Wednesday, August 21, 2019 Last Updated 35 Min 31 Sec ago English Edition
Todays E paper
Ads by Google
ജി. ശക്‌തിധരന്‍
Wednesday 17 Jul 2019 01.27 AM

എസ്‌.എഫ്‌.ഐക്കാര്‍ ചെറിയാനെ താഴേക്കെറിഞ്ഞെന്നത്‌ പബ്ലിസിറ്റി സ്‌റ്റണ്ട്‌! ബി.ജെ.പി. നേതാവ് എം.എസ്‌. കുമാറിന്റെ നെഞ്ചില്‍ കഠാര കയറ്റിയത് ജോര്‍ജ്‌ ഡി. മെഴ്‌സിയര്‍ എന്നു വെളിപ്പെടുത്തല്‍

കോണ്‍ഗ്രസ്‌ നേതാവ്‌ ജോര്‍ജ്‌ മെഴ്‌സിയര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്‌ യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശനം ലഭിച്ച ദിവസം തന്നെ അദ്ദേഹത്തിന്‌ തല്ലുകിട്ടി എന്നായിരുന്നു. അന്നത്തെ പി.എസ്‌.യു. നേതാവ്‌ (ഇപ്പോഴത്തെ ബി.ജെ.പി. നേതാവ്‌) എം.എസ്‌. കുമാറിന്റെ വലത്‌ നെഞ്ചിന്‌ താഴെ കഠാര കയറ്റിയ വിദ്യാര്‍ഥിനേതാവിന്റെ പേര്‌ മറന്നുപോയോ മെഴ്‌സിയര്‍? ഞാന്‍ പറഞ്ഞുതരാം ആ പേര്‌, ജോര്‍ജ്‌ ഡി. മെഴ്‌സിയര്‍.
uploads/news/2019/07/322393/g.-sakthidharan.jpg

എസ്‌.എഫ്‌.ഐക്കാര്‍ ചെറിയാന്‍ ഫിലിപ്പിന്റെ വിവാഹമോഹം തകര്‍ത്തുവെന്ന അദ്ദേഹത്തിന്റെ പ്രസ്‌താവന കളവാണ്‌. 'മംഗള'ത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട്‌ ഇപ്രകാരമാണ്‌: "അവരെന്റെ നട്ടെല്ല്‌ തകര്‍ത്തു, വിവാഹമോഹങ്ങളും".

തലസ്‌ഥാനത്തെ സൈമണ്‍ ബ്രിട്ടോ ആകാനാണോ ചെറിയാന്റെ ശ്രമം എന്നറിയില്ല. 1972-ലെ യൂണിവേഴ്‌സിറ്റി കോളജ്‌ യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കഴിഞ്ഞുടനെ പാഞ്ഞെത്തിയ പാളയം ചന്തയിലെ സി.ഐ.ടി.യുക്കാര്‍ കോളജ്‌ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍നിന്നു പൊക്കി താഴേക്ക്‌ എറിഞ്ഞുവെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ഇന്നത്തെ സാഹചര്യത്തില്‍ ആരും ഇത്‌ വിശ്വസിച്ചുപോകും.
സത്യമെന്താണെന്ന്‌ അവിടെ ഉണ്ടായിരുന്നവര്‍ക്ക്‌ നന്നായറിയാം. ഒന്നാമത്തെ കാര്യം ആ ഘട്ടത്തില്‍ സി.ഐ.ടി.യു. ചുമട്ടുതൊഴിലാളി സംഘടന പാളയത്ത്‌ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

രണ്ടാമത്‌, തെരഞ്ഞെടുപ്പ്‌ ദിവസം ആ കോളജിലെ വിദ്യാര്‍ഥി ആണെന്ന തിരിച്ചറിയല്‍ കാര്‍ഡ്‌ കോളജ്‌ കവാടത്തില്‍ പോലീസിനെ കാണിച്ചാലേ ആര്‍ക്കും കോളജില്‍ പ്രവേശിക്കാന്‍ പറ്റൂ. മൂന്നാമത്‌, വോട്ടെണ്ണല്‍ നടന്ന രണ്ടാം നിലയിലെ പൊളിറ്റിക്‌സ്‌ ഡിപ്പാര്‍ട്ടുമെന്റില്‍ ആ ദിവസം ഒരുതരത്തിലുള്ള വാക്കേറ്റമോ സംഘര്‍ഷമോ ഉണ്ടായിരുന്നില്ല.

നാലാമത്‌, ഫലം പുറത്തുവന്നുടനെ നടന്ന ആഹ്ലാദ പ്രകടനം പാളയം വഴി നഗരം ചുറ്റിയപ്പോള്‍ എം.എം. ഹസനും ചെറിയാനും മറ്റും ഹാരാര്‍പ്പിതരായി മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. ആ ഘോഷയാത്രയ്‌ക്ക്‌ പിന്നാലെയായിരുന്നു എസ്‌.എഫ്‌.ഐ. പ്രകടനം. അപ്പോഴും സംഘര്‍ഷമേ ഉണ്ടായിരുന്നില്ല.

ഒന്നുകൂടി പറഞ്ഞോട്ടെ, തലസ്‌ഥാനത്തെ മാധ്യമങ്ങളില്‍ രാവിനെപ്പകലാക്കുന്ന വാര്‍ത്ത വരുത്തിക്കാന്‍ സ്വാധീനശക്‌തിയുണ്ടായിരുന്ന ആളായിരുന്നു ചെറിയാന്‍. അദ്ദേഹത്തിനെ ഇത്തരത്തില്‍ രണ്ടാം നിലയില്‍നിന്ന്‌ എടുത്തെറിഞ്ഞു എന്നൊരു വാര്‍ത്ത ഏതെങ്കിലും മാധ്യമം അന്നു പ്രസിദ്ധീകരിച്ചിട്ടുണ്ടോ? എസ്‌.എഫ്‌.ഐ. ആക്രമണത്തിന്റെ ഇര എന്ന വാദം ശുദ്ധ അസംബന്ധമാണ്‌. ചെറിയാനു നട്ടെല്ലിനോ മറ്റേതെങ്കിലും ഗ്രന്ഥികള്‍ക്കോ തകരാര്‍ ഉണ്ടാകാം. പക്ഷേ, അത്‌ എസ്‌.എഫ്‌.ഐയുടെ തലയില്‍ വച്ചുകെട്ടുകയും എ.കെ.ജി. സെന്ററിലെ തലകളോടൊപ്പം സഞ്ചരിച്ച്‌ ആനുകൂല്യങ്ങള്‍ പറ്റുകയും ചെയ്യുന്നത്‌ ശരിയല്ല. ഈ ലേഖനം ചിലപ്പോള്‍ എ.കെ.ജി. സെന്ററില്‍ ഇരുന്നാകാം അല്ലെങ്കില്‍ കൈരളി ചാനലില്‍ ഇരുന്നാകാം അതുമല്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ നവകേരള കര്‍മപദ്ധതിയുടെ ഓഫീസില്‍വച്ചാവും എഴുതിട്ടുണ്ടാകുക.
യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശനം കിട്ടി എത്തിയ ആദ്യ ദിവസം തന്നെ ചെറിയാനെ കണ്ട്‌ എസ്‌.എഫ്‌.ഐയോടൊപ്പം നില്‍ക്കണമെന്നു സ്‌നേഹപൂര്‍വം അഭ്യര്‍ഥിച്ച വിദ്യാര്‍ത്ഥി ഞാനാണ്‌. കെ.എസ്‌.യു. ബന്ധമുള്ളയാളാണെന്നു ചെറിയാന്‍ പറഞ്ഞപ്പോള്‍ അതെല്ലാം ഇവിടത്തെ സാഹചര്യത്തില്‍ മാറിക്കൊള്ളുമെന്നു ഞാന്‍ പറഞ്ഞതും സ്‌നേഹത്തോടെയായിരുന്നു. വി.ജെ.ടി. ഹാളിനു നേരെയുള്ള ഗേറ്റ്‌ വഴി ആദ്യദിവസം ചെറിയാന്‍ കോളജില്‍ എത്തുന്നത്‌ ഇന്നും എനിക്കോര്‍മയുണ്ട്‌. എന്റെ നല്ല സുഹൃത്താണ്‌ ചെറിയാന്‍. പക്ഷേ, ഇപ്പോള്‍ ഒരു ഇല്ലാക്കഥ ഉണ്ടാക്കി എസ്‌.എഫ്‌.ഐയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്‌ അനുചിതമാണ്‌. നന്ദികേടാണ്‌. സര്‍വകലാശാലയുടെ ഭൂമി അപഹരിച്ചാണ്‌ എ.കെ.ജി. സെന്റര്‍ കെട്ടിയിരിക്കുന്നതെന്ന വാദവുമായി ഏറെക്കാലം മാധ്യമ ഓഫീസുകള്‍ കയറിനടന്നതും ചെറിയാനാണ്‌. ആ ഓഫീസ്‌ തന്നെ അദ്ദേഹത്തിന്‌ അഭയമായി. സി.പി.എം. നേതാക്കള്‍ ഓര്‍ക്കേണ്ട ഒരു കാര്യം ചെറിയാന്‍ ഇടതുപക്ഷത്തേക്ക്‌ വന്നത്‌ കൊണ്ട്‌ ഒരു വോട്ട്‌ പോലും ഇടതുപക്ഷത്തിനു കൂടുതല്‍ കിട്ടിയിട്ടില്ല എന്നതാണ്‌.

ഒരാളുടെ അനുഭവകഥ കൂടി പറഞ്ഞുകൊണ്ട്‌ ഇത്‌ അവസാനിപ്പിക്കാം. കോണ്‍ഗ്രസ്‌ നേതാവ്‌ ജോര്‍ജ്‌ മെഴ്‌സിയര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്‌ യൂണിവേഴ്‌സിറ്റി കോളജില്‍ പ്രവേശനം ലഭിച്ച ദിവസം തന്നെ അദ്ദേഹത്തിന്‌ തല്ലുകിട്ടി എന്നായിരുന്നു. ആ കോളജില്‍ കടലോരത്തുനിന്നുള്ള ആള്‍ക്കാരെ കൊണ്ടുവന്നത്‌ മെഴ്‌സിയര്‍ ആണെന്നത്‌ അക്കാലത്തു കോളജില്‍ പഠിച്ച ആര്‍ക്കുമറിയാം.

ഓരോ എസ്‌.എഫ്‌.ഐക്കാരനും രണ്ടും മൂന്നും ഗുണ്ടകളുടെ നിരീക്ഷണത്തിലായിരുന്നു. മെഴ്‌സിയറെ ഒരു പഴയ സംഭവം കൂടി ഓര്‍മിപ്പിക്കാം. കോളജിന്റെ തൊട്ടടുത്തുള്ള കോഫിഹൗസിലേക്കു പോകുന്നവഴിയില്‍ അന്നത്തെ പി.എസ്‌.യു. നേതാവ്‌ (ഇപ്പോഴത്തെ ബി.ജെ.പി. നേതാവ്‌) എം.എസ്‌. കുമാറിന്റെ വലത്‌ നെഞ്ചിന്‌ താഴെ കഠാര കയറ്റിയ വിദ്യാര്‍ഥിനേതാവിന്റെ പേര്‌ മറന്നുപോയോ മെഴ്‌സിയര്‍? ഞാന്‍ പറഞ്ഞുതരാം ആ പേര്‌, ജോര്‍ജ്‌ ഡി. മെഴ്‌സിയര്‍. തല്‍ക്കാലം നിര്‍ത്തുന്നു.

ജി. ശക്‌തിധരന്‍

(എസ്‌.എഫ്‌.ഐ. തിരുവനന്തപുരം മുന്‍ ജില്ലാ പ്രസിഡന്റും ദേശാഭിമാനി മുന്‍ പത്രാധിപസമിതിയംഗവുമാണ്‌ ലേഖകന്‍)

Ads by Google
ജി. ശക്‌തിധരന്‍
Wednesday 17 Jul 2019 01.27 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW