Tuesday, August 20, 2019 Last Updated 14 Min 12 Sec ago English Edition
Todays E paper
Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 17 Jul 2019 01.28 AM

വേണം, പുത്തന്‍ ഊര്‍ജ സംസ്‌കാരം

uploads/news/2019/07/322395/bft1.jpg

വൈദ്യുതിനിരക്കു വീണ്ടും കൂടി. ഇതിനെ പത്രങ്ങള്‍ വിശേഷിപ്പിച്ചത്‌ ഇരുട്ടടിയെന്നൊക്കെയാണ്‌, അതെന്തുമാകട്ടെ. വൈദ്യുതിയുടെ ഉയര്‍ന്ന വില ജനജീവിതത്തെ പൊതുവില്‍ ബാധിക്കും എന്നത്‌ യാഥാര്‍ഥ്യമാണ്‌. ദൈനംദിന ജീവിതം ചലിക്കുന്നതുതന്നെ വൈദ്യുതിയുടെ താളക്രമത്തിനനുസരിച്ചാണ്‌. രാവിലെ ഉണര്‍ന്ന്‌ ബാത്‌റൂമില്‍ ചെന്നപ്പോള്‍ ടാപ്പില്‍നിന്ന്‌ നൂലുകനത്തില്‍ വെള്ളം വീണ്‌ നിന്നു. ഉടനെ അവിടെനിന്നൊരു വിളിയാണ്‌, മോട്ടറിടൂ.

അടുക്കളയില്‍നിന്നു മറുപടി വന്നു. കറന്റില്ലെന്നേ. ശ്ശോ.. ഇനി എന്തു ചെയ്യും. ഇന്നത്തെ ദിവസം തുലഞ്ഞു. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ വൈദ്യുതി ഇല്ലെങ്കില്‍ അന്നത്തെ ദിവസം നഷ്‌ടപ്പെട്ടതുതന്നെ. അടുക്കള ചലിക്കില്ല. എങ്കില്‍, വീടുതന്നെ നിശ്‌ചലമാകും. വീടുകള്‍ നിശ്‌ചലമായാല്‍ സമൂഹം നിശ്‌ചലമായി എന്നര്‍ഥം. അപ്പോള്‍ സമൂഹത്തിന്റെ ചലനത്തിന്‌ ഇടതടവില്ലാതുള്ള വൈദ്യുതിപ്രവാഹം ഉണ്ടാവുകതന്നെ വേണം.

വൈദ്യുതിപ്രവാഹത്തെ ആശ്രയിച്ചാണ്‌ സമൂഹത്തിന്റെ ചലനം നിശ്‌ചയിക്കപ്പെടുന്നതെന്നു വ്യക്‌തം.
വൈദ്യുതി ഉപയോഗത്തില്‍ മിതത്വം പാലിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മഴക്കുറവും കാലാവസ്‌ഥാ മാറ്റവും ആഡംബര ജീവിതശൈലിയും വൈദ്യുതി പ്രതിസന്ധിക്കു കാരണങ്ങളാണ്‌. എസി, ഫ്രിഡ്‌ജ്‌, എയര്‍കൂളര്‍ എന്നിവയുടെ വര്‍ധന സംസ്‌ഥാനത്ത്‌ ഏറിവരുന്നതായാണ്‌ കണക്കുകള്‍ വ്യക്‌തമാക്കുന്നത്‌. ലക്ഷക്കണക്കിന്‌ എയര്‍കണ്ടീഷണറുകളാണ്‌ ചില പ്രത്യേക കാലയളവില്‍മാത്രം വില്‍ക്കുന്നത്‌.

ഉയര്‍ന്ന വൈദ്യുതി ഉപയോഗത്തോടൊപ്പം ഇവ പ്രകൃതിയിലുണ്ടാക്കുന്ന ദോഷഫലങ്ങളും തിരിച്ചറിയേണ്ടതാണ്‌. വൈദ്യുത ഉപകരണങ്ങളുടെ ഒന്നാംനിര വിപണിയായാണ്‌ കമ്പനികള്‍ കേരളത്തെ വിലയിരുത്തുന്നത്‌. ഒമ്പതു വര്‍ഷം മുമ്പ്‌ കേരളത്തിലെത്തിയ അന്നത്തെ രാഷ്‌ട്രപതി എ.പി.ജെ. അബ്‌ദുള്‍ കലാം പറഞ്ഞത്‌ ഇതാണ്‌- "അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ, പ്രത്യേകിച്ച്‌ കേരളം കടുത്ത ഊര്‍ജപ്രതിസന്ധിയും കുടിവെള്ള, ജലക്ഷാമവും നേരിടേണ്ടിവരും". രണ്ടു കാര്യങ്ങളിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ അദ്ദേഹം രാജ്യത്തെ ശാസ്‌ത്രജ്‌ഞരോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. ആദിശങ്കര എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥികള്‍ക്കു മുന്നിലാണ്‌ അദ്ദേഹം ഇതു പറഞ്ഞത്‌. കുടിവെള്ളപ്രശ്‌നം പരിഹരിക്കാനും എല്ലാവര്‍ക്കും വൈദ്യുതിയെത്തിക്കാനുമാകണം ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടത്‌. അതു നമുക്ക്‌ സാധിക്കുമെന്നു സ്‌ഥാപിക്കാനായി അദ്ദേഹം ഒരനുഭവവും വിവരിച്ചു:

സ്വന്തമായി ഉപഗ്രഹങ്ങള്‍ വികസിപ്പിച്ച്‌ വിക്ഷേപണം നടത്താനായിരുന്നു ഇന്ത്യയിലെ ശാസ്‌ത്രജ്‌ഞരോട്‌ 1960-ല്‍ വിക്രം സാരാഭായ്‌ ആവശ്യപ്പെട്ടത്‌. അതു വളരെ ശ്രമകരമായ ദൗത്യമായാണ്‌ ഞങ്ങള്‍ക്കെല്ലാം തോന്നിയത്‌. എന്നാല്‍ ഇന്ന്‌ ഇന്ത്യയ്‌ക്ക്‌ ഏതുവിധത്തിലുമുള്ള ഉപഗ്രഹങ്ങളുണ്ടാക്കി വിക്ഷേപണം നടത്താന്‍ സാധിക്കും. സാധിക്കാത്തതായി യാതൊരു കാര്യവുമില്ല. വലിയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാല്‍ അതു നേടാന്‍ കഴിയും. അതേ, കലാം നല്‍കിയത്‌ ആത്മവിശ്വാസമാണ്‌. നമ്മള്‍ ഒത്തൊരുമിച്ച്‌ ശ്രമിച്ചാല്‍ ഇന്നത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കഴിയുന്നതേയുള്ളൂ. ഇക്കാര്യത്തില്‍ ലക്ഷ്യത്തിലെത്തിയ ജപ്പാന്‍ മാതൃക മുന്നിലുണ്ട്‌.

2011-ല്‍ ഫുകുഷിമ ആണവ റിയാക്‌ടര്‍ക്കു കേടുപാടുകള്‍ വന്നപ്പോള്‍ അതിനെതിരേ ശക്‌തമായ പ്രതിഷേധം ഉണ്ടായി. ജപ്പാന്റെ 25 ശതമാനത്തോളം ഊര്‍ജോല്‍പ്പാദനം നിറവേറ്റിയിരുന്ന റിയാക്‌ടറുകളുടെ പ്രവര്‍ത്തനം ഇേതത്തുടര്‍ന്ന്‌ നിര്‍ത്തിവച്ചു. തന്മൂലം ഉണ്ടായ ഊര്‍ജപ്രതിസന്ധി പൊതുജന കൂട്ടായ്‌മയോടെ ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി അതിജീവിക്കാന്‍ ജപ്പാനു കഴിഞ്ഞു. അതില്‍ എടുത്തുപറയേണ്ടത്‌ "സെറ്റ്‌ സുദെന്‍" എന്ന പേരില്‍ നടപ്പാക്കിയ ബോധവല്‍ക്കരണ പരിപാടിയാണ്‌.

എല്‍.ഇ.ഡി. ബള്‍ബുകളുടെ ഉപയോഗം വ്യാപകമാക്കുകയായിരുന്നു പ്രധാനമായി ചെയ്‌തത്‌. വൈദ്യുതി അലങ്കാരങ്ങള്‍ നിര്‍ത്തലാക്കി. അത്യാവശ്യ വൈദ്യുതോപകരണങ്ങള്‍ മാത്രം പ്രവര്‍ത്തിപ്പിച്ചു. പേപ്പര്‍ വിശറി ഉപയോഗിക്കാന്‍ വിപുലമായ പ്രചാരം നല്‍കി. എയര്‍ കണ്ടീഷണറുകള്‍ 26 ഡിഗ്രി സെല്‍ഷ്യസില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി. കമ്പനികള്‍, ഓഫീസുകള്‍ എന്നിവയുടെ പ്രവര്‍ത്തനം, ഊര്‍ജം ലാഭിക്കാന്‍ ഉതകുന്ന രീതിയില്‍ അവധിയും സമയം പുനഃക്രമീകരണവും നടത്തി.

വസ്‌ത്രധാരണ രീതി ലളിതമാക്കി. ആരാധനാലയങ്ങളിലും പൊതുജനങ്ങള്‍ കൂടുന്ന സ്‌ഥലങ്ങളിലും ഊര്‍ജം ലാഭിക്കേണ്ടതിന്റെ ആവശ്യകത കാണിച്ച്‌ പോസ്‌റ്ററുകള്‍ പ്രദര്‍ശിപ്പിച്ചു. ടിവിയുടെയും കമ്പ്യൂട്ടറിന്റെയും സ്‌ക്രീനിന്റെ പ്രകാശ തീവ്രത കുറച്ച്‌ 23 ശതമാനം ഊര്‍ജ ഉപഭോഗം കുറച്ചു. ഉപയോഗിക്കാത്ത സമയത്ത്‌ വൈദ്യുതോപകരണങ്ങള്‍ സ്വിച്ച്‌ ഓഫ്‌ ചെയ്‌തു. പ്രധാന കേന്ദ്രങ്ങളില്‍ ഓരോ ദിവസത്തെയും ഊര്‍ജ ഉപയോഗവും ലാഭിച്ച ഊര്‍ജത്തിന്റെ കണക്കും പ്രദര്‍ശിപ്പിച്ചു. 20 ശതമാനമെങ്കിലും ഊര്‍ജ ഉപയോഗം കുറച്ചവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി.

23 ശതമാനം ഉപയോക്‌താക്കളും 19 ശതമാനം കമ്പനികളും കമ്പ്യൂട്ടര്‍ ഉപയോഗം പരിമിതപ്പെടുത്തി ഗണ്യമായ ഊര്‍ജലാഭം ഉണ്ടാക്കി. പവര്‍കട്ട്‌ അവര്‍ക്കും വേണ്ടിവന്നു. എന്നാല്‍ അത്‌ ഒഴിവാക്കാനായി നിശ്‌ചിത ശതമാനം വൈദ്യുതിഉപയോഗം മേഖലാടിസ്‌ഥാനത്തില്‍ കുറയ്‌ക്കണമെന്ന്‌ നിയമം ഉണ്ടാക്കി. എന്നിട്ട്‌ വൈദ്യുതി താരിഫ്‌ ഉയര്‍ത്തി. അടിക്കടി പവര്‍കട്ട്‌ ഉണ്ടാകുമോ എന്ന പേടിയിലായ ജപ്പാന്‍കാര്‍ വൈദ്യുതി ഉപയോഗം പരമാവധി കുറയ്‌ക്കാന്‍ നിര്‍ബന്ധിതരായി. ഊര്‍ജ സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സകുടുംബം പങ്കാളികളായി.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ പീക്‌ലോഡ്‌ സമയത്ത്‌ ചെറുകിട ഉപയോക്‌താക്കള്‍ 15 ശതമാനമെങ്കിലും വൈദ്യുതി ഉപയോഗം കുറയ്‌ക്കണമെന്നു ആവശ്യവും ജനം സ്വീകരിച്ചു. അങ്ങനെ വൈദ്യുതി ഉപയോഗം വന്‍തോതില്‍ കുറയ്‌ക്കുവാന്‍ കഴിഞ്ഞത്‌ ജപ്പാന്‍ ജനതയുടെ അഭിമാനകരമായ നേട്ടമാണ്‌. സ്വരാജ്യത്തോടുള്ള കൂറാണ്‌ ഇവിടെ വ്യക്‌തമാകുന്നത്‌. കടുത്ത ഊര്‍ജ പ്രതിസന്ധി മൂലം ഒരു പുത്തന്‍ ഊര്‍ജസംരക്ഷണ സംസ്‌കാരവും വ്യത്യസ്‌ത ജീവിതശൈലിയും വളര്‍ത്തിയെടുക്കാന്‍ ജപ്പാനു കഴിഞ്ഞെങ്കില്‍ തീര്‍ച്ചയായും നമുക്കും അതിനു സാധിക്കും, സാധിക്കണം.

ഊര്‍ജക്ഷമത വര്‍ധിപ്പിക്കാനും ഊര്‍ജ സംരക്ഷണം പ്രാവര്‍ത്തികമാക്കാനും ഇച്‌ഛാശക്‌തിയുള്ള തലമുറയെ വാര്‍ത്തെടുക്കണം. ഇതിലൂടെ ഒരു പുത്തന്‍ ഊര്‍ജ സംരക്ഷണ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ നമുക്കു കഴിയും. കേരളത്തിനാവശ്യമായ വൈദ്യുതിയുടെ സിംഹഭാഗവും ഉല്‍പ്പാദിപ്പിച്ചിരുന്ന ജലവൈദ്യുത പദ്ധതികളെ, മാറിയ കാലാവസ്‌ഥാ സാഹചര്യത്തില്‍ ഇനി നമുക്ക്‌ പൂര്‍ണമായി ആശ്രയിക്കാന്‍ കഴിയില്ല.

പ്രതിസന്ധി തരണം ചെയ്യാന്‍ സൗരോര്‍ജ പദ്ധതികള്‍ പദ്ധതികള്‍ നാം സജീവമാക്കണം. സൗരോര്‍ജ പദ്ധതികള്‍ വ്യാപകമാക്കി പ്രകൃതിദത്ത ഊര്‍ജോല്‍പ്പാദനത്തിനു ശ്രമിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. സംസ്‌ഥാന വ്യാപകമായി അറുപത്തിരണ്ടോളം ചെറുകിട-ഇടത്തരം ജലവൈദ്യുത പദ്ധതികള്‍ നടപ്പാക്കാനുള്ള ശ്രമം നിഷ്‌ക്രിയമായി. ഇതിലൂടെ 200 മെഗാവാട്ട്‌ സൃഷ്‌ടിക്കാനായിരുന്നു ലക്ഷ്യം. എന്നാല്‍ അതു ഫലം കാണാത്ത അസ്‌ഥയിലാണ്‌.

ഹൈഡ്രജന്‍ ഇന്ധനമായി ഉപയോഗിക്കുന്ന പുതിയ രീതി നമ്മള്‍ ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. കേരളത്തെ സംബന്ധിച്ചിടത്തോളം സൗരോര്‍ജം പ്രയോജനപ്പെടുത്തുന്നതോടൊപ്പം ജലത്തില്‍നിന്നു ഹൈഡ്രജന്‍ വേര്‍തിരിച്ചെടുത്ത്‌ ഇന്ധനമായി ഉപയോഗിക്കുന്ന പദ്ധതിക്കും രൂപം നല്‍കേണ്ടതുണ്ട്‌. ഹൈഡ്രജന്‍ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്നില്ലെന്നത്‌ പ്രധാനപ്പെട്ട പ്രത്യേകതയുമാണ്‌. ഇത്തരത്തില്‍ പുതിയ ഇന്ധന മാര്‍ഗങ്ങള്‍ കണ്ടുപിടിക്കാന്‍ ലോകെത്തല്ലായിടത്തും പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്‌. കാലത്തിന്റെ ആവശ്യകതയനുസരിച്ച്‌ മാറ്റങ്ങള്‍ വരുത്താന്‍ നാം തയാറാകണം.

Ads by Google

തപോവനചിന്തകള്‍

Swami Guru Rethnam Jnana Thapaswi
Swami Guru Rethnam Jnana Thapaswi
Wednesday 17 Jul 2019 01.28 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW