Tuesday, August 20, 2019 Last Updated 0 Min 14 Sec ago English Edition
Todays E paper
Ads by Google
Friday 19 Jul 2019 01.06 AM

ടീം ഇന്ത്യയെ ഇന്നറിയാം

uploads/news/2019/07/322896/1.jpg

മുംബൈ: അടുത്തമാസം ആരംഭിക്കുന്ന വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ തെരഞ്ഞെടുക്കാന്‍ എം.എസ്‌.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്നു യോഗം ചേരും.
യോഗം മുംബൈയിലാണ്‌ നടക്കുന്നതെങ്കിലും എല്ലാ കണ്ണുകളും നായകന്‍ വിരാട്‌ കോഹ്ലിയിലും മുന്‍ നായകന്‍ മഹേന്ദ്ര സിങ്‌ ധോണിയിലുമാണ്‌. പര്യടനത്തിനുള്ള ടീമില്‍ ഇരുവര്‍ക്കും സ്‌ഥാനമുണ്ടാകുമോയെന്നാണ്‌ ആരാധകര്‍ ഉറ്റുനോക്കുന്നത്‌.
മുപ്പത്തിയെട്ടുകാരനായ ധോണിയുടെ ഫിനിഷിങ്‌ കഴിവുകള്‍ അതിന്റെ അവസാന നാളുകളിലാണ്‌. ഇതാകും ഇന്നത്തെ യോഗത്തില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടേക്കാവുന്ന വിഷയം. വിരമിക്കലിനെക്കുറിച്ചു ചിന്തിക്കുകയാണെന്നു ശ്രുതികളുണ്ടെങ്കിലും ഇതുവരെ അതേക്കുറിച്ച്‌ ധോണി പ്രതികരിക്കാന്‍ തയാറായിട്ടില്ല.
ധോണിയെ ടീമില്‍ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്‌താല്‍ അതു ടീമിന്റെ ഭാവിയെക്കുറിച്ചുള്ള സൂചന കൂടിയാകും. വിന്‍ഡീസ്‌ മണ്ണില്‍ മൂന്നു ട്വന്റി 20 മത്സരങ്ങളും അത്രതന്നെ ഏകദിനങ്ങളും രണ്ടു ടെസ്‌റ്റുകളുമാണ്‌ ഇന്ത്യ കളിക്കുന്നത്‌.
അടുത്ത വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പ്‌ മുന്‍നിര്‍ത്തിയുള്ള തയാറെടുപ്പിനാണ്‌ ബി.സി.സി.ഐ. ആലോചിക്കുന്നതെങ്കില്‍ ധോണിക്കു പകരം ഘയുവതാരം ഋഷഭ്‌ പന്ത്‌ ടീമില്‍ ഇടംനേടാനാണ്‌ സാധ്യത. കഴിഞ്ഞ ഒക്‌ടോബറില്‍ ഓസ്‌ട്രേലിയയ്‌ക്കും വെസ്‌റ്റിന്‍ഡീസിനുമെതിരായ ട്വന്റി 20 പരമ്പരകളില്‍ നിന്നു ധോണിയെ ഒഴിവാക്കിയിരുന്നു. ഇക്കുറിയും അതേതീരുമാനം തന്നെ സെലക്ഷന്‍ കമ്മിറ്റി എടുത്തേക്കുമെന്നു സൂചനയുണ്ട്‌.
യോഗത്തില്‍ മറ്റൊരു പ്രധാന വിഷയമായി ഉയര്‍ന്നു വരിക പരമ്പരയിലേക്കു വിരാട്‌ കോഹ്ലിയുടെ സേവനം ലഭ്യമാകുമോയെന്നതു സംബന്ധിച്ചാണ്‌. സെപ്‌റ്റംബര്‍ മുതല്‍ സ്വന്തം മണ്ണില്‍ തിരക്കേറിയ മത്സരഷെഡ്യൂള്‍ വരുന്നതിനാല്‍ വിന്‍ഡീസ്‌ പര്യടനത്തില്‍ കോഹ്ലിക്കു വിശ്രമം അനുവദിക്കണണമെന്നു പൊതുവായ ആവശ്യം ഉയരുന്നുണ്ട്‌. ഈ സാഹചര്യത്തില്‍ കോഹ്ലിക്കു പകരം രോഹിത്‌ ശര്‍മയെ ട്വന്റി20-ഏകദിന ടീമുകളുടെ ക്യാപ്‌റ്റനാക്കിയേക്കും.
എന്നാല്‍ രണ്ടു മത്സരങ്ങളുടെ ടെസ്‌റ്റ് പരമ്പരയില്‍ കോഹ്ലി തന്നെ നായക സ്‌ഥാനത്തുണ്ടാകുമെന്നാണ്‌ സൂചന. കോഹ്ലിയുടെ അതേ പരിഗണന തന്നെ പേസര്‍ ജസ്‌പ്രീത്‌ ബുംറയ്‌ക്കും നല്‍കാന്‍ ആലോചനയുണ്ട്‌.
ലോകകപ്പില്‍ ഇന്ത്യയുടെ പുറത്താകലിനു വഴിവച്ച മധ്യനിരയിലെ പ്രശ്‌നങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകും. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച കര്‍ണാടകയുടെ മായങ്ക്‌ അഗര്‍വാള്‍, മനീഷ്‌ പാണ്ഡെ, മുംബൈയുടെ ശ്രേയസ്‌ അയ്യര്‍ എന്നിവര്‍ ടീം ഇന്ത്യയുടെ വാതിലില്‍ മുട്ടുന്നുണ്ട്‌.
ഇവരെക്കൂടാതെ പഞ്ചാബ്‌ യുവ താരം ശുഭ്‌മാന്‍ ഗില്‍, മുംബൈയുടെ പൃഥ്വി ഷാ എന്നിവരെയും പരിഗണിച്ചേക്കാം. ഇടുപ്പിനു പരുക്കേറ്റ ഷായുടെ കാര്യത്തില്‍ അത്ര ഉറപ്പില്ല. ഇന്ത്യ എ ടീമിന്റെ വെസ്‌റ്റിന്‍ഡീസ്‌ പര്യടനത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ശ്രേയസിനും ശുഭ്‌മാന്‍ ഗില്ലിനുമാണ്‌ സാധ്യതകൂടുതല്‍.
ഇവരെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ലോകകപ്പില്‍ പരാജയപ്പെട്ട ദിനേഷ്‌ കാര്‍ത്തിക്‌, ദോര്‍ ജാദവ്‌ എന്നിവര്‍ക്കു പുറത്തേക്കു വഴിതെളിയും. ലോകകപ്പിനിടെ പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ഫിറ്റ്‌നെസ്‌ വീണ്ടെടുത്തിട്ടുണ്ട്‌. ധവാന്‍ ടീമില്‍ തിരിച്ചെത്തുന്ന കാര്യം ഉറപ്പായി.
ലോകകപ്പ്‌ കളിച്ച ടീമിലെ മറ്റംഗങ്ങളായ കെ.എല്‍. രാഹുല്‍, ഹര്‍ദ്ദിക്‌ പാണ്ഡ്യ, കുല്‍ദീപ്‌ യാദവ്‌, യൂസ്‌വേന്ദ്ര ചഹാല്‍, മുഹമ്മദ്‌ ഷമി, ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ സ്‌ഥാനം നിലനിര്‍ത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

ഇന്ത്യന്‍ പരിശീലകനാകാന്‍ മഹേള ജയവര്‍ധനെയും

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്റെ പുതിയ പരിശീലകനാകാന്‍ ശ്രീലങ്കന്‍ മുന്‍ നായകനും മുംബൈ ഇന്ത്യന്‍ പരിശീലകനുമായ മഹേള ജയവര്‍ധനെയും. ജയവര്‍ധനെ പരിശീലക തസ്‌തികയിലേക്ക്‌ അപേക്ഷ നല്‍കുമെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.
മുംബൈ ഇന്ത്യന്‍സിനെ ഈ വര്‍ഷത്തേ ഐ.പി.എല്‍. കിരീടത്തിലേക്ക്‌ നയിച്ച കോച്ചായിരുന്നു മഹേള. അഭ്യൂഹങ്ങള്‍ പ്രകാരം രോഹിത്‌ ശര്‍മയ്‌ക്ക് ഏകദിന ക്യാപ്‌റ്റന്‍സി ലഭിക്കുകയാണെങ്കില്‍ താരത്തിനൊപ്പം മുംബൈ ഇന്ത്യന്‍സില്‍ പ്രവര്‍ത്തിച്ച പരിചയം മഹേളയ്‌ക്കു തുണയാകും.
അതേസമയം മഹേളയ്‌ക്കു പുറമേ മുന്‍ ഇന്ത്യന്‍ കോച്ച്‌ ഗ്യാരി കിര്‍സ്‌റ്റന്‍, മുന്‍ ഓസ്‌ട്രേലിയന്‍ താരം ടോം മൂഡി, മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സേവാഗ്‌ എന്നിവരും അപേക്ഷ നല്‍കാന്‍ തയാറെടുക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. 2011 ഇന്ത്യ ലോകകപ്പ്‌ നേടിയപ്പോള്‍ ടീമിന്റെ കോച്ചായിരുന്ന ഗാരി കിര്‍സ്‌റ്റന്‍ നിലവില്‍ ഐ.പി.എല്ലില്‍ ബംഗളുരു റോയല്‍ ചലഞ്ചേഴ്‌സ് പരിശീലകനാണ്‌.

Ads by Google
Friday 19 Jul 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW