Monday, August 12, 2019 Last Updated 40 Min 28 Sec ago English Edition
Todays E paper
Ads by Google
രഘുവരന്‍ രാമന്‍
Tuesday 16 Jul 2019 08.14 PM

അഞ്ചങ്ങാടിയിലെ മത്തായിയുടെയും അന്നയുടെയും സുന്ദരപ്രണയം; മാര്‍ക്കോണി മത്തായി റിവ്യൂ

യുവത്വം പിന്നിടുമ്പോള്‍ ഒരു പ്രണയ ജീവിതത്തിലൂടെ കടന്നു പോകേണ്ടി വരുന്നയാളുടെ സന്തോഷവും നൊമ്പരങ്ങളും ആകുലതകളും വരച്ച് കാണിക്കാന്‍ സംവിധായകനു സാധിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകര്‍ക്ക് കൈയ്യടിക്കാനുള്ള ചേരുവകള്‍ എല്ലാം നിറഞ്ഞ ഒരു നല്ല ചിത്രം തന്നെയാണ് മാര്‍ക്കോണി മത്തായി.
Marconi Mathai movie review

മാര്‍ക്കോണി മത്തായി, മലയാള സിനിമാപ്രേമികള്‍ കാത്തിരുന്ന ചിത്രം. കാരണം മറ്റൊന്നുമല്ല ജയറാമിനൊപ്പം തമിഴകത്തെ സൂപ്പര്‍താരം വിജയ് സേതുപതിയുമെത്തുന്നു. മക്കള്‍ സെല്‍വന്റെ ആദ്യ മലയാള സിനിമ.

മത്തായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയറാം അവതരിപ്പിക്കുന്നത്. മുന്‍ പട്ടാളക്കാരനാണ് മത്തായി. ഇപ്പോള്‍ സഹകരണ ബാങ്കിലെ സെക്യുരിറ്റി ജീവനക്കാരന്‍. മത്തായിക്ക് ചെറുപ്പത്തില്‍ ഒരു പ്രണയമുണ്ടായിരുന്നു. ബാല്യത്തിലെ ആ പ്രണയാനുഭവം സമ്മാനിച്ച തിക്താനുഭവങ്ങളാണ് ജീവിതത്തില്‍ അയാളെ ഒറ്റത്തടിയാക്കിയത്.

മത്തായി അറിയപ്പെടുന്നത് മാര്‍ക്കോണി മത്തായി എന്നാണ്, അതിന് പിന്നിലും ഒരു കാരണമുണ്ട്. പാട്ടുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന മത്തായി ടി.വി.യു​ടേയും ഇന്‍റര്‍നെറ്റിന്റെ ഈ കാലത്തും തന്റെ റേഡിയോയിലൂടെയാണ് പാട്ട് കേള്‍ക്കുന്നത്. മാത്രമല്ല, നാട്ടിലെ റേഡിയോകളില്‍ എഫ്.എം സ്‌റ്റേഷന്‍ എത്തിച്ചുകൊടുത്തുതും മത്തായിയാണ്. സിനിമയില്‍ റേഡിയോയും റേഡിയോ സ്റ്റേഷനും കഥാപാത്രങ്ങളാണ്. ബാങ്കില്‍ തൂപ്പ് ജോലിയ്ക്കായി പുതുതായെത്തുന്ന അന്ന എന്ന യുവതിയുമായുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. പഴയകാലത്തിന്റെ പ്രണയവഴിയിലൂടെ നടന്ന മത്തായി അന്നക്കെഴുതിയ പ്രണയലേഖനം അയാളുടെ ജീവിതം തന്നെ മാറ്റിമറിക്കുകയാണ്.

Marconi Mathai movie review

തന്റെ പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി കേരളത്തിലെ എഫ്.എം റേഡിയോ സ്റ്റേഷനിലെത്തുന്ന കഥാപാത്രമായാണ് വിജയ് സേതുപതിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. എഫ്.എം റേഡിയോയില്‍ വിജയ് അവതരിപ്പിക്കുന്ന ഫോണ്‍ ഇന്‍ പ്രോഗ്രാം നാട്ടിലെ പ്രണയമെല്ലാം റേഡിയോയിലൂടെ പാട്ടാക്കുന്നു. മത്തായിയുടേയും അന്നയുടേയും പ്രണയം നാട്ടുകാരറിഞ്ഞതും റേഡിയോയിലൂടെയാണ്.

ജയറാം സിനിമകളിലെ പതിവുപോലെ എല്ലാവരും ചുറ്റിനുണ്ടെങ്കിലും നായകന്‍ ഒറ്റപ്പെടു പോകുന്നുണ്ട്, തിനിക്കു കിട്ടുന്നതെല്ലാം പകുത്തു നല്‍കുമ്പോഴും പലപ്പോഴും നിസഹായനായും ആരെയും വേദനിപ്പിക്കാതെയും മുന്നോട്ട് പോകുന്ന മത്തായിയുടെ സ്വകാര്യദു:ഖങ്ങള്‍ പ്രേക്ഷകനെ നൊമ്പരപ്പെടുത്തും. കുടുംബ നായകന്‍ എന്ന പേര് മാര്‍ക്കോണി മത്തായിയിലും ജയറാം എഴുതി ചേര്‍ക്കുന്നുണ്ട് ചിത്രത്തിന്റെ ആദ്യ പകുതിയില്‍. ജയറാം എന്ന നടന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഈ കഥാപാത്രത്തിന് ആവുന്നുണ്ടോ എന്ന് പ്രേക്ഷകര്‍ സംശയിച്ചേക്കാം. ഉത്തമന്‍, മനസിനക്കരെ തുടങ്ങിയ ജയറാം ചിത്രങ്ങളിലെ മികച്ചപ്രകടനം മലയാളികളുടെ മനസില്‍ ഇപ്പോഴും തങ്ങിക്കിടക്കുകയാണ്. സിനിമയുടെ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ നാടകീയത നിറഞ്ഞ സംഭവങ്ങളിലേക്കു് കഥ അതിവേഗം മുന്നേറുന്നു.

Marconi Mathai movie review

നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സനില്‍ കളത്തില്‍ തന്റെ രണ്ടാം ചിത്രവുമായി വരുന്നത്. 2002ല്‍ സംവിധാനം ചെയ്ത ഉത്തരയാണ് ആദ്യ ചിത്രം. ജോസഫ് എന്ന സിനിമയിലൂടെ ശ്രദ്ധേയായ ആത്മീയ രാജനാണ് ചിത്രത്തിലെ നായിക. അന്നയിലൂടെ തന്റെ ഭാഗം മികച്ചതാക്കാന്‍ ആത്മീയയ്ക്ക് സാധിച്ചിട്ടുണ്ട്.

മലയാളത്തിലേക്കുള്ള മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ അരങ്ങേറ്റം മികച്ചതായി. അദ്ദേഹത്തിന്റെ വരവാണ് ചിത്രത്തിലെ ടേര്‍ണിംഗ് പോയിന്റ്. അധികം സാധ്യതകളില്ലാത്ത വേഷമാണെങ്കിലും അവസാനസീനുകളില്‍ അസാമാന്യമായ ശബ്ദനിയന്ത്രണത്തിലൂടെ, മിതത്വം നിറഞ്ഞ ഭാവപ്രകടനങ്ങളിലൂടെ തകര്‍പ്പന്‍ പ്രകടനമാണ് വിജയ് സേതുപതി കാഴ്ചവച്ചത്. ജയറാമിനൊപ്പം ഒരു ഗാനരംഗത്തിലും വിജയ് സേതുപതി പ്രത്യക്ഷപ്പെടുന്നുണ്ട്.

ജോയ് മാത്യു, പ്രേംപ്രകാശ്, നരേന്‍, സിദ്ധാർത്ഥ് ശിവ, സുധീർ കരമന, അജു വര്‍ഗീസ്, മല്ലിക സുകുമാരന്‍, ലക്ഷ്മിപ്രിയ, ദേവി അജിത്ത്, മാമുക്കോയ, കലാഭവൻ പ്രജോദ് തുടങ്ങി വമ്പന്‍ താരനിരതന്നെ ചിത്രത്തിലുണ്ട്. സംവിധായകന്‍ സനില്‍ കളത്തിലിന്റെ സഹോദരന്‍ സാജന്‍ കളത്തിലിന്റേതാണ് ഛായാഗ്രഹണം. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സനില്‍ കളത്തിലും രജീഷ് മിഥിലയും ചേര്‍ന്നാണ്. എം ജയചന്ദ്രന്‍ ഒരുക്കിയ സംഗീതം സിനിമയുടെ ജീവനാഡിയാണ്. ചിത്രത്തിലുടനീളം പ്രണയവും സൗഹൃദവും നിറച്ച ഗാനങ്ങള്‍ പ്രേക്ഷകരെ മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്നതാണ്. ഷമീര്‍ മുഹമ്മദാണ് ചിത്രസംയോജനം. സത്യം സിനിമാസിന്റെ ബാനറില്‍ എ.ജി. പ്രേമന്ദ്രനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

യുവത്വം പിന്നിടുമ്പോള്‍ ഒരു പ്രണയ ജീവിതത്തിലൂടെ കടന്നു പോകേണ്ടി വരുന്നയാളുടെ സന്തോഷവും നൊമ്പരങ്ങളും ആകുലതകളും വരച്ച് കാണിക്കാന്‍ സംവിധായകനു സാധിച്ചിട്ടുണ്ട്. കുടുംബപ്രേക്ഷകര്‍ക്ക് കൈയ്യടിക്കാനുള്ള ചേരുവകള്‍ എല്ലാം നിറഞ്ഞ ഒരു നല്ല ചിത്രം തന്നെയാണ് മാര്‍ക്കോണി മത്തായി.

Ads by Google
രഘുവരന്‍ രാമന്‍
Tuesday 16 Jul 2019 08.14 PM
Ads by Google
Loading...
TRENDING NOW