Tuesday, August 20, 2019 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Jul 2019 01.29 AM

വിദേശ ഫണ്ട്‌ വിനിയോഗം ശ്രദ്ധാപൂര്‍വമാകണം

uploads/news/2019/07/322396/editorial.jpg

കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ പുനര്‍നിര്‍മിക്കാനുള്ള ശ്രമത്തിന്‌ ഊര്‍ജം പകര്‍ന്നുകൊണ്ട്‌ ലോകബാങ്കിന്റെ സജീവമായ സഹകരണം ഉറപ്പായിരിക്കുകയാണ്‌. 3,426 കോടി രൂപ (50 കോടി ഡോളര്‍)യുടെ വായ്‌പ നല്‍കുമെന്നു പ്രഖ്യാപിച്ചിരിക്കുക മാത്രമല്ല, കേരളത്തിനു വികസന പങ്കാളി എന്ന സ്‌ഥാനം കൂടി നല്‍കിയിരിക്കുകയാണ്‌ ലോകബാങ്ക്‌. പദ്ധതി പങ്കാളി എന്നതിലുപരിയായ ഈ സ്‌ഥാനം കേരളത്തിന്‌ ഏറെ ഗുണകരമാകുമെന്നു കരുതാം. 36,506 കോടി രൂപ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി വേണ്ടിവരുമെന്നാണു കണക്കുകൂട്ടല്‍. കേന്ദ്ര സര്‍ക്കാര്‍ പലതവണയായി കേരളത്തിന്‌ അനുവദിച്ചിട്ടുള്ളത്‌ ഏതാണ്ട്‌ 6,000 കോടി രൂപയാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിച്ച പണവും പുനര്‍നിര്‍മാണത്തിന്‌ അപര്യാപ്‌തമാണ്‌. യു.എ.ഇയില്‍നിന്ന്‌ 750 കോടി രൂപ കിട്ടുമെന്നു വാഗ്‌ദാനമുണ്ടായിരുന്നെങ്കിലും വിദേശരാജ്യങ്ങളില്‍നിന്നു സഹായം സ്വീകരിക്കുന്നതു കേന്ദ്രം തടഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ ലോകബാങ്ക്‌ പോലെയുള്ള സംഘടനകളില്‍നിന്നുള്ള സഹായം വളരെ പ്രാധാന്യമുള്ളതാണ്‌.

ഏഷ്യന്‍ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ (എ.ഡി.ബി.), ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി, ജര്‍മന്‍ കെ.എഫ്‌.ഡബ്ല്യു. ഡെവലപ്‌മെന്റ്‌ ബാങ്ക്‌, ചൈന ആസ്‌ഥാനമായ ന്യൂ ഡെവലപ്‌മെന്റ്‌ ബാങ്ക്‌ എന്നിവയും കേരളത്തിന്‌ സഹായം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. വാഷിങ്‌ടണ്‍ ആസ്‌ഥാനമായ ബില്‍ ആന്‍ഡ്‌ മെലിന്‍ഡ ഗേറ്റ്‌സ്‌ ഫൗണ്ടേഷന്‍ വിവിധ പ്ര?ജക്‌ടുകള്‍ ഏറ്റെടുത്തു നടത്താമെന്നു സമ്മതിച്ചിട്ടുണ്ട്‌. ഹഡ്‌കോയും നബാര്‍ഡും ടാറ്റാ ട്രസ്‌റ്റുമാണു സഹകരണം അറിയിച്ചിരിക്കുന്ന മറ്റു സ്‌ഥാപനങ്ങള്‍. കുടിവെള്ള വിതരണം, റോഡ്‌ നിര്‍മാണം എന്നിവയ്‌ക്കാണു നബാര്‍ഡിന്റെ സഹകരണം. ലോകബാങ്ക്‌ വാഗ്‌ദാനം ചെയ്‌ത 50 കോടി ഡോളറില്‍ 25 കോടി ഡോളറാണ്‌ ആദ്യഗഡുവായി നല്‍കുക. ഇത്‌ എങ്ങനെ ഉപയോഗിക്കുന്നു എന്നു നോക്കിയായിരിക്കും ബാക്കി നല്‍കുക എന്നു ബാങ്ക്‌ പ്രതിനിധി അറിയിച്ചിട്ടുണ്ട്‌. അതായത്‌ കിട്ടുന്ന ഓരോ രൂപയും അതീവ ശ്രദ്ധയോടെ വിനിയോഗിച്ചാല്‍ മാത്രമേ സഹായ വാഗ്‌ദാനങ്ങള്‍ പ്രാവര്‍ത്തികമാകൂ.

വികസന പ്രവര്‍ത്തനങ്ങള്‍ക്കു വിദേശത്തുനിന്നു സഹായം സ്വീകരിക്കുന്നതിനെ സംശയത്തോടെ വീക്ഷിച്ച അനേകം സംഭവങ്ങള്‍ മുമ്പ്‌ കേരളത്തിലുണ്ടായിട്ടുണ്ട്‌. എ.കെ. ആന്റണി മന്ത്രിസഭയുടെ കാലത്ത്‌ കേരളത്തില്‍ ചര്‍ച്ചയ്‌ക്കെത്തിയ എ.ഡി.ബി. സംഘത്തിനു നേരേ ഡി.വൈ.എഫ്‌.ഐയുടെ നേതൃത്വത്തില്‍ കരിഓയില്‍ ഒഴിച്ച സംഭവം മറക്കാറായിട്ടില്ല. ഒന്നര പതിറ്റാണ്ടു മുന്‍പ്‌ കൊല്ലം കോര്‍പറേഷനില്‍ വികസന പദ്ധതികള്‍ ചര്‍ച്ച ചെയ്യാനെത്തിയ എ.ഡി.ബി. സംഘത്തെ ഓടിച്ചുവിട്ടത്‌ അവിടുത്തെ ഇടതുപക്ഷ ജീവനക്കാരാണ്‌. വിദേശഫണ്ട്‌ എന്നു കാണുമ്പോള്‍ തന്നെ നടത്തിയിരുന്ന ഹാലിളക്കം അവസാനിച്ചത്‌ ശുഭകരം തന്നെ. വിദേശ സ്‌ഥാപനങ്ങളില്‍നിന്നു കടമെടുക്കുന്നതിനെ കണ്ണടച്ച്‌ എതിര്‍ക്കുകയല്ല, മറിച്ച്‌ ഇത്തരം ഫണ്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കപ്പെട്ടു എന്ന്‌ ഉറപ്പുവരുത്തുകയാണ്‌ ഉത്തരവാദിത്വപ്പെട്ട സംഘടനകള്‍ ചെയ്യേണ്ടത്‌. കോടിക്കണക്കിനു രൂപയുടെ ഇടപാട്‌ നടക്കുമ്പോള്‍ നിതാന്തജാഗ്രത സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാകണം.

Ads by Google
Wednesday 17 Jul 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW