ ശനിയാഴ്‌ച രാത്രി ഹൃദയാഘാതത്തേത്തുടര്‍ന്ന്‌ ചെന്നൈയിലെ സ്‌റ്റാന്‍ലി ആശുപത്രിയിലെത്തിച്ച രാജഗോപാലിനു വെന്റിലേറ്റര്‍ സഹായത്തോടെ ചികിത്സ തുടരുന്നതിനിടെയാണ്‌ അന്ത്യം.
ജീവപര്യന്തം തടവുശിക്ഷ സുപ്രീംകോടതി ശരിവച്ചതിനേത്തുടര്‍ന്നു കീഴടങ്ങിയ രാജഗോപാലിന്‌ ഒരുദിവസമേ ജയിലില്‍ കഴിയേണ്ടിവന്നുള്ളൂ. മകന്‍ ശരവണന്‍ കോടതിയെ സമീപിച്ചാണു രാജഗോപാലിനെ സ്വകാര്യാശുപത്രിയിലേക്കു മാറ്റാന്‍ പ്രത്യേകാനുമതി നേടിയത്‌. സ്വന്തം ഹോട്ടലിലെ ജീവനക്കാരന്‍കൂടിയായ പ്രിന്‍സ്‌ ശാന്തകുമാറിനെ വാടകക്കൊലയാളികളെ വിട്ട്‌ കൊലപ്പെടുത്തിയ കേസിലാണ്‌ ഇന്ത്യയിലെ "ദോശരാജാവ്‌" എന്നറിയപ്പെട്ട രാജഗോപാലിനെ മദ്രാസ്‌ ഹൈക്കോടതി ജീവപര്യന്തം തടവുശിക്ഷയ്‌ക്കു വിധിച്ചത്‌. ശിക്ഷ പിന്നീടു സുപ്രീം കോടതി ശരിവച്ചു.
രാജഗോപാലിന്റെ ഉടമസ്‌ഥതയിലുള്ള ശരവണഭവന്‍ ഗ്രൂപ്പിന്‌ ഇന്ത്യയില്‍ മാത്രം 25 ഹോട്ടലുകളുണ്ട്‌. അമേരിക്ക, ഇംഗ്ലണ്ട്‌, ഓസ്‌ട്രേലിയ തുടങ്ങി 20 രാജ്യങ്ങളിലേക്കും ഹോട്ടല്‍ ശൃംഖല വ്യാപിച്ചു. തമിഴ്‌നാട്ടില്‍, തൂത്തുക്കുടി ജില്ലയിലെ പുന്നാടിയില്‍ ദരിദ്രകര്‍ഷകകുടുംബത്തില്‍ ജനിച്ച രാജഗോപാല്‍ ഹോട്ടലുകളില്‍ എച്ചില്‍പാത്രം കഴുകിയാണു ജീവിതമാരംഭിച്ചത്‌. 1968-ല്‍ ചെന്നൈ കെ.കെ. നഗറില്‍ ചെറിയ കാപ്പിക്കട തുറന്ന്‌ ബിസിനസില്‍ തുടക്കം കുറിച്ചു. പിന്നീട്‌, സാമ്പത്തികമായി തകര്‍ന്ന "കാമാക്ഷി ഭവന്‍" ഹോട്ടല്‍ ഏറ്റെടുത്ത്‌ മകന്റെ പേരില്‍ ശരവണഭവന്‍ സ്‌ഥാപിച്ചു. ശരവണഭവനിലെ ഇഡ്‌ഡലിയും ദോശയും സാമ്പാറും ചട്‌ണിയും അതിവേഗം പ്രശസ്‌തമായി. "ന്യൂയോര്‍ക്ക്‌ ടൈംസ്‌" ദിനപത്രം ഉള്‍പ്പെടെ ഹോട്ടലിനെ പുകഴ്‌ത്തി. 2000-ത്തില്‍ ദുബായില്‍ ഹോട്ടല്‍ ശാഖ തുറന്ന്‌ വിദേശത്തേക്കും ബിസിനസ്‌ വ്യാപിപ്പിച്ചു.
രണ്ടുതവണ വിവാഹിതനായ രാജഗോപാല്‍ ജ്യോതിഷിയുടെ ഉപദേശപ്രകാരം മൂന്നാമതും വിവാഹത്തിനൊരുങ്ങിയതോടെയാണു കൊലപാതകത്തിലേക്കു നയിച്ച സംഭവവികാസങ്ങളുടെ തുടക്കം. ഹോട്ടലിലെ മുന്‍ജീവനക്കാരന്റെ മകള്‍ ജീവജ്യോതിയെ സ്വന്തമാക്കാനുള്ള ശ്രമത്തിനു ഭര്‍ത്താവ്‌ പ്രിന്‍സ്‌ ശാന്തകുമാര്‍ തടസമായതോടെ, വാടകക്കൊലയാളികളെ നിയോഗിച്ച്‌ പ്രിന്‍സിനെ കൊലപ്പെടുത്തി. 2004-ല്‍ സെഷന്‍സ്‌ കോടതി രാജഗോപാലിനു 10 വര്‍ഷം തടവുശിക്ഷ വിധിച്ചു. 2009-ല്‍ മദ്രാസ്‌ ഹൈക്കോടതി ശിക്ഷ ജീവപര്യന്തമാക്കി. ശിക്ഷ സുപ്രീം കോടതി ശരിവച്ചതോടെ, ജാമ്യത്തിലായിരുന്ന രാജഗോപാലിനു കീഴടങ്ങാതെ നിര്‍വാഹമില്ലാതായി. തുടര്‍ന്ന്‌ കഴിഞ്ഞ ഒന്‍പതിനു രാജഗോപാല്‍ ഓക്‌സിജന്‍ മാസ്‌ക്‌ ധരിച്ച്‌ കോടതിയില്‍ ഹാജരായതു വന്‍വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Ads by Google
Friday 19 Jul 2019 01.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW