Friday, August 09, 2019 Last Updated 24 Min 36 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.11 PM

ചന്ദ്രദശയിലെ കേത്വപഹാര ഫലം 7 മാസം

'' മാരകസ്ഥാനത്തോ മാരകാധിപന്മാരുമായോ യോഗം ചെയ്തു നില്‍ക്കുന്ന കേതുവിന്റെ അപഹാരസമയം അത്യധികം ശ്രദ്ധിക്കേണ്ടതാണ്. മരണസമമായ അനുഭവങ്ങള്‍ ഈ സമയത്തുണ്ടാകാം. ''
uploads/news/2019/07/322804/Joythi180719a.jpg

ചന്ദ്രദശാകാലം ആരംഭിച്ച് 7 വര്‍ഷം 3 മാസം 00 ദിവസവും കഴിഞ്ഞശേഷം വരുന്ന 7 മാസം 00 ദിവസക്കാലം വരെയുള്ള സമയമാണ് കേത്വപഹാരകാലഘട്ടം. പാപഗ്രഹമായ കേതുവിന്റെ അപഹാരകാലം പൊതുവില്‍ ദോഷപ്രദമാണെങ്കിലും ലഗ്നാല്‍ ഉപചയസ്ഥാനത്തിലോ, ശുഭവര്‍ഗ്ഗത്തിലോ, യോഗകാരകനുമായി ചേര്‍ന്നിട്ടോ നില്‍ക്കുകയാണെങ്കില്‍ ഗുണഫലങ്ങള്‍ കേതു നല്‍കുന്നതാണ്.

ചിത്തചഞ്ചല മനര്‍ത്ഥ വിച്യുതിര്‍
മ്മിത്ര ഭൃത്യഹതി രംബുജം ഭയം
കക്ഷിരുഗ് ധനവിനാശനം ഭവേല്‍
കേതുകേ ഹരതി ചാന്ദ്രമബ്ദകം.

സാരം: - ചന്ദ്രദശയിലെ കേതുവിന്റെ അപഹാര സമയത്ത് മനസ്സിന് ഇളക്കവും, അനര്‍ത്ഥങ്ങള്‍ നിമിത്തം ദുഃഖവും മിത്രങ്ങള്‍ക്കും ഭൃത്യര്‍ക്കും രോഗമരണാദ്യുപദ്രവങ്ങളും ജലഭയവും ഉദരവ്യാധിയും ധനനാശവും സംഭവിക്കും. ദശാനാഥനായ ചന്ദ്രനില്‍നിന്നും 6-8-12 എന്നീ അനിഷ്ട സ്ഥാനങ്ങളിലാണ് കേതുവിന്റെ സ്ഥിതിയെങ്കില്‍ ഈ സമയം കൂടുതല്‍ ദോഷപ്രദമായിരിക്കും. സ്ഥാനമാനങ്ങള്‍ക്ക് ഇളക്കം, ധനനാശം, സ്വജനവേര്‍പാട്, ശത്രുക്കളാലും, കള്ളന്മാരാലും ഉപദ്രവങ്ങള്‍, വഞ്ചന, ഭയം എന്നിവ അനുഭവമാകും.

കൂടാതെ പലതരം വ്യാധികളാലും ഈ സമയം ബുദ്ധിമുട്ടുകളനുഭവമാകും. പ്രത്യേകിച്ചും അരയ്ക്ക് കീഴ്‌പോട്ടുള്ള ഭാഗങ്ങളില്‍ അസുഖങ്ങളുണ്ടാകാം. കൂടാതെ സ്വദേശത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ട അവസ്ഥയും ഉണ്ടാകാം.

മാരകസ്ഥാനത്തോ മാരകാധിപന്മാരുമായോ യോഗം ചെയ്തു നില്‍ക്കുന്ന കേതുവിന്റെ അപഹാരസമയം അത്യധികം ശ്രദ്ധിക്കേണ്ടതാണ്. മരണസമമായ അനുഭവങ്ങള്‍ ഈ സമയത്തുണ്ടാകാം. അപകടങ്ങള്‍, രോഗങ്ങള്‍, വഴക്കുകള്‍ തുടങ്ങിയവയാലും ക്ലേശങ്ങള്‍ അനുഭവമാകും.

അനുകൂലസ്ഥിതനായ കേത്വപഹാരഫലം


ലഗ്നാദുപചയേ കേതൗ
യോഗകാരക സംയുതേ
ശുഭാംശേ ശൂഭവര്‍ഗ്ഗേ ച
ശൂഭകര്‍മ്മ ഫലോദ് ഭവഃ
പുത്രദാരാദി സൗഖ്യം ച
സന്തോഷഃ പ്രിയവര്‍ധനം
വിചിത്ര വസ്ത്രലാഭഃ സ്യാല്‍
യശോ വൃദ്ധിഃ സുഖാവഹാ.

സാരം: - ജാതകപ്രകാരം കേതു ലഗ്നാല്‍ ഉപചയ സ്ഥാനങ്ങളായ 3, 6, 10, 11 എന്നീ സ്ഥാനങ്ങളില്‍ യോഗകാരകന്മാരുമായി ചേര്‍ന്നുനിന്നാലും, ശുഭഗ്രഹങ്ങളുടെ നവാംശകത്തില്‍ നിന്നാലും ശുഭവര്‍ഗ്ഗത്തില്‍ സ്ഥിതി ചെയ്താലും, ശുഭമായ ഫലങ്ങള്‍ അനുഭവമാകും. ഇങ്ങനെയുള്ള കേതു ഗുണകരമായ പല അനുഭവങ്ങളേയും പ്രദാനം ചെയ്യുന്നതാണ്. ഭാര്യാ സന്താനാദികളാല്‍ സൗഖ്യം ഇഷ്ടകാര്യസിദ്ധി, മനഃസന്തോഷം വിശേഷ വസ്ത്രാഭരണ ലാഭം, സല്‍കീര്‍ത്തി, സുഖം തുടങ്ങിയ നല്ല കാര്യങ്ങള്‍ ഈ സമയത്തനുഭവമാകും.

പരിഹാരകര്‍മ്മങ്ങള്‍


ഈ കാലഘട്ടത്തില്‍ ചന്ദ്രനേയും കേതുവിനേയും പ്രീതിപ്പെടുത്തുന്ന പരിഹാരകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക വഴി ദോഷഫലങ്ങളെ കുറവാക്കാവുന്നതാണ്. ചന്ദ്രപ്രീതിക്കായി ചെയ്യേണ്ട കര്‍മ്മങ്ങള്‍ മുന്‍ലക്കത്തില്‍ എഴുതിയിരുന്നു. ഈ ലക്കം കേതു പ്രീതിക്കായി അനുഷ്ഠിക്കേണ്ട കര്‍മ്മങ്ങളെ കുറിച്ച് മനസ്സിലാക്കാം.

വ്രതം


കേതുവിന് പ്രത്യേകിച്ച് ആഴ്ച ദിവസങ്ങള്‍ കല്പിച്ചിട്ടില്ലാത്തതിനാല്‍ ജാതകന്റെ ജന്മ നക്ഷത്രദിവസങ്ങളില്‍ വ്രതം അനുഷ്ഠിക്കുന്നതും കേതു സ്‌ത്രോത്രങ്ങള്‍ ആലപിക്കുന്നതും ഗുണകരമാണ്. കേതുവിന് ആധിപത്യമുള്ള നക്ഷത്രങ്ങളായ അശ്വതി, മകം, മൂലം എന്നീ നക്ഷത്രങ്ങളിലെ വ്രതാനുഷ്ഠാനങ്ങളും ഗുണകരമാണ്.

വസ്ത്രം


കേതുപ്രീതിക്കായി കറുത്ത നിറത്തിലുള്ളതും ചുവന്ന നിറത്തിലുമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഗുണകരമാണ്. മാസംതോറും ജന്മനക്ഷത്രങ്ങളില്‍ ഈ വസ്ത്രങ്ങള്‍ ധരിക്കുന്നത് കൂടുതല്‍ ഗുണകരമാണ്.

പുഷ്പം


കേതുപ്രീതിക്കായി ചൂടേണ്ട പുഷ്പങ്ങള്‍: നീലശംഖുപുഷ്പം, നീലത്താമര, തെച്ചി, ചെമ്പരത്തി തുടങ്ങിയ പുഷ്പങ്ങളാണ്.

രത്‌നം


കേതു പ്രീതിക്കായി ധരിക്കേണ്ട രത്‌നം വൈഡൂര്യം ഗ്ഗ(ഇമ'േ െഋ്യല) ആണ്. പൂച്ചയുടെ കണ്ണുകള്‍ പോലെ തിളങ്ങുന്ന രത്‌നമായതിനാലാണ് ഇംഗ്ലീഷില്‍ ഇതിന് ഈ പേര് വന്നത്. വൈഡൂര്യരത്‌ന ധാരണത്തിലൂടെ ശത്രുശല്യങ്ങള്‍ക്ക് ശമനവും മനഃസുഖവും സമ്പത്തും ശരീരസുഖവും സിദ്ധിക്കുന്നതാണ്. എന്നാല്‍ ജാതകപ്രകാരം ഈ രത്‌നം അനുകൂലമല്ലായെങ്കില്‍ ജാതകന് അത് വിപരീതഫലം നല്‍കുന്നതാണ്. ആയതിനാല്‍ ജാതകചിന്തനം ചെയ്തതിന് ശേഷം മാത്രമേ രത്‌നധാരണം പാടുള്ളൂ.

യന്ത്രം


കേതുപ്രീതിക്കായി ധരിക്കാവുന്ന പ്രധാന യന്ത്രം കേതുയന്ത്രമാണ്. വിധിപ്രകാരം തയ്യാര്‍ ചെയ്ത കേതുയന്ത്രം ധരിക്കുന്നതിലൂടെ പ്രതിബന്ധങ്ങള്‍ക്ക് കുറവ് വരുന്നതാണ്. മഹാഗണപതിയന്ത്രം, ക്ഷിപ്രഗണപതിയന്ത്രം, അശ്വാരൂഢയന്ത്രം തുടങ്ങിയ യന്ത്രങ്ങളും ധരിക്കാവുന്നതാണ്. ഏത് യന്ത്രമാണ് ധരിക്കേണ്ടത് എന്നറിയുവാന്‍ ജാതകചിന്തനം ചെയ്യേണ്ടതാണ്.

ദോഷ പരിഹാരാര്‍ത്ഥം


ജപിക്കേണ്ട മന്ത്രങ്ങള്‍
പലാശപുഷ്പസങ്കാശം
താരകാകാരമസ്തകം
രൗദ്രം രൗദ്ര ഗുണോപേതം
തം കേതും പ്രണമാമ്യഹം

പ്രാര്‍ത്ഥനാമന്ത്രം


അനേക രൂപമര്‍ണ്ണൈശ്ച
ശതശോ ഥ സഹസ്രശഃ
ഉത്പാതരൂപോ ജഗതാം
പീഡാം ഹരതു മേ ശിഖീ.

കേതുഗായത്രി


ഓം ചിത്രഗുപ്തായ വിദ്മഹേ
ചന്ദ്രഉച്ചായ ധീമഹി
തന്നോഃ കേതുഃ പ്രചോദയാല്‍

ഈ മന്ത്രങ്ങള്‍ നിത്യവും കാലത്ത് കുളി കഴിഞ്ഞശേഷം ഭക്തിപൂര്‍വ്വം ജപിക്കാവുന്നതാണ്.

( തുടരും.. ചന്ദ്രദശയിലെ ശുക്രാപഹാരഫലം)

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്,
പാലക്കാട് മൊ: 9447320192

Ads by Google
Thursday 18 Jul 2019 01.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW