Friday, August 23, 2019 Last Updated 50 Min 20 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.34 AM

2022 ലോകകപ്പ്‌: ഏഷ്യന്‍ യോഗ്യത രണ്ടാം റൗണ്ട്‌ ഗ്രൂപ്പുകളായി , ഇന്ത്യക്കു കടുപ്പം; എന്നാല്‍ പ്രതീക്ഷയും

uploads/news/2019/07/322655/s3.jpg

ക്വാലാലംപൂര്‍: 2022-ല്‍ ഖത്തറില്‍ നടക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന്റെ ഏഷ്യ യോഗ്യതാ പോരാട്ടത്തിന്റെ രണ്ടാം റൗണ്ട്‌ ഗ്രൂപ്പുകളായി. ഇന്നലെ മലേഷ്യയില്‍ നടന്ന നറുക്കെടുപ്പിനു ശേഷമാണ്‌ ഗ്രൂപ്പകള്‍ പ്രഖ്യാപിച്ചത്‌.
ലോകകപ്പ്‌ യോഗ്യത സ്വപ്‌നം കാണുന്ന ഇന്ത്യക്ക്‌ പ്രതീക്ഷ പുലര്‍ത്താനാകുന്ന ഗ്രൂപ്പിലാണ്‌ ഇടം ലഭിച്ചത്‌. ഗ്രൂപ്പ്‌ ഇയില്‍ ഖത്തര്‍, ഒമാന്‍, അഫ്‌ഗാനിസ്‌ഥാന്‍, ബംഗ്ലാദേശ്‌ എന്നിവരാണ്‌ ഇന്ത്യക്കൊപ്പമുള്ളത്‌.
ഖത്തറും ഒമാനും ശക്‌തരായ ടീമാണെങ്കിലും ഈ ഗ്രൂപ്പില്‍ അത്ഭുതം കാണിക്കാന്‍ ആകുമെന്നാണ്‌ ഇന്ത്യയുടെ പ്രതീക്ഷ.
ജൂണിലെ ഫിഫ റാങ്കിംഗ്‌ പ്രകാരം ഏഷ്യയിലെ ആദ്യ 34 സ്‌ഥാനങ്ങളിലുള്ള ടീമുകളും ഒന്നാം ഘട്ട യോഗ്യതാ റൗണ്ട്‌ കടന്നെത്തിയ ആറു ടീമുകളുമടക്കമാണ്‌ രണ്ടാം റൗണ്ടില്‍ ഏറ്റുമുട്ടുക.
ഈ റൗണ്ടില്‍ ഗ്രൂപ്പ്‌ ജേതാക്കളാകുന്ന എട്ട്‌ ടീമുകളും മികച്ച നാലു രണ്ടാം സ്‌ഥാനക്കാരും അടുത്ത റൗണ്ടിലേക്ക്‌ മുന്നേറും.
ഇന്ത്യയെ സംബന്ധിച്ചു കടുത്ത പോരാട്ടമായിരിക്കും കാഴ്‌ചവയ്‌ക്കേണ്ടത്‌. ഫിഫാ റാങ്കിങ്ങില്‍ 55-ാം സ്‌ഥാനത്തുള്ള ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ ഗ്രൂപ്പ്‌ ചാമ്പ്യന്മാരാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. പിന്നീടുള്ള ശക്‌തരായ എതിരാളി ഒമാനാണ്‌.
റാങ്കിങ്ങില്‍ 101-ാം സ്‌ഥാനത്തുള്ള ഇന്ത്യയെക്കാള്‍ 15 സ്‌ഥാനം മാത്രം മുന്നിലുള്ള ഒമാനെ വീഴ്‌ത്താനായാല്‍ ഇന്ത്യക്ക്‌ രണ്ടാം സ്‌ഥാനക്കാരായി അടുത്ത റൗണ്ടിലേക്കു മുന്നേറാം.
ഇവര്‍ക്കെതിരായ മത്സരങ്ങളില്‍ കനത്ത തോല്‍വി വഴങ്ങാതിരിക്കുകയും മറ്റു മത്സരങ്ങളില്‍ അഫ്‌ഗാന്‍, ബംഗ്ലാദേശ്‌ എന്നീ ടീമുകളെ വന്‍ മാര്‍ജിനില്‍ തോല്‍പിക്കുകയും ചെയ്യാനായാലും ഇന്ത്യക്കു പ്രതീക്ഷയ്‌ക്കു വകയുണ്ട്‌.
അഞ്ചു ടീമുകള്‍ വീതമുള്ള എട്ടു ഗ്രൂപ്പുകളിലായി നാല്‍പ്പതു ടീമുകളാണ്‌ രണ്ടാം ഘട്ട യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കുന്നത്‌. ലോകകപ്പ്‌ യോഗ്യതയ്‌ക്കൊപ്പം അടുത്ത ഏഷ്യന്‍ കപ്പിനായുള്ള യോഗ്യതയും ഈ ഗ്രൂപ്പിലെ മത്സരങ്ങള്‍ പരിഗണിച്ചാണ്‌ കണക്കാക്കുക.
2022 ലോകകപ്പിന്റെ ആതിഥേയരായ ഖത്തര്‍ ഈ യോഗ്യതാ റൗണ്ടില്‍ പങ്കെടുക്കുന്നതും ഇതുകൊണ്ടാണ്‌. സെപ്‌റ്റംബര്‍ ആദ്യ വാരത്തില്‍ ആകും ലോകകപ്പ്‌ യോഗ്യത മത്സരങ്ങള്‍ ആരംഭിക്കുക.

യുവനിരയ്‌ക്കു വലിയ വെല്ലുവിളിയാകും:സ്‌റ്റിമാക്‌

ഭുവനേശ്വര്‍: 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഏഷ്യന്‍ യോഗ്യതാ പോരാട്ടം രണ്ടാം റൗണ്ട്‌ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ വെല്ലുവിളി തുറന്നുപറഞ്ഞു ഇന്ത്യന്‍ കോച്ച്‌ ഇഗോര്‍ സ്‌റ്റിമാക്‌.
ഇന്ത്യയുടെ യുവനിരക്ക്‌ വലിയ വെല്ലുവിളിയാകും യോഗ്യതാ മത്സരമെന്നും കടുപ്പമേറിയ ഗ്രൂപ്പിലാണ്‌ ടീം ഉള്‍പ്പെട്ടിട്ടുള്ളതെന്നും കോച്ച്‌ പറഞ്ഞു. 'എതിര്‍ ടീമിനെ ബഹുമാനിക്കാനാണ്‌ ഞാന്‍ കളിക്കാരെ പരിശീലിപ്പിക്കുന്നത്‌. പക്ഷേ, ഗ്രൗണ്ടിലേക്കു കാലെടുത്തുവെച്ചു കഴിഞ്ഞാല്‍ ജയിക്കാന്‍ വേണ്ടി ടീം എന്തും ചെയ്യും. ആ വിധത്തിലാണ്‌ ഞാന്‍ ടീമിനെ ഒരുക്കാന്‍ പോകുന്നത്‌. നമ്മുടെ യാത്ര തുടങ്ങിയിട്ടേയുള്ളൂ. ഇതൊരു ദീര്‍ഘയാത്ര ആയിരിക്കുമെന്നാണ്‌ എന്റെ പ്രതീക്ഷ.' അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 18 Jul 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW