Wednesday, August 21, 2019 Last Updated 39 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 18 Jul 2019 01.26 AM

വധശിക്ഷ മരവിപ്പിച്ച്‌ രാജ്യാന്തരകോടതി , ജാദവിന്‌ ആശ്വാസം ; ഇന്ത്യക്ക്‌ ആഹ്‌ളാദം

uploads/news/2019/07/322609/d1.jpg

ചാരനെന്നു മുദ്രകുത്തി ഇന്ത്യന്‍ പൗരന്‍ കുല്‍ഭൂഷണ്‍ ജാദവിനു പാകിസ്‌താന്‍ സൈനികകോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിദിനത്തില്‍ രാജ്യാന്തര നീതിന്യായകോടതി (ഐ.സി.ജെ) മരവിപ്പിച്ചു. ജാദവിനു നിയമസഹായമെത്തിക്കാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യവും അംഗീകരിക്കപ്പെട്ടതോടെ, വര്‍ഷങ്ങള്‍ നീണ്ട നയതന്ത്രപോരാട്ടമാണു ഫലം കണ്ടത്‌. ജാദവിന്റെ കാര്യത്തില്‍ നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കണമെന്നു കോടതി പാകിസ്‌താനോടു നിര്‍ദേശിച്ചു. ഇന്ത്യന്‍ നയതന്ത്രപ്രതിനിധിക്കു ജാദവിനെ കാണാന്‍ ഉടന്‍ സൗകര്യമൊരുക്കണം.
ഇന്നലെ വൈകിട്ട്‌ 6.30-നായിരുന്നു രാജ്യാന്തരകോടതിയുടെ വിധിപ്രഖ്യാപനം. ഹേഗിലെ പീസ്‌ പാലസില്‍ ജഡ്‌ജി അബ്‌ദുള്‍ഖാവി അഹമ്മദ്‌ യൂസഫാണു 42 പേജുള്ള വിധി വായിച്ചത്‌. 16 ജഡ്‌ജിമാരടങ്ങുന്ന ബെഞ്ചില്‍ 15 പേരും ഇന്ത്യക്ക്‌ അനുകൂലമായ നിലപാടെടുത്തു. പാക്‌ പ്രതിനിധിയായ ജഡ്‌ജി വിയോജിച്ചു. പാകിസ്‌താനില്‍ നടന്ന വിചാരണയില്‍ വിയന്ന കരാര്‍ ലംഘിക്കപ്പെട്ടെന്ന ഇന്ത്യന്‍ വാദം കോടതി അംഗീകരിച്ചു. ജാദവിന്റെ അറസ്‌റ്റ്‌ ഇന്ത്യയെ അറിയിക്കാത്തതും അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ പ്രതിനിധിയെ അനുവദിക്കാത്തതും നിയമസഹായം തടഞ്ഞതും കരാര്‍ലംഘനമാണ്‌.
വിയന്നാ കരാറിലെ ആര്‍ട്ടിക്കിള്‍ 36 പ്രകാരം വിദേശപൗരനെ അറസ്‌റ്റ്‌ ചെയ്‌താല്‍ മാതൃരാജ്യത്തെ അറിയിക്കണം. ആ രാജ്യത്തിന്റെ നയതന്ത്രപ്രതിനിധിക്കു പ്രതിയെ സന്ദര്‍ശിക്കാനും സഹായിക്കാനും അവസരമുറപ്പാക്കണം. ജാദവിന്റെ അവകാശങ്ങളെക്കുറിച്ച്‌ പാക്‌ കോടതി അദ്ദേഹത്തെ അറിയിച്ചില്ല. അറസ്‌റ്റ്‌ ഇന്ത്യയെ അറിയിക്കാന്‍ വൈകി. ഇതിലൂടെ ജാദവിന്റെയും ഇന്ത്യയുടെയും അവകാശങ്ങള്‍ പാകിസ്‌താന്‍ ലംഘിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, സൈനികകോടതിയുടെ വിധി റദ്ദാക്കി, ജാദവിനെ ഇന്ത്യക്കു കൈമാറണമെന്ന ആവശ്യം കോടതി തള്ളി. ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നതു 2017 മേയ്‌ 18-നു താല്‍ക്കാലികമായി തടഞ്ഞശേഷമാണു രാജ്യാന്തരകോടതി കേസില്‍ വാദം കേട്ടത്‌.
എന്നാല്‍, തുടര്‍നടപടി സംബന്ധിച്ച്‌ തങ്ങള്‍ക്കു സ്വതന്ത്രതീരുമാനമെടുക്കാന്‍ അവകാശം നല്‍കുന്നതാണു വിധിയെന്ന്‌ പാകിസ്‌താന്‍ അവകാശപ്പെട്ടു. വധശിക്ഷയ്‌ക്കെതിരേ പാക്‌ പ്രസിഡന്റിനു നല്‍കിയ ദയാഹര്‍ജിയില്‍ ജാദവ്‌ കുറ്റസമ്മതം നടത്തിയിട്ടുണ്ട്‌. ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പാകിസ്‌താന്‍ ചൂണ്ടിക്കാട്ടി. ജാദവിന്റെ വധശിക്ഷയില്‍ രാജ്യാന്തരകോടതി തീരുമാനമെടുത്തിട്ടില്ലെന്ന്‌ വിധി ചൂണ്ടിക്കാട്ടി, പാക്‌ ദിനപത്രം "ദ്‌ ഡോണ്‍" റിപ്പോര്‍ട്ട്‌ ചെയ്‌തു. ശിക്ഷ നടപ്പാക്കുന്നതു പാകിസ്‌താന്റെ ആഭ്യന്തരകാര്യമാണ്‌. രാജ്യാന്തരതര്‍ക്കങ്ങളാണ്‌ ഐ.സി.ജെ. പരിഗണിക്കുന്നത്‌. ക്രിമിനല്‍ കുറ്റങ്ങള്‍ ആ പരിധിയില്‍ വരില്ല. വിധിക്കെതിരേ പാകിസ്‌താന്‌ അപ്പീല്‍ നല്‍കാനാകുമെന്നും അന്തിമവിധി രാജ്യാന്തരകോടതിക്ക്‌ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ഡോണ്‍ അവകാശപ്പെട്ടു. ബലൂചിസ്‌ഥാനില്‍ ചാരവൃത്തിക്കിടെ 2016 മാര്‍ച്ച്‌ മൂന്നിനു ജാദവിനെ അറസ്‌റ്റ്‌ ചെയ്‌തെന്നാണു പാക്‌ നിലപാട്‌. 2017 ഏപ്രിലില്‍ സൈനികകോടതി വധശിക്ഷ വിധിച്ചു.
ഇന്ത്യന്‍ നാവികസേനാ മുന്‍ ഉദ്യോഗസ്‌ഥനാണു കുല്‍ഭൂഷണ്‍ ജാദവ്‌ (48). ഇറാനിലെ ഛബഹാര്‍ തീരത്തു വ്യാപാരാവശ്യത്തിനായി എത്തിയ അദ്ദേഹത്തെ പാകിസ്‌താന്‍ തട്ടിക്കൊണ്ടുപോയെന്നാണ്‌ ഇന്ത്യന്‍ നിലപാട്‌. നാവികസേനയില്‍നിന്നു വിരമിച്ചശേഷം ജാദവിന്‌ ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജന്‍സികളുമായോ സുരക്ഷാ ഏജന്‍സികളുമായോ യാതൊരു ബന്ധവുമില്ല. ഇറാനുമായി നല്ലബന്ധം പുലര്‍ത്തുന്ന ഇന്ത്യയെ നാണം കെടുത്തുകയായിരുന്നു പാക്‌ ലക്ഷ്യമെന്ന്‌ ഇന്ത്യ ആരോപിച്ചിരുന്നു.
പാക്‌ സൈനികകോടതിയിലെ സുതാര്യമല്ലാത്ത വിചാരണയുടെ സാധുതയും ഇന്ത്യ രാജ്യാന്തരകോടതിയില്‍ ചോദ്യംചെയ്‌തു. വ്യക്‌തിഗതമായ ഒരു കേസ്‌ ആദ്യമായാണു രാജ്യാന്തരകോടതി പരിഗണിച്ചത്‌. ഇന്ത്യക്കുവേണ്ടി മുന്‍ സോളിസിറ്റര്‍ ജനറല്‍ ഹരീഷ്‌ സാല്‍വെ കോടതിയില്‍ ഹാജരായി. അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാനാണു പാകിസ്‌താനെ പ്രതിനിധീകരിച്ചത്‌. കഴിഞ്ഞ ഫെബ്രുവരിയിലാരംഭിച്ച വാദംകേള്‍ക്കല്‍ നാലുദിവസം നീണ്ടുനിന്നു. രാജ്യാന്തര നീതിദിനമായ ജൂലൈ 17-നുതന്നെ വിധി പുറത്തുവന്നു. സത്യം ജയിച്ചെന്നും ജാദവിനു നീതി കിട്ടുമെന്ന്‌ ഉറപ്പുണ്ടായിരുന്നെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു.

Ads by Google
Thursday 18 Jul 2019 01.26 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW